'ഞാൻ അവൾക്കൊപ്പമല്ല, അവനൊപ്പമാണ്; ഒടുവിൽ മാറ്റിപറഞ്ഞ് സുമേഷ് മൂർ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിൽ തനിക്ക് വിശ്വാസ്യത തോന്നുന്നില്ലെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുമേഷ് മൂർ. അവൾക്കൊപ്പം എന്ന് പറയുന്നത് ട്രെൻഡായി മാറിയെന്നും താൻ അവനൊപ്പമാണെന്നുമാണ് സുമേഷ് പറയുന്നത്. ആണുങ്ങൾക്ക് മിണ്ടാൻ പറ്റാത്ത അവസ്ഥയാണെന്നും മിണ്ടിയാൽ മീടുവോ റേപ്പോ ആകുമെന്നും സുമേഷ് മൂർ പറഞ്ഞു. ഹോം സിനിമയ്ക്ക് അവാർഡു കിട്ടാത്തതിൽ വിഷമമുണ്ടെന്നും മീഡിയ വണ്ണിനു നൽകിയ അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു.
ലൈംഗിക പീഡന പരാതി നൽകുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മോശം പരാമർശങ്ങളാണ് സുമേഷ് മൂറിൽ നിന്നുണ്ടായത്. ഒരുവട്ടം പീഡിപ്പിക്കപ്പെട്ടാൽ അപ്പോൾ തന്നെ പ്രശ്നമാക്കിയാൽ പോരെ. എന്തിനാണ് പിന്നെയും നിരന്തരമായിട്ട് അങ്ങോട്ട് പീഡിപ്പിക്കപ്പെടാൻ വേണ്ടി പോയിക്കൊണ്ടിരിക്കുന്നതെന്നാണ് സുമേഷ് ചോദിക്കുന്നത്. ഏതുപൊട്ടനും കാര്യങ്ങൾ മനസിലാകുമെന്നും താരം പറയുന്നു.
"വിജയ് ബാബുവിന്റെ കേസിൽ എനിക്ക് വിശ്വാസ്യത തോന്നുന്നില്ല. ഞാൻ അവനൊപ്പമാണ്. അവൾക്കൊപ്പം നിൽക്കുന്നത് ഒരു ട്രെൻഡാകുന്നുണ്ട്. ഇതെന്താണ് ചന്തയോ. വിമർശനമുണ്ടാകട്ടെ കുഴപ്പമില്ല. എനിക്കെതിരെ മീടുവോ റേപ്പോ എന്തെങ്കിലും വന്നാൽ ഞാനത് സഹിക്കും. അങ്ങനെയല്ലാതെ എന്താ ചെയ്യുക. ആണുങ്ങൾക്ക് ആർക്കും ഒന്നും മിണ്ടാൻ പറ്റില്ല. അപ്പോഴത് റേപ്പായി, മീടുവായി കേസായി. സമാന്യ ലോജിക്കിൽ ചിന്തിച്ചാൽ മനസിലാകില്ലേ ഇത്. ഒരേ സ്ഥലത്ത് അഞ്ചാറ് പ്രാവശ്യം, അല്ലെങ്കിൽ അമ്പത് വട്ടം പോയിട്ട് പീഡിപ്പിക്കപ്പെടുക എന്ന് പറയുന്നത്. ഒരുവട്ടം പീഡിപ്പിക്കപ്പെട്ടാൽ അപ്പോൾ തന്നെ പ്രശ്നമാക്കിയാൽ പോരെ. എന്തിനാണ് പിന്നെയും നിരന്തരമായിട്ട് അങ്ങോട്ട് പീഡിപ്പിക്കപ്പെടാൻ വേണ്ടി പോയിക്കൊണ്ടിരിക്കുന്നത്,' മൂർ പറഞ്ഞു.
