ചെറുകാട് അവാർഡ് സുരേഷ്ബാബു ശ്രീസ്ഥയ്ക്ക്
- വാർത്ത - ലേഖനം
മലപ്പുറം: ഈ വർഷത്തെ ചെറുകാട് അവാർഡിന് പ്രശസ്ത നാടകകൃത്ത് സുരേഷ്ബാബു ശ്രീസ്ഥ അർഹനായി.
പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ചെറുകാടിന്റെ സ്മരണയ്ക്കായി ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തുന്ന അവാർഡ് കഴി ഞ്ഞ 43 വർഷമായി ചെറുകാട് വ്യാപരിച്ച വിവിധ സാഹിത്യ ശാഖകൾക്കാണ് നൽകി വരുന്നത്. ഈ വർഷം നാടക ശാഖയ്ക്കാണ് അവാർഡ്.
കരിവെള്ളൂർ മുരളി ചെയർമാനും ശ്രീജ ആറങ്ങോട്ടുകര, എം.കെ. മനോഹരൻ എന്നിവർ അംഗങ്ങളുമായ അവാർഡ് നിർണയ സമതിയാണ് സുരേഷ് ബാബു വിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ മുപ്പതുവർഷത്തിലധികമായി മലയാളത്തിലെ അമേച്വർ-പ്രൊഫെഷണൽ ജനകീയ നാടക വേദികളിൽ നിരന്തരം തന്റേതായ ശക്തമായ നാടക രചനയിലൂടെ ലബ്ധപ്രതിഷ്ഠനാണ് സുരേഷ്ബാബു ശ്രീസ്ഥ ജനകീയ മുന്നേറ്റങ്ങൾക്കുവേണ്ടി നാടകത്തെ ആയുധമായി ഉയർത്തിപ്പിടിക്കുന്ന നാടകക്കാരനാണ് സുരേഷ് ബാബു ശ്രീസ്ഥ എന്നും അവാർഡ് നിർണ്ണയ സമിതി വിലയിരുത്തി.
50000 രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് പെരിന്തൽമണ്ണ അർബൻ ബാങ്കാണ് സ്പോൺസർ ചെയ്യുന്നത്.
ഒക്ടോബർ 28ന് 4 മണിക്ക് വടകരയ്ക്കടുത്ത് കുട്ടോത്ത് നടക്കുന്ന ചെറുകാട് അനുസ്മരണ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ അവാർഡ് സമ്മാനിക്കും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വി. ശശികുമാർ ചെറുകാട് സ്മാരക പ്രഭാഷണം നടത്തും അവാർഡ് പ്രഖ്യാപനം സി.വാസുദേവനും അവാർഡ് ജേതാവിനെ പരിചയപ്പെടുത്തൽ ഡോ.കെ.പി.മോഹനനും നിർവഹിക്കും.
പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ വി.ശശികുമാർ, മാനേജിങ്ട്രസ്റ്റി സി. വാസുദേവൻ, ഡോ. കെ.പി. മോഹനൻ, സെക്രട്ടറി കെ. മൊയ്തുട്ടി, വേണുപാലൂർ എന്നിവർ പങ്കെടുത്തു.