ഗ്രാമീണ നാടക വേദിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുള്ള പങ്ക്?
- ലേഖനം
ചാക്കോ ഡി അന്തിക്കാടിന്റെ നാടക വർത്തമാനങ്ങൾ (ലക്കം 16)
ഇന്നത്തെ ഗ്രാമീണ നാടകവേദി ഒട്ടും പ്രതീക്ഷയർഹിക്കുന്നില്ല. കുടുംബശ്രീ കലാമേള & സ്കൂൾ സ്റ്റേറ്റ് കലോത്സവത്തെ മാറ്റി നിർത്തിയുള്ള വിശകലനമാണ്. കാരണം വ്യക്തം. ഈ മഹാമാരി കാലത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ്, ഗ്രാമങ്ങളിൽ, സ്ത്രീകളുടെയും, കുട്ടികളുടെയും വീട്ടുമുറ്റ നാടകവേദിക്കായി മുൻകൈ എടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു... സംഘാടനത്തിൽ ഒരു തരം ഒഴിഞ്ഞു മാറ്റം / കൊഴിഞ്ഞു പോക്ക് കാരണം, പലയിടത്തും ഗ്രാമീണ നാടക മാപ്പിൽ 'കോളം' ശൂന്യമായിരിക്കും! ആർക്കും ഒന്നിനും നേരമില്ല.
കുട്ടികളുടെ മാത്രം കാര്യമെടുത്താൽ,
സാധാരണ വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്നതിനിടയിൽ, 'തിയറ്റർ എഡ്യൂക്കേഷൻ' നടത്തുന്നതിന്റെ പ്രസക്തി ആർക്കും അറിയില്ല എന്നതാണ് അവസ്ഥ. അറിയാൻ ശ്രമിക്കുന്നില്ല എന്നതും പരാതിയായി ഉന്നയിക്കാം. പിന്നെ എന്തറിവ് നേടാനാണ് ആളുകൾ പാഞ്ഞു നടക്കുന്നത്?
നാടക പ്രയോഗത്തിലൂടെ ലഭിക്കുന്ന അറിവിൽ, ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും കിട്ടും, എന്ന ആത്മവിശ്വാസം ആർക്കും ലഭിക്കുന്നില്ല, എന്നതാണോ പ്രധാന കാരണം?
അവർ മറന്നുപോകുന്ന സത്യമിതാണ്... ഒരു വസ്തുവിന്റെ പതിനായിരം വിധത്തിലുള്ള പ്രയോഗങ്ങൾ നാടകക്കാർക്ക് മാത്രം ലഭിച്ച സിദ്ധിയാണ്.
ഉദാ: നിങ്ങൾ രണ്ടടി നീളമുള്ള ഒരു വടി ഒരു കുട്ടിയ്ക്ക് കൊടുക്കൂ... ജീവിതത്തിൽ അതിന്റെ പ്രയോഗം വളരെ പരിമിതമാണ്. ഒരു ചെടിയ്ക്ക് താങ്ങു കൊടുക്കാം... മാങ്ങായെറിയാം...
പാമ്പിനെ തല്ലിക്കൊല്ലാം... ഗതികെട്ടാൽ പട്ടിയെ / ഒരാളെ തല്ലാം.
പക്ഷേ, നാടകക്കളരിയിൽ ആ വടിയുടെ പ്രയോഗം അനന്തമാണ്. വീട്ടിലെ പലതും അനുകരിക്കാം (സൂചി, കത്തി, അമ്മിക്കുഴ മുതൽ, ചൂല്, മാറാല നീക്കുന്ന കോലുവരെ) മുറ്റത്തെ തോട്ടിയും, സ്പോട്സ്-ഗെയിംസ് & യുദ്ധ ഉപകരണങ്ങളും, തുഴയും, തൂമ്പയും, അങ്ങിനെ ലോകത്തിൽ 'സോളിഡ്' ആയ എന്തിനെയും, ഭാവന ഉപയോഗിച്ചുള്ള പരിവർത്തനത്തിന് വിധേയമാക്കാം.
