രാരിച്ചന്റെ മരണം
- ചെറുകഥ
നാടക പ്രവർത്തകൻ സുധാകരൻ ചൂലൂരിന്റെ ചെറുകഥ
രാരിച്ചേട്ടൻ മരിച്ചു ... വാർത്ത അറിഞ്ഞ മലയോരം കോളനിയിലെ ഓരോ പൗരൻമാരും ഞെട്ടി. പലർക്കും സങ്കടം അടക്കാൻ കഴിഞ്ഞില്ല.കാരണം മലയോരം കോളനിയിലെ എല്ലാവർക്കും രാരിച്ചേട്ടനോട് സ്നേഹമായിരുന്നു ബഹുമാനമായിരുന്നു.
രാരിച്ചേട്ടൻ എന്നാണ് കോളനിയിലെത്തിയത് എന്നൊന്നും ആർക്കും അറിയില്ല. ഒരു പ്രളയാനന്തര പ്രഭാതത്തിൽ രാരിച്ചേട്ടൻ കോളനിയിലുണ്ട്. കോളനിയിലെ എല്ലാ വീട്ടിലും മൂപ്പര് കയറി ഇറങ്ങും എല്ലാ വീട്ടിൽ നിന്നും ആവശ്യത്തിനുള്ള ഭക്ഷണം വാങ്ങി കഴിക്കും. ചെയ്യാവുന്ന ചെറിയ ജോലികൾ വീടുകളിൽ ചെയ്ത് കൊടുക്കും. കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കും. കോളനിയുടെ വടക്ക് ഭാഗത്ത് പൊളിഞ്ഞ് വീഴാറായ ഒരു വീട്ടിൽ ഒറ്റക്കാണ് താമസം. '
നേരം സന്ധ്യയായാൽ രാരിച്ചേട്ടൻ ഉറക്കെ നാടൻ പാട്ട് പാടും ആ പാട്ട് കേട്ട് കോളനിയിലെ കുട്ടികളുറങ്ങും .. കാലം കടന്നു പോകവേ കോളനിക്കാർക്ക് രാരിച്ചേട്ടനും . രാരിച്ചേട്ടന് കോളനിയും ഒഴിച്ചു നിർത്താൻ കഴിയാത്ത ഘടകങ്ങളായ് ...
മഹാമാരി വന്നതോടെ എല്ലാം താളം തെറ്റി .. കോളനിയിലെ ആളുകളും വീടുകളിൽ ഒതുങ്ങി . അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങി. കോളനിക്കമ്മറ്റിയുടെ തീരുമാനം എല്ലാവരും അനുസരിച്ചു. രാരിച്ചേട്ടൻ മാത്രം കോളനിയിലെ വീടുകളിൽ കയറി ഇറങ്ങി തനിക്കാവശ്യമുള്ള ഭക്ഷണം കഴിച്ചു. മോന്തിക്ക് നാടൻ പാട്ട് പാടി ...
ഇത് കോളനിയിൽ ചർച്ചയായി കോളനി കമ്മറ്റി രാരിച്ചേട്ടന്റെ കാര്യം പ്രത്യേകം ചർച്ച ചെയ്തു .കമ്മറ്റി തീരുമാനം അറിയിച്ചു. രാരിച്ചേട്ടൻ ഇന്നു മുതൽ വീടിനു പുറത്തിറങ്ങാൻ പാടില്ല.
അപ്പോൾ രാരിച്ചേട്ടനുള്ള ഭക്ഷണം ...? ഭക്ഷണം എല്ലാ ദിവസവും വീട്ടിലെത്തിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകും. അതുകൊണ്ട് . ഇനി ആഴ്ചയിൽ ഒരു ദിവസം രാരിച്ചേട്ടന് ഭക്ഷണം കൊടുത്താൽ മതി ... കോളനിക്കമ്മിറ്റിയുടെ തീരുമാനമറിഞ്ഞ രാരിച്ചേട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ...
