“മാലംപല്ലി“ ഒരു ദേശാടനപക്ഷിയാണ്…
- നാടകം
ശ്രീജിത്ത് പൊയില്‍കാവ്
(ഏതോ പക്ഷികളുടെ കരച്ചില്‍ സംഗീതത്തോടൊപ്പം ഉയരുന്നു)
എനൌണ്‍സ്മെന്റ്:“മാലപല്ലിപക്ഷികള് മാലപല്ലിക്കര തേടി ഇപ്പോള്‍ വരാറില്ല.ദേശാടന പക്ഷികളായ മാലപല്ലികളുടെ വരവ് തെറ്റിയപ്പോള്‍ ഗ്രാമത്തിന്റെ അനുഷ്ടാന,ആചാരങ്ങള്‍ തെറ്റിതുടങ്ങി…
ആ ദേശാടനപക്ഷികളുടെ വരവിനായി അവര്‍ പാലും,പഴങ്ങളും ഒരുക്കി കാത്തിരിന്നു.എന്നിട്ടും മാലപല്ലികള്‍ ആ കരയിലെക്ക് വന്നില്ല“.
മാലംപല്ലി ഒരു ദേശാടനപക്ഷിയാണ്‍….
ദൃശ്യം - 1
(വിമാനതാവളത്തിന്റെ ശബ്ദങള്‍ ഉയരുന്നു.കര്‍ട്ടന്‍ ഉയരുംബൊള്‍ വിമാന താവളത്തിലെ വിശ്രമകേദ്രം.ഒരു ക്ഷീണിതനായ യുവാവില്‍ വെളിച്ചം.അയാള്‍ പെട്ടന്നു തളര്‍ന്ന് വീഴുന്നു.ചുറ്റും വിവിധ സംസ്കാരത്തില്‍ പെട്ട ആളുകല്‍ കൂടുന്നു.ആളുകളുടെ പിറുപിറുക്കല്‍.)
ഒരാള്‍:ഇയാള്‍ എങന ഇരിക്കാന്‍ തുടങ്ങീട്ട് നേരം കുറെ ആയി.കൂട്ടാനാരേലും വരാന്നു പരഞിട്ടുണ്ടാവും….ഇവിടത്തെ അവസ്തയല്ലെ…..
മറ്റൊരാല്‍:ഇവിടെ ഇങന എനി എത്ര നേരം ഇരിക്കണം എന്ന് പടച്ചോന് മാത്രറിയാ..
(ആളുകള്‍ അയാളുടെ മുഖത്തു വെള്ളം തളിക്കുന്നു.അയാള്‍ കണ്ണ് തുറക്കുന്നു.ആളുകള്‍ പാസ്പൊര്ട്ട് ചോദിക്കുന്നു.അയാള്‍ നല്‍കുന്നു.പാസ്പൊര്‍ട്ട് വായിക്കുന്ന ആളുകള്)
ഒരാള്‍:അബ്ദുള്ള..പി.റ്റി.അലവക്കണ്ടി ഹൌസ്.കോഴിപ്പാറ.
അപ്പൊ..നമ്മളെ നാട്ടുകാരനാ…
(അബ്ദുളളയുടെ അടുത്തിരിന്ന്)
ആരാ സ്പോണ്‍സറ്??
അബ്ദുള്ള:പി.ആര് ട്രാവത്സ്…
(അവിടെക്ക് പ്രവേശിക്കുന്ന ഒരു പോലിസുകാരന്‍.എല്ലാവരും വഴി മാറി കൊടുക്കുന്നു.)
ഒരാള്‍:പി.ആറിന്റെ വിസയില്‍ വന്നതാ സാറെ…നമ്മടെ നാട്ടുകാരനാ…
(ആളുകള്‍ സമാധാനത്തില്‍ പിരിഞു പോകുന്നു.പോളിസുകാരന്‍ അയാളുടെ അടുത്ത് ഇരിക്കുന്നു.)
പോലിസ്:പി.ആര് ട്രാവത്സ് വിസ നല്‍കിയ ആരെയും ഇവിടെ വൈറ്റ് കോളര്‍ ജോലിക്ക് എടുക്കണ്ടാന്നാ സര്‍ക്കാര്‍ തീരുമാനം.ഇതറിഞ്ഞ സ്പോണ്‍സര്‍മാര് കൂട്ടത്തോടെ മുങ്ങി.ചുരുക്കി പറഞ്ഞാല്‍ ഒന്നുകില്‍ തിരിച്ചുപോകുക.അല്ലെങ്കില്‍ ഇവിടെ കൂലിപണിചെയ്യുക…ഈ രണ്ടു വഴികളെ നിങ്ങളുടെ മുന്‍പിലുള്ളു.
അബ്ദുള്ള:കൂലി പണി ചൈതായാലും നാട്ടിലെ കടം വീട്ടണം.എല്ലാം പണയത്തിലാ സാരെ…ഇവിടെ എന്തെങ്കിലും ഒരു പണി ശെരിയാക്കി തര്യൊ??
പൊലീസ്:ഇവിടെ എന്തു പണിക്കാ വന്നതു???
അബ്ദുള്ള:മ്യൂസിക് ടീച്ചര്‍.
(പോലീസുകാരന്‍ അയാളെ കെട്ടിപിടിക്ക്ക്കുന്നു.)
പോലീസ്:സംഗീതം ദൈവത്തിന്റെ കല….സംഗീതജ്ങര്‍ ദൈവതിന്റെ പ്രതിപുരുഷന്‍മാരും…ഞാനൊരു സംഗീതപ്രിയനാണ്…എന്തായിന്നു വായ്പാട്ടാണോ…?
അബ്ദുള്ള:അല്ല.ഓടക്കുഴല്‍.
പോലിസ്:കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും….(പാടുന്നു.ഓടക്കുഴല്‍ ആഗ്യം കാണിച്ച് കൊണ്ട്)
പൊലീസ്:ഉണ്ടോ കയ്യില്‍…?
(അബ്ദുള്ള ബാഗ് തുറന്നു ഓടക്കുഴല്‍ എടുക്കുന്നു.പോലീസുകാരന്‍ അതു വാങി വായിക്കുന്നു.അക്ഷ്മനായ അബ്ദുള്ള)
അബ്ദുള്ള:ഞാനിനി എന്തു ചെയ്യണം.എനി എനിക്കു ജോലിയൊന്നും കിട്ടില്ലെ?
(ഓടക്കുഴല്‍ വായന നിര്‍ത്തി)
പോലിസ്:കിട്ടും…വൈറ്റ് കോളര്‍ ആവില്ലാന്നു മാത്രം.അത്രക്കു തെമ്മാടിത്തരാ ആ വിസാ ഏജന്റ് ചൈതതു.ഇവിടെക്കു തീവ്രവാദികള്‍ക്ക് ജോബ് വിസ…പിടിക്കപെട്ടു…എന്നിട്ടും രാജാവിന്റെ ക്രിപകൊണ്ടു മാത്രാ കൂലിപ്പണിയെങ്കിലും ചെയ്യാന്‍ പറ്റുന്നത്.
അബ്ദുള്ള:ഞാനും കബളിപ്പിക്കപ്പെട്ടു.കബളിപ്പിക്കപ്പെടുന്നതു ഒരു തെറ്റാണൊ?പിന്നെ കൂലിപ്പണിയെങ്കില്‍ അത്….എന്തും ചെയ്യാന്‍ ഞാന്‍ തെയ്യാറാ സാരെ…
പൊലിസ്:പേടിക്കണ്ട…കുറച്ച് അധ്വാനം കൂടുതലായിരിക്കും.തയ്യാറാണൊ??
അബ്ദുള്ള:ചെറുപ്പം മുതല് അധ്വാനിച്ചാ സാറെ ജീവിച്ചത്.എന്ത് ജോലിയായാലും ഞാന്‍ തയ്യാറാണ്…. …
പോലീസ്:എന്നാല്‍ ആ ഓടക്കുഴലു ഒന്നു വായിച്ചെ….
ദാ…ആ കാണുന്ന മലക്കു മുകളിലാണ് നിനക്കു ജോലി.
(അബ്ദുള്ള ഓടക്കുഴല്‍ വായിക്കുന്നു…മണല്‍കാറ്റിന്റെ ശബ്ദം…സാവദാനത്തില്‍ വെളിച്ചം പൊലിയുന്നു.)
-----------------------------------------------ബ്ലാക്ക് ഔട്ട്----------------------------------------------
ദൃശ്യം - 2
(വൈക്കോല് കൊണ്ടും,പനബ്ബ് കൊണ്ടും ഉണ്ടാക്കിയ ഒരു ആട് ഫാം.ഒരു സന്ധ്യാസമയം. ആകാശത്തില്‍ പൂര്‍ണചന്ദ്രന്‍.ബാങ്ക് വിളി അകലെ നിന്നും കേള്‍കാം.ആടുകളുടെ ശബ്ദങള്‍.ആടുകള്‍ക്കരികിലായി ഓടക്കുഴല്‍ വായിക്കുന്ന അബ്ദുള്ള.അവിടെക്ക് ടോര്‍ച്ച് അടിച്ച് പ്രവേശിക്കുന്ന മായമ്മ.മായമ്മയാണു ആ ആട്ടിന്‍ കൂടുകള്‍ വ്രിത്തിയാക്കല്‍.ഓടക്കുഴലില്‍ മുഴുകിയ അബ്ദുള്ളയെ നോക്കി.)
മായമ്മ:അണ്ണാ...ഓയ്….ഏതൊ ആട്ട്ക്ക് ഒടംബ് സരിയില്ലെന്ന് സൊല്ലിയാര്‍….ഏത് യാട്ടുക്കുന്നു തെരിയുമാ….
അബ്ദുള്ള:തെരിയാതു…
(അയള്‍ ഓടക്കുഴല്‍ വായന തുടരുന്നു.മായമ്മ എന്തൊക്കയൊ പിറുപിരുത്തു ആടുകളെ തിരയുന്നു.പെട്ടന്നു തിരച്ചില്‍ നിര്‍ത്തി)
മായമ്മ:അയ്യയ്യയ്യോ….അണ്ണാ സീക്രം വാങ്കെ….നറയെ ബ്ലഡ്….അണ്ണാ…
(അയാള്‍ ഓടി മായമ്മക്കരികില്‍ വരുന്നു…രക്തം കണ്ട് പരിഭ്രമിക്കുന്നു.മായമ്മ ഒരു തുണികൊണ്ടു ആടിന്റെ മുറിവു പറ്റിയ
കാലില്‍ കെട്ടുന്നു.)
