തൃശ്ശൂർ ജില്ലയുടെ നാടക വിശേഷങ്ങൾ-ഭാഗം 1
- ലേഖനം
ചാക്കോ ഡി അന്തിക്കാട്
അന്തിക്കാട് ചെത്തുതൊഴിലാളി സമരചരിത്രവും, കരിക്കൊടി ചകിരിത്തൊഴിലാളി സമര ചരിത്രവും, അളഗപ്പയിലേയും, നാട്ടികയിലെയും, പൂങ്കുന്നത്തേയും മിൽത്തൊഴിലാളി സമരചരിത്രവും, അഭിമാനപൂർവ്വം എടുത്തുപറയുമ്പോഴും, മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ, ജീവിതാനുഭവങ്ങളുടെ തീവ്രത കുറഞ്ഞു വരുന്ന തൃശ്ശൂർ ജില്ലയിലെ നാടക ജീവിതത്തിനും തീവ്രത കുറഞ്ഞു വരികയാണെന്ന് പറയാം.
നാടകം ജീവിതത്തിന്റെ ഭാഗമായെടുക്കുന്ന കാര്യത്തിൽ ഒരു നിസ്സംഗത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
തിരക്കുപിടിച്ച ജീവിതത്തിൽ രാവിലെ മുതൽ സന്ധ്യവരെയുള്ള പാച്ചിലിനിടയിൽ, രാത്രിപിന്നേയും നാടകം, ചർച്ച,സംവാദം, തർക്കം, അഭിനയം, ഇത്തരം കാര്യങ്ങൾ താങ്ങാനുള്ള ഊർജ്ജമില്ലായ്മ ഒരു പ്രശ്നംതന്നെയാണ്.വളരെ ആനന്ദകരമായി ക്രിയാത്മകമായി സംഭവിക്കേണ്ട ഈ ഒരു പ്രക്രിയയ്ക്ക് പകരം,രണ്ട് പെഗ്ഗടിച്ച്, അൽപ്പം കൊച്ചുവർത്തമാനം പറഞ്ഞ്,ഒരു പരദൂഷണത്തിൽ 'ഗുഡ്നൈറ്റ്' ഒതുക്കി, തൃപ്തിയടയുകയെന്ന, മദ്ധ്യവർഗ്ഗ സംസ്ക്കാരമാണ് ഇവിടെ ഭരിക്കുന്നത്.
ക്ലബ്ബുകളായാലും ഗ്രൂപ്പുകളായാലും വ്യക്തികളായാലും, സൂര്യനസ്തമിച്ചാൽ മദ്യത്തിൽ സ്വയം മതിമറന്നാടിയാൽ മതിയെന്ന ചിന്ത, എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെ പുച്ഛിച്ചു തള്ളുന്ന പ്രവണത, ഇതിലൊന്നും വലിയ കാര്യമില്ലെന്ന പൊതു സൂചന, വിപ്ലവത്തിന് നാടക പ്രവർത്തനം ഒരിക്കലും ഒരു മാർഗ്ഗമല്ലായെന്ന അരാഷ്ട്രീയവാദം,പാർലമെന്ററി രാഷ്ട്രീയ പ്രവർത്തനത്തിൽ വോട്ടുപിടുത്തത്തിനുമാത്രമെ പ്രസക്തിയുള്ളൂവെന്നുള്ള കക്ഷിരാഷ്ട്രീയ വാദം. സ്വതന്ത്രമായ നാടക പ്രവർത്തനമെന്നാൽ ഒരു നേരംകൊല്ലി പരിപാടിയെന്ന 'നാടകനിഷേധി'യുടെ സ്വരം. സമൂഹം അംഗീകരിക്കാത്ത ഒരു 'മണ്ടൻ' പ്രവർത്തനമാണ് നാടകപ്രയോഗമെന്ന അപകർഷബോധം.
