എൻ എൻ പിള്ളയുടെ ആത്മകഥ "ഞാൻ" നാടകമാവുന്നു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
നാടകാചാര്യൻ എൻ എൻ പിള്ളയുടെ ആത്മകഥ ഞാൻ അരങ്ങിലേക്ക് . സാമൂഹിക വ്യവസ്ഥിതിയിലെ തെറ്റായ കാര്യങ്ങളെ നാടകങ്ങളിലൂടെ രൂക്ഷമായി വിമർശിച്ച അദ്ദേഹത്തിന്റെ കലാജീവിതവും വ്യക്തി ജീവിതവും പ്രമേയമാക്കിയ നാടകത്തിൽ പതിന്നാലു രംഗങ്ങൾ ഉണ്ട്. മലയായിൽ ഐ എൻ എയിൽ പ്രവർത്തിച്ച യൗവനവും പിന്നെ കേരളത്തിൽ എത്തി വിശ്വകേരള കലാസമിതി സ്ഥാപിച്ച നാടകക്കാലവുമാണ് അരങ്ങിലെത്തിക്കുന്നത്. ഇതിൽ ആറ് രംഗങ്ങളും ഐ എൻ എ യിലെ പ്രവർത്തനങ്ങളാണ്. പിന്നീടുള്ളവ എഴുത്തിന്റെയും നാടകത്തിന്റെയും വഴികളിലൂടെയുള്ള സഞ്ചാരമാണ്.
കെ പി എ സി യിലെ നടൻ ഏ കെ സുജിത്താണ് എൻ എൻ പിള്ളയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. മദ്ധ്യ വയസ് കഴിഞ്ഞ നാടകാചാര്യന്റെ വേഷം നടൻ അരവിന്ദാക്ഷ കുറുപ്പാണ് ചെയ്യുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി അനുകരണ കലയിൽ എൻ എൻ പിള്ളയായി വേഷമിടുന്നയാളാണ് അരവിന്ദാക്ഷ കുറുപ്പ്.
എഴുത്തിലെയും ജീവിതത്തിലെയും രസകരങ്ങളായ സംഭവങ്ങൾ കൂടി നാടകത്തിൽ പരാമർശിക്കുന്നുണ്ടെന്ന് രചന നിർവഹിച്ച സി ഡി ദേശികൻ പറഞ്ഞു.
വരവു ചെലവു കണക്കുകൾ എഴുതുന്ന മാതൃകയിൽ ഉള്ള വലിയ ലെഡ് ജർ ബുക്കിലാണ് എൻ എൻ പിള്ള നാടകം എഴുതിയിരുന്നത്. ബുക്കിന്റെ വലതു വശത്തെ പേജിൽ മാത്രമേ എഴുതൂ. പിന്നീട് തിരുത്തുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടെങ്കിൽ ഇടതു വശത്തെ താളിൽ കുറിക്കും. പേനയുടെ ഫില്ലറും മറ്റും ചൂടു വെള്ളത്തിൽ ഇട്ട് കരട് കളഞ്ഞ് പലതരം തുണികൾ കൊണ്ട് വൃത്തിയാക്കുന്നത് എഴുത്തില്ലാത്ത നേരത്തെ വിനോദം. വലിയ തടിപ്പേനയിൽ കറുപ്പു കലർന്ന നീല നിറമുള്ള മഷിയൊഴിച്ചാണ് എഴുത്ത്.
രാത്രിയിൽ എഴുതാൻ ഇരുന്നാൽ പുലർച്ചെ വരെ തുടരും. എഴുതുമ്പോൾ തുടർച്ചയായി പൈപ്പ് വലിക്കുമായിരുന്നു. ബോർ കം റിഫ് എന്ന വിദേശ പുകയിലയാണ് സ്ഥിരമായി ഉപയോഗിച്ചത്. എഴുതിക്കഴിഞ്ഞാൽ വീട്ടിൽ എല്ലാവരെയും വായിച്ചു കേൾപ്പിക്കും. സംഭാഷണത്തിലെ മുക്കലും മൂളലും സ്വത: സിദ്ധമായ ശൈലി ആയിരുന്നു.
അദ്ദേഹത്തിന്റെ ഇത്തരം വ്യക്തി വിശേഷങ്ങൾ കൂടി ഗൗരവമാർന്ന രംഗങ്ങളുടെ ഇടയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. മനോജ് നാരായണനാണ് സംവിധാനം.
പതിനേഴിന് രാത്രി ഏഴിന് ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക ഹാളിൽ അരങ്ങേറ്റം. പത്തൊമ്പതിന് രാത്രി ഒമ്പതിന് തിരുവനന്തപുരം പൂവാറിൽ ആദ്യ പ്രദർശനം. നാടകത്തിൽ 38 കഥാപാത്രങ്ങൾ രംഗത്ത് വന്നു പോകുന്നുണ്ട്. പതിനഞ്ചു നടീനടന്മാരാണ് വേഷമിട്ടുന്നത്.
കൊച്ചിൻ ചൈത്ര ധാരയാണ് അരങ്ങിൽ എത്തിക്കുന്നത്. നാലു പാട്ടുകളും ഉണ്ട്. ആർട്ടിസ്റ്റ് സുജാതൻ ആണ് രംഗപടം.