ആലയുടെ 'ഈസ'
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
‘ഈസ’ നാടകം ഉള്ളിൽ തൊട്ടു. പൊള്ളലുകളും പിടച്ചിലുകളും ഇപ്പോഴും അവശേഷിക്കുന്നു. അതുകൊണ്ടുതന്നെയായിരിക്കണം കാണികൾക്കിടയിൽ ഒരു സ്ത്രീയുടെ കരച്ചിലിന്റെ ശബ്ദം അവർ പോലുമറിയാതെ ഉയർന്നത്. ജീവിതത്തിൽ ആദ്യമായി നാടകം കാണുന്ന മുപ്പതുകാരനായ അനൂപ് ഒന്ന് എത്തി നോക്കി പോകാം എന്നു കരുതി വന്ന് അരങ്ങവതരണം അവസാനിച്ചിട്ടും അവിടം വിട്ടുപോകാനാവാത്ത തിക്കുമുട്ടലിൽ ഉഴറിയത്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ചെറുകഥ ‘ഈസ’ കോവിഡും ഗൾഫിലെ അടിത്തട്ട് തൊഴിലാളിയും മുഖാമുഖം നിന്ന രചനയാണ്. 2020 നവംബറിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥ വായനക്കാരുടെ വലിയ തോതിലുള്ള ശ്രദ്ധ ലഭിച്ച രചനയാണ്. ‘ഈസ’യടക്കമുള്ള (ഈസ യേശു തന്നെ) ശിഹാബിന്റെ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ ജെ ദേവിക (‘ഡുനോട്ട് ഗോ ടു ദ ജംഗിൾ’ എന്ന സമാഹാരം) നിർവ്വഹിക്കുകയും ആ കഥകൾക്ക് മലയാളത്തിന് പുറത്തുള്ള വായനാ സമൂഹങ്ങളിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്ത സന്ദർഭത്തിൽ കൂടിയാണ് ഈ നാടകാവിഷ്ക്കാരം പുറത്തുവന്നിരിക്കുന്നത്. ‘ഈസയും കെ.പി ഉമ്മറും’ എന്ന സമാഹാരത്തിൽ (മാതൃഭൂമി ബുക്സ്) ഈ കഥയുണ്ട്.
വായനക്കാർ വലിയ തോതിൽ വായിക്കുകയും സ്വീകരിക്കുകയും അങ്ങിനെ ജനകീയമാവുകയും ചെയ്ത ഒരു ചെറുകഥയുടെ നാടക രൂപം ഒരുക്കൽ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നരിപ്പറ്റ രാജു സംവിധാനം ചെയ്ത് (രംഗപാഠം കെ.എസ്. വാസുദേവനും രാജു നരിപ്പറ്റയും) മുളന്തുരുത്തി ‘ആല’ അഭിയനക്കളരി ‘ദ ഫ്ളോർ’ അതേ പേരിൽ അവതരിപ്പിച്ച നാടകം കോവിഡ് കാലത്ത് കേരളത്തിൽ സംഭവിച്ച പ്രധാന നാടക പ്രൊഡക്ഷനിൽ ഒന്നാണ്. മലയാള നാടകവേദിയുടെ അതിജീവനത്തിന്റെ കരുത്താർന്ന അനുഭവം. കഥയെ അപ്പടി പിന്തുടരാതെ രംഗപാഠത്തിന്റെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നതിലും നാടകം വിജയിച്ചു. കഥയിൽ നിന്നാരംഭിച്ച് നാടകത്തിൽ വിമോചിക്കപ്പെടുന്ന ഈസയെയാണ് അരങ്ങിൽ കാണികൾ കാണുന്നത്. അടിത്തട്ടിലെ ‘ഗൾഫ് ബാച്ചിലർ മലയാളി’ ഒരു പക്ഷെ ഇതാദ്യമായിട്ടായിരിക്കാം മലയാള നാടകത്തിൽ പ്രവേശിക്കുന്നത്. അത്തരമൊരു ചരിത്രപരമായ പ്രാധാന്യം കൂടി ഈ നാടകത്തിനുണ്ട്. നാട്ടിൽ കുടുംബം ഉണ്ടായിരിക്കെ ഗൾഫിൽ ഒറ്റക്ക് കഴിയുന്നവരെയാണ് ‘ബാച്ചിലർ’ എന്നുവിളിക്കുന്നത്. മലയാളിയുടെ ആറുപതിറ്റാണ്ടിലധികമായി തുടരുന്ന (ഇന്നത് ദുർബലമായെങ്കിലും) ഗൾഫ് തൊഴിൽ പ്രവാസത്തിൽ ഇന്നും ഈ ബാച്ചിലർ പ്രതിഭാസമുണ്ട്. രണ്ടും മൂന്നും തട്ടുള്ള കട്ടിലുകളും പത്തും ഇരുപതും ആളുകളും പാർക്കുന്ന ബാച്ചിലർ ബെഡ്സ്പെയ്സുകൾ കേരളത്തിലുളളവർ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മലയാളി ഗൾഫ് യാഥാർത്ഥ്യമാണ്. ഗൾഫ് കേരളത്തിൽ എല്ലായിപ്പോഴും പളപളപ്പിന്റേയും പണ സമൃദ്ധിയുടേയും മാത്രം രൂപകമായാണ് പ്രവർത്തിച്ചിട്ടുള്ളത്. കിട്ടുന്ന പണം നാട്ടിലേക്കയച്ച് കുടുംബം പോറ്റുകയും ഇതിനിടയിൽ ഗൾഫിൽ തന്നെ മരിക്കുകയും ചെയ്ത പതിനായിരങ്ങളുണ്ട്. അവരുടെ ജീവിതത്തിന്റെ ഉള്ളടക്കം എന്തായിരുന്നു? അവർക്ക് ഒരു ദിവസമെങ്കിലും സ്വന്തം ജീവിതം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടോ? അവർ എവിടുത്തെ പൗരന്മാരാണ്? ഏത് മനുഷ്യനും അവകാശപ്പെട്ട സ്വന്തം നാട്ടിലെ ആറടി മണ്ണു പോലും അവർക്ക് നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ഈസ ഈ ചോദ്യങ്ങൾ മലയാളി സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നു.