ഒരു സിനിമയുടെ പ്രൊഡ്യൂസർക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് പറഞ്ഞ് അതിനകത്ത് അഭിനയിച്ച ആളുകളെ തള്ളിക്കളയുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല. പിന്നെ ആ കേസ് തന്നെ എടുക്കൂ. ഒരു സ്ഥലത്ത് ഒന്നിലധികം തവണ, അഞ്ചാറ് വട്ടം ഒരാളുടെ കൂടെ പോയി പീഡിപ്പിക്കപ്പെടുക എന്ന് പറയുന്നത് ഞാൻ വിശ്വസിക്കുന്നില്ല. ഏത് പൊട്ടനും മനസിലാകും ഈ കാര്യങ്ങളൊക്കെ. അതിന്റെ പേരിൽ പടത്തിനെയൊക്കെ തഴയുക എന്ന് പറയുന്നതിനോട് എനിക്ക് യാതൊരു അഭിപ്രായവുമില്ല. എനിക്ക് കിട്ടിയ ഈ അവാർഡ് ഹോമിലുണ്ടായിരുന്നവർക്ക് വേണ്ടി ഞാൻ ഡെഡിക്കേറ്റ് ചെയ്യുകയാണ്. ഇന്ദ്രൻസേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ അവാർഡ് ഇന്ദ്രൻസിന് ഞാൻ ഡെഡിക്കേറ്റ് ചെയ്യുകയാണെന്നും താരം കൂട്ടിച്ചേർത്തു. കള സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരമാണ് മൂർ നേടിയത്.
ലൈംഗികാതിക്രമം പരാതിപ്പെടുന്നവരെയും മീടൂ ആരോപണം ഉന്നയിക്കുന്നവരെയും അധിക്ഷേപിച്ച പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് നടൻ മൂർ. അവൾക്കൊപ്പമല്ല അവനൊപ്പമാണ്, അവൾക്കൊപ്പം എന്നത് ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. എന്ത് കൊണ്ട് സ്ത്രീകൾ ലൈംഗികാതിക്രമം ഉണ്ടാകുമ്പോൾ തന്നെ പരാതിപ്പെടുന്നില്ല തുടങ്ങി കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങളായിരുന്നു മൂർ നടത്തിയത്. എന്നാൽ ഇത് തന്റെ ആൺബോധത്തിൽ നിന്ന് വന്നതാണെന്നും അതിലെ പ്രശ്നങ്ങൾ ഇപ്പോൾ മനസിലാക്കുന്നുവെന്നും മൂർ പറഞ്ഞു.
മൂറിന്റെ വാക്കുകൾ
എന്റെ ഭയങ്കരമായ മണ്ടത്തരത്തിൽ നിന്നും അബദ്ധത്തിൽ നിന്നുമുണ്ടായ സ്റ്റേറ്റ്മെന്റാണത്. അത് മനസിലാക്കാൻ കുറച്ച് സമയം എടുത്തിട്ടുണ്ട്. കാരണം എനിക്കറിയാം ഗാർഹിക പീഡനം എന്നതൊക്കെ എത്ര സയലന്റായാണ് നടക്കുന്നത് എന്ന്. അതിൽ പ്രതികരിക്കാൻ പോലും ആളുകൾക്ക് വലിയ പ്രശ്നമാണ്. ഒരു സ്ത്രീയത് മനസിലാക്കി പ്രതികരിക്കുന്ന സമയത്ത് അത്തരം പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു. പ്രത്യേകിച്ച് സ്റ്റേറ്റ് അവാർഡ് ഒക്കെ കിട്ടിയതിന്റെ ഉത്തരവാദിത്തം ഞാൻ കാണിക്കേണ്ടതായിരുന്നു. ഞാൻ എന്ത് മണ്ടനാണെന്ന് വിചാരിക്കുകയാണ്. ഭയങ്കര മോശം സ്റ്റേറ്റ്മെന്റാണ്. അങ്ങനെ ഒരാളും പറയരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. വലിയ വൃത്തിക്കേടാണ് ഞാൻ ചെയ്തത്.