പിന്നെ, മാർക്കറ്റ് ചെയ്യപ്പെടാത്ത ഒരു 'പ്രൊഡക്റ്റാ'ണ് നാടകമെന്ന ആഗോളവൽക്കരണ ചിന്ത!...ഇങ്ങനെ പലപല കാരണങ്ങളാൽ, പുതിയ തലമുറയ്ക്ക് നാടക പ്രവർത്തനം അന്യമായി കഴിഞ്ഞിരിക്കുന്നു.
സിലബസ്സുകളിൽ പറയുന്നു : "നാടക പഠനമാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന പ്രായോഗിക രീതി. സിലബസ്സുകൾ നാടകീയമായി അഭിനയിച്ചു പഠിപ്പിക്കുക...അതിനുള്ള പ്രത്യേക പരിശീലനം കുട്ടികളുടെ തിയ്യറ്റർ പരിപാടിയാക്കി വളർത്തിയെടുക്കുക."...
അധ്യാപകരും കുട്ടികളും ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ, വൈകാരിക പ്രകടനത്തിന് പ്രാധാന്യം കൊടുക്കുക. യുക്തിബോധത്തിന് മാത്രം (അച്ചടക്കപാലനം) ഊന്നൽ കൊടുക്കാതെ, എല്ലാ വികാരങ്ങളും തുറന്നു പ്രകടിപ്പിക്കുന്ന ഒരു വിനിമയ രീതി, സ്കൂൾതലംമുതൽ വളർത്തിയെടുക്കാതെ, മലയാള നാടകവേദിയുടെ വിതയും കൊയ്ത്തും മെതിയും അസാധ്യമാണ്!
ഗ്രാമീണതലത്തിൽ, വാർഡുതലത്തിൽ, കുട്ടികളുടെ നാടക വർക് ഷോപ്പുകൾ സംഘടിപ്പിക്കാതെ, ഒരു കലാസമിതിക്കും ഭാവിയിൽ നാടകത്തിന്റെ പേരിൽ അഭിമാനിക്കാൻ കഴിയില്ല എന്നതും ഒരു നഗ്നസത്യമാണ്! എത്ര നാടക രചയിതാക്കൾ എത്ര നാടകപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചാലും, വിപുലമായ നാടകാവതരണങ്ങൾ അസാധ്യമായിത്തീരുന്നതിന്റെ ഒരു പ്രധാന കാരണം, ഗ്രാമീണ നാടകവേദിയിൽ കുട്ടികളുടെ, സ്ത്രീകളുടെ തിയറ്റർ സാധ്യത തീരെ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല എന്നത് തന്നെയാണ്!
കുട്ടികൾ നാടകത്തിൽ സജീവമായാൽ, ഒരു കുടുംബം മുഴുവൻ സജീവമാകും. നഗരങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന കുട്ടികളുടെ തിയറ്റർ (സംസ്ക്കാരം, സിദ്ധാന്തം, പ്രയോഗം) പലപ്പോഴും ലക്ഷ്യമാക്കുന്നത് സീരിയൽ, ടെലിഫിലിം, ആൽബം, തുടർന്ന് സിനിമയിലേയ്ക്കുള്ള ഒരു പ്രവേശനടിക്കറ്റ് കാത്തിരിക്കുക എന്നത് തന്നെയാണ്!