കഥയിൽ ഈസ പറയുന്നു: “ഗൾഫിൽ ഒരു മുറിയിൽ പതിനാല് പേരായിരുന്നു. ഒരാൾക്ക് ഇരുന്നൂറ് ദിർഹം. വാടക പിന്നേയും കൂടി. മൂന്ന് അട്ടിയുള്ള കട്ടിലിന്റെ ഏറ്റവും മുകളിൽ അള്ളിപ്പിടിച്ച് കയറിയാണ് ഞാനുറങ്ങിയത്. അനവധി വർഷം. ആദ്യമൊക്കെ തറനിരപ്പിലുള്ള ഇരുമ്പ് കട്ടിൽ കിട്ടിയിരുന്നു. പിന്നെ അതും ഇല്ലാതായി. ദുബായ് നൈഫിലെ ആ ഗലി വളരെപ്പെട്ടെന്നായിരുന്നു എന്നെപ്പോലെ പാവപ്പെട്ടവരുടെ നഗരമായി മാറിപ്പോയത്. തെരുവു കച്ചവടക്കാരുടെ സംഘങ്ങൾ കലപില കൂട്ടുന്ന അങ്ങാടി. നഗരം വികസിച്ചു വരും തോറും താമസിക്കാനുള്ള സ്ഥലത്തെക്കുറിച്ചായിരുന്നു വലിയ വേവലാതി. ഞങ്ങൾക്ക് ഉറങ്ങാനുള്ള സ്ഥലം ഓരോ ദിവസവും ചുരുങ്ങിച്ചുരുങ്ങി വന്നു. നാട്ടിലെ പ്രയാസങ്ങൾ ഓർത്തപ്പോൾ അതിന്റെ വ്യത്യാസം താനെ മറന്നുപോയി എന്നതാണ് സത്യം”. കട്ടിലിന്റെ മൂന്നാം തട്ടിൽ കിടക്കുമ്പോൾ മുഖത്തോട് ചേർന്നു നിൽക്കുന്ന ഫാനിനെക്കുറിച്ചും അതിന്റെ മുരളിച്ചയുണ്ടാക്കുന്ന ഭയത്തെക്കുറിച്ചും പിന്നീടത് ശീലമായി മാറുന്നതിനെക്കുറിച്ചും ഈസ നാടകത്തിൽ ഹൃദയം തൊടും വിധം പറയുന്നുണ്ട്.
ഇങ്ങിനെ ജീവിച്ച ഈസ കോവിഡ് ബാധിച്ച് മരിക്കുന്നു. ദുബായിൽ തന്നെ ഖബറടക്കുന്നു. എന്നാൽ അയാൾ നാട്ടിലെ തന്റെ വീട്ടിൽ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നു. ഇതിനെക്കുറിച്ച് മകളുടെ ഭർത്താവ് പോലീസിൽ പരാതിപ്പെടുന്നു. പോലീസ് സംഘം ‘മരിച്ച’ ഈസയെ വെടിവെച്ച് വീഴ്ത്താൻ ശ്രമിക്കുന്നു. ഇതിനിടയിൽ ആ ഗൾഫുകാരന്റെ ജീവിത കഥ അരങ്ങിൽ വിശദമാക്കപ്പെടുന്നു. അതയാളുടെ മാത്രമല്ല, നിരവധിയായ മലയാളികളുടെ ആത്മകഥയാണ്. കേരളം രേഖപ്പെടുത്താത്ത ഗൾഫ് മലയാളി(രേഖപ്പെടുത്തിയത് വിജയിച്ച ഗൾഫുകാരുടെ ജീവിതം മാത്രമാണ്, പരാജയപ്പെട്ടവരെ ഒരിടത്തും നമുക്ക് കാണാനാകില്ല)യുടെ ചരിത്രമാണ്. സ്വാതന്ത്ര്യ സമര സേനാനി (ഇന്ത്യൻ പൗരനാണെന്നും പാക്കിസ്ഥാൻ പൗരനല്ലെന്നും തെളിയിക്കാനുള്ള രേഖകളില്ലാതെ സ്വത്ത് വകകൾ സർക്കാർ കണ്ടുകെട്ടിയ) കീലത്ത് തർവി ഹസന്റെ മകനാണ് ഈസ. പിതാവിന്റെ ഈ അവസ്ഥയാണ് അയാളെ ഗൾഫുകാരനാക്കിയത്.