അത് സിനിമയിൽ ആവശ്യമില്ല. കാരണം സിനിമയിൽ എല്ലാം ഒറിജിനലായി പകർത്താം.
അതിന് ആയിരക്കണക്കിന് കിലോമീറ്ററുകൾ പകർത്താൻ ശേഷിയുള്ള ക്യാമറയുണ്ട്...
ലെൻസുകളുണ്ട്.
ക്യാമറയുടെ എല്ലാ സാധ്യതകളെയും ലംഘിക്കുന്ന ഒരേയൊരു രംഗകല നാടകമാണ്. അപ്പോൾ ജീവിതത്തെ അതേപടി പകർത്താൻ സിനിമയും, പ്രതീകാത്മകമായി, വിപ്ലവാത്മകമായി പുന:സൃഷ്ടിക്കാൻ
നാടകവും എന്ന ദർശനത്തിൽ നമ്മളെത്തിയില്ലേ? ഈ പുന:ക്രമീകരണം നാടകവേദിയുടെ മാത്രം സ്വന്തം!
ജീവിതത്തിൽ ചിതറിക്കിടക്കുന്ന വസ്തുക്കളെ, അനുഭവങ്ങളെ, നവരസങ്ങളെ, നിശബ്ദതയെ, അലർച്ചകളെ, സംഘർഷങ്ങളെ, സമരങ്ങളെ, അതിജീവനത്തെ, ചലനങ്ങളെ, തുറിച്ചു നോട്ടങ്ങളെ, ശ്വാസങ്ങളെ ഒരു നിയതമായ സമയത്തിലേയ്ക്കും, നിശ്ചയിക്കപ്പെട്ട സ്ഥലത്തിലേയ്ക്കും കേന്ദ്രീകരിക്കാൻ ശേഷിയുള്ള ഒരേയൊരു മാധ്യമം നാടകമാണ്.
പ്രോസീനിയമായാലും, അറീനയായാലും, സാൻഡ് വിച്ച് ആയാലും, തെരുവരങ്ങായാലും, അതിൽ ലോകത്തിലെ എല്ലാ കലകൾക്കും, സംഗീതത്തിനും, നൃത്തത്തിനും, ഒരുപോലെ ഇടമുണ്ട്.
നാടകവേദിയുടെ ഈ 'മൾട്ടി ഡൈമെൻഷണൽ' അപാരത, അനന്തത, അനശ്വരതയാണ്, അതിനെ ഗൗരവപൂർവ്വം സമീപിക്കാൻ കലാകാരന്മാരെ പ്രേരിപ്പിക്കുന്നത്.
ആദ്യകാലത്ത് ഇത്ര ഗൗരവപൂർവ്വം സമീപിക്കേണ്ട ഒന്നാണ് നാടകം എന്ന തോന്നൽ കുറവായിരുന്നു. വാർഷികപ്പരിപാടിയ്ക്ക് ഒരു മേമ്പൊടി! പിന്നീട് നാടക സിദ്ധാന്തങ്ങൾ അക്കാദമിക് & നോൺ അക്കാദമിക് തലത്തിൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ, നാടകം ഗ്രാമങ്ങളിൽ പ്രയോഗിച്ചിരുന്നവരുടെ എണ്ണം കുറയുകയും,
പല ഗ്രാമങ്ങളും നാടക മാധ്യമത്തെ ബഹിഷ്‌ക്കരിക്കുകയും ചെയ്തു.
ഇതൊന്നും 'അവർക്ക് പറഞ്ഞ പണിയല്ല!' എന്ന തോന്നൽ 'ഭയ'മായി മാറുകയായിരുന്നു!
അവിടെയൊക്കെ സ്ത്രീകളുടെ & കുട്ടികളുടെ നാടകവേദിക്കായി കാര്യമായ അന്വേഷണങ്ങൾ നടന്നതായി കാണാൻ കഴിയില്ല. (ലക്കിടിയിൽ 1948ൽ സംഭവിച്ച, "തൊഴിൽകേന്ദ്രങ്ങളിലേയ്ക്ക്" ഇന്ന് സങ്കൽപ്പിക്കാൻ കഴിയുമോ?). അതായിരുന്നു അന്നും ഇന്നും നാടക വേദിയുടെ ചരിത്രപരമായ പ്രതിസന്ധി!
