"ഇല്ല, ഞാൻ മരിച്ചിട്ടില്ല. സത്യമായിട്ടും ഞാൻ മരിച്ചിട്ടില്ല"; കുളപ്പുള്ളി ലീല
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
"ഇല്ല, ഞാൻ മരിച്ചിട്ടില്ല. സത്യമായിട്ടും ഞാൻ മരിച്ചിട്ടില്ല..' തുടരെ തുടരെ വരുന്ന ഫോൺകോളുകൾക്ക് ഇങ്ങനെ ഒരു മറുപടി കൊടുത്ത് വലയുകയാണ് നടി കുളപ്പുള്ളി ലീല, ഒരു ഓൺലൈൻ ചാനലിൽ ആരോ ചെയ്ത് വിട്ട വിഡിയോയാണ് ലീലയുടെ മനസമാധാനം കളയുന്നത്. തീരാദുഖം മലയാളിയെ കണ്ണീരിലാഴ്ത്തി പ്രിയ നടി കുളപ്പുള്ളി ലീല.. ഇതാണ് വിഡിയോയുടെ തലക്കെട്ട്. നാൽപ്പത്തിയെണ്ണായിരത്തിലേറെ പേർ ഈ വിഡിയോ ഇതിനോടകം കണ്ടും കഴിഞ്ഞു. ഇതോടെയാണ് ലീലയെ തേടി ഫോൺവിളികൾ എത്തിയത്.
"വിഡിയോ ആരെങ്കിലുമൊക്കെ കാണാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ത് കഷ്ടമാണ്. ആ തലക്കെട്ട് വായിച്ചിട്ട് ഒരുപാട് പേർ വിളിച്ചു. എന്റെ നാട്ടിൽ നിന്നൊക്കെ ആളുകൾ പേടിച്ചാണ് വിളിക്കുന്നത്. സമാധാനം പറഞ്ഞ് ഞാൻ മടുത്തു. ഈ തെണ്ടിത്തരം ഇനി കാണിക്കരുത്. എന്റെ അമ്മയ്ക്ക് 94 വയസ്സുണ്ട്. സിനിമയുടെ തിരക്കുകൾക്ക് ഇടയിലും ഓടിയെത്തി ഞാൻ എന്റെ അമ്മയെയും നോക്കി ജീവിക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഓരോന്ന് വരുന്നത്.
പൊലീസിലൊന്നും പരാതി നൽകാൻ ഞാനില്ല. പക്ഷേ പറയാൻ ഉള്ളത് ഞാനൊരു വിഡിയോയിലൂടെ പറയാം. 72 വയസ്സുള്ള എന്നെ പറ്റിയാണ് ഇങ്ങനെ ഒരു തലക്കെട്ട് ഇട്ട് വിഡിയോ കൊടുത്തിരിക്കുന്നത്. ആളെ കൂട്ടാൻ കാശുണ്ടാക്കണമെങ്കിൽ വേറെ എന്തൊക്കെ ചെയ്യാം. ഇങ്ങനെ മനുഷ്യനെ കൊല്ലാക്കൊല ചെയ്യരുത്.' ലീല പറയുന്നു.