ശരിയാണ്...കേരളത്തിലെ സിനിമകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചവരിൽ ഭൂരിഭാഗവും നാടകത്തിൽ തനതായ വ്യക്തിത്വം പ്രകടിപ്പിച്ചവർതന്നെയാണ്. മുത്തയ്യ, പി.ജെ.ആന്റണി, കെ.പി. ഉമ്മർ, ശങ്കരാടി, കൊട്ടാരക്കര, അടൂർ ഭവാനി, ഫിലോമിന, കെ.പി.ഏ.സി.ലളിത, ഗോവിന്ദൻകുട്ടി, കുതിരവട്ടം പപ്പു, അബൂബക്കർ വടക്കാഞ്ചേരി, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ, ജഗതി, മുരളി, നരേന്ദ്രപ്രസാദ്, ജയരാജ് വാരിയർ, നന്ദകിഷോർ, നിലമ്പൂർ ആയിഷ, എൻ.എൻ.പിള്ള, മുകേഷ്, വിജയരാഘവൻ, ശിവജി ഗുരുവായൂർ, സജിത മഠത്തിൽ, സുരഭി ലക്ഷ്മി, ബാബു അന്നൂർ, ജോയ് മാത്യു , സുനിൽ സുഖദ , മുരുകൻ, അടാട്ട് ഗോപാലൻ, കെ.എസ്. പ്രതാപൻ തുടങ്ങി, സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ഭരതൻ, ലോഹിതദാസ്, ശ്യാമപ്രസാദ്, രഞ്ജിത്ത്, പ്രിയനന്ദനൻ, ഡോ. എസ്.സുനിൽ, മനോജ് കാന, സുവീരൻ, ഷൈജു അന്തിക്കാട്, പ്രമോദ് പയ്യന്നൂർ, ശ്രീജിത്ത് പൊയിൽക്കാവ് വരെ (ഇനിയും നീണ്ട നിരയുണ്ട്...മറക്കുന്നില്ല) നാടകം പ്രയോഗിച്ചു വളർന്നു വന്നവരാണ്. സിനിമയുടെ ആഗോള മാന്ത്രിക വലയത്തിൽ ചുറ്റിക്കറങ്ങുമ്പോഴും, നാടകം ചെയ്യാൻ വർഷത്തിലൊരിക്കലെങ്കിലും സമയം കണ്ടെത്തുന്നവരാണ്.
നടീനടന്മാരായ ബെൻകിൻസ്‌ലിയും (ആറ്റൻബറോയുടെ 'ഗാന്ധി'), നസറുദ്ദീൻ ഷായും, ഷബ്‌ന ആസ്മിയും (മുരളിയുടെ 'ലങ്കാലക്ഷ്മി'യും, മോഹൻലാലിന്റെ 'കർണ്ണഭാര'വും മറക്കുന്നില്ല), അനുപംഖേറും , നാനാപടേക്കറുമടക്കം, അനേകം സിനിമാ അഭിനേതാക്കൾ, നാടകം ചെയ്യുമ്പോഴുള്ള സ്വാതന്ത്ര്യം ഉയത്തിപ്പിടിക്കുന്നത്, വെറും അലങ്കാരഭാഷയല്ല, അതൊരു ദാർശനികമായ , അസ്തിത്വപരമായ സത്യം ആയതുകൊണ്ട് കൂടിയാണ്!
സിനിമയുടെ സ്വാധീനം ടെക്നോളജിയുടേതാണെങ്കിൽ, നാടകത്തിൽ നടീനടന്മാരുടെ 'ടോട്ടാലിറ്റി'യാണ് മർമ്മപ്രധാനം! സിനിമയിൽ സംവിധായകൻ കാണിച്ചു തരുന്നത് (ക്യാമറ വെളിപ്പെടുത്തുന്നത്) മാത്രമേ കാണികൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുകയുള്ളൂ...
നാടകത്തിൽ കർട്ടനുയർന്നാൽ സംവിധായകൻ അപ്രസക്തനാവും എന്നതാണ് സത്യം! റിഹേഴ്സൽ ക്യാമ്പിൽ പറഞ്ഞു പഠിപ്പിച്ചതുപോലെയാണെങ്കിലും, സന്ദർഭോചിതമായി മാറ്റിമറിക്കാനുള്ള സ്വാതന്ത്ര്യം നാടക അഭിനേതാക്കൾക്ക് മാത്രമുള്ള അവകാശമാണ്.
