ഡാറ്റയുടെ ഗുരുപൂജ പുരസ്‌കാരം സി.ജി രഘുനാഥിന് സാംസ്‌കാരിക മന്ത്രി കൈമാറി.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ഡാൻസ് ഡ്രാമ ആൻഡ് ടെക്നിഷ്യൻ അസോസിയേഷൻ സമർപ്പിച്ച ഗുരുപൂജ പുരസ്‌കാരം ബഹു. സാംസ്‌കാരിക മന്ത്രി ശ്രീ. സജീ ചെറിയാൻ സി ജി രഘുനാഥിന് കൈമാറി.
നൃത്തനാടക കലാകാരന്മാരുടെ കൂട്ടായ്മയാണ് ഡാൻസ് ഡ്രാമ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻസ് അസോസിയേഷൻ (DATA). നാൽപ്പത് വർഷത്തെ അനുഭവ സമ്പത്താണ് (നിർമ്മാണം, രചന, സംവിധാനം, അഭിനയം) ഡാറ്റയുടെ ഗുരുപൂജ പുരസ്കാരത്തിന് ശ്രീ. സി. ജി രഘുനാഥിനെ അർഹനാക്കിയത്. ഡാറ്റയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ചായിരുന്നു പുരസ്‌കാരം ദാന ചടങ്ങ് സംഘടിപ്പിച്ചത്.
സി.ജി രഘുനാഥിന്റെ ജീവിതത്തിലൂടെ...
-----------------------------------------------------------
കോട്ടയം ജില്ലയിൽ മാന്നാനം ഗ്രാമത്തിൽ ജനനം. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അര മണിക്കൂർ നാടകമെഴുതി, ഫെസ്റ്റിവലിൽ അവതരിപ്പിച്ച്, സമ്മാനത്തിന് അർഹനാവുകയും അതിന്റെ പ്രചോദനത്തിൽ പിന്നീട് നാടക രംഗത്തേക്ക് കടന്ന് വരികയുമായിരുന്നു. സഹോദരങ്ങൾ C.N. നായർ അമേച്ചർ നാടക നടനും മറ്റൊരാൾ ശേഖർ ആർട്ടിസ്റ്റും, കർട്ടൻ, മേക്കപ്പ്, ലൈറ്റ് തുടങ്ങിയവ സമിതികൾക്ക് കൊടുക്കുന്ന പ്രസ്ഥാനത്തിന്റ ഉടമയും ആണ്. സഹോദരന്മാരോടൊപ്പം ചേർന്ന് 1975ൽ പൂഞ്ഞാർ നൃത്തഭവനു രൂപം നൽകി.
ദമയന്തി, ഗാന്ധരി, സത്യവാൻ സാവിത്രി, ദേവയാനി ( ബാലെ ), രഥോത്സവം, പാതാളം ഭൈരവൻ, എന്നിങ്ങനെ നിരവധി നൃത്തനാടകങ്ങളും ബാലെയും പൂഞ്ഞാർ നൃത്തഭവന്റെ കൂട്ടുകെട്ടിൽ ജനങ്ങളിലേക്ക് എത്തിച്ചു.