'പ്രവാസ നാടക നിലാവ്' പപ്പൻ ചിരന്തന
പെൻഡുലം
1969 ൽ കാലടി ഗോപി'യുടെ 'പാപികൾക്ക് പറുദീസ' എന്ന നാടകത്തിൽ സ്ത്രീവേഷം അണിഞ്ഞുകൊണ്ട് നാടകാഭിനയത്തിന് തുടക്കമിട്ടു. തുടർന്ന് നാട്ടിൻപുറങ്ങളിലെ നിരവധി വായനശാലകളുടെയും, കലാസമിതികളുടെയും വാർഷികാഘോഷങ്ങൾക്ക് സംഘടിപ്പിക്കുന്ന നാടകങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. സി. എൽ. ജോസ്, പറവൂർ ജോർജ്, കടവൂർ ചന്ദ്രൻ പിള്ള, കെ എം ആർ, പി ആർ ചന്ദ്രൻ, ശ്രീമൂലനഗരം വിജയൻ, ശ്രീമൂലനഗരം മോഹൻ, ഇബ്രാഹിം വേങ്ങര തുടങ്ങിയവരുടെ നാടകങ്ങളാണ് കലാസമിതികൾ അവതരിപ്പിച്ചുകൊണ്ടിരുന്നത്.
കണ്ണൂർ നിത്യ, കണ്ണൂർ ദൃശ്യ തുടങ്ങിയ ബാലെ ട്രൂപ്പുകളിൽ പുരാണ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നിരവധി റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. നിരവധി തെരുവു നാടകങ്ങളും, ചൊൽക്കാഴ്ചകളും കലാസമിതികൾക്കു വേണ്ടി അവതരിപ്പിച്ചു. 1984 മുതൽ കോഴിക്കോട് ചിരന്തനയിൽ നടനായും ടീം മാനേജരായും 10 വർഷം പ്രവർത്തിച്ചു. കെ എം ധർമ്മൻ, നെല്ലിക്കോട് ഭാസ്കരൻ, ഇബ്രാഹിം വേങ്ങര, ബാലൻ കെ നായർ, ജോസ് ചിറമ്മൽ, കെ ടി മുഹമ്മദ്, തുടങ്ങിയ പ്രശസ്തരായ നാടക കുലപതികളുടെ സംവിധാനത്തിൽ 3000ൽ അധികം വേദികളിൽ അഭിനയിച്ചു.
കണ്ണൂർ വാസൂട്ടി, ശ്രീധരൻ നീലേശ്വരം, ശിവജി ഗുരുവായൂർ, മുഹമ്മദ് പേരാമ്പ്ര, സാവിത്രി ശ്രീധരൻ, ബാലുശ്ശേരി സരസ, സീനത്ത് എന്നിവരോടൊപ്പം 10 വർഷം ചിരന്തനയിൽ പ്രവർത്തിച്ചു. ഇവർ ഇന്ന് വിവാഹിതരാകുന്നു, മാധവി വർമ്മ, തട്ടകം, തീക്കനൽ, പടനിലം, മേടപ്പത്ത്, രാജസഭ, പകിട പന്ത്രണ്ട് തുടങ്ങിയ നാടകങ്ങളായിരുന്നു ചിരന്തനയിൽ അവതരിപ്പിച്ചു കൊണ്ടിരുന്നത്.
1994 ൽ ബഹ്റൈനിൽ പ്രവാസ ജീവിതം ആരംഭിച്ചു. പ്രകാശ് വടകരയും ജയമേനോനും നേതൃത്വം നൽകുന്ന 'പ്രേംനസീർ നാടകവേദിക്കു വേണ്ടി, പ്രകാശ് വടകരയുടെ സംവിധാനത്തിൽ ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ അവതരിപ്പിച്ച തേവാരം എന്ന നാടകത്തോടെ ആയിരുന്നു ബഹ്റൈനിലെ നാടക ജീവിതത്തിന്റെ തുടക്കം. പ്രേംനസീർ നാടകവേദിയുടെ തന്നെ 'അഗ്നിഹോത്രം' 'സമാവർത്തനം', 'ആതിരനിലാവ്' തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. ജി എ നായരുടെ സംവിധാനത്തിൽ 'ബഹ്റൈൻ പ്രതിഭ' അവതരിപ്പിച്ച മേടപ്പത്ത്, യന്ത്രപ്പാവകൾ, രാജസഭ തുടങ്ങിയ നാടകങ്ങളിലും മോഹൻരാജിന്റെ സംവിധാനത്തിൽ ട്രൂത്ത് ഇന്ത്യാ ടി വി ചാനൽ, എസ് എം എസ് വഴി വന്ന പ്രണയം, കേളു, മൊസാർട്ട് സലേറി എന്നീ നാടകങ്ങളിലും അഭിനയിച്ചു. കേളുവിലെ അഭിനയത്തിന് കേരളീയ സമാജത്തിന്റെ നാടക മത്സരത്തിൽ സഹനടനുള്ള അവാർഡ് നേടി.
