ജയരാജ് ചിത്രം "മെഹ്ഫിൽ" വീഡിയോ ഗാനം പ്രകാശനം ചെയ്തു.
- വാർത്ത - ലേഖനം
പ്രശസ്ത സംവിധായകനായ ജയരാജ് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം നിർവഹിച്ച്, വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമിക്കുന്ന "മെഹ്ഫിൽ" എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം കൊച്ചി സരോവരം ഹോട്ടലിൽ വച്ച് പ്രകാശനം ചെയ്തു.
സത്യം ഓഡിയോസ് പാട്ടുകൾ പ്രേക്ഷകരിൽ എത്തിക്കുന്നു. കൈതപ്രം രചിച്ച് ദീപാങ്കുരൻ സംഗീത സംവിധാനം നിർവഹിച്ച എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്.
രമേഷ് നാരായൺ, ജി വേണുഗോപാൽ, അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, മുസ്തഫ മാന്തോട്ടം തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.
ദേവാസുരത്തിലെ മോഹൻലാൽ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകൻ രഞ്ജിത് ഒരുക്കിയത് കോഴിക്കോട്ടെ മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. ജയരാജ് മെഹ്ഫിലിലൂടെ വരച്ചു കാട്ടുന്നത് മുല്ലശേരി രാജാഗോപാലിന്റെ ജീവിതത്തിലെ ഒരു മെഹ്ഫിൽ രാവാണ്.
സിനിമ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിൽ എന്നും മെഹ്ഫിൽ ആയിരുന്നു.
ഉണ്ണി മുകുന്ദൻ, മുകേഷ്, മനോജ് കെ ജയൻ,ആശാ ശരത്, കൈലാഷ്, രഞ്ജി പണിക്കർ, സിദ്ധാർത്ഥ മേനോൻ, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത് ലാൽ, അജീഷ്, ഷിബു നായർ തുടങ്ങിയവരെ കൂടാതെ ഗായകരായ രമേശ് നാരായൺ, ജി വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നു.
ഛായാഗ്രഹണം- രാഹുൽ ദീപ്, എഡിറ്റിംഗ് - വിപിൻ മണ്ണുർ, മേക്കപ്പ് - ലിബിൻ മോഹനൻ, വസ്ത്രലങ്കാരം -കുമാർ എടപ്പാൾ, സൗണ്ട് - വിനോദ് പി ശിവറാം, കളർ-ബിപിൻ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം. മെഹ്ബിൽ ഉടൻ പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.