നാടകത്തിൽ ഒരിക്കലും മായാതെ മനസ്സിൽ നിൽക്കുന്ന രംഗം കത്തെഴുത്ത്/കത്ത് വായനയുടേതാണ്. ബാച്ചിലർ മുറികളിലേക്ക് വരുന്ന കത്തുകൾ. അതയക്കുന്നവരും വായിക്കുന്നവരും ഒരേ രംഗത്തിൽ സഞ്ചരിക്കുന്നു. കത്തുകളുടെ സഞ്ചാര പഥങ്ങളെയാണ് ആ രംഗത്തെ കഥാപാത്രങ്ങൾ ഓർമ്മിപ്പിക്കുന്നത്. ഈസ മാത്രമല്ല, ബാച്ചിലർ മുറികളിലെ മറ്റുള്ളവർക്കും കത്തുകൾ വരുന്നു. വലിയ പേനകൾ കൊണ്ട് അതിദീർഘമായി എഴുതപ്പെട്ട എയർമെയിൽ/എയ്റോഗ്രാം കത്തുകൾ. ഗൾഫുകാരെക്കുറിച്ചുള്ള പഠനങ്ങളിൽ ഒട്ടും കടന്നുവരാത്ത ഒന്നാണ് ഈ കത്തുകൾ. കത്തെഴുത്ത് ഇന്ന് അവസാനിച്ചുവെങ്കിലും ഗൾഫ് ജീവിതത്തിൽ അടുത്ത കാലം വരെ ഏറ്റവും കൂടുതൽ വിനിമയങ്ങൾ നടന്നത് കത്തുകളിലൂടെയാണ്. അവയിലൂടെ കടന്നു പോയാൽ പല തലമുറകൾ എങ്ങിനെ ജീവിച്ചുവെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും. വീട്ടിലുള്ള സ്ത്രീകളുടേയും കുട്ടികളുടേയും കത്തുകളാണ് ഗൾഫിലുള്ള പുരുഷന്മാരിലേക്ക് നാടകത്തിലെ ഈ രംഗത്തിലൂടെ പ്രവഹിക്കുന്നത്.
കത്തുകളുടെ ഉള്ളടക്കം ഇങ്ങിനെ:
“നിങ്ങളുടെ കത്ത് വൈകിയപ്പോൾ സ്നേഹിച്ച പെൺകുട്ടി തെക്കു നിന്നു വന്ന ആളുടെ കൂടെ ഒളിച്ചോടിപ്പോയി”.
“വീടിന്റെ പണി ഇന്നലെ തുടങ്ങി”.
“മോൾക്ക് നിങ്ങളുടെ ഛായ തന്നെയാ, എല്ലാവരും കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കി”.
“മോൾടെ പ്രസവം പ്രൈവറ്റ് ആശുപത്രിയിൽ തന്നെയാ നല്ലത്”.
“പെരുന്നാളിന് നല്ല മൊഞ്ചുള്ള ശർവാണി വാങ്ങിത്തന്നു ഉമ്മ”.
“നമ്മുടെ അങ്ങാടിയിലെ കെട്ടിടങ്ങളെല്ലാം ചായമടിച്ച് ജോറാക്കിയിട്ടുണ്ട്. നമ്മുടെ പള്ളിയിപ്പോ മക്ക പോലെയായി”.
“ഹാർമോണിയം വേണ്ട. പാട്ട് ഹറാമാണെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ട്”.
ഗൾഫ് കത്തുകളുടെ പൊതു ഉള്ളടക്കം മേൽ പറഞ്ഞ വരികളിലുണ്ട്. അതായിരുന്നു അവരുടെ ലോകം. മലയാള നാടകവേദിയിലെ ഉജ്ജ്വല രംഗാവിഷ്കരണങ്ങളിലൊന്നായി ഈ രംഗം അനുഭവപ്പെട്ടു. കത്തെഴുത്തിന്റെ അവസാന കാലത്ത് ഞാനും ഒരു ബാച്ചിലർ ഗൾഫുകാരനായിരുന്നു എന്നതുകൊണ്ടാകാം ഈ രംഗം ശരിക്കും പിടിച്ചുലച്ചു. ഗൾഫ് കത്തുകൾ ഒരു പഠനത്തിന്റെ ഭാഗമായി ശേഖരിച്ചു പഠിച്ചപ്പോൾ വിഷാദരോഗത്തിന് സ്വയം ചികിത്സിച്ചിരുന്ന സ്ത്രീകളുടെ ജീവിത നേർക്കഥകൾ വായിച്ച് ഞാൻ ഞെട്ടിയിട്ടുണ്ട്. കൂട്ടുകാരികളിലൊരാൾക്ക് ഡോക്ടർ നൽകിയ വിഷാദരോഗ ഗുളിക കുറിപ്പടി ഉപയോഗിച്ച് മരുന്ന് വാങ്ങി സ്വയം ചികിത്സിച്ച സ്ത്രീകളെയാണ് ആ കത്തുകളിൽ ഞാൻ കണ്ടത്. ഇത്തരം നിരവധിയായ ഓർമ്മകൾ കൂടി ഉള്ളതുകൊണ്ട് കത്തെഴുത്ത് രംഗം/വായന രംഗം കീഴ്പ്പെടുത്തിക്കളയുക തന്നെ ചെയ്തു.
