ജീവിത വേഷങ്ങൾ
- കവിത
തുഷാര
ബന്ധങ്ങൾ ബന്ധനങ്ങളാകുമീ പാരിൽ
ജീവിതം വെറുമൊരു നാടകം മാത്രം.
വിധി വിളയാട്ടത്തിൽ വിവിധ
വേഷങ്ങൾ കെട്ടിയാടുവാൻ
വിധിക്കപ്പെട്ടവരിൽ
എനിക്കുമണിയുവാനൊരു വേഷമുണ്ട്.
അഴലിൻ നിഴലാൽ മുഖം മറയ്ക്കാതെ
പുഞ്ചിരി തൻ മൂടുപടമെടുത്തണിഞ്ഞ്
വിധിയോടു പടവെട്ടി മുന്നേറുമ്പോൾ
ഉള്ളു മുറിഞ്ഞ് ചോര വാർന്നൊഴുകിയാലും
ആരും അറിയാറില്ല.. ഇനിയറിഞ്ഞാലും
ആർക്കുമത് മുറിവുമല്ല.
പണമെന്ന രണ്ടക്ഷരത്തിൻ വില
വണ്ടിക്കാളതൻ ജന്മ രൂപത്തിൽ
എന്നെ പിൻതുടരുന്നുവോ ..
താങ്ങുവാനാകാത്തൊരീഭാരം
തലയിലേറ്റുമ്പോഴും
താങ്ങായി നിൽക്കുവാൻ
തളരില്ല തകരില്ല എന്നുറപ്പിച്ചൊരു
മനസ്സു മാത്രമായിരുന്നു കൂടെ.
അറിയില്ല ഇനിയുമെത്രനാളീ
ഭാരം ചുമക്കേണമെന്ന് ...
തോൽക്കാൻ മനസ്സില്ലാത്തൊരു മനസ്സുമായി
ഇനിയെത്ര ദൂരം ഞാൻ
മുന്നോട്ട് പോകേണമെന്ന് .
ഇനിയുമൊരു ജന്മമീ ഭൂവിൽ ലഭിക്കുകിൽ
ഒരു അപ്പൂപ്പൻ താടിയായ്
എനിക്കു ജനിക്കേണം.. എന്നിട്ട്
ഭാരമില്ലാതെയാ ജന്മം മുഴുവനും
പാറിപ്പറന്നു നടക്കേണം..