ജാതി-മത വേര്‍തിരിവുകള്‍ ഇല്ലാത്ത സമൂഹ നിര്‍മ്മിതിയ്ക്ക് വേണ്ടി പരിശ്രമിക്കണം : ഡോ. ശരണ്‍കുമാര്‍ ലിംബാളെ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കാലടി : ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ മാറ്റിവച്ച് മനുഷ്യനെ മനുഷ്യനായി കാണണമെന്ന് ദളിത് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും നാസിക്കിലെ വൈ സി എം സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് മുന്‍ ഡയറക്ടറുമായ ഡോ. ശരണ്‍കുമാര്‍ ലിംബാളെ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ 'ദളിത് സ്വത്വം: ഭൂതവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ സര്‍വ്വകലാശാലയിലെ അക്കാദമിക സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി-മത വേര്‍തിരിവുകളില്ലാത്ത സമൂഹ നിര്‍മ്മിതിയാണ് ഇന്നിന്റെ ആവശ്യം. വിദ്യാഭ്യാസത്തെ സാമൂഹിക മാറ്റത്തിനുളള ആയുധമായി കണക്കാക്കി ദളിത് ഉന്നമനം സാധ്യമാക്കണം, ഡോ. ശരണ്‍കുമാര്‍ ലിംബാളെ പറഞ്ഞു. വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന്‍, ഡോ. ശരണ്‍കുമാര്‍ ലിംബാളെയെ പൊന്നാടയണിയിച്ച് ഫലകം നല്‍കി ആദരിച്ചു. ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. കെ. ശ്രീലത ചടങ്ങില്‍ അധ്യക്ഷയായിരുന്നു. പ്രൊഫ. ചിത്ര പി, ഡോ. അച്ചുത നന്ദ മിശ്ര എന്നിവര്‍ പ്രസംഗിച്ചു.