ഈസയുടെ മകളുടെ ഭർത്താവ് കാസിം വീട്ടിനകത്ത് നമസ്ക്കരിക്കുമ്പോൾ പുറത്ത് ജനലിനോട് ചേർന്ന് നിന്ന് ഈസ പറയുന്നു: “ഇത് എന്റെ മണ്ണാണ്. ഞാൻ ഇവിടെ ജീവിക്കും”. ഈ സംഭാഷണത്തോടെ/പ്രസ്താവനയോടെയാണ് ഈസ (അനിൽ ഈശ്വരമംഗലമാണ് ഈസയായി വേഷമിട്ടത്) നാടകത്തിൽ പ്രവേശിക്കുന്നത്. പിന്നീട് പലപ്പോഴും ഈസ പ്രത്യക്ഷപ്പെടുന്നു. ഇങ്ങിനെ പറയുന്നു: “മുത്തേ ആമിനാ (ഭാര്യ) ഇത് ഞമ്മളാണ്. എനിക്ക് തണുത്തിട്ട് വയ്യ. മോളേ പൂവേ, ചെമ്പകം, എനിക്ക് വിശക്കുന്നു, ദാഹിക്കുന്നു. മോളെ ചെമ്പകം കുറച്ചു പച്ചവെള്ളം താ, നമ്മുടെ കിണിറ്റിലെ വെള്ളം മതി. ഇത് എന്റെ മണ്ണാണ്, മരിച്ചാലും ഞാനിവിടം വിട്ടുപോകില്ല”. ഇങ്ങിനെയുള്ള ആത്മപ്രകാശനങ്ങളാണ് ഈസ തന്റെ കുടുംബാംഗങ്ങളോട് നടത്തുന്നത്. തനിക്ക് നഷ്ടപ്പെട്ട ജീവിതത്തിന്റെ സാരാംശത്തെ മരണ ശേഷം ഭ്രഷ്ടനായിത്തന്നെ നിന്നു കൊണ്ട് അയാൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങളുടെ ഭർത്താവ് ഗൾഫിൽ എന്തു ജോലിയാണ് ചെയ്തിരുന്നതെന്ന പോലീസ് ചോദ്യത്തിന് ഭാര്യ ആമിനയുടെ കരഞ്ഞു കൊണ്ടുള്ള മറുപടി ഇങ്ങിനെ: “നമ്മുടെ നാട്ടിൽ അന്യദേശക്കാര് ചെയ്യുന്ന എല്ലാ ജോലിയും ചെയ്തു, ഒരു യന്ത്രം പോലെ”. ആമിനയുടെ സംഭാഷണം ഭർത്താവിന്റെ ജോലിയുടെ സ്വഭാവത്തെക്കുറിച്ചും ഇന്ന് കേരളത്തിൽ പൂർത്തിയായ ‘റിവേഴ്സ് മൈഗ്രേഷ’നിലേക്കും (അതിഥി തൊഴിലാളികളുടെ വരവ്) ഒരേപോലെ വെളിച്ചം വീശുന്നു.
തിന്നാതെയും കുടിക്കാതെയും ഉണ്ടാക്കിയ വീടിനകത്തേക്ക് പ്രവേശനമില്ലാതെ തങ്ങളുടെ പിതാവ് ജീവിക്കുന്നുവെന്ന് പെൺമക്കൾ കൃത്യമായി തിരിച്ചറിയുന്നു. മൂത്ത മകളെ കാസിമിന് വിവാഹം ചെയ്തു കൊടുത്ത നാളിൽ ഈസ മരുമകനോട് പറയുന്നു: “എനിക്ക് കാശയക്കാനേ അറിയൂ, കണ്ണെത്തില്ല. നീ നമ്മുടെ കണ്ണാകണം”. ഇതേ കാസിം പിൽക്കാലത്ത് സ്ഥലം എം.എൽ.എയുമായി ചേർന്ന് കട്ടപ്പനയിൽ ഹോം സ്റ്റേ, ആലപ്പുഴയിൽ റിസോർട്ട് എന്നീ കാര്യങ്ങൾക്കായി ഓടി നടക്കുമ്പോഴാണ് ദുബായിൽ ഖബറടക്കിയ ഈസ വീട്ടുവളപ്പിൽ പ്രവേശിക്കുകയും പലയിടങ്ങളിലായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത്. ഇത് വലിയ ഒരു ലോ ആന്റ് ഓർഡർ പ്രശ്നമായി മാറുന്നു. പൊലീസ് ഇടപെടുന്നു. ആദ്യം അന്ധവിശ്വാസം, പിന്നീട് ഗൂഡാലോചന, തുടർന്ന് രാജ്യദ്രോഹം എന്ന വിലയിരുത്തലിൽ പൊലീസ് എത്തുകയും നടപടികളിലേക്ക് കടക്കുകയും ചെയ്യുന്നു.
മരിച്ചവർക്ക് ആധാർ കാർഡില്ല. വോട്ടർ കാർഡുമില്ല. മരിച്ചവർ മണ്ണിനിടയിൽ കിടക്കണം. അവർ ഒരു രാജ്യത്തേയും പൗരന്മാരല്ല- ഇതാണ് അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ. മരിച്ചു കഴിഞ്ഞതിനാൽ പാസ്പോർട്ടും അസാധുവാക്കപ്പെട്ടു. ഒരു രേഖയുമില്ലാത്ത, പൗരത്വമില്ലാത്ത ഒരാളായി അയാൾ മാറുകയും ചെയ്തിരിക്കുന്നു. ഗൾഫുകാരുടെ ജീവിതകാലം മുഴുവനുള്ള പ്രശ്നമാണ് നാട്ടിലെ ഒരു രേഖയിലുമില്ലാതെയിരിക്കുക എന്നത്. ഈസ ഈ പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കേരളം പോലുള്ള ഒരിടത്ത് ഇനിയും ഫലപ്രദമായി നടക്കാത്ത ചർച്ചകളിലൊന്നാണിത്. വോട്ടർ പട്ടികയിലില്ലാത്തതുപോലെ എല്ലായിടത്തും അസാന്നിധ്യമായി മാറുന്ന പ്രവാസിയെ നാടകത്തിലെ പൊലീസ് അന്വേഷണത്തിനിടെ കാണികൾ കണ്ടുമുട്ടുന്നു.
