അരങ്ങ് പുരസ്കാരം; മുഹമ്മദ് പേരാമ്പ്രയ്ക്കും വിജയൻ ചാത്തന്നൂരിനും സമർപ്പിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തിരൂർ: നാടക കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങ് തിരൂരിൻ്റെ പ്രഥമ പുരസ്കാരം നാടക-ചലച്ചിത്ര നടന്മാരായ മുഹമ്മദ് പേരാമ്പ്രയ്ക്കും വിജയൻ ചാത്തന്നൂരിനും സമർപ്പിച്ചു. വിദ്യാരംഭ ദിനത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ സംഘടിപ്പിച്ച പുരസ്കാര ദാന ചടങ്ങിൽ കവിയും പ്രഭാഷകനുമായ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ അവാർഡ് ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമർപ്പിച്ചു. 10,000 രൂപയും പ്രശംസാപത്രവും ശില്പവുമാണ് പുരസ്കാരം.
മഹാമാരി കാലത്ത് കലയും കലാകാരനും അരങ്ങൊഴിഞ്ഞപ്പോൾ ഇവിടെ കലഹവും കലാപവും സർഗ്ഗീയതയും ഫാഷിസവും അരങ്ങ് വാഴുന്നു. അത് കൊണ്ട് കലാകാരൻ സമൂഹത്തിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചു വന്നില്ലെങ്കിൽ ഈ സമൂഹം ജീർണ്ണിച്ചുപോകുമെന്ന യാഥാർഥ്യം ഉദ്ഘാടന പ്രസംഗത്തിൽ ആലങ്കോട് ലീലാകൃഷണൻ വ്യക്തമാക്കി.
പ്രമുഖ നാടക-ചലച്ചിത്ര നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായ ചടങ്ങിൽ മഹാമാരിക്കാലത്തെ നാടക പ്രവർത്തകരുടേയും കലാകാരന്മാരുടെയും ജീവിതം നേരിടുന്ന പ്രയാസങ്ങളെ കുറിച്ചുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.
നടനും നാടകകൃത്തും മാധ്യമ പ്രവർത്തകനുമായ ബഷീർ പുത്തൻ വീട്ടിലിൻ്റെ കാളിയാന്വയം, പുരുഷനെ പ്രണയിച്ച പെൺകുട്ടി എന്നീ രണ്ട് നാടകങ്ങളും യുവ എഴുത്തുകാരി ഷഹല ഷെറിയുടെ കൊതി തീരുംമുൻപേ എന്ന നോവലും പുരസ്കാര ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു.
ചടങ്ങിൽ Dr.കെ ശ്രീകുമാർ, സേൽട്ടി തിരൂർ, തിരൂർ ദാസ്, കെ.പി കുട്ടി വാക്കാട്, ബാവ കൊടാശ്ശേരി, എന്നിവർ ആശംസകളിർപ്പിച്ചു സംസാരിച്ചു. അരങ്ങ് ചെയർമാൻ ബഷിർ പുത്തൻ വീട്ടിൽ അദ്ധ്യക്ഷനായ ചടങ്ങിൽ കൺവീനർ അനിൽ കോവിലകം സ്വാഗതവും ശശി മംഗലം നന്ദിയും പറഞ്ഞു.
പുരസ്കാര ചടങ്ങിനോടനുബന്ധിച്ച് ശിവജി ഗുരുവായൂർ നയിക്കുന്ന അതിജീവന നാടക യാത്രയ്ക്ക് സ്വീകരണം നൽകി. 15 ഓളം കലാകാരന്മാരടങ്ങുന്ന സംഘം BLACK OUT എന്ന നാടകം അവതരിപ്പിച്ചു .സുരേഷ് ബാബു ശ്രീസ്ഥ രചന നിർവ്വഹിച്ച നാടകം സംവിധാനം ചെയ്തത് മനോജ് നാരായണനാണ് .കാസർഗോഡ് മുതൽ കന്യാകമാരി വരെയുള്ള വിവിധ കേന്ദ്രങ്ങളിലാണ് നാടകം അവതരിപ്പിക്കുന്നത്. കൊറോണ മൂലം അരങ്ങുകൾ നഷ്ടപ്പെട്ട് കൊടും പട്ടിണിയിലായ കലാകാരന്മാരുടെ പ്രശ്നങ്ങളാണ് പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.