അതായത്, സിനിമയിൽ ലൊക്കേഷൻ 'കലാമിറ്റി'കൾ (Calamities) ഉണ്ടെങ്കിലും , അതൊന്നും കാണികൾ അറിയുന്നില്ല. അഭിനേതാക്കൾക്ക് അതൊക്കെ അപ്പപ്പോൾ അതിജീവിച്ചു കാണിച്ചു കൊടുക്കേണ്ടതുമില്ല! ഷൂട്ട് നിർത്തിവെയ്ക്കാം ...ഷെഡ്യൂൾ മാറ്റം സംഭവിക്കാം. അതൊന്നും തിയറ്ററിൽ സിനിമ കാണാനെത്തുന്നവരെ വേവലാതിപ്പെടുത്തുന്ന പ്രശ്നമേയല്ല! (സ്ക്രീനിംഗിന് ശേഷം വേണമെങ്കിൽ വെളിപ്പെടുത്താമെന്നു മാത്രം?)
എന്നാൽ നാടകാവതരണത്തിൽ സംഭവിക്കുന്ന 'കലാമിറ്റി' ഉടനെ അതിജീവിക്കാനുള്ള അഭിനയ പരിശീലനം അഭിനേതാക്കൾ ആർജ്ജിച്ചിരിക്കണം! മനോധർമ്മ സാധ്യത ജീവിതഗന്ധിയായി ഇത്ര ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന മാധ്യമം നാടകമല്ലാതെ മറ്റെന്തുണ്ട്? കർട്ടനുയർന്നാൽ ഒരു സംവിധായകനും 'കട്ട്'പറയില്ല. ഒരു സെൻസർ ബോർഡിനും 'സെൻസ്' ചെയ്യാൻ കഴിയാത്ത 'സമരപ്രഖ്യാപനം' നടത്താൻ നാടകത്തിനു മാത്രമേ കഴിയൂ. സ്ക്രിപ്റ്റ് പരിശോധിക്കുന്നതു വരെയുള്ള സ്വാതന്ത്ര്യമേ ഭരണകൂടത്തിനുള്ളൂ. രംഗാവതരണത്തിൽ 'ഉടൻ പ്രഖ്യാപനം' എന്താണെന്ന് ഒരു കാണിക്കും മുൻകൂട്ടി പ്രഖ്യാപിക്കാൻ കഴിയുകയില്ല.
പച്ചയായ മനുഷ്യൻ മുന്നിലിരുന്ന് ആസ്വദിക്കുന്ന, ചോദ്യം ചെയ്യാൻ പഠിക്കുന്ന അവസ്ഥയാണ്, നാടകത്തെ മറ്റ് രംഗകലകളിൽനിന്നും വ്യത്യസ്തമാക്കുന്ന ഏകഘടകം! ഈ നേരിട്ട് അനുഭവിപ്പിക്കൽ, കണ്ടും കേട്ടും കൊടുത്തും ആശയവിനിമയം നടത്തുന്നതിന്റെ ജനാധിപത്യം, ഒന്ന് വേറെതന്നെയാണ്!
ശാസ്ത്രീയസംഗീതം, നൃത്തം, കഥകളി, ഓട്ടൻതുള്ളൽ, കൂത്ത്, കൂടിയാട്ടം...ക്ലാസിക്കൽ കലകളായി ഒപ്പമുണ്ട്. പക്ഷേ , പശ്ചാത്തലസംഗീതത്തിന്റെയോ , വായ്പ്പാട്ടിന്റെയോ, ദീപസംവിധാനത്തിന്റെയോ, ചമയത്തിന്റെയോപോലും സഹായമില്ലാതെ, തുറന്ന വേദിയിൽ, സൂര്യപ്രകാശത്തിന് കീഴെ, നട്ടെല്ല് നിവർത്തിനിന്ന്, കൂടുവിട്ടുകൂടുമാറുന്ന അഭിനയ സാധ്യത നാടക അഭിനേതാക്കൾക്കു മാത്രം വരദാനമായി ലഭിച്ചിട്ടുള്ളതാണ്. മൂന്നാംലോക രാജ്യത്ത് 'മൂന്നാം നാടകവേദി'യുടെ സാധ്യത തുടർന്നും പ്രയോഗിക്കേണ്ടതാണ്.