അടിത്തട്ട് തൊഴിലാളിയുടെ ആഹ്ലാദത്തെക്കുറിച്ച് നാടകത്തിൽ ഈസ പറയുന്നു: “വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നടക്കുമ്പോൾ ഞങ്ങൾക്കു ചുറ്റും സന്തോഷത്തിന്റെ ലഹരി പടരും. ബാച്ചിലിറിടത്തിലെ കുളിമുറിയിൽ ബക്കറ്റിലേക്ക് വെള്ളം തുറന്നു വെച്ച് ഒരാൾ ഏറെ നേരം നിൽക്കുന്നുവെങ്കിൽ അത് ചങ്ക്പൊട്ടിയുള്ള തന്റെ കരച്ചിൽ പുറത്തേക്കു കേൾക്കാതിരിക്കാൻ വേണ്ടിയാണെന്നും” ഇതേ സംഭാഷണത്തെ ഈസ പൂരിപ്പിക്കുന്നു.
സ്വന്തം വീടു നിൽക്കുന്ന വളപ്പിലെ കാട്ടിലാണ് ഈസ ഒളിച്ചു താമസിക്കുന്നത്. ആ കാട് വെട്ടിവെളിപ്പിച്ചു നോക്കുന്നുണ്ട് കാസിം. എന്നാൽ അങ്ങിനെ ചെയ്താലുടനെ അവിടെ മാത്രം മഴ പെയ്യും. മരങ്ങൾ ആ മഴയിൽ കുതിർന്ന് വീണ്ടും കാടാകും. ഈസ അതേ കാട്ടിലോ വിറകുപുരയുടെ മേൽത്തട്ടിലോ വീണ്ടും അഭയം തേടും. ഈ ആഖ്യാനം കേൾക്കുമ്പോൾ അന്വേഷണോദ്യോഗസ്ഥൻ ചോദിക്കുന്നു, ഇതെന്താ ഹോളിവുഡ് കഥയോ, അതോ മാക്ബെത്ത് നാടകമോ എന്ന്. പ്രവാസി മലയാളിയുടെ ഉള്ളിലുള്ള, അവർ കേരളം വിട്ടുപോകുമ്പോഴുള്ള, പ്രകൃതി അവർക്കൊപ്പം നിത്യവും വളർന്നുകൊണ്ടിരിക്കുന്നതിന്റെ സൂചന കൂടിയാണ് ഈസയുടെ വീട്ടുവളപ്പിലെ കാടിന്റെ സാന്നിധ്യം. ആ ജൈവപ്രകൃതിയിലാണ് മരിച്ച ഈസ സ്വന്തം നാട്ടിൽ ജീവിക്കുന്നത്. അതേ ജൈവപ്രകൃതിയാണ് അനുനിമിഷം കേരളത്തിൽ മാഞ്ഞു പോയ്ക്കൊണ്ടിരിക്കുന്നതും.
ദുബായിൽ മരിക്കുകയും അവിടെത്തന്നെ അടക്കുകയും ചെയ്ത ഈസ സ്വന്തം മണ്ണിൽ തന്റെ പ്രഹേളികാ ജീവിതം തുടരുന്നതും അതിന്റെ സംഘർഷങ്ങളുമാണ് നാടകം അനാവരണം ചെയ്യുന്നത്. ഈസ ഒളിച്ചു താമസിക്കുന്ന കാട് വളയണമെന്നും ഇല്ലീഗൽ ഇമിഗ്രേഷൻ എന്ന കുറ്റവും ദേശീയ സുരക്ഷക്ക് ഭീഷണി എന്ന വകുപ്പും ചുമത്തി കേസ് കൈകാര്യം ചെയ്യപ്പെടണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിക്കുന്നു. പിതാവ് ഗൾഫിൽ മരിച്ച അന്വേഷണ സംഘത്തിലുള്ള സമീർ എന്ന പൊലീസുകാരന് മാത്രമാണ് മരിച്ചിട്ടും നാട്ടിൽ ജീവിക്കാൻ കൊതിക്കുന്ന ഈസയുടെ ഉള്ള് കാണാനും അറിയാനും കഴിയുന്നുള്ളൂ. അയാൾക്കു മാത്രമാണ് ഈസയുമായി മനുഷ്യ സാധ്യമായ സംഭാഷണം സാധ്യമാകുന്നുള്ളൂ. അതിനുള്ള കാരണം അയാളുടെ പിതാവ് ഗൾഫിൽ മരിക്കുകയും അവിടെത്തന്നെ അടക്കുകയും ചെയ്തുവെന്നതുമാണ്. അനുഭവങ്ങളിലെ സാമ്യത മനുഷ്യനെ കൂടുതൽ മനുഷ്യരാക്കുമെന്ന തത്വം സമീർ സ്ഥാപിക്കുന്നു. ഈസയും സമീറും നടത്തുന്ന നാടകത്തിലെ കേരള/ഗൾഫ് തൊഴിലാളി ജീവിതത്തിന്റെ ആഖ്യാന സുതാര്യത പ്രവാസി മലയാളിയെക്കുറിച്ചുള്ള നിരവധി മിത്തുകൾ തകർക്കുന്നതാണ്. ഗൾഫ് മലയാളിയിലെ അടിത്തട്ടിലുള്ളവരെ കേരള മുഖ്യധാരക്ക് ഒട്ടും പരിചയമില്ല, അല്ലെങ്കിൽ അവർ അപ്പാടെ അവഗണിക്കപ്പെടുന്നു. തന്റെ പിതാവ് സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കാനും മറ്റുമക്കളെ വളർത്തി വലുതാക്കാനും എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കി സമീർ ഈസയുമായുള്ള സംഭാഷണ മധ്യേ ഹൃദയം നുറുങ്ങും വിധം കരയുന്നുണ്ട്. അവഗണിക്കപ്പെട്ട മനുഷ്യന്റെ മുദ്രാവാക്യം ചങ്കുപൊട്ടുന്നതും പൊട്ടിക്കുന്നതുമാണ്.