മായമ്മ:ചിന്നതു….കവലപ്പെടാന്‍ എതുവുമില്ലൈ…
(ഒരു ക്രിത്രിമഭാവം വരുത്തി.സ്നെഹം അഭിനയിച്ച് കൊണ്ട്)
മായമ്മ:അണ്ണാ……അണ്ണാ….അന്ത ഫോണ്‍ കൊഞം കൊടുക്കുങളാ…
അബ്ദുള്ള:മ്ഹും….വിളിക്കുന്നതു ഐ.എസ്.ഡി യാന്ന് ഓര്‍മയുണ്ടായാല്‍ നന്നായി.
(അയാള്‍ ചിരിക്കുന്നു…അയള്‍ അപകടം പറ്റിയ ആടിനെ പരിപാലിക്കുന്നു.മായമ്മ ഫോണില്‍ മുഴുകുന്നു.അവിടെക്കു പ്രവേശിക്കുന്ന കറവക്കാരന്‍.കറവക്കാരന്‍ ആടിനെ നോക്കുന്നു.)
കറവക്കാരന്‍:എന്താണ്‍…?(മുറിവു നോക്കികൊണ്ട്)ഏതെലും കള്ളിചെടി ചൊറഞ്ഞതാവും….മരുന്ന് വെച്ച് കെട്ടിയൊ…ഹും….എന്തു പരഞ്ഞാലും മുട്ടനല്ലെ?എന്നെലും ഒരു ദെവസം വെട്ടാനിള്ളതല്ലെ…?
(അബ്ദുള്ളയുടെ മുഖഭാവം മാറുന്നു.വിഷമിച്ച് ആടിനെ തലോടുന്നു.)
അബ്ദുള്ള:അവലക്ഷണം കെട്ട ജീവിതാ ഇവട്ടകള്‍ക്ക്…അറവ്ശാലക്കു വേണ്ടി ഒരു ജീവിതം.ഒരു മുട്ടനാട് ജീവിതം ആസ്വദിക്കന്‍ തുടങുംബൊഴേക്കും അതിനു അന്ദ്യവിധി വന്നിട്ടുണ്ടാകും.കഴിഞ ദിവസം അറവു ശാലയിലെക്കു പോയ കറുത്തമുട്ടന്റെ കൂട്ടുകാരി ഇതു വരെ ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല…..ആടുകള്‍ക്കു മരണവിധിയില്ലാത്ത ഒരു നാള്‍ ഉണ്ടാകുമൊ??
കറവക്കാരന്‍:ഇങളെന്താ ബുന്ധനോ..?ചാവുന്നതൊക്കെ ചാവട്ടെ.ഒന്നിനെയും അതിരറ്റ് സ്നെഹിക്കരുതു.അതു ആടായാലും മനുഷ്യനായലും.
(അയള്‍ എന്തൊ ഒര്‍ത്തു പാല്‍കറക്കല്‍ വേഗത്തില്‍ ആക്കുന്നു.അതു കണ്ടു മായമ്മ ഓടി വന്നു അയാളുടെ കൈ പിടിക്കുന്നു,)
മായമ്മ:കൊഞം മിതുവാ പണ്ണിടുങ്കൊ…,.ആട്ട്ക്കു വലിക്കും.
കറവക്കാരന്‍:മിതുവാ പണ്ണിയാലെ നാളെ നേരം വെളുക്കും ഈ ഫാം മുഴുവന്‍ കറന്നു തീരുംബൊ.(അവളെ തട്ടി മാറ്റുന്നു).ഒന്നു മാറി നിക്ക് പെണ്ണെ,,,
(മായമ്മ മുഖം പൊത്തി കരയുന്നു.)
കറവക്കാരന്‍:കരയാന്‍ മാത്രം എന്താപ്പൊ….എന്താ മായമ്മെ നെന്റെ കുട്ട്യെളാ ഈ ആടുകളു??
മായമ്മ:ആമ…ആമാണ്ണാ…ഇവങ്കെ എനക്കു പാപ്പാകള്‍ത….ഇവങ്കയെല്ലാം എന്നുടെ തോളര്‍…..ഇന്ത സൂഡ്….വെയില്‍ എല്ലാമെ മറന്ദ് വേല പഡ്രത് ഇവങളെ പാത്ത് താന്‍….
കറവക്കാരന്‍:എന്നാലിനി കൊളന്ദകള്‍ക്കു കൊറച്ച് അമ്മിഞ കൂടി കൊടുക്കു.
(മായമ്മ നാണിച്ച് മുഖം താഴ്തി.ആടിനു പിറകില്‍ മുഖം ഒളിപ്പിച്ച്)
മായമ്മ:അസിങമാ പേസാതണ്ണാ…
അബ്ദുള്ള:നല്ല മനസുള്ളൊര്‍ക്കെ മിണ്ടാപ്രാണികളെ ഇങനെ സ്നേഹിക്കാന്‍ പറ്റുള്ള്…
കറവക്കാരന്‍:അപ്പൊ ഇനിക്കൊക്കെ ചീത്ത മന്സാന്നാണു ഇങളു പറയുന്നെ??
അബ്ദുള്ള:അതു ഞാന്‍ ഒരിക്കലും പറയില്ല.
മായമ്മ;അണ്ണാ..എതിനുടെ കണ്ണ് പാരിങ്കെ…
അബ്ദുള്ള:ഞാന്‍ ആദ്യമെ ശ്രദ്ധിച്ചതാ, ഈ ആടിന്റെ കണ്ണിലെ ഈ തിളക്കം…(ആടിന്റെ കണ്ണ് ദിവ്യമായി പ്രകാശിക്കുന്നു)
കറവക്കാരന്‍:അതെ കര്‍ത്താവ് ജനിച്ച പുല്‍തൊഴിത്തിലെ ആട്ടിന്‍ കുട്ടിയെ പോലയാ ഇനിക്ക് അതിനെ തോന്നാറ്.
മായമ്മ:അപ്പാപ്പാ…സിന്ന അഴകി.
കറവക്കാരന്‍:ഇങനത്തെ ആടുകള്‍ ഒന്ന് പെറ്റാല് കറക്കാന്‍ സമ്മതിക്കുല്ല..ചവിട്ടും കുത്തും.
(മായമ്മയെ നോക്കി അയാള്‍ ചിരിക്കുന്നു.മായമ്മക്കു എന്തൊ ദ്വയാര്ത്ഥപ്രയോഗം തോനുന്നു….അവള്‍ എന്തൊ തുണികൊണ്ടു അയാളെ തല്ലുന്നു.”ഇപ്പടി പാക്കാന്‍ നാന്‍ എന്നാ ആടാ…”എന്നു ഉറക്കനെ ചോദിക്കുന്ന മായമ്മ.എല്ലാവരും ചിരിക്കുന്നു.അവിടെക്കു പ്രവെശിക്കുന്ന ഇറച്ചി വെട്ടുകാരന്‍ വറീത്.കാക്കിയാണ് വേഷം,കയ്യിലൊരു ബാഗ്)
വറീത്:അന്തുട്ട് അന്തംവിട്ടാ ചിര്യാണു ശവികളെ.
കറവക്കാരന്‍:ദൈവതിന്റെ ഈ കൂട്ടില് ചെകുത്താനു എന്തു കാര്യം….നിന്റെ പണിയങ്ങ് അറവുശാലയിലല്ലെ?
വരീത്:അതെല്ലൊ…അറവു ശാലേല്‍ തന്ന്യാ..ഞാനുരൊട്ടം കാട്ടാനാ വന്നതു ഗഡികളെ….(അയാള്‍ ബാഗ് തുറന്ന് ഒരു യന്ദ്രം പുറത്തെടുക്കുന്നു.)ഇനി ആടുകളെ വെട്ടാന്‍ കത്തി വെണ്ടാ….ദാ…എതൊന്നു സ്വിചിട്ടാമതി(അയാള്‍ ആ യന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നു)ദാ….ഇതു കഴുത്തിലു വെച്ച് സ്വിച്ചിട്ടാമതി….
(മായമ്മയെ നോക്കി…)എല്ലാ ആടുകളും അതു മനസ്സിലാക്കിയാല്‍ നന്നാവും……
(യന്ത്രന്തിന്റെ ഭീകരസംഗീതം അരങില്‍ എല്ലാവരും ഭീതിയില്‍ ആകുന്നു.ആടുകളുടെ കൂട്ടകരച്ചില്‍.വെളിച്ചം മായമ്മയിലും,വറീതിലും മാത്രം കേദ്രീകരിക്കുന്നു….ശോകസംഗീതം.വെളിച്ചം പൊലിയുന്നു.)
-----------------------------------------------ബ്ലാക്ക് ഔട്ട്--------------------------------------------
ദൃശ്യം - 3
(കള്ളിമുള്‍ ചെടികള്‍ക്ക് നടുവിലായി ഒരു പൊയ്ക്.അബ്ദുള്ളക്ക് ചുറ്റിലുമായി ആടുകള്‍ വെള്ളം കുടിക്കുന്നു. അബ്ദുള്ള തന്റെ കയ്യിലുള്ള മണ്‍കുടങ്ങള്‍ വെള്ളത്തിലിറക്കി വെള്ളം നിറക്കുന്നതിന്റെ ശബ്ദം കേള്‍ക്കാം.. കൂടെ ആടുകളുടെ കരച്ചിലും.അബ്ദുള്ള വെള്ളം നിറച്ച് ഒരു കള്ളിമുള്‍ച്ചെടിയുടെ താഴെ ഇരുന്ന് ഓടക്കുഴല്‍ വായിക്കുന്നു.അവിടേക്ക് പ്രവേശിക്കുന്ന അബ്ദുള്ളയുടെ മുതലാളിയും കുടുംബവും. എന്നാല്‍ അബ്ദുള്ള അവരെ കാണുന്നില്ല. അവര്‍ കുറച്ച് സമയം ഓടക്കുഴല്‍ വായന ശ്രദ്ധിക്കുന്നു )
മുതലാളി: സബാഷ്… ഇതില്‍ അറബ് മ്യൂസിക്ക് എന്തെങ്കിലും വായിക്കാറുണ്ടോ ?