നാടകം അഭ്യസിച്ചവർ പണ്ടത്തെപ്പോലെ ഗ്രാമങ്ങളിൽ പ്രോജക്ടുകളുമായി സമീപിക്കുന്ന രീതിയിലും മാറ്റം വന്നു. അവർക്കൊക്കെ ഇപ്പോൾ അരാഷ്ട്രീയ ഫണ്ട് / കുത്തകക്കമ്പനികളുടെ / വിദേശഫണ്ടിന്റെ (കോർപ്പറൈറ്റ് / മത സ്ഥാപനങ്ങളുടെ ഫണ്ട്) സഹായം ഉണ്ടല്ലോ... അപ്പോൾ ഗ്രാമത്തിലെ 'ചില്ലറകൾ'ക്കൊണ്ട് നാടകം ചെയ്യേണ്ട അവസ്ഥയുമില്ലാതായി!
ഈ അനധികൃത ഫണ്ടിനെ ആശ്രയിക്കാതെ, സ്ത്രീകളുടെയും കുട്ടികളുടെയും (സിലബസ് തിയറ്റർ പ്രാക്റ്റീസ് അടക്കം വേണം) നാടകവേദിക്കായി പ്രവർത്തിച്ചിരുന്നെങ്കിൽ, അതാത് വീട്ടുകാരുടെ ചെറിയ സഹായംക്കൊണ്ട് ചെറിയ / വലിയ നാടക സംരംഭങ്ങൾ ഒരുക്കാമായിരുന്നു?
അങ്ങനെ നടന്നിരുന്നെങ്കിൽ, നാടകത്തിന്റെ ലളിതവും സുന്ദരവുമായ 'അതിജീവന സിദ്ധാന്തം' മുറുകെപ്പിടിച്ചുള്ള തുടർ നാടക സന്നാഹങ്ങൾ നടക്കുമായിരുന്നു.
സൂക്ഷിച്ചു പരിശോധിച്ചാൽ, നാടകത്തെ മറന്ന, അത്തരം ഗ്രാമങ്ങളിലുള്ളവർ, അധികാരികൾക്ക് / മതങ്ങൾക്ക് / സംഘടനകൾക്ക് കൂടുതൽ വിധേയരായി ജീവിക്കുന്നതാകാം ഒരു കാരണം!
സമകാലിക നാടകങ്ങൾ
കൂടുതൽ പ്രയോഗിക്കുന്ന ഗ്രാമങ്ങളിലുള്ളവർ, കൂടുതൽ 'ചോദ്യം ചെയ്യാൻ' കെൽപ്പുള്ളവരായിരിക്കാം. അതിന്റെ പ്രധാന കാരണം, നാടക രചന ആദ്യമായി വായിക്കാൻ തുടങ്ങുന്ന സമയംമുതൽ, സംശയങ്ങൾ, ചോദ്യങ്ങൾ, തർക്കങ്ങൾ ഉയരാൻ തുടങ്ങും. അതിനെ ഭയക്കുന്നവർ നാടകസംഘാടനത്തെ നിരുത്സാഹപ്പെടുത്തും!
പുരോഗമന പ്രസ്ഥാനങ്ങളും ഒരു ഘട്ടത്തിൽ ഗ്രാമീണ നാടകത്തെ മറന്നതിന്റെ പൊരുൾ നേരത്തെ പറഞ്ഞ, 'ചോദ്യം ചെയ്യൽ' ഘടകമാണെന്ന് ഇന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ഇന്ന്, വർഗ്ഗീയ ഫാസ്സിസം നമ്മുടെ സെക്യൂലർ-ജനാധിപത്യ ജീവിതതാളത്തിന് ഭീഷണിയായി മാറുന്നത് തിരിച്ചറിഞ്ഞപ്പോൾ, ഇടത് സാംസ്‌ക്കാരിക നയങ്ങളിൽ, ചെറിയ തോതിലെങ്കിലും, ജനകീയ നാടകത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്.