ഒരു സ്ത്രീ അവർക്ക് സംഭവിച്ച പ്രശ്നം പറയുന്ന സമയത്ത് എന്റെയൊക്കെ ചിന്തയിൽ പോലും ഒരു ആൺബോധം കിടപ്പുണ്ട്. ഒരാണ് ഒരു സ്ത്രീ പറയുന്നതിനോട് പ്രതികരിക്കുന്നതാണിത്. അത് അങ്ങനെ തന്നെ നമ്മൾ മനസിലാക്കേണ്ടതുണ്ട്. എന്റെ സ്കൂൾ ഓഫ് ഡ്രാമയിലെ ചില സുഹൃത്തുക്കൾ ഈ സ്റ്റേറ്റ്മെന്റ് കണ്ടതിന് ശേഷം എന്നെ വിളിച്ചു. അവരെന്നോട് കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോഴാണ് എനിക്ക് എന്റെ പ്രശ്നത്തിന്റെ വ്യാപ്തി കൂടുതൽ മനസിലാകുന്നത്. സ്വന്തം അനുഭവങ്ങൾ ആളുകൾ വിളിച്ച് പറയുമ്പോഴാണ് എനിക്കത് മനസിലാകുന്നത്. നേരത്തെ ഇത് എന്റെ മാത്രം തലയ്ക്ക് അകത്ത് കൊണ്ടു നടക്കുകയായിരുന്നു. എന്റെ സ്റ്റേറ്റ്മെന്റിൽ വലിയ പ്രശ്നമുണ്ട്. നമ്മൾ വളരാൻ ആഗ്രഹിക്കുന്ന മനുഷ്യരാണല്ലോ. വീണ് വളരും, പക്ഷേ ഇങ്ങനത്തെ വീഴ്ചയാകരുത്. പ്രത്യേകിച്ച് ഒരു സ്ത്രീയുടെ പ്രശ്നം പറയുന്ന സമയത്ത്. അതിനെ വീഴ്ചയെന്ന് പോലും നമുക്ക് പറയാൻ കഴിയില്ല. അതിൽ എന്ത് പ്രായശ്ചിത്തവും ചെയ്യാൻ തയ്യാറാണ്.
ആദ്യത്തെ പ്രാവശ്യം തന്നെ പറഞ്ഞുകൂടായിരുന്നോ എന്നൊക്കെ പറയുന്നത് വലിയ പ്രശ്നമുള്ള സ്റ്റേറ്റ്മെന്റാണ്. തങ്ങൾ അനുഭവിക്കുന്ന പ്രശ്നം മനസിലാക്കാത്ത സ്ത്രീകളുണ്ട്.
വിവാദമാകുമെന്ന സൂചനയുള്ളത് കൊണ്ടല്ല ഇപ്പോൾ തിരുത്തുന്നത്. വിവാദമൊന്നും എനിക്കൊരു പ്രശ്നമല്ല. ഞാൻ കേരളത്തിൽ തന്നെ നിൽക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ പോലുമല്ല. സിനിമ പോകുമോ, വിജയ് ബാബുവിന്റെ സിനിമ കിട്ടില്ലേ ഇതൊന്നും എന്റെ വിഷയമല്ല. അങ്ങനെ വിചാരിച്ചിട്ടല്ല ഞാൻ പറഞ്ഞിട്ടുള്ളത്. ഞാൻ പറഞ്ഞത് എന്റെ ഒരു ആൺബോധത്തിൽ നിന്നുള്ള കാര്യമാണ്. ആ ആൺബോധത്തിൽ നിന്ന് വിവരമുള്ള മനുഷ്യരോട് സംസാരിക്കുമ്പോഴാണ് അതിലൊരു ക്ലാരിറ്റി എനിക്ക് കിട്ടിയിട്ടുള്ളത്. വിവാദമാകുമെന്ന പേടിയല്ല, തിരിച്ചറിവാണ്.
സിനിമാ മേഖലയിൽ അതിജീവിത നടത്തുന്ന പോരാട്ടത്തെ പോലും അധിക്ഷേപിക്കുന്ന തരത്തിലുള്ളൊരു സ്റ്റേറ്റ് പോലെയായി പോയി എന്റേത്. അത് ഞാൻ തിരുത്തുകയാണ്. ക്ഷമ പറയുകയാണ്.
ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണമായിരുന്നു നേരത്തെ മൂർ നടത്തിയത്. ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബുവിനെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ മൂർ എന്ത് കൊണ്ട് ലൈംഗികാതിക്രമം ഉണ്ടാകുമ്പോൾ തന്നെ സ്ത്രീകൾ പരാതിപ്പെടുന്നില്ലെന്നും ചോദിച്ചിരുന്നു.