അബ്ദുള്ള: ചിലതൊക്കെ ഇവിടെ വന്നപ്പോ വായിക്കാറുണ്ട്.. (പരുങ്ങിക്കൊണ്ട്.. ) അത് നിങ്ങള്‍ വിചാരിക്കുന്ന പോലെ അറബിക് മ്യൂസിക്ക് വീഡിയോ പാട്ടല്ല. ഈ മണലാരണ്യത്തിന്റെ ഏകാന്തസംഗീതം.
ഭാര്യ: എന്നാല്‍ അതൊന്ന് വായിക്ക്..
(അയാള്‍ അത് വായിക്കുന്നു. എല്ലാവരും ഓടക്കുഴല്‍ സംഗീതം ആസ്വദിക്കുന്നു. മുതലാളിയുടെ മകള്‍ ഓടിച്ചെന്ന് ഒട്ടകത്തിന്റെ മുകളില്‍ വെച്ച പെട്ടികളെടുത്ത് കൊണ്ട് വരുന്നു. പെട്ടിയില്‍ നിന്ന് ചില ഉപഹാരങ്ങളെടുക്കുന്നു.)
മകള്‍: (അവള്‍ എന്തൊക്കെയോ ആംഗ്യം കാണിച്ച് ഉപഹാരങ്ങള്‍ അയാള്‍ക്ക് നല്‍കുന്നു. അവള്‍ ഊമയാണെന്ന് മനസിലായല്ലോ)
ഭാര്യ: നിങ്ങളുടെ സംഗീതം അതിമനോഹരമായിരിക്കുന്നു എന്നാ അവള്‍ പറഞ്ഞത്.
(അപ്പോള്‍ അവള്‍ ചിരിച്ച് കൊണ്ട് പെട്ടിയില്‍ നിന്ന് ഒരു ക്ലാസിക്ക് റേഡിയോ അയാള്‍ക്ക് നല്‍കുന്നു. എന്റെ ഈ സമ്മാനം നിങ്ങള്‍ക്ക് ഇഷ്ടപ്പെടും എന്ന് അവള്‍ ആംഗ്യം കാണിക്കുന്നു. അവര്‍ സാവധാനം നടന്നു നീങ്ങുന്നു. അബ്ദുള്ള റേഡിയോ ശബ്ദം കൂട്ടുമ്പോള്‍ രമണനിലെ “കാനനച്ചായയില്‍..” എന്ന ഗാനം ഉയരുന്നു. അല്പസമയത്തിന്‍ ശേഷം പെട്ടന്ന് അവിടേക്ക് ഒരു ശബ്ദത്തോടെ ഒരു പക്ഷി പറന്നിറങ്ങുന്നു. സംഗീതമുയരുന്നു)
അബ്ദുള്ള: മാലമ്പല്ലി പക്ഷികള്‍.. (ഒരു ഭ്രാന്തനെ പോലെ ആടുകളോട്..) ആടുകളേ.. മാലമ്പല്ലി പക്ഷി… മാലമ്പല്ലി കരക്കാരന്റെ ദേശീയ പക്ഷി.. മാലമ്പല്ലിക്കരക്ക് ആ പേര്‍ കിട്ടിയത് ത്നനെ ഈ ദേശാടനക്കിളികളില്‍ നിന്നാണ്‍.. അതിശൈത്യ കാലത്ത് ഞങ്ങളുടെ പാടങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നവര്‍..(അയാള്‍ പക്ഷിക്കരികിലേക്ക് നടക്കുന്നു.. സൂക്ഷിച്ച് നോക്കിക്കൊണ്ട്.. വേദനയോടെ..)
അബ്ദുള്ള : പക്ഷെ.. ഇവരെങ്ങനെ ഇവിടെ.. തെളിനീരുള്ള മണ്ണില്‍ മാത്രം ജീവിക്കുന്ന ഈ പക്ഷിയും വഴി തെറ്റി വന്നതാവും… എന്നെ പോലെ….
(പക്ഷിയുടെ കുറുകലുകള്‍ ഉയരുന്നു. അയാളുടെ ഓര്‍മ്മകള്‍ കുട്ടിക്കാലത്തിലേക്ക്..)
-----ലൈറ്റ് ഫെയ്ഡ്----ബാക്ക് സ്റ്റേജില്‍ ലൈറ്റ്---
(ഒരു കവണയുമായി തടിയനായ കൂട്ടൂകാരനൊപ്പം കുട്ടിയായ അബ്ദുള്ള. തടിയനായ കൂട്ടുകാരന്‍ പക്ഷിയെ കവണ കൊണ്ട് ഉന്നം പിടിക്കുന്നു. )
അബ്ദുള്ള: ഡാ.. രഘൂ.. മാണ്ടഡാ… അയിനെ വിട്ടേക്ക്.. ഐറ്റിങ്ങളെങ്ങനെങ്കിലും ജീവിച്ചോട്ടെ..
രഘു: പോടാ.. ചെക്കാ.. ആ കിളിയേ വിദേശിയാ.. വിറ്റാ നല്ല കാശ് കിട്ടുംന്ന് ദാമ്വേട്ടന്‍ പറേല്‍ണ്ട്.. പിടിച്ച് കൊട്ത്താ പൈസ തരാന്ന് ഇന്നലേം കൂടി മൂപ്പര്‍ പറഞ്ഞിക്ക്.. (അവന്‍ കവണ കൊണ്ട് ഉന്നം വെച്ച് ഒരു കിളിയെ പിടിക്കുന്നു. കിളിയുടെ കരച്ചില്‍ ഉയരുന്നു. മറ്റൊരു ചില്ലയില്‍ നിന്ന് ഇണക്കിളിയുടെ ഹൃദയഭേദകമായ കരച്ചിലുയരുന്നു.)
അബ്ദുള്ള: രഘ്വോ.. കേട്ടില്ലേടാ.. ഐന്റെ തൊണേന്റെ കരച്ചിലാത്.. അയിനെ തൊറന്ന് വിട്ടേക്കെടാ..
രഘു: പോടാ.. പോടാ.. പോടാ.. ഈനൊന്ന് കച്ചോടാക്കീറ്റ് മാണം പുത്യ സൈക്കള്‍ വാങ്ങാന്‍.
----ലൈറ്റ് ഫെയിഡ്------ ഫ്രണ്ട് സ്റ്റേജില്‍ ലൈറ്റ്----
(കിളിയെ സൂക്ഷിച്ച് നോക്കുന്ന അബ്ദുള്ള… നിരവധി കിളികളുടെ കെട്ടുമായി വിലയേറിയ സൈക്കളുകളില്‍ കുട്ടിയായ രഘുവും കൂട്ടുകാരും സ്റ്റേജില്‍ ആരവത്തോടെ നിറയുന്നു. ദൂരെ നിന്നും ഇണപ്പക്ഷിയുടെ വേദന ജനിപ്പിക്കുന്ന കരച്ചില്‍.. സൈക്കളിലെ കുട്ടികളുടെ ആരവങ്ങള്‍ മെല്ലെ ഇല്ലാതാവുന്നു. സന്ധ്യയെ സൂചിപ്പിക്കുന്ന ബാങ്ക് മുഴങ്ങുന്നു. ആദ്യത്തേത് പോലെ അബ്ദുള്ളയും ആടുകളും മാത്രമാകുന്നു. അസ്തമയ സൂര്യന്റെ ചുവട്ടില്‍ ആടുകളും അബ്ദുള്ളയും മെല്ലെ ചലിക്കാന്‍ തുടങ്ങുന്നു. ദൂരെ നിന്നും ഒരു ഇണ നഷ്ടപ്പെട്ട കുരുവിയുടെ വേദനയുള്ള സംഗീതം. സാവധാനം വെളിച്ചം പൊലിയുന്നു.)
-----------------------------------------------ബ്ലാക്ക് ഔട്ട്----------------------------------------------
ദൃശ്യം - 4
(ആട്ടിന്‍ കൂട്ടിലെ ഒരു വൈകുന്നേരം. മായമ്മ, കറവക്കാരന്‍, മറ്റ് തൊഴുത്ത് വൃത്തിയാക്കുന്ന തൊഴിലാളികള്‍ എന്നിവരുണ്ട്..തൊഴുത്ത് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന തൊഴിലാളി അപകടം പറ്റിയ ആടിനെ നോക്കി.. )
തൊഴിലാളി 1: അബ്ദുക്കാ… നോക്കീന്ന്.. ഇക്കാലൊടിഞ്ഞ ആടിന്‍ എന്തോ ഒരു സൂക്കേട്..
തൊഴിലാളി 2: ഇതൊന്നും തിന്നുന്നില്ലാന്ന്..
കറവക്കാരന്‍: ഞാനും മൂന്നാല്‍ ദേസായിറ്റ് ശ്രദ്ധിക്ക്ന്ന്.. ഈനെനി ഡോക്ടറേട്ത്ത് കൊണ്ടോണ്ടേര്‍വോ ?
തൊഴിലാളി 3: ഇനിപ്പോ പുല്ലിലെന്തെങ്കിലും കീടനാശിനി തളിച്ചിറ്റ്ണ്ടോന്നാ ഇന്റെ സംശയം.
തൊഴിലാളി 4: അങ്ങനാണെങ്കി എല്ലാ ആടിനും വരണ്ടെടോ..
അബ്ദുള്ള: (ആടിനെ തലോടിക്കൊണ്ട്) ഞാനും കരുതി കാലിന്റെ മുറിവിന്റെ വേദന കൊണ്ടാ അവളൊന്നും തിന്നാത്തെന്ന്.. ഇതിപ്പൊ മുറിവൊക്കെ മാറിയല്ലോ..
മായമ്മ: എനക്കൊരു സന്ദേഹമിരിക്ക്.. ആട്ക്ക് ഒരു കൊളന്ത വരപ്പോറെന്ന്..