ഇന്ന് തിങ്കളാഴ്ച ഇനി എനിക്ക് ഭക്ഷണം കിട്ടുന്നത് അടുത്ത തിങ്കളാഴ്ച .. രാരിച്ചേട്ടൻ പല അല അസുഖങ്ങളും ഉള്ള ആളാണ്. എന്തു ചെയ്യാം കോളനിയുടെ നന്മക്കു വേണ്ടിയല്ലെ അനുസരിക്ക തന്നെ. അന്ന് രാരിച്ചേട്ടൻ കൂടുതലുച്ചത്തിൽ പാട്ടു പാടി ...പിന്നെ പിന്നെ ഓരോ ദിവസം കഴിയുന്തോറും ശബ്ദം നേർത്ത് നേർത്ത് വന്നു ... അങ്ങനെ ആ ദിവസം വന്നു ചേർന്നു. രാരിച്ചേട്ടന് ഭക്ഷണം കൊടുക്കേണ്ട ദിവസം രാരിച്ചേട്ടൻ ഭക്ഷണം കഴിക്കേണ്ട ദിവസം ...
കോളനിക്കാരൊന്നാകെ രാരിച്ചേട്ടനുള്ള പല വിത ഭക്ഷണ പൊതികളും ആവശ്യമായ വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമായി രാരിച്ചേട്ടന്റെ വീട്ടിലെത്തി തിക്കും തിരക്കുമായി ... എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറന്നു ..... രാരിച്ചേട്ടൻ ഏതു ഭക്ഷണം കഴിക്കണമെന്നറിയാതെ കുഴങ്ങി ചിലര് കൊണ്ടുവന്ന ഭക്ഷണത്തിന് ഒരാഴ്ചത്തെ പഴക്കം ഉണ്ടായിരുന്നു പല ദിവസങ്ങളിൽ ഭാക്കി വന്ന ഭക്ഷണങ്ങൾ ... രാരിച്ചേട്ടൻ കിട്ടിയതൊക്കെ വാരിവലിച്ചു തിന്നു ഓരാഴ്ചത്തെ വിശപ്പ് ... ഇനി ഒരാഴ്ച കഴിഞ്ഞേ ഭക്ഷണം കിട്ടൂ... എല്ലാവരും രാരിച്ചേട്ടൻ ഭക്ഷണം കഴിക്കുന്നത് കണ്ട സംതൃപ്തിയോടെ വീടുകളിലേക്ക് മടങ്ങി.
അന്നു കോളനിക്കാർ കാതോർത്ത് കിടന്നു രാരിച്ചേട്ടന്റെ പാട്ട് കേൾക്കാൻ .. പക്ഷെ രാരിച്ചേട്ടൻ പാടിയില്ല കോളനിക്കാർ പാട്ട് കേട്ടില്ല,... നേരം പുലർന്ന് രാരിച്ചേട്ടന്റെ വീട്ടിലേക്ക് നോക്കിയവർ കണ്ടത് വീടിന്റെ കോലായിൽ ചലനമില്ലാതെ കിടക്കുന്ന രാരിച്ചേട്ടനെയാണ് ....
ആളുകൾ കൂടി വീണ്ടും നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറന്നു .. രാരിച്ചേട്ടന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച് നടപടികൾക്കു ശേഷം സംസ്കരിച്ചു ....പിറ്റേന് രാരിച്ചേട്ടന്റെ ടെസ്റ്റ് റിസൽട്ട് വന്നു.. പോസിറ്റീവ് .
വീണ്ടും കോളനിക്കാർ ഞെട്ടി... എല്ലാവരുടേയും മനസ്സിൽ പല വിത ചോദ്യങ്ങളുയർന്നു. രാരിച്ചേട്ടൻ മരിച്ചത് ഒരാഴ്ച പട്ടിണി കിടന്നിട്ടാണോ അതോ ഒരാഴ്ചത്തെ പഴകിയതും പുതിയതുമായ ഭക്ഷണം ഒരുമിച്ച് കഴിച്ചിട്ടാണോ ...? എല്ലാദിവസവും ഭക്ഷണം കഴിക്കാൻ രാരിച്ചേട്ടനെ അനുവതിച്ചിരുന്നെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നില്ലേ .. ആരാണ് ഈ മരണത്തിന്റെ ഉത്തരാവാതി ...? ഏതായാലും രാരിച്ചേട്ടൻ പോയി ...കൂടെ രാരിച്ചേട്ടന്റെ നാടൻ പാട്ടും ..