മധുരിക്കും ഓർമ്മകളുമായി ഒമാനിൽ നിന്ന് അൻസാർ ഇബ്രാഹിം
നാടക ലേഖകൻ
പ്രവാസലോകത്ത് അരങ്ങിന്റെ സ്പന്ദനങ്ങൾക്ക് വീണ്ടെടുപ്പ് നടത്തുന്ന നാടക സംവിധായകൻ അൻസാർ ഇബ്രാഹിം. കൊല്ലം 'സ്വദേശിയാണ്. കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഒമാനിലെ മസ്കറ്റിൽ ഇന്ത്യൻ സ്കൂളിൽ പ്ലസ് ടു അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു. പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയിൽക്കൂടി തന്റെ നാടക യാത്രകൾക്ക് തുടക്കം കുറിച്ചു. ഒമാനിലെ അറിയപ്പെടുന്ന ഫുട്ബോൾ പരിശീലകൻ കൂടിയാണ്.
ഒമാനിൽ കേരള സംഗീതനാടക അക്കാദമി പ്രവാസികൾക്കായി സംഘടിപ്പിച്ച നാടക മത്സരത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങിനു വേണ്ടി മൃഗതൃഷ്ണ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ട് മസ്കറ്റിൽ നാടക പ്രവർത്തനത്തിന് തുടക്കം കുറിച്ചു. തുടർന്ന് "മധുരിക്കും ഓർമകളേ "എന്ന, മലയാളികളുടെ ഗൃഹാതുരത്വത്തെ തൊട്ടുണർത്തിയ നാടക ഗാനങ്ങളിലൂടെ ഒരു സർഗ്ഗ സഞ്ചാരം എന്ന പ്രോഗ്രാം ഗൾഫിൽ ആദ്യമായി ലൈവ് നാടകഗാനങ്ങളും അതിന്റെ ദൃശ്യാവിഷ്കാരവുമായി അവതരിപ്പിച്ചു. നാടക പരിശീലനത്തിനും, നാടക പ്രവർത്തനങ്ങൾക്കുമായി 2015ൽ തിയേറ്റർ ഗ്രൂപ്പ് മസ്കറ്റ് എന്ന നാടക കൂട്ടായ്മ ഉണ്ടാക്കി. 2015ൽ തന്നെ തിയേറ്റർ ഗ്രൂപ്പ് മസ്ക്കറ്റിന് വേണ്ടി പ്രവാസ ലോകത്ത് തോപ്പിൽ ഭാസിയുടെ നാടകം "അശ്വമേധം" സംവിധാനം ചെയ്തു. 2016 ൽ തോപ്പിൽ ഭാസിയുടെ തന്നെ വിഖ്യാത നാടകമായ 'കെ പി എ സി യുടെ "മുടിയനായ പുത്രൻ", 2017 ൽ ഫ്രാൻസിസ് .ടി. മാവേലിക്കര കെ.പി.എ.സി.ക്കു വേണ്ടി എഴുതിയ "അസ്തമിക്കാത്ത സൂര്യൻ", 2018ൽ ജയ്പാൽ ദാമോദരന്റെ "കടലാസുതോണി" എന്നീ നാടകങ്ങൾ തിയേറ്റർ ഗ്രൂപ്പിനു വേണ്ടി സംവിധാനം ചെയ്തു. 2019ൽ തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചു. 2017ൽ ഒമാനിലെ ഏറ്റവും വലിയ നാടക പുരസ്‌കാരമായ "തോപ്പിൽ ഭാസി നാടകപുരസ്കാരം" ലഭിച്ചു. നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019ലെ ഉപാസന മസ്കറ്റ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2019ൽ തന്നെ കരുനാഗപ്പള്ളി നാട്ടരങ്ങു നൽകുന്ന പ്രഥമ എൻ. എൻ പിള്ള നാടക പ്രവാസി പ്രതിഭാ പുരസ്‌കാരം, കൊല്ലം കലാഗ്രാമം അവാർഡ്, ഓർമ ചാക്കോള റോസി നാടക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2020ൽ, നാടകരംഗത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പദ്മശ്രീ തിലകൻ സ്മാരക സംസ്ഥാന അവാർഡ് ലഭിച്ചു. നാടക രംഗത്തെ സമഗ്ര സംഭാവനയ്‌ക്ക് ഒമാനിലെ മൈക് മീഡിയ നൽകുന്ന പ്രേംനസീർ പുരസ്കാരത്തിന് 2021ൽ അർഹനായി നാടക രംഗത്ത് അറിയപ്പെടുന്ന ദീപ സംവിധായകൻ കൂടിയാണ്. പ്രവാസലോകത്തും കേരളത്തിലും നിരവധി നാടകപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു.
റിട്ടയേർഡ് ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ ആയ പ്രൊഫ. ഇബ്രാഹിം കുട്ടിയുടെയും റിട്ടയേർഡ് സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ബീഗം ഷാഹിദയുടെയും മകൻ. ഭാര്യ രഹ്‌ന അൻസർ, രണ്ട് മക്കൾ ഐഷ അൻസർ, ആമീൻ അൻസർ. അബ്ദുൽ ഹലീം മരുമകനാണ്.