അതിനായുള്ള എളിയ ആദ്യഘട്ട ഫണ്ട്
(2021ൽ 2 ലക്ഷം വീതം) 25 നാടകങ്ങൾക്ക് പാസ്സാക്കിക്കഴിഞ്ഞു.
2022ൽ, 3 കോടി-100 അമേച്വർ നാടക സംഘങ്ങൾക്ക് ബഡ്ജറ്റിൽ നീക്കിവെക്കാൻ, LDF ഗവണ്മെന്റിന്റെ നാടക നയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അപ്പോഴും കുടുംബശ്രീ കലാമേളക്കൊപ്പം, കുട്ടികളുടെ നാടക വേദിക്കുള്ള ഫണ്ട്, ബഡ്ജറ്റിൽ കാര്യമായി ഇടംപിടിച്ചിട്ടില്ല!
കൂട്ടത്തിൽ കൊറോണ ആഞ്ഞടിച്ചപ്പോൾ, ബാലസംഘം & എസ്.എഫ്.ഐ. കലാജാഥ, സംസ്ഥാനതലത്തിൽ സംഘടിപ്പിച്ചിരുന്ന 'വേനൽതുമ്പികൾ' & നാടക കലാജാഥ നിന്നു പോയത് വലിയ നഷ്ടമാണ്!
എന്നാലും, ഗ്രാമങ്ങളിൽ കഴിഞ്ഞ 30 കൊല്ലകാലമായി സ്ത്രീകളുടെ & കുട്ടികളുടെ നാടകവേദി തീരെ ദുർബലമായത് കാരണം, മൊത്തം നാടകചരിത്രത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ട്. (അതിനു മുൻപും
സ്ത്രീകളുടെ പ്രാധിനിത്യം വളരെ കുറവ്തന്നെയായിരുന്നു.)
കുട്ടികൾ ജീവിതസുരക്ഷയിൽ, സ്ഥിരം വരുമാനമുള്ള 'ജോബ് ഓറിയന്റഡ്' വിദ്യാഭ്യാസത്തിൽ (കോർപ്പറൈറ്റ് അടിമപ്പണിയിൽ അവസാനിക്കുന്ന അവസ്ഥ?) കേന്ദ്രീകരിക്കുമ്പോൾ, കൂടുതൽ ഓർമ്മശക്തി, കഥാപാത്രമാകാനുള്ള മനഃശാസ്ത്രപരമായ തയ്യാറെടുപ്പ്, റിഹേഴ്സൽ അദ്ധ്വാനം, സംഘബോധം, ജനാധിപത്യബോധം, സ്റ്റേജിലെ ജാഗ്രത, 'ടൈം & സ്പേസ് മാനേജ്മെന്റ് സ്ക്കിൽ' ഒക്കെ വേണ്ടതായ നാടകത്തിന്റെ പ്രാധാന്യം എല്ലാവരും മറന്നു.
പലയിടത്തും വിരളമായെങ്കിലും, വലിയ നാടകസംരംഭങ്ങൾ + കുട്ടികളുടെ നാടക അവതരണങ്ങൾ ഉള്ളത് മറന്നല്ല ഞാനിത് പറയുന്നത്. (തൃശ്ശൂർ രംഗചേതന, നവരംഗ് പാലക്കാട്, തിരുവനന്തപുരം രംഗപ്രഭാത്, മലപ്പുറത്തുള്ള 'ലിറ്റിൽ ഏർത്ത് തിയറ്റർ', കോഴിക്കോട് ഫ്ലോട്ടിങ്ങ് തിയറ്റർ, എറണാകുളത്ത് 'മീ & യൂ', തൃശ്ശൂർ കളിയരങ്ങ് ഏങ്ങണ്ടിയൂർ, etc, ഓൺലൈൻ ആയി LNV- ലോക നാടക വാർത്തകൾ നടത്തിയ അഭിനയപ്പരിശീലനക്കളരികൾ, സോളോ ആക്ടിങ്ങ് മത്സരം & ഡി. പാണിമാഷുടെ ഓർമ്മയായി, അന്തർദേശീയ തലത്തിൽ നടത്തിയ ബാലനാടക രചനാ മത്സരം)
എന്നാലും, 941 പഞ്ചായത്തുകളിലെ കണക്കെടുക്കുമ്പോൾ പ്രതീക്ഷക്കൊത്തുള്ള കുട്ടികളുടെ / സ്ത്രീകളുടെ നാടക ചരിത്രം സംഭവിക്കുന്നില്ല എന്നാണ് സൂചിപ്പിച്ചത്.
