കാളിയായി സജിത മഠത്തിൽ. ലോകധർമ്മിയുടെ കാളി നാടകം ഭാരത് രംഗ് മഹോത്സവത്തിലേക്ക്.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
പ്രശസ്ത നാടകകൃത്തും ചലച്ചിത്ര നാടക അഭിനേത്രിയുമായ സജിത മഠത്തില്‍ രചന നിര്‍വഹിച്ച് പ്രധാന വേഷത്തിൽ എത്തുന്ന കാളി നാടകം രംഗ് മഹോത്സവ അരങ്ങിലെത്തുന്നു. കൊച്ചി ലോകധര്‍മ്മിക്ക് വേണ്ടി പ്രൊഫ. ചന്ദ്രദാസനാണ് നാടകത്തിന്റെ സംവിധാനവും ഡിസൈനും നിർവ്വഹിച്ചിരിക്കുന്നത്.പ്രശസ്ത അഭിനേത്രി പ്രിയ ശ്രീജിത്താണ് നാടകത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാളിയെയും ദാരികനെയും അരങ്ങിലെത്തിക്കുകയാണ് കാളി നാടകം. പുരുഷാധികാര സാമൂഹ്യ വ്യവസ്ഥയില്‍ സ്ത്രീ എങ്ങനെയാണ് നിരന്തരം അടിച്ചമര്‍ത്തപ്പെടുകയും ആക്രമിക്കപ്പെടുകയും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുന്നതെന്നും അതിനെ സ്ത്രീ എങ്ങനെയാണ് പ്രതിരോധിക്കുന്നത് എന്നും കാണിച്ചു തരികയാണ്, ദാരികാവധത്തെ അടിസ്ഥാനമാക്കി, വര്‍ത്തമാന കാല സംഭവങ്ങളെ അനുഷ്ഠാന കലയായ കാളിനാടകവുമായി ബന്ധിപ്പിച്ച ഈ നാടകം.
വലിയന്നൂര്‍ കാവിന്റെ മുറ്റത്ത് 51 വര്‍ഷങ്ങള്‍ക്ക് ശേഷം കാളി നാടകം അരങ്ങേറുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് നാടകത്തിന്റെ പ്രമേയം. പൊതുസമൂഹത്തിന്റെയും നിയമജ്ഞരുടെയും, മാധ്യമങ്ങളുടെയും വീക്ഷണകോണിലൂടെയാണ് നാടകം പുരോഗമിക്കുന്നത്.
പാരീസ് ചന്ദ്രനാണ് നാടകത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
പ്രിയപ്പെട്ട സജിത മഠത്തിലിനും പ്രൊഫ. ചന്ദ്രദാസനും, പ്രിയ ശ്രീജിത്തിനും കാളിനാടക അരങ്ങിലേയും അണിയറയിലെയും മറ്റെല്ലാ നാടക ബന്ധുക്കൾക്കും ലോക നാടക വാർത്തകൾ കൂട്ടായ്മയുടെ സ്നേഹാഭിവാദ്യങ്ങൾ.