''ഹെല്‍പ്പര്‍'' പണിയെടുക്കുന്നവനില്‍ നിന്നും പണിയെടുക്കാത്തവനിലേക്കുള്ള ദൂരം
എ. സെബാസ്റ്റ്യൻ
ബംഗാളിയെ അതിഥി തൊഴിലാളിയായി കൊണ്ടാടുമ്പോള്‍ പട്ടിണിയായ ഒരു വര്‍ഗ്ഗമുണ്ട്. സാധാരണ തൊഴിലാളികള്‍. അവരുടെ നെഞ്ചത്തേക്കാണ് ഈ അതിഥി തൊഴിലാളികള്‍ ഇടിച്ചു കയറിയത്. പണിയറിയാവുന്നവന് എന്നും പണിയുണ്ടെന്ന് മറു ന്യായം നിങ്ങള്‍ നിരത്തുമ്പോഴും അതാണോ വസ്തുത. ശ്രീദേവ് കപൂര്‍ ഹെല്‍പ്പര്‍ എന്ന ചെറിയ വലിയ ചിത്രം കണ്ടതിന് ശേഷം എന്നെ കൊണ്ട് ഇതാണ് പറയിപ്പിച്ചത്.
നാട്ടിന്‍ പുറത്തെ സാധാരണ കുടുംബം ഗൃഹനാഥന്‍ ഹെല്‍പ്പര്‍ തൊഴിലാളി സമീപകാലത്ത് പണിയില്ലാതെ കഷ്ടപ്പെടുന്നു. ആ കഥാപാത്രത്തെ പഠിച്ചാല്‍ മനസ്സിലാകുന്നത് ആത്മവിശ്വാസമില്ലാത്തയാള്‍ പച്ചക്ക് പറഞ്ഞാല്‍ തന്റേടമില്ലാത്തവന്‍. അങ്ങനെ ഉള്ളവരാണ് എല്ലാക്കാലത്തും ഹെല്‍പ്പറായി ജീവിക്കാന്‍ വിധിക്കപ്പെടുന്നവര്‍. അവര്‍ക്ക് സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അവഹേളനങ്ങള്‍ ആവോളം ലഭിക്കും. കുട്ടികളുടെ മുന്നില്‍ കഴിവില്ലാത്തവനായിത്തീരും. അടുപ്പ് പുകയാതെ ഇരിക്കുമ്പോള്‍ സ്വാഭാവികമായും ഭാര്യ കുറ്റപ്പെടുത്തും. അത് കുടുംബത്തിന്റെ രക്ഷയെ പ്രതിയായിരിക്കും. സമൂഹത്തിന്റെയോ? അവന്റെ രക്ഷയെ പ്രതിയല്ല. കളിയാക്കുവാന്‍ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുക എന്ന് മാത്രമാണ്. അവന്‍ എങ്ങനെ രക്ഷപ്പെടും? അത് എന്തോ അവിടേയ്ക്ക് എത്തിച്ചേരുന്നിടത്താണ് സിനിമ വിജയിക്കുന്നത്. യാതൊരു യുക്തിയുമില്ലാത്ത പ്രവൃത്തി എന്തോ? അതാണ് രക്ഷ മാര്‍ഗ്ഗമായിത്തീരുന്നത്. പണിയെടുക്കാതെ എങ്ങനെ ജീവിക്കാമെന്ന് നമുക്ക് വ്യക്തമായി കാണിച്ചു തരുന്ന വിശ്വാസിയെ സൃഷ്ടിക്കുന്ന ആള്‍ ദൈവങ്ങളുടെ തലം. ഈ സിനിമയിലൂടെ കൃത്യമായ രാഷ്ട്രീയമാണ് സംവിധായകന്‍ പറഞ്ഞു വെയ്ക്കുന്നത്. രക്ഷ നേടുവാന്‍ പണിയെടുക്കുന്നവനില്‍ നിന്നും പണിയെടുക്കാത്തവനിലേക്കുള്ള കൃത്യമായ ദൂരം. നാലേ നാല് കഥാപാത്രങ്ങളിലൂടെ ജീവിതം പറയുമ്പോള്‍ അത് നടനമാകുന്നില്ല ജീവിതമായി തീരുന്നു.
കാലഘട്ടം ആവശ്യപ്പെടുന്ന ഇത്തരമൊരു കഥ പറഞ്ഞതിന് രചയിതാവ് അഭിനന്ദനം അര്‍ഹിക്കുന്നു. അതിനെ ദൃശ്യത്തിലാക്കി മനോഹരമാക്കി രസിപ്പിക്ക മാത്രമല്ല ചിന്തിപ്പിക്കുന്നിടത്താണ് സംവിധായകന്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. പട്ടാമ്പി ചന്ദ്രന്‍, അമ്പിളി സുനില്‍. സുനില്‍ ചലശ്ശേരി, രാജേഷ് അമ്പാടി, അക്ഷയ രാജന്‍, അവന്തിക, നീഹാരിക എന്നിവര്‍ ഒതുക്കത്തോടെ അഭിനയിച്ച് വിസ്മയിപ്പിക്കുന്നു. സംഗീതം ചമയം എല്ലാം ഒത്തിണങ്ങുമ്പോഴാണ് അത് മികച്ച സൃഷ്ടിയായിത്തീര്‍ന്നത്. അമ്പാടി ക്രിയേഷന്റെ ബാനറില്‍ സൗമ്യ ചന്ദ്രന്‍ നിര്‍മ്മിച്ച് പ്രശാന്തന്‍ കാക്കശ്ശേരിയും ശ്രീദേവ് കപൂറും ചേര്‍ന്ന് തിരക്കഥയൊരുക്കി അശ്വിന്‍ പ്രകാശ് ഒപ്പിയെടുത്ത് കത്രിക വെച്ച് മിഥുന്‍ മലയാളം സംഗീതമൊരുക്കി, അശ്വതി പ്രസാദ് ചമയമൊരുക്കി മികവുറ്റതാക്കി.