'എഴുത്തുകാർ ബുദ്ധിജീവികളാണെന്ന് കരുതരുത്, എല്ലാ വിഷയത്തിലും പ്രതികരിക്കേണ്ടതില്ല'; എസ് ഹരീഷ്
- വാർത്ത - ലേഖനം
എഴുത്തുകാർ ബുദ്ധിജീവികളാണെന്ന ചിന്ത തെറ്റാണെന്ന് നോവലിസ്റ്റ് എസ് ഹരീഷ്. എഴുത്തുകാർ ശരാശരി ബുദ്ധിമാത്രമുള്ളവരാണ്. ഭൂമിയിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും എഴുത്തുകാർ അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിലാണ് ഹരീഷിന്റെ പ്രതികരണം.
പരിസ്ഥിതി പ്രശ്നം മുതൽ കെ റെയിൽ വരെയുള്ള എല്ലാ വിഷയങ്ങളിലും എഴുത്തുകാർ അഭിപ്രായം പറയേണ്ടതില്ല. ഈ വിഷയങ്ങളിൽ എഴുത്തുകാർക്ക് അറിവുണ്ടാകണമെന്നില്ല. എഴുത്തുകാർ ബുദ്ധിജീവികളാണെന്ന എന്ന ചിന്ത തെറ്റാണ്. ശരാശരി ബുദ്ധിയുള്ളവർ മാത്രമാണ് എഴുത്തുകാർ. യഥാർത്ഥ ബുദ്ധിജീവികൾ ശാസ്ത്രജ്ഞരും മറ്റ് വിദഗ്ധരുമാണ്. ഹരീഷ് പറഞ്ഞു.
സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും പ്രധാന്യം കൊടുക്കുന്ന സമൂഹമായതിനാലാകാം കേരളത്തിൽ എഴുത്തുകാർക്ക് പ്രാധാന്യം ലഭിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ എഴുത്തുകാരുടെ അഭിപ്രായത്തിന് ആരും വിലവെക്കുന്നില്ല. എഴുത്തുകാരുടെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഹരീഷ് കൂട്ടിച്ചേർത്തു.
സാഹിത്യത്തിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കേണ്ടതില്ലെന്നാണ് ഹരീഷ് പറയുന്നത്. ഒരു കഥാപാത്രം പറഞ്ഞതുവെച്ച് ഒരു സാഹിത്യ സൃഷ്ടിയുടെ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊളിറ്റിക്കൽ കറക്റ്റ്നസിന് പ്രാധാന്യമുണ്ട്. സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ പ്രയോഗങ്ങൾ ഒഴിവാക്കുന്നതിൽ എഴുത്തുകാർ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. ആ രീതിയിൽ അത് നല്ലതാണ്. പക്ഷേ സ്ത്രീവിരുദ്ധരും ദളിത് വിരുദ്ധരും മുസ്ലീം വിരുദ്ധരും ഉൾപ്പെട്ടതാണ് നമ്മുടെ സമൂഹം. അങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ എഴുത്തുകാർക്ക് പൊളിറ്റിക്കലി ഇൻകറക്റ്റായ സംഭാഷണങ്ങൾ കൂടി എഴുതേണ്ടതായി വരും. - ഹരീഷ് പറഞ്ഞു.
ഇന്ത്യക്കാർക്കിടയിൽ ഇപ്പോൾ അസഹിഷ്ണുത വർധിക്കുകയാണെന്നും ഹരീഷ്. ബാബറി മസ്ജിദ് സംഭവത്തിനു ശേഷമാണ് സമൂഹത്തിൽ കൂടുതൽ വർഗീയതയുണ്ടായത്. ഹിന്ദു മതത്തിലാണ് ഇത് തുടങ്ങിയത്. പിന്നാട് മുസ്ലീം, ക്രിസ്ത്യൻ മതത്തിലേക്ക് പടർന്നു. പ്രായമായവരിലും മധ്യവയസ്കരിലുമാണ് കൂടുതൽ വർഗീയത കാണുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. പുതുതലമുറയുടെ ചിന്താഗതി മതേതരമാണെന്നും ഹരീഷ് കൂട്ടിച്ചേർത്തു.