കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ മെയ് ഒന്‍പതിന് സാംസ്‌കാരിക വകുപ്പ് മന്ത്രി വിതരണം ചെയ്യും
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമിയുടെ 2021 ലെ പുരസ്‌കാരങ്ങള്‍ വരുന്ന ഒന്‍പതിന് രാവിലെ പത്തിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്യും. തൃശ്ശൂര്‍ കേരള സംഗീത നാടക അക്കാദമിയുടെ കെ.ടി മുഹമ്മദ് സ്മാരക തിയേറ്ററിലാണ് പുരസ്‌കാര വിതരണ ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഫെലോഷിപ്പ് ജേതാക്കൾക്ക് 50,000 രൂപയും ഫലകവും ശില്പവും പൊന്നാടയും ലഭിക്കുമ്പോൾ അവാര്‍ഡ്, ഗുരുപൂജ പുരസ്‌കാര ജേതാക്കൾക്ക് 30,000 രൂപയും സര്‍ട്ടിഫിക്കറ്റും ശില്പവും പൊന്നാടയുമാണ് സമ്മാനിക്കുന്നത്. 2019 ലെ മികച്ച നാടക പഠനഗ്രന്ഥത്തിനുള്ള അവാര്‍ഡിന് 25000 രൂപയും സര്‍ട്ടിഫിക്കറ്റും ശില്പവും ചടങ്ങിൽ വച്ച് കൈമാറും. അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്താന്‍ പ്രത്യേക കൈപുസ്തകം ലഭ്യമാക്കുന്നുണ്ടെന്നും അക്കാദമി വൃന്ദങ്ങൾ അറിയിച്ച.
അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാമേഖലകളില്‍ സംഭാവനകൾ നല്‍കിയ മൂന്ന് പേര്‍ക്ക് ഫെലോഷിപ്പും 17 പേര്‍ക്ക് അവാര്‍ഡും 23 പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരവുമാണ് നല്‍കുന്നത്. പുരസ്‌കാരവിതരണ ചടങ്ങില്‍ അക്കാദമി വൈസ്ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. അക്കാദമി നിര്‍വാഹക സമിതി അംഗം ഫ്രാന്‍സിസ് ടി. മാവേലിക്കര പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളായ വിദ്യാധരന്‍ മാസ്റ്റര്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, വി.ടി. മുരളി എന്നിവര്‍ സംസാരിക്കും. അക്കാദമി സെക്രട്ടറി ജനാര്‍ദ്ദനന്‍ കെ. സ്വാഗതവും നിര്‍വാഹക സമിതി അംഗം അഡ്വ. വി.ഡി. പ്രേമപ്രസാദ് നന്ദിയും പറയും.
പുരസ്‌കാരവിതരണ ചടങ്ങിന് മോടി കൂട്ടാന്‍ മേളം പെരിങ്ങോട് ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന മേളവും സംഘടിപ്പിക്കുണ്ട്. ചടങ്ങ് ആരംഭിക്കുന്നതിന് മുന്നോടിയായി രാവിലെ 9.15 ന് ആണ് മേളം നടത്തുന്നത്.
പുരസ്‌കാര വിതരണത്തോടനുബന്ധിച്ച് സജ്ജമാക്കുന്ന അക്കാദമിയുടെ പുസ്തകമേളയില്‍ അക്കാദമി പുസ്തകങ്ങള്‍ 30 ശതമാനം വിലക്കിഴിവില്‍ ലഭിക്കും. മേളയില്‍ നിന്നും പഴയ ലക്കം കേളികള്‍ പകുതി വിലയ്ക്ക് വാങ്ങാനും കഴിയും. കേളി വരിസംഖ്യ എടുക്കുന്നതിനുള്ള സൗകര്യവും മേളയില്‍ ഒരുക്കും. 5000 രൂപയ്ക്ക് പുസ്തകം വാങ്ങുന്നവര്‍ 2500 രൂപ മാത്രം നല്‍കിയാല്‍ മതിയെന്നതാണ് മേളയുടെ മുഖ്യ ആകര്‍ഷണം. നാടകം, സംഗീതം, നൃത്തം, വാദ്യകല സംബന്ധിയായ നിരവധി പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നതെന്നും വാർത്താകുറിപ്പിൽ പറയുന്നു.