കേരളത്തിലെ സ്കൂൾ-കോളേജ്-പോളി കലോത്സവങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന 'മോണോആക്ട്' മാത്രംമതി, ലോകത്തിൽ നാടക അഭിനയ സാധ്യതയുടെ ആഴമളക്കാൻ! അത്തരം സാധ്യതകളെ മുഴുവൻ അർത്ഥത്തിൽ തൃശ്ശൂർ ജില്ല പ്രയോജനപ്പെടുത്തുന്നില്ല( മറ്റു ജില്ലകളും?)എന്നതാണ് ഞാൻ ഉന്നയിക്കുന്ന പ്രധാന വിമർശനം!
ഇവിടെ 1977 മുതൽ സ്കൂൾ ഓഫ് ഡ്രാമയുണ്ട്. ലോക നാടകങ്ങളെ പ്രയോഗിച്ചു പരിചയപ്പെടുത്തുന്ന അവരുടെ സിലബസ്സ് ഉണ്ടാക്കുന്ന പ്രചോദനത്തിൽനിന്നും ജില്ലയിലെ മുഴുവൻ ഗ്രാമങ്ങളും ഉണരേണ്ടതാണ്. അതാണ് തൃശ്ശൂർ ജില്ല എന്ന് പ്രത്യേകം ഊന്നിപ്പറയുന്നത്!
നിർഭാഗ്യവശാൽ, മൊത്തം വരുന്ന പഞ്ചായത്തുകളിൽ, ഏരിയ തിരിച്ചു പറഞ്ഞാൽ, ചേർപ്പ്- വല്ലച്ചിറ-ചിറക്കൽ, ഗുരുവായൂർ- കുന്നംകുളം-കേച്ചേരി, വടക്കാഞ്ചേരി-എരുമപ്പെട്ടി-മച്ചാട്, അന്തിക്കാട്-അരിമ്പൂർ-മണലൂർ, കൊടുങ്ങല്ലൂർ-ചാലക്കുടി, മാള-ഇരിഞ്ഞാലക്കുട-കാട്ടൂർ, അടാട്ട്-ചിറ്റിലപ്പിള്ളി, ഏങ്ങണ്ടിയൂർ-നാട്ടിക-തളിക്കുളം , ആമ്പല്ലൂർ-പുതുക്കാട്, ചേറൂർ-വില്ലടം-അവണ്ണൂർ...കഴിഞ്ഞു...നാടക പ്രയോഗത്തിന്റെ സാധ്യതകൾ! പീച്ചി- പട്ടിക്കാട്-മുല്ലശ്ശേരി- വെങ്കിടങ്-പുത്തൂർ-ഒല്ലൂർ, അടക്കം പല പഞ്ചായത്തുകളിലും നേരത്തേ ചില നാടക ചലനങ്ങൾ സംഭവിച്ചെങ്കിലും, എല്ലാ മുകുളങ്ങളും മുളയിലേ കരിഞ്ഞ അവസ്ഥയാണ്.
ITFOK വന്നു കഴിഞ്ഞാൽ മൊത്തം ജില്ലയിലെ ഗ്രാമീണ നാടകക്കാർ ഉണരേണ്ടതല്ലേ?
