51മത് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നാളെ. ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീ ജൂറി ചെയർപേർഴ്സൺ.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഇത്തവണ 30 സിനിമകളാണ് അവാര്‍ഡിനായി അന്തിമ പട്ടികയിലുള്ളത്. ഒട്ടേറെ സവിശേഷതകളുമായി വേറിട്ടുനില്‍ക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം.
ജൂറിയെ നയിക്കുന്നത് ചരിത്രത്തിലാദ്യമായി ഒരു വനിതയാണ്. നടിയും സംവിധായികയുമായ സുഹാസിനി അധ്യക്ഷയായ വിധിനിര്‍ണയ സമിതിയാണ് അന്തിമ ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നത്.
മാത്രമല്ല എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിക്ക് പ്രാഥമിക, അന്തിമ മൂല്യനിര്‍ണയ സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്‌കരിച്ചശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്. കന്നട സംവിധായകന്‍ പി.ശേഷാദ്രിയും പ്രമുഖ സംവിധായകന്‍ ഭദ്രനും പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ അധ്യക്ഷന്മാരാണ്. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.
ഇവര്‍ക്കു പുറമെ ഛായാഗ്രാഹകന്‍ സി.കെ മുരളീധരന്‍, സംഗീതസംവിധായകന്‍ മോഹന്‍ സിതാര, സൗണ്ട് ഡിസൈനര്‍ ഹരികുമാര്‍ മാധവന്‍ നായര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇവര്‍ക്കു പുറമേ രചനാ വിഭാഗം അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് പ്രശസ്ത നിരൂപകന്‍ ഡോ.പി.കെ. രാജശേഖരന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് ആണ് എല്ലാ ജൂറികളുടെയും മെമ്പര്‍ സെക്രട്ടറി.
എണ്‍പത് സിനിമകള്‍ അവാര്‍ഡിന് മത്സരിച്ചപ്പോള്‍ അന്തിമ പട്ടികയില്‍ എത്തിയത് 30 ചിത്രങ്ങളാണ്. സെപ്റ്റംബര്‍ 28 മുതലാണ് ജൂറി സ്‌ക്രീനിംഗ് ആരംഭിച്ചത്. ഫഹദ് ഫാസില്‍, ജയസൂര്യ, ബിജു മേനോന്‍, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവര്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനായി മത്സരിക്കാന്‍ രംഗത്തുണ്ട്. നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കാന്‍ ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരുമുണ്ട്.
വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്. മൂല്യനിര്‍ണയത്തിനു ശേഷം 51 ആമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ ഏതൊക്കെ ചിത്രങ്ങളും താരങ്ങളുമാണ് മികവ് പുലര്‍ത്തിയതെന്ന് വ്യക്തമാകും.