ഒറ്റവേദിയിൽ ഒരുമിച്ച്, അപൂർവത രചിച്ച് തുള്ളൽത്രയം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തൃശൂർ : തുള്ളൽത്രയം ഒറ്റവേദിയിൽ ഒരുമിച്ച് കണ്ടതിൻ്റെ ആവേശത്തിലാണ് തുള്ളൽ ആസ്വാദകർ.
എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയോട് അനുബന്ധിച്ച് നടന്ന കലാപരിപാടികളുടെ ഭാഗമായി വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരാണ് തുള്ളൽത്രയം അരങ്ങിലെത്തിച്ചത്.
തുള്ളൽത്രയത്തിൽ ആദ്യമായി ഒരുമിച്ച് പെൺകുട്ടികൾ വേദിയിൽ എത്തി എന്നതും അപൂർവതയായി.
കലാമണ്ഡലം ഉണ്ണിമായ, കലാമണ്ഡലം അശ്വതി, കലാമണ്ഡലം കവിത എന്നിവരായിരുന്നു തുള്ളൽത്രയം ആയി വേദിയിൽ എത്തിയത്.
പരമശിവനും പാർവതിയും അർജുനനും പ്രധാന വേഷത്തിൽ നിറഞ്ഞാടിയ കഥയിൽ ഇന്ദ്രനും ഗംഗയും എല്ലാം കഥാപാത്രങ്ങളായി.
ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിവയാണ് വേദിയിൽ അവതരിപ്പിച്ചത്.
കിരാതം കൃതി ആയിരുന്നു ഇതിവൃത്തം. വളരെ തന്മയത്വത്തോടെ കലാകാരികൾ വേദിയിൽ നിറഞ്ഞാടിയപ്പോൾ സദസും ആസ്വാദനത്തിൻ്റെ പാരമ്യതയിൽ എത്തി.
നൃത്തം ചവിട്ടിയും പാട്ടു പാടിയും ഹസ്ത മുദ്രകളാലും ആംഗ്യത്തിലുടെയും കഥ ചൊല്ലിയപ്പോൾ കാണികൾക്കും അത് വേറിട്ട അനുഭവമായി.
കലാമണ്ഡലം ഉണ്ണിമായ ഓട്ടൻ തുള്ളലും കലാമണ്ഡലം അശ്വതി ശീതങ്കൻ തുള്ളലും കലാമണ്ഡലം കവിത പറയൻ തുള്ളലുമാണ് അവതരിപ്പിച്ചത്.
കലാമണ്ഡലം നയനൻ, കലാമണ്ഡലം പ്രസൂൺ, കലാമണ്ഡലം സജിത് ബാലകൃഷ്ണൻ, കലാമണ്ഡലം സുമേഷ് എന്നിവർ പിന്നണിയിൽ നിറഞ്ഞു നിന്നു.