The Wild Tales അരങ്ങത്തേക്ക്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഡ്രാമയുടെ റെപ്പട്ടറി കമ്പനിയായ cult ന്റെ ഏറ്റവും പുതിയ നാടകം, പ്രശസ്ത എഴുത്തുകാരൻ ജി. ആർ ഇന്ദുഗോപന്റെ ചെന്നായ എന്ന ചെറുകഥയുടെ സ്വതന്ത്ര നാടകാവിഷ്കാരം The wild Tales.
മലയാള നാടക വേദിക്കു ആധുനികതയുടെ ഭാവുകത്വം നൽകി കഴിഞ്ഞ 42 വർഷത്തോളമായി നിരവധി കലാ പ്രവർത്തകരെ മലയാളത്തിനു സംഭാവന നൽകിയ, സ്കൂൾ ഓഫ് ഡ്രാമയുടെ പൂർവ്വ വിദ്യാർത്ഥികളുടെ റെപ്പട്ടറി കമ്പനി ആയ കൾട് ന്റെ ഈ വർഷത്തെ നാടകമാണ് ദി വൈൽഡ് റ്റാൽസ്.
നാടക കളരി പ്രസ്ഥാനത്തെ തുടർന്ന്, അതിൽ ഉടലെടുത്തെ ആശയങ്ങളെ മുൻനിർത്തി 1978 ൽ ആണ് ജി. ശങ്കരപിള്ളയുടെ നേതൃത്വത്തിൽ അരാണട്ടുകരയിലുള്ള ലാലൂരിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ ഡ്രാമ സ്കൂൾ ആരംഭിച്ചത്. ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ റെപ്പട്ടറി ആണ് cult (കാലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റിൽ തീയേറ്റർ ) . ഒട്ടനവധി നാടകങ്ങൾ കേരളത്തിനകത്തും പുറത്തും cult അവതരിപ്പിച്ചിട്ടുണ്ട്.
ഈ വർഷത്തെ നാടകം the wild tales പൂർവ്വവിദ്യാർഥി ആയ സി. എസ്. അലക്സ് ആണ് സംവിധാനം ചെയ്യുന്നത്. "ആസക്തികളുടെ ഈ കാലത്തു, മനുഷ്യൻ മനുഷ്യനോട് തന്നെ വികാര വിചാരങ്ങളില്ലാതെ മത്സരിക്കുന്നു. ജീവിത സംഘർഷങ്ങളെ ഒരു വിത്തിൽ നിന്നും മരമുണ്ടാകുന്ന വേഗത്തിൽ അവർ അടയാളപ്പെടുത്തുന്നു. മനുഷ്യൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവനിൽ മൃഗീയതയുടെ ചോദനകളും ഉണ്ടാകുമെന്ന് ഈ നാടകം പറഞ്ഞു വെക്കുന്നു."
പൂർവ്വ വിദ്യാർഥികളയാ ബിരേഷ് കൃഷ്ണൻ, അമൃത ശങ്കർ, അജിത്, വികാസ്, മനു. എസ്. പ്ലാവില എന്നിവരാണ് അരങ്ങിൽ.
ഏപ്രിൽ 25,26 തീയതികളിൽ വൈകുന്നേരം 7. മണിക്ക് തൃശൂർ സ്കൂൾ ഓഫ് ഡ്രാമ സ്റ്റുഡിയോ തീയേറ്ററിൽ നാടകം അരങ്ങേറും…!