"ജാതിയെന്നത് ആൺ പെണ്ണ് മാത്രം" - പാമ്പിച്ചി
- ഒപ്പീനിയന്‍
എ. സെബാസ്റ്റ്യൻ
തെയ്യത്തിൻ്റെ താളത്തിലൊരു സിനിമ പാമ്പിച്ചി. കീഴാള ജീവിതത്തിൻ്റെ ചെറുത്ത് നിൽപ്പ് പൊട്ടൻ തെയ്യത്തിലൂടെ സാധ്യമാകുന്നതാണ് ഉല്ലാസ് ചെമ്പൻ രചനയും സംവിധാനവും നിർവഹിച്ച പാമ്പിച്ചി എന്ന സിനിമ. തുടക്കകാരൻ്റെ ഭയം ലേശമില്ലാത്ത തഴക്കം വന്ന സംവിധായകനായി പാമ്പിച്ചിയിലൂടെ. വടക്കൻ കേരളത്തിലെ തെയ്യത്തിൻ്റെ പശ്ചാത്തലത്തിൽ നല്ലൊരു സ്ക്രിപ്റ്റ് തന്നെയാണ് ഇതിൻ്റെ.
നാട് അടക്കി ഭരിക്കുന്ന അടിമയാണ് എന്നും കീഴാളൻ. അവൻ്റെ മണ്ണിലും പെണ്ണിലും ഉടയോനായി ഇവർ മാറുമ്പോൾ എതിർ സ്വരം പോയിട്ട്, ഒന്ന് കടുപ്പിച്ച് നോക്കുവാൻ കൂടി കഴിയാത്തിടത്ത് തെയ്യം കെട്ടുമ്പോൾ ദൈവമായി തീരുകയും തങ്ങളുടെ മുഴുവൻ പ്രതിഷേധങ്ങൾ ആ ഒറ്റ ദിവസത്തിലൊതുക്കുകയും ചെയ്യുമ്പോൾ അത് സമൂഹത്തിൽ നിന്നും ഉയർന്ന് വരേണ്ട പ്രതിഷേധങ്ങളുടെ സേഫ്റ്റി വാൽവാകുകയാണ് നിലവിൽ. അത് വിട്ട് കിട്ടിയ ദൈവീക നിമിഷത്തിൽ കൊന്ന് പ്രതികാരം തീർക്കുമ്പോൾ അതൊരു പുതിയ മാതൃകയാണ് തീർക്കുന്നത്. ആ നിമിഷത്തിൽ ചെയ്യുന്നതെന്തും അംഗീകരിക്കാതിരിക്കാൻ വിശ്വാസി സമൂഹത്തിന് കഴിയില്ല. "കരി പിടിച്ചിട്ടുണ്ട് മെയ്യിലും മനസ്സിലും " എന്ന് പറഞ്ഞ് കുഴിയിലൻ പ്രതികാരം തീർക്കുമ്പോൾ." നമുക്ക് ഇതിനെ രണ്ട് തരത്തിലെടുക്കാം. എല്ലാ പ്രതിഷേധങ്ങളും വിളിച്ച് പറഞ്ഞ് തീർക്കാം. അതല്ല, എതിർക്കപ്പെടേണ്ടതിനായി ഒരു ദിവസത്തേക്ക് മാറ്റി നിറുത്താതെ ചോദ്യം ചെയ്ത് തിരുത്താം. ഇതിൽ ഏത് സ്വീകരിക്കണമെന്നുള്ളത് നമ്മുടെ ബോധ്യമാണ്. അന്നും ഇന്നും ഇങ്ങനെ തന്നെ ജീവിച്ച് പോകുവാനാണ് ഉദ്ദേശമെങ്കിൽ നിങ്ങൾക്ക് പാമ്പിച്ചി മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തെ അവഗണിക്കാം. എന്നാലും പ്രശ്ന പരിഹാരമാകുന്നില്ല.
