കളി ചിരിയിൽ നിന്നും ദുരന്തത്തിലേക്ക്
എ. സെബാസ്റ്റ്യൻ
മൂല്യച്യുതിയെ എങ്ങനെ സർഗാത്മകമായി കളിച്ച് ചിരിച്ച് മുന്നോട്ട് കൊണ്ടു പോകാം. ഒടുക്കം കൊടുംകൈയിലേക്കെത്തിക്കാം. അത് കൊടുംകൈയിലേക്കെത്തിക്കാനുള്ളതാണ് എന്ന് പ്രേക്ഷകന് പിടികൊടുക്കാതെ നാടകത്തെ ഉന്തിതള്ളാതെ എങ്ങനെ മുകളിലെത്തിക്കാം. കലാരംഗം മുളയില്ലാത്തവൻ കൈയ്യടക്കുകയും അതിൻ്റെ താളത്തിനൊപ്പം തുള്ളുവാനെത്തുകയും സഹികെട്ട് അവസാനിപ്പിക്കുകയും ചെയ്യുന്നിടത്ത് നാടകത്തിന് തിരശീലയില്ലാത്ത തിരശീല കാഴ്ചക്കാരുടെ ഉള്ളിൽ വീഴുന്നു.
നാടകത്തിൻ്റെ മർമ്മമറിഞ്ഞ നാടകക്കാരനാണ് ജയപ്രകാശ് കൂളൂർ മാഷ്. നാടക സങ്കേതത്തെ വളർച്ചക്കായി തൻ്റേതായ രീതിയിൽ ഉടച്ചു വാർക്കുകയും നാടകത്തിൽ കൂളൂർ തനത് ശൈലി രൂപപ്പെടുത്തുകയും അത് നാടകക്കാർ ഏറ്റെടുക്കുകയും സാധാരണ നാടകക്കാരും അക്കാദമിക്ക് നാടക പ്രവർത്തകരും ഒരുപോലെ കൊണ്ടാടുകയും ചെയ്യുന്നിടത്താണ് മാഷിൻ്റെ പ്രസക്തി.
തികച്ചും വിപരീതമെന്ന നാടകം തുടങ്ങുന്നത് തന്നെ മാഷിൻ്റെ ഉള്ളറിഞ്ഞ തുടക്കമായിരുന്നു. അത് നാടകം സംവിധാനം ചെയ്ത ഡോ.മുഹമ്മദ് ഷഫിഖ് നാടകമാക്കി. ഇൻട്രോ പറയുവാൻ എത്തിയ പെൺകുട്ടിയെ തടസ്സപ്പെടുത്തി കൊണ്ട് കുടിയൻ വേദിയിൽ നിന്നും സ്റ്റേജിലെത്തി അവളെ മറികടന്ന് രസകരമായി പറയുന്നതിലൂടെ നാടകം കത്തികയറുന്നു. അവിടെ നിന്നും സംഗീതമറിയാത്ത സിനിമയുടെ എല്ലാമായ സംവിധായകൻ്റെ കഴിവ്കേട് വെളിപ്പെടുത്തുന്ന ഓരോ രംഗത്തിലൂടെ നാടകം പ്രേക്ഷക ഹൃദയത്തിലേക്ക് മുന്നോട്ട് കുതിച്ച് കയറുന്ന അത്ഭുതമാണ് കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർത്ഥികൾ ഈ നാടകത്തിലൂടെ കാഴ്ചക്കാരുടെ ഉള്ളിൽ ഇടം പിടിക്കുന്ന പ്രകടനം കാഴ്ച വെച്ചത്. സംഗീതാേപകരണത്തിൻ്റെ പേര് പോലും അറിയാത്തവൻ സംഗീതം മറ്റുള്ളവനെ വെച്ച് കൈക്കാര്യം ചെയ്ത് തട്ടിപറിക്കുന്നവന് അർഹമായത് നൽകുന്നിടത്ത് നാടകം ഉയിർക്കുന്നു.