(എല്ലാവരിലും സന്തോഷം. ആടുകളുടെ ഗര്‍ഭകാല ശുശ്രൂഷക്കുള്ള ഒരു പ്രത്യേകതരം ചടങ്ങിനായി അവര്‍ കാര്യങ്ങള്‍ ഒരുക്കുന്നു. ഒരു പ്രത്യേകതരം സംഘനൃത്തം ആരംഭിക്കുന്നു. എല്ലാവരും നൃത്തത്തിന്റെ ലഹരിയില്‍.. അവിടേക്ക് പ്രവേശിക്കുന്ന മുതലാളിയും കുടുംബവും. അവര്‍ ആടിന്‍ വിശിഷ്ട പലഹാരങ്ങള്‍ നല്‍കുന്നു. തൊഴിലാളികളുമായി കുശലാന്വേഷണം നടത്തുന്ന മുതലാളിയും ഭാര്യയും. മുതലാളിയുടെ മകള്‍ അബ്ദുള്ളക്കരികിലേക്ക് നടന്ന് റേഡിയോ ഓണ്‍ ചെയ്യുന്നു. അതില്‍ നിന്നുയരുന്ന അറബിക് പ്രണയഗാനം.)
അബ്ദുള്ള: എന്താ പേര്‍ ? (അവള്‍ ഒരു നോട്ട് പാഡില്‍ പേരെഴുതിക്കാണിക്കുന്നു)
അബ്ദുള്ള: ലൈലാ.. നല്ല ഒന്നാന്തരം പേര്‍.. (അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്..) ലൈലേടെ മജ്നു എവിടെ ?
ലൈല: (ഹൃദയത്തില്‍ എന്ന് കാണിക്കുന്നു)
അബ്ദുള്ള: എവിടെയാ.. കൂടെ പടിക്കുന്നതാ ?
ലൈല: (അല്ല എന്ന് തലയാട്ടുന്നു )
അബ്ദുള്ള: എന്താ ആളുടെ പേര്‍ ?
ലൈല: (അവള്‍ നാണിച്ച് ആടിനോട് ചേര്‍ന്ന് നില്‍ക്കുന്നു. അറബിക് പ്രണയഗാനത്തിന്റെ ശബ്ദം കൂട്ടുന്നു)
അബ്ദുള്ള: എന്താത്ര നാണിക്കാന്‍ ? പറയെന്ന്..
ലൈല: (അവള്‍ നാണിച്ച് അബ്ദുള്ളയെ ചൂണ്ടിക്കാണിക്കുന്നു. അബ്ദുള്ള പകക്കുന്നു. അയാള്‍ മുതലാളിയെ നോക്കുന്നു.)
മുതലാളി: എന്താ അവിടെ അവള്‍ പറഞ്ഞോണ്ടിരിക്കുന്നത് ? (അബ്ദുള്ള റേഡിയോ ഓഫ് ചെയ്യുന്നു. നിശബ്ദത)
മുതലാളി: ആടുകളെ പറ്റി ചോദിക്കേരിക്കും.. എല്ലാം നല്ലോണം പിന്നീടൊരിക്കല്‍ അവള്‍ക്ക് പറഞ്ഞ് കൊടുക്കണം. പോയിട്ട് ചില അത്യാവശ്യങ്ങള്‍ണ്ട്.. വരൂ ലൈലാ..
(ലൈല അച്ചനോട് ചേര്‍ന്ന് നടക്കുന്നു. അവള്‍ ചിത്രപ്പണികള്‍ ചെയ്ത സ്വര്‍ണ്ണക്കസവുള്ള ഒരു തൂവാല അയാള്‍ക്ക് വേണ്ടി താഴെയിടുന്നു. ഒരു സ്വപ്നത്തിലെ പോലെ അയാള്‍ അതെടുക്കുന്നു. അത് മണക്കുന്നു. മുതലാളിയും കുടുംബവും പോയ ഭാഗത്തേക്ക് ആകാംക്ഷയോടെ നോക്കുന്നു. “കാനനച്ചായയില്‍ ആട് മേക്കാന്‍” എന്ന ഗാനം ഓടക്കുഴയില്‍ ഉയരുന്നു. വെളിച്ചം പൊലിയുന്നു.)
-----------------------------------------------ബ്ലാക്ക് ഔട്ട്----------------------------------------------
ദൃശ്യം – 5
(പ്രഭാതത്തിലെ ആട്ടിന്‍ ഫാം. ജോലി ചെയ്ത് കൊണ്ടിരിക്കുന്ന തൊഴിലാളികള്‍. ഗര്‍ഭിണിയായ ആടിന്റെ കാലില്‍ നിന്നും മുറിവ് കെട്ടിയ തുണി അഴിച്ച് മാറ്റുന്ന അബ്ദുള്ള… അവിടേക്കൊരു പൊടിക്കാറ്റടിക്കുന്നു. ഒരു വാഹനം വന്ന് നില്‍ക്കുന്നതിന്റെ ശബ്ദം. വാഹനത്തില്‍ നിന്നിറങ്ങുന്ന വറീതും രണ്ട് സഹായികളും. വറീത് എല്ലാവരെയും നോക്കി.)
വറീത്: ചെല മൊതലാളിമാര്‍ക്ക് പെണ്ണാടിന്റെ എറച്ചി തിന്നാലേ കൊതി തീരൂ.. (മായമ്മയെ നോക്കി..) എളം പെണ്ണാടുകളേതൊക്ക്യാ അബ്ദ്വോ..
മായമ്മ: ഇങ്കേ കുഞ്ചാടില്ലേ.. എല്ലാം മൂത്തത്
വറീത്: (ദേഷ്യത്തില്‍) ഡീ.. ആടിന്റെ തീട്ടം കോരാന്‍ വന്നാ അത് ചെയ്തിട്ട് പോയാ മതി. അല്‍ലാണ്ടിങ്ങടെളക്കണ്ട…(സഹായികളോട്) എളം ആട്വോളെ നോക്കി ഒരാറെണ്ണം കേറ്റെടാ.. ടേസ്റ്റ് നന്നായാ സ്കോച്ച് കുടിക്കാം.
(സഹായികള്‍ ആടുകളെ പിടിക്കാന്‍ ശ്രമിക്കുന്നു. ആടുകള്‍ ഓടിക്കളയുന്നു. സഹായികള്‍ക്ക് പിടിക്കാന്‍ കഴിയുന്നില്ല. ക്ഷമ നശിച്ച വറീത് ആടിനെ അറക്കുന്ന യന്ത്രം പുറത്തെടുത്ത്)
വറീത്: ആറാടിനെ പിടിക്കാന്‍ പറ്റാണ്ട് എന്തൂട്ടിനാടാ..
(അയാള്‍ ഒരു ഭ്രാന്തനെ പോലെ മിഷ്യന്‍ ഓണ്‍ ചെയ്ത് ആടുകളെ വെട്ടുന്നു.ആടുകളുടെ കൂട്ടക്കരച്ചില്‍. അഞ്ചാടുകളെ വെട്ടിയതിന് ശേഷം ഗര്‍ഭിണിയായ ആട് അയാളുടെ മുന്നില്‍പ്പെടുന്നു.)
വറീത്: (ആടിനെ നോക്കി..) ഒരു പത്തിരുപത് കിലോ ഇണ്ടാവും. (യന്ത്രം ഓണ്‍ ചെയ്യുന്നു. മായമ്മ ഓടി വന്ന് അയാളുടെ കാലില്‍ പിടിക്കുന്നു)
അബ്ദുള്ള: അച്ചായാ.. അതിനെ വേണ്ട.. നിങ്ങള്‍ വേറെ ഏതെങ്കിലും ഒന്നിനെ നോക്കിക്കോളീന്‍.. അത് ഗര്‍ഭിണിയാ..
വറീത്: ഗര്‍ഭിണിയാ.. എന്നാ വിട്ട്..(അയാള്‍ മറ്റൊരാടിനെ അറക്കുന്നു. സഹായികള്‍ അറുത്ത ആടുകളെ വണ്ടിയില്‍ കേറ്റുന്നു. അവര്‍ പോകുന്നു.)
കറവക്കാരന്‍: ന്നാലും ഇത്രക്ക് മനസ്സിന്‍ കട്പ്പള്ള ഒരുത്തനെ ഞാനിത് വരെ കണ്ടിട്ടില്ല. (കാര്‍ക്കിച്ച് തുപ്പുന്നു)
മായമ്മ: അവന്‍ക്ക് പൈത്യം താ..
അബ്ദുള്ള: മരണവും ഇറച്ചിയും കൊലപാതകവും ചിലര്‍ക്ക് വല്ലാത്തൊരഭിനിവേശാ.. ചെലര്‍ക്ക് ചോര ഒരാവേശാ..
കറവക്കാരന്‍: ഇമ്മളെ നാട്ടിലെ പാര്‍ട്ടിക്കാരെ പോലെ.. ഇവനൊക്കെ നാട്ടിലേതെങ്കിലും ക്രിമിനലാരിക്ക്വെ..
(ആകാശത്ത് നിന്നൊരു പ്രത്യേക ദിവ്യവെളിച്ചം ആട്ടിങ്കൂട്ടിലേക്ക് പ്രസരിക്കുന്നു. ആടുകളുടെ കണ്ണുകള്‍ തിളങ്ങുന്നു. കറവക്കാരന്‍ ഓടിച്ചെന്ന് പോയി നോക്കുന്നു. ആട്ടിന്‍ കുട്ടികളുടെ കരച്ചിലുകള്‍.)
കറവക്കാരന്‍: മ്മളെ കറത്ത പെണ്ണാട് പെറ്റു.
(എല്ലാവരുടെയും മുഖത്ത് സന്തോഷം. അവര്‍ ആട്ടിങ്കുട്ടികളെ കളിപ്പിക്കുന്നു. എങ്ങും സന്തോഷം. പെട്ടന്ന് ആ സന്തോഷത്തെ തല്ലിക്കെടുത്തിക്കൊണ്ട് മായമ്മ ഫാമില്‍ ഒരു പാമ്പിനെ കാണുന്നു. എല്ലാവരും ചേര്‍ന്ന് ആ പാമ്പിനെ തല്ലിക്കൊല്ലുന്നു. കറവക്കാരന്‍ ആ പാമ്പിന്റെ വാലില്‍ പിടിച്ചുയര്‍ത്തി അതിനെ നോക്കുമ്പോള്‍ അവര്‍ക്ക് പിറകിലായി ആയിരം മൂര്‍ഖന്‍ പാമ്പുകള്‍ പത്തി വിടര്‍ത്തിയാടുന്നു. ഭീതിയില്‍ വെളിച്ചം പൊലിയുന്നു.)