ഈസയെ കല്ലെറിഞ്ഞോടിക്കാനാണ് കാസിമും മറ്റും ശ്രമിക്കുന്നത്. കല്ലുകൾ പായുന്ന അരങ്ങാണ് കാണിക്ക് മുന്നിൽ പലപ്പോഴും ദൃശ്യമാകുന്നത്. മൂളിപ്പായുന്ന കല്ലുകൾ. അവയുടെ ലക്ഷ്യം ഈസ തന്നെ. എന്നാൽ കല്ലേറ് ഈസയുടെ ശരീരത്തിലുണ്ടാക്കുന്ന മുറിവുകൾ ഉടനെ ഉണങ്ങുന്നു. സ്വന്തം മണ്ണിലെ കനൽപ്പാതയിലൂടെ സഞ്ചരിക്കുമ്പോൾ ഈസ വീണ്ടും വീണ്ടും കല്ലുകളാൽ ആക്രമിക്കപ്പെടുന്നു. കല്ലുകളും അവഗണനയും തീർത്ത മനുഷ്യാവസ്ഥയിലൂടെയാണ് അയാൾ നാൽപ്പത് വർഷവും സഞ്ചരിച്ചത്. മരുഭൂമിയിലെ മനുഷ്യർ തന്നോട് പലപ്പോഴും കരുണയോടെ പെരുമാറിയതായി ഈസ ഒരിക്കൽ ഓർക്കുന്നുമുണ്ട്. മരിച്ച ഈസ പ്രത്യക്ഷപ്പെടുന്നത് മിക്കപ്പോഴും തന്റെ കുടുംബാംഗങ്ങൾക്കു മുന്നിലാണ്. ഒരിക്കൽ താൻ പ്രേതമാണെന്നു പറഞ്ഞ് മന്ത്രവാദം നടത്താൻ ശ്രമിക്കുന്ന മുസ്ലിയാരുടെ മുന്നിലും (ഇയാൾ പണം എണ്ണി എണ്ണി ക്ഷീണിക്കുന്ന ഒരാൾ കൂടിയാണ്, മലബാർ കലാപ നായകൻ ആലി മുസ്ലിയാരെക്കുറിച്ച് തളിപ്പറമ്പ് ചെമ്പന്തൊട്ടിയിലെ ഖത്തീബല്ലേ എന്നു ചോദിക്കുന്നിടം വരെയുള്ള ‘ജ്ഞാന’മാണ് ഈ കഥാപാത്രത്തിനുള്ളത്) അയാൾ വരുന്നുണ്ട്. എന്തുകൊണ്ട് അയാൾ തന്റെ കുടുംബത്തിനു മുന്നിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്നു, ഉത്തരം ലളിതമാണ്. ജീവിത കാലമത്രയും അവർക്കു വേണ്ടി മാത്രമാണ് അയാൾ ജീവിച്ചത്. മരിച്ചവർക്കെതിരെ സർച്ച് വാറന്റയക്കാൻ വകുപ്പുണ്ടോയെന്നു നോക്കട്ടെ എന്ന എസ്.ഐ. ദ്രൗപദിയുടെ പ്രസ്താവന “Dramatic irony is a cruel occurrence” എന്നു പറയാറുള്ളതിനെ ഓർമ്മിച്ചു. ശരീരമില്ലാതെ അയാൾ എങ്ങിനെ സഞ്ചരിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം തേടുന്ന ടി.വി പരിപാടിയും മറ്റൊരു ഐറണി തന്നെ.
ഗൾഫിൽ ഭർത്താവിനൊപ്പം കഴിയുന്ന ഈസയുടെ ചെറിയ മകൾ മരിച്ച ഉപ്പയെക്കാണാൻ തനിക്കാവില്ലെന്നു പറയുന്നു. അവരുടെ ഭർത്താവാണ് ഈസയെ അവിടെ ഖബറടിക്കയതുകണ്ട കുടുംബത്തിൽ നിന്നുള്ള ഏക സാക്ഷി. മൂത്തമകൾ ഈസയെക്കണ്ട് മനോവിഭ്രാന്തിയിൽ അകപ്പെടുന്നു. അവരെ ചികിത്സിക്കുന്ന ഡോക്ടർ ചോദിക്കുന്നു, നിങ്ങൾക്ക് മരിച്ച ഉപ്പയെ വേണോ, വളർന്നു കൊണ്ടിരിക്കുന്ന നിങ്ങളുടെ കുഞ്ഞിനെ വേണോ എന്ന്. കുഞ്ഞിനെ എന്ന മറുപടി വരുമ്പോൾ ഡോക്ടർ പറയുന്നു: “പൊരുത്തപ്പെടുന്നവരുടെ പൂന്തോട്ടമാണ് ഈ ലോകം”. പെൺമക്കൾക്കും ഭാര്യക്കും ഈസയോട് സ്നേഹവും അനുതാപവുമുണ്ട്. പക്ഷെ അവർ തങ്ങളുടെ ലോകത്തിന്റെ തന്നെ തടവുകാർ കൂടിയാണ്. മരിച്ചിട്ടും ജീവിക്കുന്ന ഈസയോട് എങ്ങിനെ പെരുമാറണമെന്ന് അവർക്ക് അറിഞ്ഞു കൂടാ.
