കേരള സംഗീത നാടക അക്കാദമി സെക്രട്ടറി സ്ഥാനത്തു നിന്ന് Dr. പ്രഭാകരൻ പഴശ്ശി നാളെ പടിയിറങ്ങും.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
പത്തുമാസം മുമ്പ് താത്കാലികമായി ചുമതലയേറ്റ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി സ്ഥാനത്തു നിന്ന് 65 വയസ്സു കഴിഞ്ഞു എന്ന കാരണത്താൽ അഡീഷനൽ സെകട്ടറി ശ്രീ. ജനാർദ്ദനന് ചുമതല നല്കിക്കൊണ്ട് പ്രഭാകരൻ പഴശ്ശി ഇന്ന് (21.01 2022) സ്ഥാനമൊഴിയുകയാണ്. കൊവിഡ് ഭീകരതയുടെ നടുവിൽ ഇതര സാംസ്കാരികസ്ഥാപനങ്ങൾ ഏറെക്കുറെ നിശ്ചലമായ കാലട്ടത്തിലാണ് സാംസ്കാരിക ഉന്നത സമിതി സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്ന അദ്ദേഹത്തിന് ഈ അധികച്ചുമതല ലഭിച്ചത്. മുടങ്ങിക്കിടന്ന പ്രൊഫഷനൽ നാടക മത്സരത്തിന്റെ ജൂറിയെ നിശ്ചയിക്കുകയും തെരഞ്ഞെടുപ്പ് പൂർത്തിയാക്കുകയും തിയറ്റർ തുറക്കാൻ അനുമതി ലഭിച്ച ആദ്യ ദിവസം തന്നെ കൊവിഡ് പ്രൊട്ടേക്കാൾ കൃത്യമായി പാലിച്ച് പ്രൊഫഷണൽ നാടകമത്സരം നടത്തുകയും അതിന്റെ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. മുടങ്ങിക്കിടന്ന അക്കാദമി അവാർഡ് വിതരണവും ഭംഗിയായി നടത്തി. നൂറു കേരള ഗാനങ്ങൾ വഴി മുന്നൂറോളം കലാകാരന്മാർക്ക് അയ്യായിരം രൂപവീതം ധനസഹായം നല്കി. ഇറ്റ്ഫോക് നടത്താനനുമതി ലഭിക്കാത്ത സാഹചര്യത്തിൽ നാനൂറോളം കലാകാരന്മാരും അനുബന്ധ പ്രവർത്തകരും ഗുണഭോക്താക്കളായ ഹോപ് ഫെസ്റ്റിവൽ (Harmony of Performance Ecosystem) എന്ന വർഷാന്ത കലോത്സവം പരിമിത ജനപങ്കാളിത്തത്തോടെ ഭാഗിയായി നടത്തുകയുണ്ടായി. പൈതൃക മതിൽ, നടൻ മുരളി തുറസ്സരങ്ങ് നവീകരണം തുടങ്ങിയ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. 25 അമേച്വർ നാടകങ്ങൾക്കായി അമ്പത് ലക്ഷം രൂപ നല്കുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്. 25 നാടകങ്ങളുടെയും റിഹേഴ്സൽ പൂർത്തിയായിക്കഴിഞ്ഞു. 50 അവതരണങ്ങൾക്കായി പത്ത് നാടകോത്സവങ്ങൾ പ്ലാൻ ചെയ്ത് സ്വാഗതസംഘങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കാരണം അവതരണങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
കഥാപ്രസംഗ മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. 