കേരള സംഗീത നാടക അക്കാദമിയില്‍ ഒക്ടോബര്‍ 25 മുതല്‍ അരങ്ങുണരും
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
അഞ്ച് ദിനത്തിലായി നടക്കുന്ന പ്രൊഫഷനല്‍ നാടകമത്സരത്തില്‍ 10 നാടകങ്ങള്‍ അരങ്ങേറും
കേരള സംഗീത നാടക അക്കാദമിയില്‍ ഒക്ടോബര്‍ 25 മുതല്‍ പ്രൊഫഷനല്‍ നാടക മത്സരത്തിന് തിരിതെളിയും.കൊവിഡ് മഹാമാരിയാല്‍ നീട്ടിവെക്കപ്പെട്ട 2019 ലെ പ്രൊഫഷനല്‍ നാടകമത്സരം ഒക്‌ടോബര്‍ 25 മുതല്‍ 29 വരെ കെ.ടി മുഹമ്മദ് സ്മാരക തിയറ്ററില്‍ ആണ് സംഘടിപ്പിക്കുക. ഇതിന്‍റെ ഭാഗമായി 25 മുതല്‍ രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമായി രണ്ടു നാടകങ്ങള്‍ വീതം അരങ്ങിലെത്തിക്കുമെന്ന് അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി പറഞ്ഞു. പാസ്സെടുക്കുന്ന 250 പേര്‍ക്കാണ് നാടകം കാണാന്‍ പ്രവേശനം അനുവദിക്കുക. പാസ്സുകള്‍ ഈ മാസം 23 ന് രാവിലെ പത്തുമുതല്‍ അക്കാദമി ഓഫീസില്‍ നിന്നും സൗജന്യമായി വിതരണം ചെയ്യും. ഈ പാസ്സ് ലഭിക്കുന്നവര്‍ക്ക് 10 നാടകങ്ങളും കാണാം. പൂര്‍ണ്ണമായും കോവിഡ്ചട്ടങ്ങള്‍ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. വിവിധ നാടക സമിതികള്‍ സമര്‍പ്പിച്ച 23 നാടകങ്ങളില്‍ നിന്ന് ജൂറി തെരഞ്ഞെടുത്ത 10 നാടകങ്ങളാണ് അരങ്ങിലെത്തിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട നാടക സമിതികള്‍ക്കുള്ള നാടക അവതരണ ചെലവിനുള്ള തുക 30,000 രൂപയില്‍ നിന്നും ഒരുലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്
പ്രൊഫഷനല്‍ നാടകമത്സരം 25 ന് രാവിലെ 9.30 ന് അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. അക്കാദമി വൈസ്‌ചെയര്‍മാന്‍ സേവ്യര്‍പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാറിന്‍റെ നൂറ്ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പുറത്തിറക്കുന്ന രണ്ടുസെറ്റ് പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. പ്രശസ്ത എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍ പ്രമുഖ നാടകകൃത്ത് പി.വി.കെ പനയാലിന് നല്‍കി പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി, അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളായ ഫ്രാന്‍സിസ് ടി മാവേലിക്കര, അഡ്വ. വി.ഡി പ്രേമപ്രസാദ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.
അഞ്ച് ദിനങ്ങളിലായി 10 നാടകങ്ങള്‍ അരങ്ങിലെത്തും
കേരള സംഗീത നാടക അക്കാദമിയില്‍ ഒക്ടോബര്‍ 25 മുതല്‍ സംഘടിപ്പിക്കുന്ന പ്രൊഫഷനല്‍ നാടക മത്സരത്തിന്‍റെ ഭാഗമായി പത്ത് നാടകങ്ങള്‍ അരങ്ങിലെത്തും. കെ.ടി. മുഹമ്മദ് സ്മാരക തിയറ്ററില്‍ ആണ് മത്സരം സംഘടിപ്പിക്കുക. 25 ന് രാവിലെ പത്തിന് കൊച്ചിന്‍ ചന്ദ്രകാന്തത്തിന്‍റെ അന്നവും വൈകീട്ട് അഞ്ചിന് കൊല്ലം കാളിദാസകലാകേന്ദ്രത്തിന്‍റെ അമ്മയും അരങ്ങേറും. 26 ന് രാവിലെ തിരുവനന്തപുരം സൗപര്‍ണ്ണികയുടെ ഇതിഹാസവും വൈകീട്ട് കണ്ണൂര്‍ നാടകസംഘത്തിന്‍റെ കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും വേദിയില്‍ എത്തും. 27 ന് രാവിലെ സംസ്‌കൃതി വെഞ്ഞാറംമൂടിന്‍റെ ജീവിതപാഠവും വൈകീട്ട് വള്ളുവനാട് ബ്രഹ്‌മയുടെ പാട്ടുപാടുന്ന വെള്ളായിയും 28 ന് രാവിലെ കണ്ണൂര്‍ സംഘചേതനയുടെ ഭോലാറാമും വൈകീട്ട് തിരുവനന്തപുരം സംഘകേളിയുടെ മക്കളുടെ ശ്രദ്ധയ്ക്കും 29 ന് രാവിലെ കായകുളം കെ.പി.എ.സിയുടെ മരത്തന്‍ 1892 ഉം വൈകീട്ട് കോഴിക്കോട് സങ്കീര്‍ത്തനയുടെ വേനലവധിയും അരങ്ങേറും.
ഒരേ വേദിയില്‍ ഏഴ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും
സംസ്ഥാന സര്‍ക്കാറിന്‍റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമയുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുസ്തകക്കാലം-നൂറ് ദിനം, നൂറ് പുസ്തകം പദ്ധതിയുടെ ഭാഗമായി ഏഴ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ഒക്‌ടോബര്‍ 25 ന് രാവിലെ 9.30 ന് കെ.ടി. മുഹമ്മദ് സ്മാരക തിയറ്ററില്‍ നടക്കുന്ന പ്രൊഫഷനല്‍ നാടകമത്സരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിലാണ് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുക. സേവ്യര്‍ പുല്‍പ്പാട്ടിന്‍റെ അരങ്ങിലൂടെ ഒരു യാത്ര, എ ശാന്തകുമാറിന്‍റെ ആറ് നാടകങ്ങള്‍, എ.കെ പുതുശ്ശേരിയുടെ ആര്‍ട്ടിസ്റ്റ് പി.ജെ ചെറിയാന്‍ - നാടകലോകത്തെ ധ്രുവനക്ഷത്രം, എം എന്‍ വിനയകുമാറിന്‍റെ മറിമാന്‍കണ്ണി, സാവിത്രി ലക്ഷ്മണന്‍റെ നാടകത്തിന്‍റെ നാട്ടില്‍, ഡോ ഏ.കെ നമ്പ്യാരുടെ നാടക പ്രപഞ്ചം, ഫ്രാന്‍സിസ് ടി മാവേലിക്കരയുടെ ഒരുനാഴി മണ്ണ് എന്നീ പുസ്തകങ്ങള്‍ പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചെരുവില്‍ പ്രകാശനം ചെയ്യും.പ്രമുഖ നാടകകൃത്ത് പി.വി.കെ പനയാല്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. ഇതോടെ പുസ്തകക്കാലം-നൂറ് ദിനം, നൂറ് പുസ്തകം പദ്ധതിയുടെ ഭാഗമായി അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണം 11 ആകും. പദ്ധതിയുടെ ഭാഗമായുള്ള ആദ്യസെറ്റ് പുസ്തകം ഓഗസ്റ്റ് 31 ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തിരുന്നു.