ഒന്നുമറിയാത്തവനെ പ്രേക്ഷകന് വെളിപെടുത്തി കൊടുത്താൽ മാത്രമേ നാടകത്തിന് അന്ത്യമാകു. അവിടേക്കുള്ള പ്രയാണത്തിൽ ഒന്നൊന്നായി ഹാസ്യത്തിൻ്റെ ചരടിൽ കോർത്ത് വികലമാക്കാതെ നാടകകൃത്ത് ചെയ്ത് വെച്ചത് എന്തോ അത് സംവിധായകൻ ഒന്നൊന്നായി കണ്ണിചേർത്ത് രസ ചരട് പൊട്ടാതെ ജീവിതമാക്കുവാൻ കഴിഞ്ഞിടത്താണ് നാടകം പ്രേക്ഷകർ ഏറ്റെടുക്കുന്നത്. നാടകം സ്വന്തം സഹപാഠികളുടെ മുന്നിൽ കൈയ്യടി നേടുവാൻ എളുപ്പമാണ്. ചെറിയ തെറ്റുകൾ പോലും പൊറുക്കാനാകും. അത് വിട്ട് നാടകത്തെ സീരിയസ്സായി കാണുന്ന, അവരോട് യാതൊരു പ്രതിപത്തിയുമില്ലാത്ത പ്രേക്ഷകരെ രസിപ്പിച്ച് കൈയ്യടി നേടുവാൻ കഴിയുന്നുവെങ്കിൽ അത് പരിലാളനയിൽ നിന്നുമുണ്ടാകുന്നതല്ല. നാടകത്തെ ഇഴകീറി പരിശോധിക്കുന്ന സാധാരണ പ്രേക്ഷകരിലും നാടകത്തിനായി ജീവിതം മാറ്റി വെച്ച് നാടകമെന്ന് കേൾക്കുന്ന മാത്രയിൽ നാടകം കണ്ടേ അടങ്ങു എന്ന് അതിയായി ആഗ്രഹിക്കുന്നവരെയും രസിപ്പിക്കുവാൻ കഴിയുന്നിടത്താണ് നാടകം വിജയിക്കുന്നത്.
അഭിനയം എടുത്തു പറയാതെ തരമില്ല. മുഖ്യ കഥാപാത്രമായ പോൾ മുതൽ തമ്പുര് വരെ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. സംഗീതമറിയുന്ന പോളിൻ്റെ കഥാപാത്രം ചെയ്ത ഡയറക്ടർ തന്നെ ഗിത്താറിസ്റ്റിൽ നിന്നും ലൈവായി വായിക്കുന്നതും കീ ബോർഡ് കൈകാര്യം ചെയ്യുന്നതും എടുത്ത് പറയേണ്ടതാണ്. യാതൊരു സെൻ സുമില്ലാത്ത ഡയക്ടറും പല വേഷം മാറി വരുന്ന തമ്പുരും മികച്ചതായി.
കളി ചിരിയിൽ നിന്നും വേദനയിലേക്കെത്തിക്കുവാൻ രചയിതാവിനും സംവിധായകനും കഴിഞ്ഞു എന്നിടത്താണ് തികച്ചും വിപരീതമാകുന്നത്.
കൂത്തമ്പലത്തിൽ മൈക്കില്ലാതെ നാടകം ഉള്ളിലേക്ക് ഇറക്കുന്ന മികച്ച രീതിയാണ് അനുവർത്തിക്കുന്നത്. മറ്റെവിടെയെങ്കിലും ഈ രീതിയുണ്ടോ എന്നറിയില്ല. വെളിച്ചവും സംഗീതവും മാത്രം ഉപയോഗിച്ച് മൈക്കില്ലാതെ ഉള്ളിൽ തറയ്ക്കുവാൻ കഴിയുമെങ്കിൽ അത് പരീക്ഷണമാണ് വിജയവുമാണ്.