'പുസ്തകക്കാലം : നൂറ് പുസ്തകങ്ങൾ' പദ്ധതിയിൽ ഇരുപതോളം പുസ്തങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. നൂറ് കേരള ഗാനമാതൃകയിൽ കഥാപ്രസംഗം, കൂത്ത്, തുള്ളൽ, ഏകപാത്രനാടകം, നൃത്തം തുടങ്ങിയ മേഖലകളിൽ ധനസഹായം നല്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. MUSIK (Music International Kerala) എന്ന പേരിൽ അന്താരാഷ്ട്ര സംഗീതോത്സവം നടത്താനും തേക്കിൻകാട് ഫെസ്റ്റിവൽ എന്ന പേരിൽ ദേശീയ വാദ്യോത്സവം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ദേശീയ നൃത്തോത്സവം, കഥകളി, നാടകം, കൂടിയാട്ടം തുടങ്ങിയ കലകളിലെ സ്ത്രീ പ്രാതിനിധ്യം മുൻ നിർത്തി അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെടുത്തി ത്രിദിന ശില്പശാല നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിരവധി കലാസമിതികൾക്ക് ധനസഹായം നല്കി. 50 പ്രൊഫഷനൽ നാടക സംഘങ്ങൾക്ക് 4 ലക്ഷം രൂപ വീതവും 100 അമേച്വർ നാടക സംഘങ്ങൾക്ക് 3 ലക്ഷം രൂപ വീതവും നല്കുന്ന പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അഭിനയം, ചമയം, രംഗപടം തുടങ്ങിയ മേഖലകളിൽ ശില്പശാലകൾ നടത്താൻ തീരുമാനിച്ചു. ചെറിയ പ്ലാൻ ഫണ്ടു മാത്രം കിട്ടുന്ന പ്രമുഖ സ്മാരകങ്ങൾ /സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരിച്ച് അതാത് മേഖലകളിൽ പത്ത് കലോത്സവങ്ങൾ നടത്താനും പദ്ധതിയിട്ടിട്ടുണ്ട്. ആദ്യപടിയായി ഇരിങ്ങാലക്കുട വച്ച് കഥകളി മഹോത്സവം നടത്താൻ കൂടിയാലോചനകൾ നടത്തി. പതിനാലു ജില്ലകളിലും ഗ്രാമോത്സവങ്ങൾ നടത്താനുള്ള പദ്ധതിക്ക് തുടക്കമിട്ടു. കേളി ബഹുവർണ്ണപ്പതിപ്പായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പൈതൃകമതിലിനും തുറസ്സരങ്ങ് നവീകരണത്തിനും പുറമെ മിനി തിയറ്റർ, കോൺഫറൻസ് ഹാൾ, പുസ്തകശാല, ഓഫീസ് നവീകരണം, മ്യൂസിയം, ആർക്കൈവ്സ്, ഡിജിറ്റൽ ലൈബ്രറി തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങളും തുടർ പദ്ധതികളാണ്. ഹോപ് ഫെസ്റ്റിവലിന്റെ തുടർച്ചയായി അക്കാദമി കാമ്പസിനെ സൗരോർജ്ജ സംഭരണമടക്കമുള്ള പ്രകൃതി സൗഹൃദകേന്ദ്രമാക്കാനുള്ള ബൃഹദ് പദ്ധതിക്കും തുടക്കം കുറിച്ചു.
കൊവിഡ് താണ്ഡവമാടിയ കാലത്താണ് ഇത്രയും പരിപാടികൾ നടത്തുകയും വിപുലമായ പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തത്. അക്കാദമിയുടെ ചരിത്രത്തിൽത്തന്നെ ഇത്രയും പ്രവർത്തനനിരതമായ കാലമുണ്ടായിട്ടില്ലെന്നാണ് അക്കാദമി ബന്ധുക്കൾ പറയുന്നത്. നാടക് എന്ന സംഘടന (സെക്രട്ടറി) യുടെ നേതൃത്വത്തിലുള്ള വൻ പ്രതിഷേധവും മറ്റു ചില കോടതി നടപടികളും അതിജീവിച്ചു കൊണ്ടാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത് എന്നത് ചാരിതാർത്ഥ്യത്തിനു വക നല്കുന്നു.
അക്കാദമി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കിയ ഭരണകർത്താക്കൾക്കും പ്രസ്ഥാനങ്ങൾക്കും കലാകാരന്മാർക്കും കലാസ്നേഹികൾക്കും മാധ്യമപ്രവർത്തകർക്കും സഹപ്രവർത്തകർക്കും പ്രഭാകരൻ പഴശ്ശി നന്ദി രേഖപ്പെടുത്തി.