ബഹ്റൈൻ അജന്താ തീയേറ്റേഴ്സ്ന്റെ ബാനറിൽ രാധാകൃഷ്ണൻ കൊടുങ്ങല്ലൂരിന്റെ സംവിധാനത്തിൽ എൻ എൻ പിള്ളയുടെ ഡാം എന്ന നാടകത്തിൽ അഭിനയിച്ചു. ചെമ്പകരാമൻ, കൊസ്രാക്കൊള്ളി എന്നീ നാടകങ്ങൾ ബഹ്റൈൻ പ്രതിഭയ്ക്ക് വേണ്ടി സംവിധാനം ചെയ്തിട്ടുണ്ട്. 1947ൽ ബഹ്റൈൻ കേരളീയ സമാജത്തിന്റെ രൂപീകരണ സമയത്ത് അവതരിപ്പിച്ച എൻ പി ചെല്ലപ്പൻ നായരുടെ 'വികടയോഗി' എന്ന നാടകം 63 വർഷങ്ങൾക്ക് ശേഷം 2010 ൽ ബഹ്റൈൻ കേരളീയ സമാജത്തിന്റെ വേദിയിൽ സംവിധാനം ചെയ്ത് അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കാർമൻ, വിമുക്തി, മാധവി, വിഷുക്കണി തുടങ്ങിയ നാടകങ്ങളും കേരളീയ സമാജത്തിന് വേണ്ടി സംവിധാനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ബി കെ എസ് - ജി സി സി റേഡിയോ നാടക മത്സരത്തിൽ 'എന്റെ പുള്ളിപ്പൈ കരയുന്നു' എന്ന നാടകത്തിന് ഏറ്റവും നല്ല നടനുള്ള ബഹുമതി ലഭിച്ചിരുന്നു.
നാടകാഭിനയത്തിന്റെ നാൽപ്പതു വർഷം പൂർത്തിയാകുന്നതിന്റെ ആദരവായി 2010 ൽ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ, പി എൻ മോഹൻ രാജിന്റെ സംവിധാനത്തിൽ അവതരിപ്പിച്ച ഗോദയെ കാത്ത് എന്ന നാടകത്തിൽ ലക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
ബഹ്റൈൻ അരങ്ങ് നാടകവേദി ഏർപ്പെടുത്തിയ ഏറ്റവും നല്ല നാടകപ്രവർത്തകനുള്ള അവാർഡ് ഇന്ത്യൻ അംബാസഡറിൽ നിന്ന് ഏറ്റുവാങ്ങി.
2011 ൽ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങി.
മേടപ്പത്ത്, നമ്മളൊന്ന്, രാജസഭ, പടനിലം, കാക്കപ്പൊന്ന്, അവസാനത്തെ മുറി എന്നീ നാടകങ്ങൾ വിവിധ കലാസമിതികൾക്കു വേണ്ടി സംവിധാനം ചെയ്തത്തോടൊപ്പം ഇബ്രാഹിം വേങ്ങരയുടെ ബദ്റുൽ മുനീർ ഹുസ്നുൽ ജമാൽ എന്ന നാടകത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്
സ്നേഹവീട്, ചന്ദ്രഗിരി, പ്രഭുവിന്റെ മക്കൾ, പേടിത്തൊണ്ടൻ, ചായില്ല്യം, അമീബ തുടങ്ങിയ സിനിമകളിലും പരിണയം, ഭാഗ്യദേവത, ചാവറയച്ചൻ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു .
ഒറ്റമൈന എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു.
നാടകപ്രവർത്തനത്തിന് മലയാള മനോരമ ഏർപ്പെടുത്തിയ അവാർഡ് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നാണ് ഏറ്റുവാങ്ങിയത്