"വെളിച്ചെണ്ണ"യുടെ അവതരണത്തോടെ അഥീന നാടകോത്സവത്തിനു തുടക്കമായി.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
മയ്യിൽ അഥീന നാടക- നാട്ടറിവ് വീട് സംഘടിപ്പിക്കുന്ന സംസ്ഥാന തല അമച്വർ നാടകോത്സവത്തിനു ശ്രീ. ജയപ്രകാശ് കുളൂരിന്റെ പ്രശസ്ത നാടകമായ "വെളിച്ചെണ്ണ"യുടെ അവതരണത്തോടെ തുടക്കം കുറിച്ചു.
നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് ശ്രീ. പി.ടി. മനോജ് അധ്യക്ഷത വഹിച്ചു. പ്രമുഖ നാടക പ്രവർത്തകയും നടിയും സംസ്ഥാന നാടക അവാർഡ് ജേതാവുമായ അഡ്വ. എൻ.എസ് താര ഉദ്ഘാടനം നിർവ്വഹിച്ചു.
നാടക പ്രവർത്തകനും കലാസംവിധായകനുമായ ജയാനന്ദൻ മുറിയാത്തോട്, കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും നടനുമായ നാദം മുരളി, സംഘാടക സമിതി കൺവീനർ വിനോദ് കണ്ടക്കൈ, ശിഖകൃഷ്ണൻ എന്നിവർ സംസാരിച്ചു.
നാടകോത്സവത്തിലെ പ്രഥമ നാടകമായി ജയപ്രകാശ് കുളൂരിന്റെ വെളിച്ചെണ്ണയുമായി സുധി പാനൂര് അരങ്ങിനു ഊർജ്ജമേകി വേദിയിലെത്തി . തുടർന്ന് പുലികേശി- രണ്ട് മായി കാഞ്ഞങ്ങാട് തിയറ്റർ ഗ്രൂപ്പും അരങ്ങിലെത്തി.
നിറഞ്ഞ കയ്യടികളോടെ കാണികൾ രണ്ടുനാടകങ്ങളെയും സ്വീകരിച്ചത്. കോവിഡ് മഹാമാരി തീർത്ത നീണ്ട അടച്ചിടലിനു ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഏഴുദിവസം നീണ്ടു നിൽക്കുന്ന ഒരു നാടകോത്സവത്തിന് തിരി തെളിഞ്ഞത്. സംസ്ഥാനത്തെ പ്രശസ്തമായ സമിതികളുടെ 13 നാടകങ്ങളാണ് അഥീന നാടകോത്സവത്തിൽ അരങ്ങിലെത്തുന്നത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് 100 പേർക്ക് നാടകം കാണാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടക സമിതി ചെയർമാൻ മോഹൻ കാരക്കീൽ പറഞ്ഞു.