"ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കഥ"; പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം. അഞ്ചാം ദിവസം.
- ഒപ്പീനിയന്‍
ദീപ്തി സുരേഷ്
അരങ്ങുകൾ നിലച്ചു നിന്ന ഈ കെട്ട കാലത്ത് വീണ്ടും യവനിക ഉണർന്നു. ബഹ്റൈൻ കേരളീയ സമാജം, പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോൽസവം അഞ്ചാം രാവിൽ അരങ്ങിലെത്തിയ നാടകം "ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കഥ"
കറുപ്പും വെളുപ്പുമെന്നത് കേവലം നിറങ്ങൾ മാത്രമല്ല. കറുത്തവന്റെ ചോരയും വിയർപ്പും വീണുറഞ്ഞ വഴിത്താരകളിലൂടെത്തന്നെയാണ് വെളുത്തവന്റെ രഥചക്രങ്ങളുരുണ്ടിട്ടുള്ളത്.
എക്കാലത്തും. എന്നിട്ടും.. അറിവും ബുദ്ധിയും അധികാരവുമെല്ലാം വെളുത്തവന് മാത്രം കയ്യാളാനുള്ളതെന്ന് അവൻ പറയുന്നു.
ഉടൽ കറുത്തവന്റെ ജീവിതം നിങ്ങളോട് പലതും പറയും. അടിച്ചമർത്തപ്പെടുന്നവന്... എന്നും
കണ്ണുള്ളത് കാണാതിരിക്കാനും
വായുള്ളത് മിണ്ടാതിരിക്കാനും
കാതുള്ളത് കേൾക്കാതിരിക്കാനുമെന്ന്
നമ്മെ കാണിച്ചുതരുന്നു
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കഥ എന്ന ഈ നാടകത്തിലൂടെ...
അടിമത്വം കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞു പോയെങ്കിലും പല രൂപങ്ങളിലും ഭാവങ്ങളിലും നമുക്കിടയിൽ തുടർന്നുകൊണ്ടേയിരിക്കുന്നു...
അടിച്ചമർത്തപ്പെടുന്നവൻ അടിച്ചമർത്തപ്പെടുകയും മുതലാളിത്തിന്റെ കുത്തൊഴുക്കിൽ എന്നും ഇരയാകുകയും ചെയ്യുന്നു... അധികാരവർഗത്തിന് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും
സവർണ്ണന് അത്യാഗ്രഹം മാത്രമല്ല പാവപെട്ടവന്റ അടിവേര് തകർക്കാൻ കൂടി കഴിയും എന്നും കാലം അടയാളപ്പെടുത്തിയിട്ടുണ്ട്...
ഇരുണ്ടകാലങ്ങൾ കഴിഞ്ഞുപോയെങ്കിലും ഇന്നും പലയിടത്തും യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കാത്തവർ ഉണ്ട്...
ചോദ്യം ചോദിക്കാനുള്ള അവകാശം എന്നും സവർണ്ണന് മാത്രം ഉള്ളത്.. നല്ലവനും കെട്ടവനും, പണക്കാരനും പാവപ്പെട്ടവനും, അടിമയും ഉടമയും, മേലാളനും കീഴാളനും,..... ഇന്നും ചിലയിടങ്ങളിൽ നമുക്ക് കാണാം...
മലയാളത്തിലെ പ്രമുഖ കവി കെ ജി എസ് ന്റെ 'കൂർഗിലെ കുരുമുളക് തോട്ടത്തിൽ' എന്ന കവിതയെ ആസ്പതമാക്കി പ്രമുഖ നാടകകൃത്ത് ശ്രീ പ്രദീപ് മണ്ടൂരാണ് ഈ നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കൃഷ്ണകുമാർ പയ്യന്നൂർ വളരെ മികച്ചരീതിയിൽ സംവിധാനം ചെയ്ത ഈ നാടകത്തിൽ ആകെ രണ്ടു കഥാപാത്രങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിലും,
മല്ലനും മാതേവനും അരങ്ങിൽ നിറഞ്ഞു നിന്നു.
ഈ നാടകത്തിലൂടെ ബഹ്‌റൈൻറെ നാടക ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത കലാകാരൻ ആയി മാറിയിരിക്കുന്നു പ്രകാശൻ ചെറുകുന്ന്.. ഓരോ ചെറു ചലനങ്ങൾ കൊണ്ട് പോലും കാണികളെ അത്ഭുതപെടുത്തുന്ന പ്രകടനമായിരുന്നു ആ കലാകാരന്റേത്..
മല്ലനായി അരങ്ങിൽ എത്തിയ മനോജ് മോഹനും ഒരു സവർണന്റെ അതേ ഭാവത്തോടെ രംഗത്ത് നിറഞ്ഞു നിന്നു..നടന്മാരുടെ അഭിനയ മികവിനൊപ്പം വിഷ്ണു നാടകഗ്രാമം നിർവ്വഹിച്ച
അനുയോജ്യമായ പ്രകാശ നിയന്ത്രണം നാടകത്തിന് മാറ്റ് കൂട്ടി. ദിനേശ് മാവൂരിന്റെ രംഗപടം നാടകത്തിന്റ വിജയത്തിന് മുതൽക്കൂട്ടായി.
മുപ്പത് മിനിറ്റോളം ദൈർഘ്യം ഉണ്ടായിരുന്ന ഈ നാടകം നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്. ഈ നാടകത്തിന് പുതുമകളില്ലായിരുന്നു. കാരണം നാടകം നമുക്കിടയിൽ ജീവിക്കുകയായിരുന്നു...
സമൂഹത്തിന്റെ ഉയർച്ചക്കായി കാലഘട്ടത്തിന് അനുയോജ്യമായ ഇത്തരം സൃഷ്ടികൾ ബഹ്‌റൈൻ നാടക അരങ്ങിൽ ഇനിയും പിറക്കട്ടെ.
നാടകത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
PC. വി പി നന്ദകുമാർ.