-----------------------------------------------ബ്ലാക്ക് ഔട്ട്----------------------------------------------
ദൃശ്യം – 6
(മരുഭൂമിയിലെ ഒരു ഗ്രാമീണ കച്ചവടകേന്ദ്രത്തിലെ സായാഹ്നം. പല ഭാഷക്കാരായ കച്ചവടക്കാരുടെ മാടിവിളികള്‍..പള്ളിയില്‍ നിന്നുയരുന്ന കൂട്ടപ്രാര്‍ഥനകള്‍ കേള്‍ക്കാം.. അവിടേക്ക് പ്രവേശിക്കുന്ന ഒരു മലബാറി കച്ചവടക്കാരനും അയാളുടെ ശിങ്കിടികളും. രാജമാണിക്കത്തിലെ മമ്മൂട്ടിയെ അനുസ്മരിപ്പിക്കുന്ന വേഷധാരണമാണ്‍ അയാളുടേത്. ഏത് സമയവും മുഖത്ത് പുച്ച്ചഭാവം. പെട്ടന്ന് ഒരു ഈന്തപ്പഴക്കച്ചവടക്കാരനെ നോക്കിക്കൊണ്ട് അയാള്‍)
രഘു: ആയിക്കോട്ടെ.. അങ്ങനെത്തന്നെയായിക്കോട്ടെ. ഇങ്ങളെ ചക്കക്കച്ചോടം ഇങ്ങക്ക്.. ഞമ്മളെ ഈത്തപ്പയക്കച്ചോടം ഞമ്മക്ക്.. അതല്ലേ സക്കീറേ അയിന്റൊരു ന്യായം.(പരുഷമായി) ലാഭത്തിനല്ലെടോ ഇമ്മളെല്ലം കച്ചോടം ചെയ്യുന്നത്.
സക്കീര്‍: രഘൂഭായ്.. ഇങ്ങളെ ഉപദ്രവിക്കാനല്ല. റേറ്റ് കുറച്ച് കിട്ട്യപ്പോ ഒരു ലോഡെറക്കി.. ഒറ്റ ലോഡ്.. അതിപ്പം തീരും.
രഘു: അപ്പോ ഞാനെറക്കിയതൊക്കെ അന്റെ ബാപ്പാന്റെ കബറിലടക്കം വെക്കാനാ ?
സകീര്‍: പ്ഫ.. പന്ന്യേ.. ബാപ്പാന വിളിക്ക്ന്നാ..(അയാള്‍ കത്തിയെടുക്കുന്നു.. അടിപിടിയാവുന്നു.. ആളുകള്‍ കൂടുന്നു. പോലീസ് പ്രവേശിക്കുന്നു.)
പോലീസ്: ഇന്നേരത്ത് തന്നെ വേണോ നിങ്ങളെ ഈ അടിപിടിയും കത്തിക്കുത്തും. ഇങ്ങോട്ട് മാറിനിക്കെടാ..
(ഒരു സംഗീതത്തില്‍ പോലീസിന്റെ മധ്യസ്ഥതയില്‍ സക്കീറും രഘുവും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്ത് തീര്‍പ്പാവുന്നു. തടിച്ച് കൂടിയ ജനക്കൂട്ടം പിരിയുന്നു. ചന്ത സമാധാനത്തിലേക്ക്.. ജാള്യനായ രഘു ഒരു ഇറച്ചിക്കട നോക്കി )
രഘു: (ഹിന്ദിയില്‍) കച്ചോടൊക്കെ എങ്ങനെ ഭായ്…
കച്ചോടക്കാരന്‍: അള്ളാവിന്റെ കൃപ കൊണ്ട് നന്നായി പോകുന്നു (ഉറുദുവില്‍)
രഘു: (ശിങ്കിടിയോട്) ന്നാ.. മ്മക്കും തൊടങ്ങ്യാലോ ഒരു എറച്ചിക്കട..
ശിങ്കിടി: മുടിഞ്ഞ ലാഭാന്നാ പറയ്ന്നത്..
രഘു: ന്നാ നീയൊരു പീട്യ നോക്കെടാ.. അട്ത്തേസം തന്നെ തൊടങ്ങാം.. ഒരു മലബാറി എറച്ചിക്കട.
ശിങ്കിടി 2: മലബാറി എന്ന പേര്‍ കേട്ടാ മതി. ആളിങ്ങോട്ട് കൂടും.
(ചന്തയിലേക്ക് പ്രവേശിക്കുന്ന മായമ്മയും അബ്ദുള്ളയും കറവക്കാരനും.രഘുവും ശിങ്കിടികളും അത് വഴി നടന്നു പോകുന്നു. രഘുവിനെ അബ്ദുള്ള ശ്രദ്ധിക്കുന്നു. അബ്ദുള്ളയുടെ ഉള്ളില്‍ മാലമ്പല്ലിക്കിളികളുടെ കൂട്ടച്ചിറകടിയൊച്ചകള്‍.. അയാള്‍ പതറുന്നു. അപ്പുറത്ത് നിന്ന് മായമ്മ “അണ്ണാ ഇത് പാരങ്കേ” എന്ന് പറഞ്ഞ് കുറച്ച് വളകള്‍ കാണിച്ച് വിളിക്കുന്നു. പെട്ടന്ന് അരങ്ങിലേക്ക് ഒരു മയ്യത്ത് പ്രവേശിക്കുന്നു. എല്ലാവരും ആകാംക്ഷയോടെ ശ്രദ്ധിക്കുന്നു. മയ്യത്ത് കട്ടില്‍ പരിക്രമിക്കുന്നു.)
പച്ചക്കറിക്കടക്കാരന്‍: ന്നാലും ബല്ലാത്തൊരു കഷ്ടായിപ്പോയി.. ഓനെപ്പോലെ ആണൊരുത്തന്‍ ഇതൊന്നും ചെയ്യണ്ടായിരുന്നു.
മറ്റൊരു കച്ചോടക്കാരന്‍: (ചിരിച്ച് കൊണ്ട്) എന്നാ പറയാനാ.. ചോരക്കളി കളിച്ചവനല്ലേ.. എന്നിട്ട് (ചിരിക്കുന്നു……)
കച്ചോടക്കാരന്‍ 3: അങ്ങേര്‍ ദെവസോം ഒരായിരം ആടിനെ വെട്ടൂന്നാ പറഞ്ഞ് കേട്ടെ. എന്നിട്ടിപ്പൊ ഒരു കുഞ്ഞാടിന്റെ കയറ്മ്മേലെ കെട്ടിത്തൂങ്ങിയങ്ങ് ചത്തു.
(അരങ്ങിലേക്ക് പ്രവേശിക്കുന്ന മുതലാളിയും കുടുംബവും. അവരുടെ കയ്യില്‍ റോസാപ്പൂക്കളും റീത്തുമുണ്ട്. മുതലാളി അബ്ദുള്ളയെ കാണുന്നു.)
മുതലാളി: വേദന അടങ്ങുന്നില്ല. അവന്റെ ചോര നിറമുള്ള കണ്ണുകളില്‍ ഇത്രത്തോളം നിഷ്കളങ്കതയുണ്ടെന്ന് നമുക്ക് മനസിലായില്ലല്ലോ..
(അന്ധാളിച്ച് നില്‍ക്കുന്ന മൂവര്‍ സംഘത്തിനോടായി)
മുതലാളി: നമ്മുടെ വറീത്.. ഇഹലോകവാസം വിട്ട് പോയിരിക്കുന്നു. ഏതോ കുഞ്ഞാടിന്റെ കനമില്ലാത്ത പ്ലാസ്റ്റിക് കയറില്‍ കെട്ടിത്തൂങ്ങി..
ഭാര്യ: ഇനി നമുക്ക് അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാം.
അബ്ദുള്ള: വീട്ടിലറിയിച്ചോ..?
മുതലാളി: ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി. പോകുമ്പോള്‍ വറീതിന്റെ ജീവിതസമ്പാദ്യം മുഴുവന്‍ അവള്‍ കൂടെ കൊണ്ട് പോയി. അവള്‍ പോയതിന്‍ ശേഷം അമ്മ മരിച്ചു. ഇപ്പോ വറീതിനെ അന്വേഷിച്ച് വരാന്‍ ആരുമില്ല.
ഭാര്യ: ഓരോ ആടിനെ അറക്കുമ്പോഴും അയാള്‍ക്കാരോടൊക്കെയോ ദേഷ്യള്ളത് പോലെയാ.. ചോരയോടും മാംസത്തോടും വല്ലാത്തൊരഭിനിവേശം.
മുതലാളി: വരൂ.. നമുക്ക് അങ്ങോട്ട് നടക്കാം.
(എല്ലാവരും പൂക്കളും കയ്യിലേന്തി മുതലാളിക്ക് പിറകിലായി നടക്കുന്നു. വേദനയുടെ സംഗീതം. വെളിച്ചം പൊലിയുന്നു.)
-----------------------------------------------ബ്ലാക്ക് ഔട്ട്----------------------------------------------
ദൃശ്യം – 7
(ആട് ഫാം. ഒരു ഉയര്‍ന്ന തലത്തില്‍ മായമ്മ വറീതിന്റെ ആട് വെട്ടല്‍ യന്ത്രം കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് നിറകണ്ണുകളോടെ നോക്കുന്നു. വേദനയുടെ സംഗീതം. അവിടേക്ക് ഒരു ആട്ടിന്‍ കുഞ്ഞിനെ എടുത്ത് പ്രവേശിക്കുന്ന അബ്ദുള്ള. മായമ്മ പൊട്ടിക്കരയുന്നു.)
അബ്ദുള്ള: എന്ത് പറ്റി. ? ഇന്നലെ വൈകുന്നേരം തുടങ്ങിയ ഇരുത്തല്ലേ ഇത് ? വറീത് ചത്തേന്‍ നീയെന്തിനാ ഇത്രക്ക് വെഷമിക്കുന്നെ ?
(അവള്‍ ഇറച്ചി വെട്ടുന്ന യന്ത്രം ഓണ്‍ ചെയ്യുന്നു. കാതടപ്പിക്കുന്ന ശബ്ദം. അബ്ദുള്ള ഓടിച്ചെന്ന് അതോഫ് ചെയ്യുന്നു.)