ഇഷ്ടംപോലെ നാടകകൃത്തുക്കൾ ഉള്ള ജില്ലയാണ് തൃശ്ശൂർ . ഏറ്റവും പ്രായമുള്ള സി.എൽ. ജോസ് മുതൽ, ശേഖർ അത്താണിക്കൽ, വാസൻ പത്തൂർ, ശ്രീപ്രതാപ്, ശശിധരൻ നടുവിൽ, ഇന്ദ്രൻ മച്ചാട്, കെ.വി.ഗണേഷ്, പ്രബലൻ വേലൂർ, ജെയിംസ് എലിയ, സുരേഷ് പി.കുട്ടൻ, സജീവൻ മൂരിയാട്, കെ.ഗിരീഷ്, ചാക്കോ ഡി അന്തിക്കാട്, ജിഷ അഭിനയ, കെ.വി.ശ്രീജ ആറങ്ങോട്ടുകര , പി.വി.സുരേഷ് വെളപ്പായ, വിനോദ്(പോലീസ്)മുളംകുന്നത്തുകാവ്, നിഖിൽദാസ്, രാധാകൃഷ്ണൻ ചാലക്കുടി, ബാബു കിളിയന്തറ, രഞ്ജിത്ത് ശിവ ചേർപ്പ്, സലീഷ് ശ്രീകൃഷ്ണപുരം , രാജേഷ് നാരായണൻ, ഈ.ഡി.ഡേവിസ്, ബാബു വൈലത്തൂർ, ജോൺ പന്താൽ ചാലക്കുടി, ഷാജി കാഞ്ഞാണി, അസ്സീസ് ആറങ്ങോട്ടുകര, കമറുദ്ദീൻ വടക്കേതറ...(അന്തരിച്ച, പ്രേംജി, രാജ് തോമസ്, ജോസ് ചിറമ്മൽ, etc... ഇതിൽ വിട്ടുപോയ പേരുകൾ കാണും... ഓർമ്മയുള്ളവർക്ക് പൂരിപ്പിക്കാം). അപ്പോൾ നൂറുകണക്കിന് നാടകങ്ങൾ സംഭവിക്കേണ്ടതല്ലേ?
തൃശ്ശൂർ കഴിഞ്ഞാൽ പിന്നെ കോഴിക്കോട് ജില്ലയായിരിക്കണം ഏറ്റവും കൂടുതൽ നാടകകൃത്തുക്കളുള്ള മറ്റൊരു ജില്ല!
1980നുശേഷം തൃശ്ശൂർ ജില്ലയിൽ സംഭവിച്ചിട്ടുള്ള പ്രധാന നാടകാവതരണങ്ങൾ- രചയിതാക്കൾ-സംവിധായകർ-സമിതികൾ...ഏകദേശരൂപം...
തൃശ്ശൂർ 'റൂട്ടി'ന്റെ പ്രധാന നാടകാവതരണങ്ങൾ.
സംവിധാനം : ജോസ് ചിറമ്മൽ
1 സൂര്യവേട്ട (ഉൽപ്പൽദത്ത്), 2-മരണക്കളി, 3-ചിലി-73 (മരിയോ ഫ്രട്ടി), 4-ചതുപ്പിൽ പാർക്കുന്നവർ (വോൾ സോയിങ്ക), 5-രാവുണ്ണി (പി.എം.താജ്), 6-ടാഗോർ സ്കെച്ചുകൾ, 7-മുദ്രാരാക്ഷസം (വിശാഖദത്തൻ), 8-ക്വാ..ക്വാ...& പാലം (ജയപ്രകാശ് കുളൂർ), 9-ഭോമ (ബാദൽ സർക്കാർ), 10-മാക്ബെത് (ഷേയ്ക്ക്‌സ്പിയർ), 11-ശവഘോഷയാത്ര (ആനന്ദ്), 12-കാക്കപ്പൊന്ന് (എസ്.എൽ.പുരം), 13-കുടകൾ( ചന്ദ്രശേഖരപാട്ടീൽ), 14-ഗോദോയെ കാത്ത്
( സാമുവൽ ബക്കറ്റ്), 15-മേരി ലോറൻസ് (പി.എം.താജ്)...
ഈ ലിസ്റ്റ് പൂർണ്ണമല്ല?
കൊല്ലം കാളിദാസയ്ക്കു വേണ്ടി ജോസ് ചിറമ്മൽ ചെയ്ത 'റെയിൻബോ' പ്രൊഫഷണൽ നാടക വേദിയിലെ വലിയ ബ്രേക്ക് തന്നെയായിരുന്നു. നെടുപുഴയിലെ ശില്പി രാജൻ (ജോസിന്റെ അയൽവാസി) സ്ഥിരമായി 'റൂട്ടി'ന്റെ നാടകാവതരണങ്ങൾക്ക് ആർട്ട് ഏറ്റെടുത്തിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിലെ 'കൾട്ട്' ജി.ശങ്കരപ്പിള്ളയ്ക്ക് സമർപ്പിച്ച, 'ഭരതവാക്യത്തിനുശേഷം' വർഷങ്ങൾക്ക് ശേഷം ജോസ് ചിറമ്മലിന്റെ തിരിച്ചുവരവിന്റെ കാഹളം മുഴക്കിയിരുന്നു.
