ഒരു വർഷം എട്ട് സിനിമകൾ - ഡോ: മനോജ് ഗോവിന്ദൻ
- വാർത്ത - ലേഖനം
ഒരു വർഷം കൊണ്ട് എട്ട് സിനിമകൾ നിർമ്മിച്ച് മലയാള ചലച്ചിത്ര രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ് ഡോ. മനോജ് ഗോവിന്ദൻ എന്ന ചലച്ചിത്രനിർമ്മാതാവ് !
ഇതാ ഒരാൾ, ബദൽ സിനിമകളുടെ നിർമ്മാതാവ് എന്നു ചിലർ ഇദ്ദേഹത്തെക്കുറിച്ച് പറയും. പക്ഷേ നല്ല സിനിമകൾ സ്വപ്നം കാണുന്ന ആൾ എന്നു പറയാനാണ് ഡോക്ടർ മനോജ് ഗോവിന്ദന് താല്പര്യം.
ആരും ആർക്കും ബദലല്ല. എല്ലാവർക്കും അവരവരുടേതായ ഒരു സ്പേസ് ഉണ്ട്. നാം അതു കണ്ടെത്തണം. മനോജ് ഗോവിന്ദൻ പറയുന്നു.
നിശ്ചയദാർഡ്യം, കഠിനാദ്ധ്വാനം, നിരന്തരപരിശ്രമം, പിന്നെ തീവ്രമായ ആഗ്രഹം എന്നിവയുണ്ടെങ്കിൽ ജീവിതലക്ഷ്യം നേടാമെന്ന് തെളിയിച്ച അപൂർവ്വം ചിലരിൽ ഒരാൾ കൂടിയാണ് ഡോ. മനോജ് ഗോവിന്ദൻ.
തൃശൂർ സ്വദേശി. ഒരു വർഷം കൊണ്ട് എട്ട് സിനിമകൾ നിർമ്മിച്ച് മലയാള ചലച്ചിത്രരംഗത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഈ സിനിമ സ്നേഹി.
ചലച്ചിത്ര രംഗത്ത് നൂതനവും വ്യത്യസ്തവുമായ തിരക്കഥകളുടെ സൂക്ഷ്മ തിരഞ്ഞെടുപ്പാണ് നിർമ്മാതാവും നടനുമായ ഇദ്ദേഹത്തിന്റെ കൈമുതൽ. ഉള്ളടക്കത്തിന്റെ ശക്തിയിൽ വിശ്വാസമായാൽ വ്യാഖ്യാനത്തിലാണ് ഊന്നൽ.
പരമ്പരാഗത തിരക്കഥാകൃത്തുക്കളോ നടീ നടൻമാരോ സംവിധായകരോ വേണമെന്നില്ല. പ്രമേയത്തിൽ വിശ്വാസം ജനിച്ചാൽ അദ്ദേഹം പ്രൊജക്ടുമായി മുമ്പോട്ട് പോകും.
സിനിമയുടെ ക്വാളിറ്റിയിൽ വിട്ടുവീഴ്ചക്കില്ല. ഈ ഒരു വർഷത്തിനുള്ളിൽ നിർമ്മിച്ച മൂന്നു സിനിമകൾ തിരക്കഥയെഴുതി സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ജയരാജ് ആണ്.
വ്യത്യസ്തമായ സിനിമകൾ ആണ് ഓരോന്നും. ഇതിൽ 'അവൾ' പ്രദർശനത്തിന് തയ്യാറായി. മൂകയായ വേലക്കാരിയുടെ ജീവിതമാണ് പ്രമേയം. സുരഭിയാണ് നായിക.
വി. സാംബശിവന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ 'കാഥികൻ' ചിത്രീകരണം പൂർത്തിയാക്കി പ്രദർശനത്തിന് തയ്യാറെടുക്കുന്നു.
ഉണ്ണിമുകുന്ദനും മുകേഷുമാണ് പ്രധാന വേഷത്തിൽ മനോജ് ഗോവിന്ദൻ ആണ് ഇതിലെ ബംഗാളി വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത്.
ദേവാസുരത്തിലെ പ്രധാന കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠൻ, മുല്ലശേരി രാജാഗോപാൽ ആണെന്ന് എല്ലാവർക്കും അറിയാമല്ലോ. മുല്ലശ്ശേരി രാജാഗോപാലിന്റെ യഥാർത്ഥ ജീവിതാനുഭവങ്ങൾ സംഗീതത്തെ ആസ്പദമാക്കി ഡയറക്ടർ ജയരാജ് ഒരുക്കിയ മെഹ്ഫിൽ അവസാനഘട്ട പണിയിലാണ്.
ഉണ്ണി മുകുന്ദൻ, മുകേഷ്, രഞ്ജി പണിക്കർ, മനോജ് കെ ജയൻ, ആശ ശരത്, മാളവിക, രമേശ് നാരായണൻ, ജി വേണുഗോപാൽ, സിദ്ധാർഥ് മേനോൻ, തുടങ്ങിയ വൻ താര നിരയുണ്ട്. ഒരു പ്രധാന വേഷത്തിൽ മനോജ് ഗോവിന്ദനും അഭിനയിക്കുന്നു.
പുതുമുഖ സംവിധായകന് തിരക്കഥയെഴുതി സംവിധാനം ചെയ്യാൻ അവസരം കൊടുത്തു OTHERS എന്ന സിനിമയിൽ. ചലച്ചിത്ര താരവും മോഡലുമായ ശ്രീകാന്ത് ശ്രീധരനാണ് അതേഴ്സ്' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
ഒരു ട്രാൻസ് ജൻററിന്റെ രാത്രി യാത്രയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. തിരക്കഥയും സംഭാഷണവും ശ്രീകാന്തിന്റേതാണ്.
പ്രശസ്ത ട്രാൻസ് വുമൺ ആയ റിയ ഇഷ പ്രധാന കഥാപാത്രം ചെയ്യുന്നു. കോഴിക്കോട് മുൻ ജില്ലാകളക്ടർ പ്രശാന്ത് ബ്രോ പ്രധാന വേഷമണിഞ്ഞിട്ടുണ്ട് ഈ സിനിമയിൽ.
ഗോപി കുറ്റിക്കോൽ എന്ന സംവിധായകൻ ചെയ്ത സിനിമ നബീക്ക നിർമ്മിച്ചതും ഡോക്ടർ മനോജ് ആണ്. ചിത്രം അവസാനഘട്ട വർക്കിലാണ്.
കടപ്പാട്: Flashnews.com