ഐ.എഫ്.എഫ്.കെ ചലച്ചിത്രോത്സവം ഫെബ്രുവരിയിലേക്ക് മാറ്റും.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തിരുവനന്തപുരം: ഗോവയിൽ രാജ്യാന്തര ചലച്ചിത്രോത്സവം നവംബർ ഇരുപതിന് ആരംഭിക്കാനിരിക്കെ കേരളത്തിന്റെ ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെ അടുത്തവർഷം ഫെബ്രുവരിയിലേക്ക് മാറ്റും. കൈരളി, ശ്രീ തീയറ്റർ കോംപ്ളക്സിന്റെ അറ്റകുറ്റപ്പണികൾ അടുത്തവർഷം ജനുവരി അവസാനമെ പൂർത്തിയാവുകയുള്ളു. മാത്രമല്ല ടാഗോർ തിയറ്ററിലും ചില പണികൾ പൂർത്തിയാക്കാനുണ്ട്. ഈ സാഹചര്യത്തിൽ ഫെസ്റ്റിവൽ ഫെബ്രുവരിയിലേക്ക് മാറ്റാനാണ് പൊതുധാരണയെന്നറിയുന്നു. സാധാരണനിലയിൽ ഡിസംബർ 10 മുതൽ 17 വരെയാണ് ചലച്ചിത്രോത്സവം നടക്കേണ്ടിയിരുന്നത്. കോവിഡ് മൂലം കഴിഞ്ഞ ഫെസ്റ്റിവലും വൈകിയാണ് നടന്നത്. അതേസമയം ഐ.എഫ്.എഫ്.കെ ഡോക്കുമെന്ററി ഫെസ്റ്റിവൽ അടുത്തമാസം നടത്താൻ തീരുമാനമായിട്ടുണ്ട്. ഇക്കുറി ചലച്ചിത്രോത്സവം തിരുവനന്തപുരം മാത്രം വേദിയാക്കി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് കഴിഞ്ഞ തവണത്തേപ്പോലെ വിവിധജില്ലകളിലായി നടത്തണമെന്ന ആവശ്യവും ശക്തമാണ്. തിരുവനന്തപുരത്തിനു പുറമെ കൊച്ചി, പാലക്കാട്, തലശേരി എന്നിവിടങ്ങളിലും കഴിഞ്ഞ ചലച്ചിത്രോത്സവം നടത്തിയിരുന്നു. ജീവനക്കാരെ വിന്യസിക്കാനുള്ള പ്രയാസത്താൽ തിരുവനന്തപുരം മാത്രം വേദി മതിയെന്ന നിലപാടാണ് ചലച്ചിത്ര അക്കാദമിയുടേത്. ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി വരികയാണ്. അന്തർദ്ദേശീയ ചിത്രങ്ങളുടെ സെലക്ഷൻ കൂടിയെ ഇനി പൂർത്തിയാവാനുള്ളു. കൈരളി തിയറ്റർ കോംപ്ളക്സ് പുതിയ പ്രൊജക്ടറടക്കം ആധുനികവത്ക്കരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.