കൊവിഡ്: ഗായിക ലത മങ്കേഷ്കർ അത്യാഹിത വിഭാഗത്തിൽ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊവിഡ് ബാധയെ തുടർന്ന് ഗായിക ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അനന്തരവൾ രചന ഷാ അറിയിച്ചു. നേരിയ രോഗലക്ഷണങ്ങളാണ് ഉള്ളത്.
ഗായിക സുഖമായിരിക്കുന്നെന്നും പ്രായം കണക്കിലെടുത്ത് മുൻകരുതൽ കാരണങ്ങളാൽ മാത്രമാണ് ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നും രചന ഷാ പറഞ്ഞു. എല്ലാവരും അവരുടെ സ്വകാര്യതയെ മാനിക്കണം. എല്ലാവരുടേയും പ്രാർഥനയിൽ ദീദിയെ ഉൾപ്പെടുത്തണം.
2019 സെപ്റ്റംബറിൽ ശ്വാസതടസ്സത്തെ തുടർന്ന് ലതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചിലെ അണുബാധയെ തുടർന്നാണ് അന്ന് കിടത്തി ചികിത്സിച്ചത്.
92 വയസ്സുള്ള ഗായിക 1000-ത്തിലധികം ഹിന്ദി സിനിമകളിൽ പാടിയിട്ടുണ്ട്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ലത ആലപിച്ച ഗാനങ്ങൾ ഇന്നും ശ്രോതാക്കൾക്ക് പ്രിയപ്പെട്ടവയാണ്.
ഭാരതരത്‌ന, ദാദാസാഹിബ് ഫാൽക്കെ അവാർഡ്, മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ അവർ നേടിയിട്ടുണ്ട്.