പി.എം.ആന്റണിയുടെ നേതൃത്വത്തിൽ ആലപ്പുഴ സൂര്യകാന്തി തിയറ്റേർസ് 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' അവതരണം പ്രഖ്യാപിക്കുകയും, പള്ളിയും കരുണാകരൻ ഭരണകൂടവും ആ നാടകത്തെ എതിർക്കുകയും നിരോധിക്കുകയും ചെയ്തതിന്റെ പ്രതിഷേധ സൂചകമായി, ആലപ്പാടുനിന്നും തൃപ്രയാർവരെ നീണ്ടു നിൽക്കുന്ന 'കുരിശിന്റെ വഴി' എന്ന തെരുവു നാടകം ജോസ് ചിറമ്മലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു (1986). ഭരണകൂടത്തിന്റെ ഇടപെടൽമൂലം ആ അവതരണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. നൂറോളം കലാകാരന്മാരാണ് ആ മഹത്തായ തെരുവുനാടകക്കൂട്ടായ്മയിൽ അങ്കം കുറിക്കാൻ അണിചേർന്നത്. 1986 നവംബർ 25 ന് ആലപ്പാട് സെന്ററിൽ നാടകം തുടങ്ങുമ്പോൾതന്നെ പോലീസ് തടഞ്ഞു. 57 കലാകാരന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ ആവിഷ്ക്കാര സ്വാതന്ത്ര്യ ലംഘനത്തെ ചോദ്യം ചെയ്ത്, അന്തിക്കാട് പോലീസ് സ്റ്റേഷനിലേയ്ക്ക് അന്നേ ദിവസം ജനങ്ങളുടെ പ്രതിഷേധജാഥ നീങ്ങി. മലയാള നാടക ചരിത്രത്തിൽ ഏറ്റവും പ്രക്ഷുബ്ധമായ അദ്ധ്യായം കുറിച്ചിട്ട 'കുരിശിന്റെ വഴി'യുടേയും, കോടതി വരാന്തകളിലെ കുത്തിയിരുപ്പിന്റെയും കാത്തിരിപ്പിന്റെയും ചരിത്രം, ആർക്കും നിഷേധിക്കാനാവില്ല!
ഇതൊക്കെ ഓർമ്മപ്പെടുത്തലായി നമ്മെ വേട്ടയാടുന്നതിനിടയിലാണ്, ജോസ് ചിറമ്മൽ എന്ന നാടക പ്രതിഭ വിട്ടു പിരിയുന്നത് (2006- സെപ്റ്റംബർ 17)
ഇന്ന് തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ച് 'ജോസ് ചിറമ്മൽ സ്മാരക സമിതി' നിലവിലുണ്ട്. അവരുടെ കഠിനപ്രയത്നത്തിന്റെ ഭാഗമായി, 2020 സെപ്റ്റംബർ 17 ന്, ജോസ് ചിറമ്മലിന്റെ ജീവചരിത്രഗ്രന്ഥം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് ('നാടകം വിതച്ചു നടന്ന ഒരാൾ'-540 പേജുകൾ).
ഇനി പുതിയ നാടകങ്ങൾ വിതയ്ക്കണം...അതിലൂടെ തൃശ്ശൂർ ജില്ല ലോകത്തിന് മാതൃകയാകണം. കൊറോണയുടെ രണ്ടാം തരംഗത്തെ അതിജീവിച്ചുള്ള വളരെ വ്യത്യസ്തമായ നാടക അന്വേഷണങ്ങൾ ഗ്രാമീണ തലത്തിൽ നടക്കുന്നുണ്ട്! വലിയ ആശ്വാസംതന്നെ!
അടുത്ത ലക്കത്തിൽ മറ്റ് പ്രധാന നാടക സംരംഭങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതായിരിക്കും.