സ്വന്തം ഭാവനയിൽ ആരോ തരുന്നത് മാത്രം ശേഖരിക്കുന്ന/ വിഴുങ്ങുന്ന രീതിയിൽ, സ്വയം സുരക്ഷിതത്വം കാണുന്ന തലമുറയാണ് ഗ്രാമങ്ങളിൽപ്പോലും, ഭൂരിഭാഗം യുവത്വത്തെ പങ്കുവെച്ചിരിക്കുന്നത്. സാഹസികമായി സ്വന്തം ചരിത്രം നിർമ്മിക്കാൻ, സാമൂഹ്യപരമായി അനീതിക്കെതിരെ ശബ്ദിക്കാൻ പഠിപ്പിക്കുന്ന നാടകം എന്ന 'റിബൽ' മാധ്യമത്തെ മറന്നുള്ള ഒരു ജീവിതശൈലിയും, പുരോഗമനപരമായി, ഒരു മതേതര സമൂഹത്തിൽ, ഫാസ്സിസത്തെ നേരിടാൻ, കാര്യമായി ഒന്നും സംഭാവന ചെയ്യില്ല എന്നു തിരിച്ചറിയുക.
യുവാക്കളും, ആണുങ്ങളും, പ്രായമുള്ളവരും എന്ത് നാടകങ്ങൾ ചെയ്താലും, കുട്ടികളുടെയും സ്ത്രീകളുടെയും നാടകവേദിക്കായി പ്രയഗ്നിക്കാതെ, നാടകത്തിന്റെ യൗവ്വനം സംരക്ഷിക്കാനും കഴിയില്ല എന്ന സത്യവും തിരിച്ചറിയുക.
വെറും ജീവിതത്തിലെ ഭാവനയെ, കടഞ്ഞെടുത്തു, വജ്രസമാനമായ ഭാവനയാക്കി മാറ്റാൻ നാടകപണിപ്പുരകൾക്കുള്ള പങ്ക് മഹത്തരമാണ്... ബദലില്ലാത്തതാണ്.
കൊറോണ 'ലോക്ക് ഡൗൺ' സൃഷ്ടിച്ച സർഗ്ഗപ്രതിസന്ധിയിൽ, രൂപംകൊണ്ട, കുട്ടികൾക്കു വേണ്ടിയുള്ള തൃശ്ശൂർ ജില്ലയിലെ പുതിയ പ്രതീക്ഷയായ, 'അപ്പൂപ്പൻത്താടി' അതിവേഗ ഓൺലൈൻ കൂട്ടായ്മയിൽ (ലോകത്തെ എല്ലായിടത്തുള്ളവരും ഈ കൂട്ടായ്മയിലുണ്ട്), അഭിനയ ശേഷിയുള്ള ധാരാളം സ്ത്രീകളുണ്ട്... കുട്ടികളുണ്ട്... യൗവ്വനമുണ്ട്! അവരുടെ ഭാവനയെ, സർഗ്ഗശേഷിയെ കൂടുതൽ ചലിപ്പിക്കാൻ, വികസിപ്പിക്കാൻ, ഭാവിയിൽ നാടകപ്പണിപ്പുരകൾക്ക് കഴിയും.
അതിനുള്ള എല്ലാ മുന്നൊരുക്കങ്ങളിലും എന്റെ അറിവും, പ്രായോഗിക പരിജ്ഞാനാവും സംഭാവന ചെയ്യാൻ തയ്യാറാണ്.