അർധ സൈനികരെക്കൊണ്ട് കാടുവളഞ്ഞ് ഈസയെ വെടിവെച്ചിടാൻ തീരുമാനിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ യുക്തി ഇങ്ങിനെയാണ്: “അയാൾ ഒരു പൗരനെന്ന നിലയിൽ ഈ രാജ്യത്ത് ജീവിച്ചിരിപ്പില്ല. റെക്കോർഡിക്കലായി പൗരത്വവുമില്ല. അതുകൊണ്ടു തന്നെ യാതൊരു അവകാശവും അയാൾക്കിവിടെയില്ല. ഉടൻ രാജ്യം വിട്ടോളണം. രേഖകൾ ഹാജരാക്കാനും ഓർഡർ നമ്മളിടും. അതയാൾക്ക് പറ്റില്ല. പിന്നെ പുറത്താക്കൽ മുതൽ എന്തു ശിക്ഷയും നമ്മുടെ കയ്യിൽ. പുതിയ പരിതഃസ്ഥിതിയിൽ കോടതി സപ്പോർട്ട് ചെയ്യും. മരിച്ചവർക്ക് എന്തു രേഖ! അതെ ഇല്ലീഗലായിട്ടുള്ള കുടിയേറ്റമാണിത്”.
നാടകത്തിന്റെ അവസാന ഭാഗത്ത് ഈസയുടെ മരുമകൻ കാസിം ഇങ്ങിനെ പറയുന്നു: “അമ്മോശൻ (ഭാര്യാപിതാവ്) ഒറ്റക്കല്ല. ഇപ്പോൾ വേറെ ആരൊക്കെയോ കൂടെയുണ്ട്. കൃത്യമായി ആരെന്ന് പറയാൻ കിട്ടുന്നില്ല. സ്കൂൾ ടെക്സ്റ്റ് ബുക്കുകളിലൊക്കെ കണ്ടിട്ടുള്ള ചില ചിത്രങ്ങളിലെപ്പോലുള്ളവർ. (ഈ സമയത്ത് കുട്ടികൾ മനുഷ്യ വിമോചക സമരങ്ങളിൽ പങ്കെടുത്ത പലരുടേയും ചിത്രങ്ങളുമായി അരങ്ങിലൂടെ നീങ്ങുന്നു). അപ്പോൾ കാടായി നിലനിൽക്കുന്ന സ്ഥലത്ത് വൃക്ഷശാഖികൾ ഉയർത്തിപ്പിടിച്ച് നിരവധി പേർ അരങ്ങിൽ പ്രത്യക്ഷപ്പെടുന്നു. ഈ രംഗത്താണ് ഈസ എന്ന അതിസാധാരണ മനുഷ്യൻ വിമോചക മനുഷ്യനായി രൂപാന്തരപ്പെടുന്നത്. അതാണ് നാടകം ചെയ്യുന്നതും സ്ഥാപിക്കുന്നതും. ഈസ ഇവിടെ യേശുക്രിസ്തുവായി, എല്ലാ കല്ലേറുകൾക്കും കുരിശേറ്റങ്ങൾക്കുമൊടുവിൽ ദാരിദ്ര്യത്തിനെതിരെ പൊരുതിയ മലയാളി ഗൾഫ് വിമോചകനായി തന്നെ മാറുന്നു. സാധാരണ ഗൾഫുകാർ വാസ്തവത്തിൽ കേരളത്തിൽ സാധിച്ചതും ഇതു തന്നെയായിരുന്നു. അടിത്തട്ടു ജീവിതത്തിലെ പട്ടിണിയോടായിരുന്നു അവരുടെ പോരാട്ടം. ഈ രംഗത്തിൽ വെടിവെക്കുമെന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥനോട് ഈസ ഇങ്ങിനെ പറയുന്നു: “മരിച്ചവർ വീണ്ടും കൊല്ലപ്പെടുമോ. അങ്ങിനെയെങ്കിൽ എന്റെ കൂടെയുള്ളവരെ തേച്ചു മാച്ചു കളയൂ സാർ”.
കാസിമിന്റെ ശരീരത്തിലേക്ക് ഒന്നിനു മീതെ ഒന്നായി ഈസ കല്ലുകൾ പതിപ്പിച്ചുകൊണ്ടിരിക്കുന്നിടത്ത് നാടകം അവസാനിക്കുന്നു. കല്ലേറിലുള്ള രക്തസ്നാന രംഗത്തിൽ സ്വർഗത്തിനും നരകത്തിനുമിടയിലുള്ള ഇടവഴിയിലേക്ക് മനുഷ്യരാശി ഒരിക്കൽ കൂടി പ്രവേശിക്കുന്ന അനുഭവം പ്രദാനം ചെയ്ത് അരങ്ങ് പിൻവാങ്ങുന്നു. പിന്നീടാ അരങ്ങ് കാണിയുടെ മനസ്സിലാണ് വളർന്നു കൊണ്ടിരിക്കുന്നത്.