"വന്ന് വന്ന് ദൈവത്തിനെ രക്ഷിക്കാനാ ആൾക്കാർ സമരം ചെയ്യുന്നത് ." പറയുമ്പോൾ വിശ്വാസത്തെയാണ് വെല്ലു വിളിക്കുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ ഹൃദയം. പൊട്ടൻ തെയ്യത്തെ കരുത്തിൻ്റെ പ്രതീകമായി മാറുമ്പോൾ ആൺ പെൺ വ്യത്യാസമില്ലാതെ തിന്മയ്ക്കെതിരെ പ്രവർത്തിച്ചാൽ വിജയം വരിക്കാമെന്ന് തന്നെയാണ് സംവിധായകൻ പറഞ്ഞ് വെയ്ക്കുന്നത്. ജാതിയുടെ അടിമത്വത്തിൽ നിന്നും പുറത്ത് കടക്കണമെന്നും നീങ്കളെ കുത്തിയാലും ചോര നാങ്കളെ കുത്തിയാലും ചോര എന്നതാണ് സമർത്ഥിക്കാൻ ശ്രമിക്കുന്നത്. ജാതിയുടെ വേർതിരിവ് കടലിലെറിയണമെന്ന് തന്നെയാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത്.
ബ്രോസ്ക്കി പിക്ച്ചേഴ്സാണ് നിർമ്മാണം. അഭിമാനിക്കാവുന്നതാണ് സിനിമാട്ടോഗ്രാഫിയും എഡിറ്റിംങും നിർവഹിച്ച ആർമോക്ക്. ദേശീയ അവാർഡ് ജേതാവ് ബിബിൻ ദേവിൻ്റെ സൗണ്ട് മിക്സിംഗ് എടുത്ത് പറയേണ്ടതാണ്. പശ്ചാത്തല സംഗീതത്തിലുടെ വിസ്മയിപ്പിക്കുന്നു മണികണ്ഠൻ അയ്യപ്പൻ. മേയ്ക്കപ്പ് ചെയ്ത സുധീഷ് നാരായണൻ, കോസ്റ്റ്യൂമർ സ്റ്റെഫി മരിയ രാജു, സൗണ്ട് ഡിസൈനർ അരുൺ.പി.എ ഇവരുടെ കൂട്ടായ പ്രവർത്തനം സിനിമയെ ഉജ്വലമാകുന്നു.
കുയിലനും തെയ്യവുമായി നിറഞ്ഞാടിയ രാഗ് കഥാപാത്രമായി ജീവിക്കുന്നു. ചോക്ലേറ്റ് നായകന്മാരുടെ ശബ്ദം കുയിലിന് നൽകിയത് കല്ലുകടി തന്നെയാണ്. അമ്മാളുവായി പകർന്നാടിയ ശ്രീധാ രാജുവിന് അഭിമാനിക്കാം. അമലയായി ശരണ്യ എസും പാപ്പൻ എന്ന കഥാപാത്രത്തിലൂടെ എഴുതി സംവിധാനം ചെയ്ത ഉല്ലാസ് ചെമ്പൻ സ്ക്രീനിൽ നിറഞ്ഞു. പോപ്പി ജോസ് ഫിൻ എന്ന നടൻ്റെ അരങ്ങേറ്റം വിസ്മയിപ്പിക്കുന്നതാണ്. കാണുന്നവരെല്ലാം സിനിമയുടെ വെള്ളി വെളിച്ചത്തിൽ ആകർഷിക്കപ്പെട്ട് ചെയ്യുന്നതെല്ലാം മോശമാകുമ്പോൾ വ്യത്യസ്തമായ വിഷയത്തിലൂടെ കാഴ്ചക്കാരെ വിസ്മയിപ്പിച്ച് കൊണ്ട് സമഗ്രമായ സിനിമയായി പാമ്പിച്ചി കൊണ്ടാടപ്പെടാം.