അബ്ദുള്ള: (ദേഷ്യത്തോടെ) നെനക്കെന്താ.. തലക്ക് നല്ല സുഖല്ലേ.. പറ മോളേ.. എന്താ പറ്റിയത് ?
(മായമ്മ പൊട്ടിക്കരയുന്നു. കരച്ചിലടങ്ങുന്നു. ചുറ്റും ആരെങ്കിലും ഉണ്ടൊ എന്ന് ഒരു ഭ്രാന്തിയെപ്പോലെ ഓടിപ്പോയി നോക്കുന്നു.)
മായമ്മ: അണ്ണാ.. നാന്‍ ഊങ്കളിക്കിട്ട് ഒരു രകസ്യം സൊല്ലട്ട്ങ്കളാ.. ഉങ്കള്‍ യാര്‍ക്കിട്ടേം സൊല്ലാത്…
(അയാളുടെ കൈ അവള്‍ അവളുടെ നെറുകയില്‍ എത്തിക്കുന്നു.)
മായമ്മ: സത്തിയം സൊല്ലിട്.. ഇന്ത സെയ്തി യാര്‍ക്കിട്ടേം സൊല്ലമാട്ടെന്ന്..
അബ്ദുള്ള: അള്ളാണെ.. ഞാനാരോടും പറയില്ല.. അല്ലെങ്കിലും എനിക്കാരാ പറയാന്‍ള്ളത്.. ഈ ആടുകളോ ?
(അവള്‍ അവളുടെ വയറ്റില്‍ തടവുന്നു.)
മായമ്മ: ഇന്ത വയറ്റില്‍ ഒരു സിന്ന കൊളന്തൈ ഇരിക്ക്..(സംഗീതം)
മായമ്മ: നാന്‍ ഒരു തപ്പും പണ്ണീല്ലപ്പാ.. അന്ന് ഒരു വെള്ളിക്കളമെ.. ഇങ്കെ യാരൂല്ലേ.. അന്ത ഒടമ്പ് സരിയില്ലാത്ത ആടെ പാക്കരത്ക്ക് വന്തത് നാ..(സംഗീതം ഉയരുന്നു. അവള്‍ ഓര്‍മ്മകളിലേക്ക്..)
------ബ്ലാക്ക് ഔട്ട്------
(ആട് ഫാമില്‍ ഇരിക്കുന്ന വറീത്… അയാള്‍ ആട്ടിറച്ചി കടിച്ച് വലിക്കുന്നുണ്ട്. അവിടേക്ക് പ്രവേശിക്കുന്ന മായമ്മ.)
വറീത്: ഡീ മായമ്മോ.. ഇന്നാട്ടില്‍ കിട്ടാത്ത ആട്ടിറച്ചിയാ... എന്താ ഒരു കൈ നോക്കുന്നോ?
മായമ്മ: ഇരുന്താ കൊഞ്ചം കൊടുങ്കേ.. (അയാള്‍ അവള്‍ക്ക് ഇറച്ചി നല്‍കുന്നു.അവള്‍ കഴിച്ച് തുടങ്ങുമ്പോള്‍ അയാള്‍ അവളുടെ കയ്യിലെ പനമ്പിന്റെ കുട്ട വാങുന്നു,കാമാര്‍ത്തനായി ആ കുട്ട മുറിച്ച് കീറുന്നു.മായമ്മയുടെ കരച്ചില്‍..)
----------ബ്ലാക്ക് ഔട്ട് ------------
(മായമ്മ ഉറക്കെ കരയുന്നു. അബ്ദുള്ള അവളെ സമാധാനിപ്പിക്കുന്നു.)
അബ്ദുള്ള: ഇനി എന്ത് ചെയ്യും. മുതലാളിയോട് പറഞ്ഞ് ഏതെങ്കിലും ഡോക്ടറെ കണ്ടാലോ ?
മായമ്മ: വേണ്ട. അന്ത വറീത് എനക്ക് തന്ത കൊളന്തൈ ഇത്.. ഇന്ത കൊളന്തെ എനക്ക് വേണം. ഇന്ത കൊളന്താവുടെ അപ്പ യാരും ആവട്ടും – യാരായിരുന്താലും ഇന്ത ഉലഹത്തില്‍ മായമ്മാവുടെ കൊളന്ത താ ഇത്..
അബ്ദുള്ള: ഇതൊക്കെ തീക്കളിയാ മായമ്മേ.. നിന്റെ ഭാവി തകരും. നിന്നെ ഇനി ആരും കെട്ടാന്‍ വരില്ല
മായമ്മ: എനക്ക് യെത്ക്ക് കല്യാണം. നാന്‍ തനിയാ വാഴ്ന്തിടും. ദോ പാര്‍.. എനക്ക് നാന്‍ പോതും.
(അവിടേക്ക് പ്രവേശിക്കുന്ന കുറച്ച് തൊഴിലാളികള്‍.)
തൊഴിലാളി 1: ഓ.. ഒരു വല്ലാത്തെ പണ്ടാരടങ്ങിയ പണി തന്ന്യാട്ടോ അത്.. കത്തി കാണുമ്പോഴേക്കും എന്റെ കൈ സറസറാന്ന് വെറക്കാന്‍ തൊടങ്ങി..
തൊഴിലാളി 2: മ്മക്കീ ക്ലീനിംഗ് പണി തന്ന്യേ പറ്റുള്ളൂ ചങ്ങായീ..
തൊഴിലാളി 1: ഏയ് അബ്ദുള്ളാ.. അവിടെ എറച്ചി വെട്ട്കാര്‍ക്കുള്ള ഇന്റെര്‍വ്യൂ നടക്കുന്നു. ഒന്ന് പോയി നോക്കെടോ.. നാട്ടിലെ എണ്‍പതിനായിരാ കൂലി..
തൊഴിലാളി 4: പണമുണ്ടാക്കണെങ്കില്‍ പോയി നോക്ക്.. കൈ വെറക്കാതെ പത്താടിന്റെ തല വെട്ടണം. എന്റമ്മോ രണ്ടെണ്ണത്തിനെ വെട്ടിയപ്പോഴേക്കും എന്റെ തല കറങ്ങി.
(പെട്ടന്ന് മായമ്മ എറച്ചി വെട്ടുന്ന യന്ത്രം ഓണ്‍ ചെയ്യുന്നു. എല്ലാവരും മായമ്മയെ പരിഭ്രമത്തോടെ നോക്കുന്നു. മായമ്മ യന്ത്രം പ്രവര്‍ത്തിപ്പിച്ച് കൊണ്ട് തന്നെ ഇറങ്ങി ഓടുന്നു. മായമ്മ പോയ ഭാഗത്തേക്ക് അന്ധാളിപ്പോടെ നോക്കുന്ന മറ്റുള്ളവര്‍.)
-----------------------------------------------ബ്ലാക്ക് ഔട്ട്----------------------------------------------
ദൃശ്യം – 8
(ഇറച്ചി വെട്ടുകാര്‍ക്കുള്ള ഇന്റെര്‍വ്യു നടക്കുന്ന സ്ഥലം. ചോരയില്‍ കുളിച്ച് കിടക്കുന്ന നിരവധി ആടുകള്‍.. മുറി ഒരു യുദ്ധഭൂമിയെ അനുസ്മരിപ്പിക്കുന്നു. അവിടെ അഭിമുഖം നടത്തുന്ന അഞ്ച് പേരെ കാണാം. അവിടേക്ക് പ്രവേശിക്കുന്ന മായമ്മ. അഭിമുഖത്തിന്‍ ഇരിക്കുന്ന ആളുകളുടെ മുഖത്ത് പുച്ചം.)
ആള്‍ 1: പത്താടിനെ വളരെ പെട്ടന്ന് കൊല്ലണം.
ആള്‍ 2: ആ യന്ത്രം കൊണ്ടല്ല. (ഒരു കത്തി കൊടുത്ത് കൊണ്ട്) ഇത് കൊണ്ട് വെട്ടണം.
ആള്‍ 3: മുമ്പ് കൊലപാതകം ചെയ്ത് പരിചയമുണ്ടൊ.. ? (കൂട്ടച്ചിരി)
ആള്‍ 4: എയ്.. അവളെ വെറുതെ വെഷമിപ്പിക്കല്ലേ..
ആള്‍ 5: ധൈര്യണ്ടെങ്കില്‍ മോള്‍ തൊടങ്ങിക്കോ.. ഇതും ഒരന്തസ്സുള്ള തൊഴിലാ.. പിന്നെ കൊലപാതകം. കൊന്നാ പാപം തിന്നാ തീരുന്നല്ലേ..
(അവള്‍ കത്തി വാങ്ങുന്നു. ഓരോ ആടുകളെയും വേദനയോടെ നോക്കുന്നു. അല്പസമയം വേദനയുടെ സംഗീതം. പെട്ടന്ന് അവള്‍ ഒരു ഭ്രാന്തിയെ പോലെ ആടുകളെ ആഞ്ഞ് വെട്ടുന്നു. ഫാമിലെ ആടുകളെ മുഴുവന്‍ അവള്‍ വെട്ടി വീഴ്ത്തുന്നു. ഒരാള്‍ വന്ന് അവള്‍ക്ക് ഇറച്ചി വെട്ട്കാരിയുടെ കാക്കിക്കുപ്പായം നല്‍കുന്നു. അവള്‍ അതണിഞ്ഞ് ചോരയില്‍ കുളിച്ച കത്തി മണക്കുമ്പോള്‍ പതിയെ വെളിച്ചം പൊലിയുന്നു.)
-----------------------------------------------ബ്ലാക്ക് ഔട്ട്----------------------------------------------
ദൃശ്യം – 9
(ഫാമിലെ ഒരു രാത്രി. ആടുകളെല്ലാം ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു. ആടുകള്‍ക്ക് നടുവില്‍ അബ്ദുള്ള.. അവന്റെ മടിയില്‍ തല വെച്ച് കിടക്കുന്ന കുഞ്ഞാട്. കുഞ്ഞാട് സ്വപ്നത്തിലെന്നോണം അബ്ദുള്ളയോട് സംസാരിക്കുന്നു.)
