ഇത്തിൾകണ്ണികളുടെ തീൻ മേശ
- കവിത
അരുൺ ഇ കരുണാകരൻ
കെട്ടുപിണഞ്ഞ
അസ്വാതന്ത്ര്യത്തിനു ശേഷം,
കുന്നിൻ ചെരിവിൽ
സൂര്യനുദിക്കുമെന്നു
പറയുന്നതൊക്കെ
പച്ചക്കള്ളമാണ്.
നീതീകരിക്കപ്പെടാൻ കഴിയാത്ത,
കൊലയാളിയുടെ
കണ്ണീരുപോലെയാണത്.
അസ്തിത്വം നഷ്ടപ്പെട്ടവൻ
പത്രത്തിലൊരു
പരസ്യം കൊടുത്തപ്പോഴാണ്
ആ പത്രത്തിന്റെ
വിറ്റുവരവ് കൂടിയതത്രേ.
ലോകത്തിനു മുന്നിലേക്ക്
(സ്വന്തം വീട്ടിലേക്കെങ്കിലും)
തിരിച്ചു വരാനായി
പ്രതീക്ഷയുടെ
അമിതഭാരം പേറിയാണ്
അയാൾ കുന്നിൻ ചെരിവിലേക്ക് നടന്നുകയറിയത്.
ഇരുട്ടിൽ തപ്പിത്തടഞ്ഞ്
മൂക്കുകുത്തി വീണു,
ചോര പൊടിഞ്ഞു
തീന്മേശയിൽ അവരത് വിളമ്പി.
കൂട്ടിയെഴുതുമ്പോൾ,
ഇന്നും തെറ്റിപ്പോകുന്ന
സോഷ്യലിസ്റ്റ് റിയലിസം
വേശ്യയുടെ കണ്ണിലെ
പൂക്കളായി,
കവിതകളായി,
അയാൾ വരച്ച ചിത്രങ്ങളായി.
ഇന്നലെ
അതൊരു എക്സ്ക്ലൂസീവായിരുന്നത്രേ.
നിരാശ..... !.
ഇനി മരണം തന്നെ ശരണം.
ശവപ്പറമ്പിൻറെ ഉച്ചിയിൽ നിന്നും
കർദിനാൾ പക്ഷി
ഉച്ചത്തിൽ കരഞ്ഞു.
അടിവയറ്റിലെ
രോമത്തിൽ പോലും
വ്യക്തിഹത്യയുടെ
ആഗോളവത്കരണം.
നീ തടിച്ചു,
നീ മെലിഞ്ഞു,
നീ കറുത്തു,
നീ വ്യഭിചരിച്ചു.
പ്രിയപ്പെട്ട വായനക്കാരാ...
തീർന്നില്ല,
കുന്നിറങ്ങി വരുമ്പോൾ
ഞങ്ങൾ രണ്ടു പേരുണ്ട്
ഞാനും നീയും.
ഇടതൂർന്ന് വളർന്ന
ചില്ലകൾ
വേരിനെ പ്രാപിക്കുമ്പോൾ
മരംവെട്ടുകാരന്റെ
പ്രത്യയ ശാസ്ത്രം
നാണിച്ചു തലതാഴ്ത്തി.
അപമാനം സഹിക്കവയ്യാതെ
മഴു ആത്മഹത്യ ചെയ്തു
വാർത്ത വന്ന പത്രം
അടച്ചു പൂട്ടി.
ഒരാളെയും പേടിക്കാതെ,
അവിടെ ഇത്രമാത്രം
എഴുതിച്ചേർത്തിരുന്നു,
'ഞങ്ങൾ തമ്മിൽ
പ്രണയത്തിലാണ്'.
ഇത്തിൾക്കണ്ണികളുടെ
തീൻ മേശയിലെ
രണ്ടു ദിവസത്തെ
അന്തിച്ചർച്ചകൾ കഴിഞ്ഞ്
പിന്നെയും കെട്ടുപിണഞ്ഞ
പലതിനും ശേഷം
വീണ്ടുമവർ,
കുന്നിൻ ചെരിവിലെ
ഇനിയുമുദിക്കാത്ത
സൂര്യനെ കാണിച്ച്
പറ്റിക്കുന്നു.