കേരള ഫോക് ലോർ അക്കാദമി കേരളപ്പിറവി ആഘോഷം വിവാദത്തിലേക്ക്. പരാതി നൽകി വിവിധ നാട്ടുകലാകാര സംഘടനകൾ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
നാടൻ കലകളെയും നാട്ടറിവുകളെയും പ്രോത്സാഹിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന കേരള ഫോക് ലോർ അക്കാദമി കേരളപ്പിറവിദിനാഘോഷത്തിന്റെ ഭാഗമായി തിരുവാതിരക്കളിയും കേരള നടനവും അവതരിപ്പിക്കാൻ അവസരം നൽകിയത് വിവാദമാവുന്നു. നാട്ടുകലാകാരക്കൂട്ടം എന്ന സംഘടനയിലെ വിവിധ കലാകാരൻമാർ അക്കാദമിയുടെ വരേണ്യ പ്രവണതയ്ക്കെതിരേ ശക്തമായ ഭാഷയിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ചില സംഘടനകൾ ഔദ്യോഗികമായിത്തന്നെ സാംസ്കാരികവകുപ്പു മന്ത്രിക്ക് പരാതിയും നൽകി എന്നാണ് അറിയാൻ കഴിഞ്ഞത്.
നാടക നാടൻകലാപ്രവർത്തകനായ ജിജു ഒറപ്പടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം .
ഫോക്‌ലോർ അക്കാദമിയുടെ പേര് ക്ളാസിക്കൽ കലാഅക്കാദമി എന്നാക്കിക്കൂടേ ...?
നാടൻ കലകളെയും കലാകാരന്മാരെയും സംരക്ഷിക്കാൻ ബാധ്യത ഉള്ളവരല്ലേ ഈ ഫോക്‌ലോർ അക്കാദമിക്കാർ ....?
കോവിഡ് മൂലം അരങ്ങ് നഷ്ടപ്പെട്ട ദളിത് കലാകാരന്മാരുൾപ്പെടെ വലിയൊരു വിഭാഗം നാട്ടുകലാകാരന്മാർ ഇവിടുള്ളപ്പോൾ അവർക്കുവേണ്ടി കാര്യമായൊന്നും ചെയ്യാതെ ക്ലാസിക് കലാവതരണം സംഘടിപ്പിക്കുന്നു ..കഷ്ടം ...
ഒന്നാം ലോക്ക്ഡൗൺ കഴിഞ്ഞപ്പോൾ നാടൻ കലാകാരന്മാരെ മൈന്റ് ചെയ്യാതെ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചവരിൽ നിന്ന് ഇതിൽക്കവിഞ്ഞ് ഒന്നും പ്രതീക്ഷിക്കരുത്...
ഫിലിം ഫെസ്റ്റിന്റെ കൂടെ ഫോക്ക് ചേർത്തു എന്നല്ലാതെ ഈ പരിപാടി കൊണ്ട് നാടൻ കലാകാരന്മാർക്ക് എന്തു ഗുണം...?
ഫിലിം ഫെസ്റ്റിനു പോലും പ്രാദേശിക നാടൻ കലാകാരന്മാരെ പരിഗണിക്കാതെ മ്യൂസിക്ക് ബാന്റിനെ ഇറക്കിയവരിൽ നിന്ന് ഇതിലധികം എന്തു പ്രതീക്ഷിക്കാൻ...?
എന്നിട്ടും പ്രതികരിക്കാൻ പലരും (നാടൻ കലാകാരന്മാർ) മടിക്കുന്നു...!!! കാരണം ...?
അക്കാദമിയുടെ നിലവിലുള്ള ഭാരവാഹികളെ ചോദ്യം ചെയ്താൽ പകപോക്കൽ ഉറപ്പ്...!!
തെളിവ് ഈ ഞാനും ഞാൻ ഭാരവാഹിയായ സമിതിയുംതന്നെ ...
വഴിയെ പോകുന്നവർക്കുകൂടി അക്കാദമി അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഗോത്രകലാകാരന്മാരെ അവഗണിച്ചതിനെതിരേ കോടതിയിൽ പോയ അന്നു മുതൽ ഞാൻ അക്കാദമിക്കാരുടെ ശത്രു...!!
പല സമിതികൾക്കും കോവിഡ് കാലത്ത് രണ്ടും അതിൽ അധികവും പരിപാടികൾ ഓൺലൈനായി അവതരിപ്പിക്കാൻ അവസരം നൽകിയപ്പോഴും ഞങ്ങളെ അടുപ്പിച്ചില്ല..അടുപ്പിക്കില്ലല്ലോ ...അക്കാദമിയെ വിമർശിച്ചാൽ ഇതാണ് കിട്ടുക... അല്ല പിന്നെ..
വിവരാവകാശം വഴി ചില കാര്യങ്ങൾ ചോദിച്ചപ്പോൾ അക്കാദമിയുടെ പ്രവർത്തനം കോവിഡ് മൂലം പകുതിയാണെന്നും, സാധാരണ നിലയിൽ ആയിട്ട് മറുപടി തരുമെന്നും പറഞ്ഞിട്ട് ഇന്നും മറുപടി തരാത്ത അക്കാദമിയുടെ ഇന്നത്തെ ഭാരവാഹികളിൽ നിന്ന് ഇതിലധികം ഒന്നും പ്രതീക്ഷിക്കണ്ടാ ...!!!