കുഞ്ഞാട്: അബ്ദുക്കാ.. ഇങ്ങളിന്യെന്നാ നാട്ട് പോവാ.. ഇങ്ങള്‍ നാട്ട് പോയാ ഞാമ്പിന്നൊറ്റക്കാവൂല്ലേ.. ങ്ങള്‍ നാട്ട് പോയാ അവരെല്ലം കൂടി ഞങ്ങളെ തിന്നും. ഇപ്പെല്ലാര്‍ക്കും ഇളം ആടിന്റെ സൂപ്പ് മതി. ന്നൊറ്റക്കാക്കി ഇങ്ങളെങ്ങോട്ടും പോകരുതേ..
(അബ്ദുള്ള സ്വപ്നത്തില്‍ നിന്ന് ഞെട്ടി ഉണരുന്നു. ചീവീടുകളുടെ ശബ്ദം.)
അബ്ദുള്ള: യാ അള്ളാ..(മടിയിലെ കുഞ്ഞാടിനെ നോക്കി..) ഇല്ല കുഞ്ഞാടേ.. നിന്നെ ഒറ്റക്കാക്കി ഞാനെവിടേക്കും പോകില്ല. നിനക്ക് ഞാനിക്കയാണെങ്കിലും നീയെന്റെ മകന്‍ തന്നെയാ..ഈ മരുക്കാറ്റിലും തീപ്പൊരി വെയിലിലും നിന്റെ കൂടെ കളിക്കുമ്പോ.. നിന്റെ കണ്ണിലേക്ക് നോക്കുമ്പോ.. നീയെന്റെ മടിയില്‍ തല വെച്ച് കെടക്കുമ്പോ ഞാനും ഒരു ചെറിയ കുട്ട്യാവും. (ആടിന്റെ നെറ്റിയില്‍ ചുംബിക്കുന്നു.)
കുഞ്ഞാട് : (ദേഷ്യത്തില്‍) ഒന്നുറങ്ങാനും സമ്മതിക്കില്ല.. നാളെ രാവിലെ കൊറേ പണീള്ളതാ..
അബ്ദുള്ള: ഓ.. നാളെ നിനക്ക് മല മറിച്ച് മഞ്ഞുരുക്കുന്ന പണിയല്ലേ.. ഒന്ന് പോടാ.. പോടാ..
ആട്: ഒന്ന് പോടാ.. പോടാ..
അബ്ദുള്ള: സ്വന്തം ബാപ്പാനെ പോടാന്ന് വിളിക്കുന്നോ…
(ആടിന്റെ കരച്ചില്‍.. ആടോടുന്നു.. പിന്നാലെ അബ്ദുള്ളയും. അതൊരു കളി പോലെയായി മാറുന്നു. അവിടേക്ക് പ്രവേശിക്കുന്ന ലൈല. ലൈല പരിഭ്രമിച്ച് കൊണ്ട് എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു. അയാള്‍ക്കൊന്നും മനസിലാവുന്നില്ല.)
കുഞ്ഞാട്: ഓളുടെ നിക്കാഹ് ഒറപ്പിച്ചൂന്ന്.. ഓളെ കയ്യില്‍ള്ള ഫോട്ടോല്‍ള്ള ആളാ ചെക്കന്‍..
(അബ്ദുള്ള ഫോട്ടോ നോക്കുന്നു. അയാള്‍ക്കുള്ളില്‍ മാലമ്പല്ലി കിളികളുടെ ശബ്ദം ഉയരുന്നു. )
അബ്ദുള്ള: (ആത്മഗതം) രഘു… മല്ലമ്പല്ലിക്കരയുടെ വസന്തത്തെ കട്ടെടുത്തവന്‍.. കള്ളിമുള്ളുകളിലും വസന്തം മണക്കുന്ന ഈ കരയെയും കൊല്ലാന്‍ അവനിവിടെയും എത്തിയിരിക്കുന്നു.
(ലൈല സ്നേഹാതുരമായി അയാളെ കെട്ടിപ്പിടിക്കുന്നു. ഇനിയെന്നെ ഒറ്റക്കാക്കല്ലേ എന്ന് ആംഗ്യം കാണിക്കുന്നു. അവര്‍ക്കുള്ളിലെ അനുരാഗം കുഞ്ഞാട് ഒരു പാട്ടായിപ്പാടുന്നു. ലൈല റേഡിയോ തേടിനടന്ന് അത് ഓണ്‍ ചെയ്യുന്നു. അതില്‍ നിന്ന് മനോഹരമായ അറബിക് പ്രണയസംഗീതം ഒഴുകി വരുന്നു. അതില്‍ മുഴുകി ലൈല അബ്ദുള്ളയ് ആലിംഗനം ചെയ്യുന്നു. കോപിഷ്ടനായി അവിടേക്ക് പ്രവേശിക്കുന്ന മുതലാളിയും രണ്ട് ഗുണ്ടകളും. ഗുണ്ടകള്‍ അബ്ദുള്ളയെയും ലൈലയെയും പിടിച്ച് മാറ്റുന്നു. ലൈല പിതാവിനോട് അബ്ദുള്ളയെ വിവാഹം കഴിച്ച് തരണമെന്ന് അഭ്യര്‍ഥിക്കുന്നു. കരയുന്നു.)
മുതലാളി: (സമാധാനിപ്പിച്ച് കൊണ്ട്..) മോള്‍ക്ക് ഇവനെയാണ്‍ ഇഷ്ടമെങ്കില്‍ ബാപ്പാ ഇവനെ തന്നെ മോള്‍ക്ക് നിക്കാഹ് ചെയ്ത് തരും. പക്ഷെ ഒരു കുഞ്ഞിന്റെ അച്ചനായിരിക്കണമോ എന്റെ മോളുടെ ഭര്‍ത്താവ്..
ലൈല: (ആര്‍ക്ക് കുഞ്ഞ്.. അബ്ദുള്ളക്ക് കുഞ്ഞില്ല..)
മുതലാളി: കുഞ്ഞിന്റെ അമ്മ തന്നെയാ എന്നോടിതൊക്കെ പറഞ്ഞത്.. വിശ്വാസല്ലെങ്കില്‍ മോള്‍ അവളോട് തന്നെ ചോദിച്ച് നോക്ക്.. മ്മ്.. മോളോടെല്ലാം നീ തന്നെ പറ..
(അരങ്ങിലേക്ക് മുഖം താഴ്ത്തി പ്രവേശിക്കുന്ന മായമ്മ.. അബ്ദുള്ള ഞെട്ടുന്നു.)
അബ്ദുള്ള: മായമ്മാ.. ഈ ചതി….
(അയാള്‍ മുഴുവനാക്കുന്നതിന്‍ മുമ്പ് മായമ്മ ചാടിക്കേറിക്കൊണ്ട്..)
മായമ്മ: എന്നാ സതി.. നീ താ ഇന്ത കൊളന്തയുടെ അപ്പ.. നീ താ..
(അവള്‍ പൊട്ടിക്കരയുന്നു. ലൈല അവിടെ നിന്നും അബ്ദുള്ളയുടെ മുഖത്തടിച്ച് ഓടിപ്പോകുന്നു. മുതലാളിയും ഗുണ്ടകളും അവള്‍ക്ക് പിന്നില്‍ ഓടുന്നു. അരങ്ങില്‍ അബ്ദുള്ളയും മായമ്മയും മാത്രമാവുന്നു.)
അബ്ദുള്ള: എറച്ചി വെട്ടി വെട്ടി മനസും അങ്ങനെയായി അല്ലേ ? ഞാനെന്ത് തെറ്റ് ചെയ്തിട്ടാ..
മായമ്മ: (അയാളുടെ കാലില്‍ വീഴുന്നു.) മന്നിച്ചിട്ങ്ക്.. അപ്പാവുക്ക് ഹാര്‍ട്ട് ഓപ്പറേഷനിക്ക് കാസില്ലെ.. ഇപ്പടി ഒരു തിര്‍ട്ട് പേച്ച് പേശിയാ പത്ത് ലച്ചം തരേന്ന് രഘു മൊതലാളി സൊല്ലിയാച്ച്.. (അവള്‍ വീണ്ടും കരയുന്നു.. ) മന്നിച്ചിട്ങ്ക്.. മന്നിച്ചിട്ങ്ക്..
അബ്ദുള്ള: എന്തായാലും നല്ലൊരു കാര്യത്തിന്‍ വേണ്ടിയല്ലേ.. എല്ലാവര്‍ക്കും നല്ലത് വരട്ടെ.. (അയാളുടെ നോട്ടം ലൈല കൊടുത്ത സ്വര്‍ണ്ണ തൂവാലയില്‍ എത്തിനില്‍ക്കുന്നു. കാനനച്ചായയില്‍ എന്ന പാട്ട് ശോകസംഗീതമായി ഒഴുകുന്നു.)
അബ്ദുള്ള: (തൂവാലയെടുത്ത് കൊണ്ട് തൊണ്ടയിടറി..) അല്ലെങ്കിലും എനിക്കവളോട് പ്രണയം ഒന്നുമുണ്ടായിരുന്നില്ല.
മായമ്മ: ഇപ്പടി ഒരു കാതല്‍ എനക്ക് തെരിയില്ലണ്ണാ..
അബ്ദുള്ള: എന്നാലും അത് രഘു ആണെന്നറിയുമ്പോ വല്ലാത്തൊര്‍ വേദന.. അവനെപ്പോലെ പണത്തെ ചുറ്റിവരിയുന്ന വിഷസര്‍പ്പത്തെ വേറെ ഞാന്‍ കണ്ടിട്ടില്ല.. നിനക്കറിയോ മായമ്മാ.. ഞങ്ങളുടെ നാടിനെ നാണയപ്പെടുത്തുന്ന മാലമ്പല്ലിപ്പക്ഷികളെ വിറ്റാണ്‍ അവനവന്റെ കച്ചോടം തുടങ്ങിയത്. അവനെ പേടിച്ച് മാലമ്പല്ലിക്കിളികള്‍ പിന്നീട് മാലമ്പല്ലിക്കരയിലേക്ക് വരാതായി. രഘു മാലമ്പല്ലിക്കിളികളുള്ള ഇടങ്ങള്‍ തേടി യാത്രയായി. രഘു ഒരിക്കലൊരു നാട്ടിലെത്തിയാല്‍ പിന്നീടവിടേക്ക് വസന്തം തിരിഞ്ഞ് നോക്കാറില്ല. അങ്ങനെയവന്‍ വളര്‍ന്നു. അവനൊരു വാലും വന്നു. മാലമ്പല്ലി രഘു.
