ഓൾ ഇൻ ഓൾ ബേബി ചേട്ടൻ
- ചെറുകഥ
മിനി ഉതുപ്പ്
അമ്മായിയുടെ മൂത്ത മോനാണ് പൊന്നാട്ടെ ബേബി. ഞങ്ങളുടെ മൂത്ത കാർന്നോര് ചേട്ടൻ. "അവറാനെക്കാളും മൂത്തതാണ് ബേബി" എന്നാണമ്മച്ചി പറയുന്നത്.
എല്ലാ കല്യാണങ്ങൾക്കും പുള്ളി ആണ് ഉസ്താദ്. വല്യ കുളത്തിൽ നിന്ന് മീൻ പിടിക്കുന്നതും മോര് കാച്ചുന്നതും കറിക്ക് അരിയുന്നതും തേങ്ങ ചിരവി പാലെടുക്കുന്നതും എന്ന് വേണ്ട ഒരു വിധം പണികളൊക്കെ ചെയ്യുന്നത് ബേബി ചേട്ടന് ഒരു ഹരം ആണ്. നല്ല രസമുള്ള തമാശകളെല്ലാം പറഞ്ഞ് പുള്ളി അങ്ങനെ പണി എടുത്തു കൊണ്ടിരിക്കുകയും കൂടെയുള്ളവരെ എന്തെങ്കിലും ഒക്കെ പറഞ്ഞ് രസിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും.
അങ്ങനെ ഓനായി ചാച്ചൻ്റെ കല്യാണത്തിന് ആണെന്ന് തോന്നുന്നു ചേട്ടൻ എന്നെ തേങ്ങ ചിരവാൻ പഠിപ്പിച്ചത്. തേങ്ങയുടെ അരികുകൾ ആദ്യം ചിരവുക എന്ന വിദ്യ. എനിക്കത് വലിയ കാര്യമായി.
കല്യാണങ്ങൾക്ക് കലവറയ്‌ക്കു കാവൽക്കാരനും ബേബിച്ചേട്ടൻ ആയിരിക്കും
അതായത് ഓൾ ഇൻ ഓൾ പുള്ളിയായിരിക്കും.
ബേബി ചേട്ടന് ഒരു കറിക്കടയുണ്ടായിരുന്നു. കപ്പയും മീനും കപ്പയും ഇറച്ചിയും, ഏഷ്യാഡും എല്ലും കപ്പയും ഒക്കെ ഫെയ്മസ് ആയി ഉണ്ടാക്കുന്ന ഒരു കട. ഞാൻ ആ കടയിൽ പോയി ചെറുപ്പത്തിൽ കുറേ കഴിച്ചിട്ടുണ്ട്. ഒരു ഓട്ടോറിക്ഷയും ഉണ്ടായിരുന്നു, ബേബി ചേട്ടന് ക്രിസ്തു രാജ് എന്നായിരുന്നു ആ ഓട്ടോറിക്ഷയുടെ പേര്. അതിൽ കയറി കുറെ സ്ഥലങ്ങളിൽ പോയിട്ടുണ്ട്.
ചേട്ടൻ്റെ കൂട്ടുകാരിയായി വന്ന ചേച്ചി ലാലിച്ചേച്ചി ആണ്. ചേച്ചിക്ക്
"ലാലീ ലാലീ ലാലീ ലാലീ
വടപദ്രശായികേ വരഹാല ലാലീ"
എന്ന തെലുങ്ക് പാട്ടു പാടി കൊടുക്കുമായിരുന്നു.. അത് ബേബിച്ചേട്ടനും വലിയ ഇഷ്ടമായിരുന്നു.