എനിക്ക് എൻ്റെ ശരീരം ആയുധമാണ്
- ഒപ്പീനിയന്‍
എ. സെബാസ്റ്റ്യൻ
ബലാൽസംഗത്തിന് ഇരയാകുന്ന കഥാപാത്രം ചങ്കുറ്റത്തോടെ കുറ്റ വാളികൾക്ക് മുന്നിലൂടെ നടന്ന് പോകുന്ന ഒരു കഥയുണ്ട് എസ്.സി താരയുടെ ഇത് കാലങ്ങൾക്ക് മുൻപ് എഴുതിയ കഥയാണ് ആർ.കൈസർ ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച അനേൽ മാലി പാനി തുളി എന്ന തമിഴ് സിനിമ കണ്ട് കഴിയുമ്പോൾ ഉള്ളിൽ തറഞ്ഞ് നിൽക്കുന്ന നായികയായ മധിയുടെ ഒരു ചോദ്യമാണ്. അടച്ചിട്ട കോടതി മുറിയിൽ വനിത ജഡ്ജിയുടെ ചോദ്യങ്ങളിൽ നിന്നും ഊർജ്ജം സ്വീകരിച്ച് മധി പറയുന്നത്: "എനിക്ക് എൻ്റെ ശരീരം ഒരു ആയുധമെന്ന് തോന്നി. എൻ്റെ നേക്ക്ഡ് വീഡിയോ പുറത്ത് വരുന്നത് കൊണ്ട് എനിക്കൊരു നാണക്കേടില്ലെന്ന് ഞാൻ തന്നെ തീരുമാനിച്ചു."
ജഡ്ജി :"ഇങ്ങനെ ബലാത്സംഗത്തിന് വിധേയമായി, അതിൽ നിന്നും രക്ഷപ്പെടുവാൻ നഗ്നചിത്രമെടുത്ത് പ്രചരിപ്പിക്കുമ്പോൾ ആത്മഹത്യ ചെയ്യുകയാണ് പതിവ്. "
മധി:"അത് അവരുടെ പ്രശ്നമല്ല മേഡം. കാലൊന്ന് കണ്ടാൽ പ്രശ്നം, വയറൊന്ന് കണ്ടാൽ പ്രശ്നം, ചെറുപ്പം മുതൽക്ക് തന്നെ കുടുംബത്തിൻ്റെ പാരമ്പര്യം അന്തസ്സ് ഇങ്ങനെ ഓരോന്നും പറഞ്ഞ് പറഞ്ഞ് സൈക്കോളജിക്കലായി ഒരു പെണ്ണ് അവളുടെ ശരീരം വളരെ മോശമായി കാണുവാൻ തുടങ്ങും .മാനം കാക്കണമെന്ന ചിന്തയായിരിക്കും എപ്പോഴും ഉണ്ടായിരിക്കുക അത് കൊണ്ടാണ് ഇത്തരം കേസുകളിൽ ഒരു സ്ത്രീയും സത്യം തുറന്ന് പറയാത്തത്."
"ജീവനേക്കാൾ മാനമാണ് പ്രധാനം. എന്നാൽ അതിൻ്റെ അടിസ്ഥാനം മനസിലാക്കണം. എൻ്റെ അഭിപ്രായത്തിൽ മാനവും അഭിമാനവും ശരീരത്തിലോ വസ്ത്രത്തിലോ അല്ല ഉള്ളത്. അതൊക്കെ നമ്മുടെ ജീവിതത്തിലാണ് ഉള്ളത്. തെറ്റ് ചെയ്തവർക്ക് നിയമ പ്രകാരം ശിക്ഷ വാങ്ങി കൊടുക്കുന്നതാണ് ജീവിതത്തിൻ്റെ അർത്ഥമെന്ന് ഞാൻ മനസ്സിലാക്കുന്നു."
ശരീരമെന്നതിനെ വികാരപരമായി കാണുകയും അമൂല്യമായി കരുതുകയും എന്തെങ്കിലും സംഭവിച്ചാൽ കുറ്റക്കാരല്ല, കുറ്റകൃത്യത്തിന് വിധേയമായ പെണ്ണുടലാണ് പ്രശ്നമെന്ന് തെറ്റിദ്ധരിക്കുകയും അതിനൊപ്പം സമൂഹവും കുടുംബവും അണിനിരക്കുകയും ചെയ്യുന്നിടത്താണ് സ്ത്രീയുടെ പരാജയം ആരംഭിക്കുന്നതെന്ന് അടിവരയിട്ട് പറയുന്നു മധി എന്ന ജീവി. സ്ത്രീ ശരീരത്തെ പൊതിഞ്ഞ് വെച്ചത് പുറത്തായാൽ എല്ലാം തീർന്നു എന്ന തെറ്റായ ധാരണയാണ് പല പീഡനങ്ങളുടെയും പേരിലുള്ള മുതലെടുപ്പിന് ആക്കം കൂട്ടുന്നത്.
തല കുമ്പിട്ട് നിൽക്കുന്നിടത്ത് നിന്നും തലയുയർത്തി പിടിക്കുന്ന സ്ത്രീയുടെ കരുത്താണ് ഉയർന്ന് നിൽക്കുന്നത്. അബലയും ചബലയും എന്ന് പറഞ്ഞ് മാറ്റി നിറുത്തേണ്ടവരല്ലെന്നും ശക്തമായി പറയുന്നു. ഒരു പെൺകുട്ടി വളർന്ന് വരുമ്പോൾ എത്തരത്തിലായിരിക്കണം അവളെ പരിഗണിക്കേണ്ടതെന്നും കാണിച്ചു തരുന്നു.
ശക്തമായ പിൻതുണയേകി കൊണ്ട് പ്രതിസധ വരനും കട്ട സപ്പോർട്ടുമായി കൂടെ നിൽക്കു മ്പോൾ അവിടെ ആൺ പെൺ വ്യത്യാസമില്ല. മനുഷ്യനായി കാണുവാൻ കഴിയുന്നിടത്താണ് ഏത് പ്രതിസന്ധിയേയും തരണം ചെയ്യുവാൻ കഴിയുന്നത്.
ആൻഡ്രിയ ജെറമിയ മധിയെന്ന കഥാപാത്രത്തെ പൂർണ്ണമായി ഉൾക്കൊണ്ട് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു. വെട്രിമാരന് നിർമ്മാണത്തിന് അഭിമാനിക്കാം.