ചലച്ചിത്ര താരം കെ.പി.എ.സി ലളിതയുടെ ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കുന്നതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം.
- ഫെയിസ്ബുക്ക് പോസ്റ്റ്
ചലച്ചിത്ര താരം കെ.പി.എ.സി ലളിതയുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കും എന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം ഉണ്ടായത്. പ്രഖ്യാപനത്തിനു ശേഷം നിരവധി പ്രമുഖരാണ് ഇതിനെതിരേ രൂക്ഷവിമർശനവുമായി വന്നിട്ടുള്ളത്. നാല്പത് വർഷം സിനിമാ നടിയായിട്ടും, മകൻ സിദ്ധാർത്ഥ് ഭരതൻ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന സംവിധായകനായിട്ടും നികുതിപ്പണത്തിൽ നിന്നും പങ്കുപറ്റി ചികിത്സ നേടുന്നത് ശരിയല്ല എന്നാണ് ഇടതുപക്ഷ അനുഭാവികൾ അടക്കമുള്ള സാംസ്കാരിക പ്രവർത്തകരുടെ അഭിപ്രായം. മാത്രമല്ല ജീവിതകാലം മുഴുവൻ കലയ്ക്കു വേണ്ടി ഹോമിച്ച പലരെയും കണ്ടില്ലെന്നു നടിച്ച് സെലിബ്രറ്റികളെ സഹായിച്ച് വാർത്തകളിൽ ഇടംനേടാൻ ശ്രമിക്കുന്ന സാംസ്കാരിക വകുപ്പിന്റെ നയത്തിനെതിരേയും ശക്തമായ വിമർശനമാണ് ഉയർന്നിട്ടുള്ളത്.
ഇടതുപക്ഷ നാടക പ്രവർത്തകൻ ജിജു ഒറപ്പടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.
ശ്രീമതി KPAC ലളിതയുടെ ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുത്തു ....
പത്തുനാല്പതു കൊല്ലത്തോളം സിനിമാനടിയായിരുന്ന KPAC ലളിതയുടെ ചികിത്സ സർക്കാർ ചെലവിൽത്തന്നെ വേണം സർ....
ഈ ചിത്രത്തിൽ ഉള്ളത് ജീവിതം നാടകത്തിന് സമർപ്പിച്ച രണ്ട് വൃദ്ധ ജന്മങ്ങളുടേതാണ് സർ....
ആ മഞ്ഞ ഷർട്ടിട്ട ആളുടെ തൊണ്ണൂറ്റി രണ്ടാം പിറന്നാളായിരുന്നു ഇന്ന്... "ബലികുടീരങ്ങളേ" എന്ന പാട്ടിനൊപ്പം നെഞ്ചുകീറി കോറസ് പാടിയ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ, മരട് ജോസഫ്... സ്വന്തമായുള്ള നാഴി മണ്ണിന്, പട്ടയം കിട്ടാനായിട്ട് സർക്കാർ ആപ്പീസ്സുകൾ കയറിയിറങ്ങി ഹൃദയതാളം തെറ്റിയ മറ്റെയാളാണ് സർ, ഒരു കാലത്ത് ഉത്സവപ്പറമ്പുകളുടെ ആവേശമായിരുന്ന ശ്രീ K V ആൻ്റണി.
ജീവിത സായാഹ്നത്തിൽ ചോരാത്ത ഒരു കൂരയും, അത്യാവശ്യം മരുന്നും ഭക്ഷണവും മാത്രമാണ് ഇവർക്കാവശ്യം...
ലക്ഷങ്ങൾ പ്രതിഫലം പറ്റിയ KPAC ലളിതയെ പോലെയായിരുന്നില്ല സർ ഇവരുടെ ജീവിതം... നേരിൽക്കണ്ട് തരിച്ചുപോയ രണ്ട് ജീവിത നേർക്കാഴ്ച്ചകളാണ്....
ഇവരെപ്പോലെ നൂറുകണക്കിന് പേരുണ്ട് സർ... അവരോടും ഇതേ മനസ്സലിവ് ഉണ്ടാവണം. സർ...