കീലത്ത് തർവി ഹസൻ എന്ന സ്വാതന്ത്ര്യ സമര സേനാനിയെക്കുറിച്ചു പറയുമ്പോൾ 1921ലെ മലബാർ കലാപവും മലബാറിൽ നിന്നുള്ളവരെ റങ്കൂണിലേക്ക് നാടുകടത്താൻ നടന്ന ശ്രമങ്ങളെക്കുറിച്ചും വിശദമാക്കുന്നുണ്ട്. മലബാർ ചരിത്രത്തിലെ ആ ചരിത്ര പ്രതിനിധാനം കൂടി ഈസയിലൂടെ അവതരിപ്പിക്കപ്പെട്ടു.1921 വീണ്ടും ചർച്ചയാക്കപ്പെട്ട സമീപ കാലത്ത് പലയിടങ്ങളിലും കേട്ട കമ്പളത്ത് ഗോവിന്ദൻ നായരുടെ ഏറനാടിൻ ധീരമക്കളിലെ,
അന്നിരുപത്തിയോന്നിൽ നമ്മൾ ഇമ്മലയാളത്തില്
ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ലമട്ടില്
ഏറനാട്ടിൻ ധീരമക്കള് ചോര ചിന്തിയ നാട്ടില്
ചീറിടും പീരങ്കികൾക്ക് മാറു കാട്ടിയ നാട്ടില്
എന്ന വരികൾ തന്നെ ഉപയോഗിച്ചാണ് ഈ പ്രാതിനിധ്യം നാടകം അടയാളപ്പെടുത്തുന്നത്.
പൗരത്വം, അഭയാർത്ഥികൾ, ചരിത്ര സന്ദർഭങ്ങൾ എന്നിവ വിശദമാക്കാൻ അരങ്ങിന്റെ ഭാഗമായി തന്നെ വീഡിയോ പ്രതിഷ്ഠാപനം നടത്തിയത് വേണ്ട വിധത്തിൽ വിനിമയം ചെയ്യപ്പെട്ടുവോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഗൾഫ് ബാച്ചിലർ ജീവിതത്തിന്റെ കുറച്ചുകൂടി സൂചനകൾ വേണ്ടിയിരുന്നു എന്നും തോന്നി. അതുപോലെ കാടുമായി നീങ്ങുന്നവരുടെ രംഗത്തിന് പുതിയ സങ്കേതങ്ങളിലൊന്ന് ആവശ്യമാണെന്ന തോന്നലുമുണ്ടായി. ഒരു കാണിയുടെ ചെറു വിമർശനങ്ങളായി ഇപ്പറഞ്ഞ കാര്യങ്ങളെ കാണുക.
നാടകത്തിലെ ഏറ്റവും വലിയ പ്രോപ്പർട്ടി ഒരു മേശയാണ്. മൂന്നു തട്ടുള്ള കട്ടിലായും ഈസ ചുരുണ്ടുകിടക്കുന്ന വിറകട്ടിയുടെ മുകളിലെ സ്പേസായും പൊലീസ് ഓഫീസർ മുഷ്ഠി ചുരുട്ടി ഇടിക്കുന്ന ഇടമായും അധികാരത്തിന്റെ പ്രതിനിധിയായ എം.എൽ.എയും അയാളുടെ ദല്ലാളായ കാസിമും വട്ടമേശ സമ്മേളനം കൂടുന്ന ഇടമായും- അങ്ങിനെ പലതായി, സത്യത്തിൽ നാടകത്തിലെ പ്രധാന സ്പേസുകളിലൊന്നായി ആ മേശ മാറുന്നുണ്ട് (ഈ ആശയത്തിന് നാടക പ്രവർത്തകൻ സുഭാഷിനോട് കടപ്പാട്). ഈസി പ്രോപ്പർട്ടി എന്ന നാടകത്തിൽ അനിവാര്യമായ സങ്കേതം ഈസയിൽ എങ്ങിനെ ഉപയോഗിക്കപ്പെട്ടു എന്നതിന്റെ സൂചന കൂടിയാണ് മേശ സ്വയം വഹിച്ച വിവിധ റോളുകൾ.
നാടകത്തിൽ അഭിനയിച്ചവർ ഇവരാണ്: ഇസാദ് സനിത മനു, ആൽബിൻ എം.ബി, നമ്രത സതീഷ്, പദ്മിനി എസ്, ജിസ്ന മറിയ തോമസ്, സ്മിത എൻ.കെ, ലസിത എ. ജി, ഉഷ എം.കെ, അതുൽ വിജയ്, ഏലിയാസ് സാജു, വിഷ്ണുരാജ് പി, ജിനേഷ്കുമാർ, സുനിൽ സി.കെ, അനിൽ ഈശ്വരമംഗലം, ജോ സെബാസ്റ്റ്യൻ, വർഗീസ് എ.പി.
അണിയറയിൽ പ്രവർത്തിച്ചവർ: സംഗീതം – ഉമേഷ് സുധാകർ, സൗണ്ട് സ്റ്റുഡിയോ – ശ്രീക്ക്, സംഗീത നിർവ്വഹണം – ഹരിത ഹരിദാസ്, വസ്ത്രാലങ്കാരം – സീമ സി. ആർ. നിർവ്വഹണം – നിഷ ടി. രംഗവിധാനം, രാംഗോപകരണങ്ങൾ- പഞ്ചവർണം ആർട് ഹബ്, മുളന്തുരുത്തി. ദീപവിധാനം, നിർവ്വഹണം – ഷൈമോൻ ചെലാട്, സഹായം – അജി. വിഡിയോ രൂപകൽപ്പന – വൈശാഖ് എ, സോജൻ റോസമ്മ സാം, നിർവ്വഹണം – സോജൻ റോസമ്മ സാം, പോസ്റ്റേഴ്സ് – ശരത് കെ എം, ഡോക്യൂമെന്റഷൻ- എ. ജെ. ജോജി, വൈശാഖ്. ഓൺലൈൻ പ്രൊമോഷൻ- അജിത്, മുളന്തുരുത്തി. നിർമ്മാണ നിർവ്വഹണം – സുനതി എ. എസ്, അമൽ രാജു കെ, മാധവ്, തങ്കമ്മ. രംഗാധികാരി – നീരജ് വി എസ്. ഏകോപനം – മനു ജോസ്.