ഒ.വി. വിജയന് സ്മാരക സാഹിത്യപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
പാലക്കാട്: നോവലിസ്റ്റ് ഒ.വി. വിജയന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരത്തിന് ടി.ഡി. രാമകൃഷ്ണന്‍ അര്‍ഹനായി. 'മാമ ആഫ്രിക്ക' എന്ന നോവലിനാണ് പുരസ്‌കാരം. അംബികാസുതന്‍ മാങ്ങാടിന്റെ 'ചിന്നമുണ്ടി' എന്ന കഥാസമാഹാരത്തിന് കഥാപുരസ്‌കാരം നല്‍കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. പാലക്കാട് തസ്രാക്കില്‍ കേരള സാംസ്‌കാരികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒ.വി. വിജയന്‍ സ്മാരകസമിതിയാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. യുവകഥാപുരസ്‌കാരത്തിന് കോഴിക്കോട് കക്കോടി അര്‍ജുന്‍ അരവിന്ദ് അര്‍ഹനായി. 'ഇസഹപുരാണം' എന്ന കഥയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
കോട്ടയം സ്വദേശിയായ ഡോ. ശാലിനിയുടെ 'ലൗ ഹാന്‍ഡില്‍സ്' എന്ന കഥയ്ക്ക് പ്രോത്സാഹനസമ്മാനവും നല്‍കും. ആഷാ മേനോന്‍, ടി.കെ. നാരായണദാസ്, ഡോ. സി.പി. ചിത്രഭാനു, ടി.കെ. ശങ്കരനാരായണന്‍, ഡോ. പി.ആര്‍. ജയശീലന്‍, ഡോ. സി. ഗണേഷ്, രഘുനാഥന്‍ പറളി, രാജേഷ് മേനോന്‍, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം എന്നിവരാണ് പുരസ്‌കാരനിര്‍ണയസമിതി അംഗങ്ങള്‍.
ഡിസംബറില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ വിതരണംചെയ്യുമെന്ന് സമിതി ചെയര്‍മാന്‍ ടി.കെ. നാരായണദാസ്, സെക്രട്ടറി ടി.ആര്‍. അജയന്‍, രാജേഷ് മേനോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു