അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു: കെപിഎസി ലളിത ഇനി ഓർമ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊച്ചി: നടി കെ.പി.എ.സി ലളിത അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. ചെങ്ങന്നൂര്‍ അമ്പലത്തില്‍ മാതാപിതാക്കള്‍ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന് പേരിട്ടത്.
സ്‌കൂള്‍ കാലം മുതല്‍ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം. രാമപുരത്തെ സ്‌കൂളില്‍ വച്ചാണ് ആദ്യമായി നൃത്തവേദിയില്‍ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ...'യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളില്‍ കെ.പി.എ.സി ലളിത ശ്രദ്ധനേടി.
തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്. സുകുമാരിയെപ്പോലെ തന്നെ ഹാസ്യവേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ ജനപ്രിയനടിയാക്കിയത്.
ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളില്‍ ശബ്ദവിന്യാസം കൊണ്ട് ലളിത തീര്‍ക്കുന്ന മായാജാലം മറ്റൊരു അഭിനേതാവിനും അവകാശപ്പെടാന്‍ സാധിക്കില്ലായിരുന്നു. സുകുമാരി ചെയ്തതില്‍നിന്ന് വ്യത്യസ്തമായി നാടന്‍ വേഷങ്ങളിലായിരുന്നു ലളിത കൂടുതലും പ്രത്യക്ഷപ്പെട്ടത്. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ-ഭാര്യ വേഷങ്ങള്‍, ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും പ്രതീകങ്ങളായമായ വേഷങ്ങള്‍. വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവിയും കൊട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയില്‍ നിറഞ്ഞാടി.
അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം- ഗോഡ്ഫാദര്‍-സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി.
1978ലായിരുന്നു സംവിധായകന്‍ ഭരതനെ കെ.പി.എ.സി ലളിത ജീവിത പങ്കാളിയാക്കുന്നത്. സിനിമയില്‍ കലാസംവിധാനരംഗത്തായിരുന്നു ഭരതന്‍ ആദ്യം അരങ്ങേറ്റം കുറിച്ചത്. മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം ഭരതന്റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലളിതയ്ക്ക് ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ച അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങള്‍ ചില ഉദാരഹണങ്ങളാണ്. 1998 ലായിരുന്നു ഭരതന്റെ വിയോഗം. അതിനുശേഷം കുറച്ച് നാള്‍ സിനിമയില്‍ നിന്ന് മാറി നിന്ന ലളിത, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ വീണ്ടും സജീവമായി.
സിനിമയില്‍ ലളിതയുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്നത് നടന്‍ ഇന്നസെന്റിനായിരുന്നു. ഗജകേസരിയോഗം, അപൂര്‍വ്വം ചിലര്‍, കോട്ടയം കുഞ്ഞച്ചന്‍, മക്കള്‍ മാഹാത്മ്യം, ശുഭയാത്ര, മൈഡിയര്‍ മുത്തച്ഛന്‍, താറാവ്, മണിച്ചിത്രത്താഴ് കള്ളനും പോലീസും, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, പാവം പാവം രാജകുമാരന്‍, ഗോഡ്ഫാദര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇരുവരും സ്‌ക്രീനിലെ പ്രിയ താരജോടിയായി.
കാതലുക്ക് മര്യാദൈ, മണിരത്‌നത്തിന്റെ അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ്ചിത്രങ്ങള്‍. മാമനിതന്‍, ഒരുത്തി, പാരിസ് പയ്യന്‍സ്, ഡയറി മില്‍ക്ക്, പെറ്റമ്മ, ലാസറിന്റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവില്‍ വേഷമിട്ടത്.
സി.പി.എമ്മിനോട് ചേര്‍ന്നായിരുന്നു ലളിതയുടെ രാഷ്ട്രീയ ജീവിതം. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സണായിരുന്നു.
സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍.
അതുല്യ പ്രതിഭയ്ക്ക് ലോക നാടക വാർത്തകളുടെ പ്രണാമം