"അനാമികളുടെ വിലാപങ്ങൾ"; പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം. ഏഴാം ദിവസം.
- ഒപ്പീനിയന്‍
എസ് വി ബഷീർ
അനാമികളുടെ വിലാപങ്ങൾ. നാടക പ്രവർത്തകരും നാടക പ്രേമികളും തികഞ്ഞ ഉത്സവ ലഹരിയിലാണ്. രണ്ട് വർഷത്തിന്റെ അടച്ചിരിപ്പുകൾക്ക് ശേഷം, കെട്ട കാലത്തിന്റെ പരാധീനതകൾക്കിടയിലും ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം നൽകുന്ന നാടക വെളിച്ചം കലാപ്രേമികൾക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല.
ശ്രീ. ഗിരീഷ് പി.സി. പാലത്തിന്റെ അനാമികളുടെ വിലാപങ്ങൾ സംവിധാനം ചെയ്തത് ശ്രീജിത് പറശ്ശിനിയാണ്. കാഴ്ചകളുടെ കലയാണല്ലോ നാടകം. മരണത്തിന്റെ മുമ്പിൽ
സ്വന്തം നാമം നഷ്ടപ്പെട്ടവരുടെ കഥയുടെ കാഴ്ചയൊരുക്കിയ സംവിധായകൻ, മരണത്തിന്റെ അശാന്തതയും ഭീകരതയും തുടിച്ചു നിൽക്കുന്ന സ്പന്ദനങ്ങൾ മികച്ച കൈയ്യൊതുക്കത്തോടെ പതിഞ്ഞ താളത്തിൽ തുടങ്ങിയ രംഗഭാഷ പിന്നീട് മെല്ലെ മെല്ലെ സംവിധായകന് നഷ്ടമാവുകയായിരുന്നു നാടകാവതരണത്തിൽ.
സാങ്കേതിക തകരാറുകൾ മൂലം പശ്ചാത്തല സജ്ജീകരണത്തിൽ വന്ന കാലതാമസം നാടകത്തിന്റെ ശാന്തമായ ഒഴുക്കിനെ സാരമായി ബാധിച്ചു. മരണത്തിന്റെ ഗന്ധം അതിന്റെ പതിഞ്ഞ താളത്തിൽ ആവാഹിക്കാൻ ശ്രമിക്കുമ്പോഴും ചതിച്ചവരുടെ ലിസ്റ്റിൽ തന്റെ നല്ല പാതി ഉണ്ടെന്ന സത്യം രേഖപ്പെടുത്തുമ്പോൾ, അക്ഷരങ്ങൾക്ക് ആവേശത്തിന്റെ തീഷ്ണത നൽകിയ നായികയായി സിംല ജാസിം കളം നിറഞ്ഞ് നിന്നു. ശബ്ദ നിയന്ത്രണത്തിൽ അവർ പ്രകടിപ്പിച്ച അസാമാന്യമായ കൈയ്യൊതുക്കം തികച്ചും അഭിനന്ദനാർഹമാണ്.
അനൗദ്യോഗികമായി മരണസർട്ടിഫിക്കറ്റുകൾ ശേഖരിക്കാൻ വിധിക്കപ്പെട്ടവന്റെ നിസ്സഹായവസ്ഥ പേറി നടക്കുന്ന ശവവാഹകനെ പ്രേംജിയെന്ന നടൻ മനോഹരമായി അവതരിപ്പിച്ചു. പ്രകാശ നിയന്ത്രണവും രംഗപടവും ചെയ്ത കലാകാരൻമാരെല്ലാം മികച്ച പിന്തുണ നൽകിയിട്ടും രസംകൊല്ലിയായത് മുകളിൽ സൂചിപ്പിച്ച സാങ്കേതിക തകരാറുകൾത്തന്നെ.
ഈ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാ കലാ പ്രവർത്തകരുടെയും ആത്മാർത്ഥമായ നാടക ശ്രമങ്ങൾക്കു് ഒരു വലിയ സല്യൂട്ട്.
PC: വി പി നന്ദകുമാർ