മായമ്മ: അന്ത ആളുക്കിങ്കെ പൊണ്ണ് ബിസിനസ്സ് താ അണ്ണാ..
അബ്ദുള്ള: കാണും. എല്ലാ ദുര്‍മാര്‍ഗ്ഗങ്ങളും ഒത്ത് ചേരുന്നതാണവന്റെ ഹൃദയം. എന്നാലും പ്രിയപ്പെട്ട ലൈലാ..
മായമ്മ: ലൈലാവെ അവന്‍ ഒന്നും സെയ്യമാട്ടേ. അപ്പടി യതാവത് സെയ്താ മൊതലാളി അവനെ സാവടിച്ചിടും.
അബ്ദുള്ള: ഒന്നും മനസിലാവുന്നില്ല മായമ്മാ.. ഒരു വലിയ പുല്‍ത്തകിടിയില്‍ ഒറ്റപ്പെട്ട ആട്ടിങ്കുട്ടിയെ പോലെ ചരട് പൊട്ടിയ ഒരു പട്ടം പോലെ.. ഇനി എന്ത് ചെയ്യണം..
മായമ്മ: മൂന്ന് മാസം കൂടി എന്നുടെ വിസാ ഇരുക്ക്.. അതുക്കപ്പുറം നാന്‍ പോയിടും. കൊഞ്ചം നാള്‍ മുടിഞ്ചാ എല്ലാരും എല്ലാം മറന്തിടും.
അബ്ദുള്ള: ഇല്ല മായമ്മാ… എനിക്കിതില്‍ ഒരപമാനവും ഇല്ല. നഷ്ടപ്പെടാനെനിക്ക് ചങ്ങലകള്‍ മാത്രമാണുള്ളത്.. നേടാന്‍ പുതിയൊരു ലോകവും. ഈ ലോകത്തില്‍ നമുക്കിനി ഒരുമിച്ച് മുന്നോട്ട് പോകണം. കാലിന്‍ കരുത്തുള്ള കാലത്തും കാലിടറുന്ന കാലത്തും നമുക്കൊരുമിച്ച് നില്‍ക്കാം.
(അയാള്‍ മായമ്മയുടെ കയ്യില്‍ പിടിച്ച് കുഞ്ഞാടിനരികിലേക്ക് നടക്കുന്നു. പിന്നരങ്ങില്‍ രഘുവിന്റെ മതം മാറ്റ ചടങ്ങ്.. അതിന്‍ ശേഷം വിവാഹം. പെട്ടന്ന് രഘു മറ്റൊരു വേഷവിധാനത്തില്‍ പ്രത്യക്ഷപ്പെടുന്നു.. ഒരു വ്യവസ്ഥാപിത അറേബ്യന്‍ മുസ്ലീമിന്റെ വേഷഭൂഷാദികളാണ്‍ ഇപ്പോള്‍ രഘുവിന്‍.. വെളിച്ചം അയാളിലേക്ക് കേന്ദ്രീകരിക്കുന്നു. അയാളുടെ ക്രൂരമായ ചിരിയില്‍ വെളിച്ചം പൊലിയുന്നു)
-----------------------------------------------ബ്ലാക്ക് ഔട്ട്----------------------------------------------
ദൃശ്യം – 10
(അറവ് ശാലയിലെ ചോരമണമുള്ള മുറി.. അതിവേഗം ഇറച്ചി വെട്ടിക്കൊണ്ടിരിക്കുന്ന മായമ്മ.. അവിടേക്ക് പ്രവേശിക്കുന്ന രഘു. രഘു ഇപ്പോള്‍ ഷാനവാസ് ആണ്‍. വേഷഭൂഷാദികളില്‍ പോല്‍)
രഘു: നിന്റെ അഭിനയം തകര്‍ത്തു. ഏതഭിനയ തിലകങ്ങള്‍ക്കും നിന്റെ മുന്നില്‍ ശബ്ദമൊന്നിടറും. കാലൊന്ന് വിറക്കും. കൈകള്‍ കൊണ്ട് അവര്‍ മുഖം മറക്കും. ഗംഭീരം. (അയാള്‍ കയ്യടിക്കുന്നു.)
മായമ്മ: സാര്‍, അന്ത പണമുങ്കള്‍ അക്കൌണ്ടില്‍ പോട്ടിട്ടിങ്കളാ..
രഘു: രഘു.. ഷാനവാസ്… ഷാനവാസ് ചതിക്കില്ല.. അല്ലെങ്കിലും വഞ്ചനയില്‍ ചതി പാടില്ലല്ലോ… (പോക്കറ്റില്‍ നിന്നും ഒരു സ്ലിപ് എടുത്ത് നല്‍കുന്നു. മായമ്മ അത് പരിശോധിക്കുന്നു. മുഖത്ത് സന്തോഷം.)
മായമ്മ: കൊഞ്ചം ഫോണ്‍ കൊടുക്ക്ങ്കളാ…
രഘു: ഹും.. നമ്പര്‍ പറ..
(അയാള്‍ നമ്പര്‍ ഡയല്‍ ചെയ്ത് കൊടുക്കുന്നു. മായമ്മ അപ്പനോട് പൈസ കിട്ടിയോ എന്ന കാര്യം അന്വേഷിക്കുന്നു.ഫോണ്‍ കട്ട് ചെയ്യുന്നു.)
മായമ്മ: ഊങ്കളെ കടവുള്‍ കാത്തിടും.
(രഘു ചിരിച്ച് കൊണ്ട് പോകുന്നു. അവിടേക്ക് പ്രവേശിക്കുന്ന അബ്ദുള്ള.. ചോര കണ്ട് പരിഭ്രമിച്ച്..)
അബ്ദുള്ള: മായമ്മാ… നീയെങ്ങനാ ഇവിടെ.. (ചുറ്റും നോക്കി…) തളം കെട്ടി കിടക്കുന്ന ചോര.. അഴുകിപ്പഴകിയ പുഴുവരിക്കുന്ന ഇറച്ചി.. ചുറ്റും പാറി നടക്കുന്ന ശവംതീനി ഈച്ചകള്‍.. ഹോ.. ഭയങ്കരം..
മായമ്മ: ആമാ.. ഇന്ത വാഴ്വും ഇപ്പടി താ..
അബ്ദുള്ള: ജീവിതയുദ്ധത്തിലെ ശവപ്പറമ്പ്.. നിനക്ക് പേടി തോന്നാറില്ലേ.. അറുത്ത ആടുകളുടെ ആത്മാവ് നിന്നെ വേട്ടയാടാറില്ലേ.. ?
മായമ്മ: എന്നാ വേട്ടൈ.. ഒന്നുമേ വരാത്.. ആട്ട്ക്ക് ആവിയില്ലൈ സര്‍.. സത്ത് പോച്ചെന്നാ അപ്പിടിത്താ പോയിടും.
അബ്ദുള്ള: ആടുകള്‍ക്കാത്മാവുണ്ട് മായമ്മാ.. ഇവിടെ അറക്കുന്ന ഓരോ ആടുകളും രാത്രികളില്‍ എന്നെ തേടി വരും. അവരുടെ കഥകള്‍ പറയും.
മായമ്മ: പോ അണ്ണാ.. ഊങ്കള്‍ക്ക് പൈത്യം താ..
അബ്ദുള്ള: (അറുത്തിട്ട ഒരാടിന്റെ തലയെടുത്ത്) ഈ ആടിന്‍ ഞാനൊരു പേരിടുന്നു. കിട്ടു. (വേദന നിറഞ്ഞ സംഗീതം. അയാളുടെ ഫോണടിക്കുന്നു. അയാള്‍ ഫോണെടുത്ത് മായമ്മക്ക് നല്‍കുന്നു. മായമ്മ “അപ്പാ..” എന്ന് വിളിച്ച് ഉറക്കെ കരയുന്നു. തമിഴ്നാട്ടിലെ മരണത്തിന്റെ തപ്പ് തകില്‍ സംഗീതമുയരുന്നു. അതിനൊപ്പം “അയ്യോ.. പോച്ചാ കടവുളേ..” തുടങ്ങിയ കരച്ചിലുകളും കേള്‍ക്കാം. മായമ്മ ഉറക്കെ പൊട്ടിക്കരഞ്ഞ് കൊണ്ട്..)
മായമ്മ: തിര്ട്ട് പണം യാര്‍ക്കും നല്ലത് വരുത്താത്..
(അവള്‍ ഓടിപ്പോയി അബ്ദുള്ളയുടെ കാല്‍ പിടിക്കുന്നു. അബ്ദുള്ള അവളെ സമാധാനിപ്പിച്ച് വെള്ളം കൊടുക്കുന്നു. പെട്ടന്ന് അവിടേക്ക് വലിയ കരച്ചിലോടെ ഒരു മാലമ്പല്ലി പക്ഷി വന്ന് വീഴുന്നു. അബ്ദുള്ള ആ പക്ഷിയെ എടുത്ത് തന്റെ പുതപ്പിന്റെ ഉള്ളില്‍ വെക്കുന്നു. പക്ഷിയുടെ ദയനീയമായ കരച്ചില്‍.. വെളിച്ചം അബ്ദുള്ളയില്‍ കേന്ദ്രീകരിച്ച് പൊലിയുന്നു..)
-----------------------------------------------ബ്ലാക്ക് ഔട്ട്----------------------------------------------
ദൃശ്യം – 11
(ആട് ഫാം. പക്ഷിക്ക് വെള്ളം കൊടുക്കുന്ന അബ്ദുള്ള.. കുഞ്ഞാടുണ്ട് അരികില്‍..)
കുഞ്ഞാട്: ഈ മാലമ്പല്ലി പക്ഷികള്‍ ഇനി മാലമ്പല്ലി കരയിലേക്ക് വരില്ലേ ?
അബ്ദുള്ള: വരുത്തണം. വ്യവസായപ്പുകക്കുഴലുകള്‍ ചുറ്റിവരിഞ്ഞ മാലമ്പല്ലിക്കര ഇവര്‍ക്ക് പേടിയുള്ള ഇടമാണ്‍. മാലമ്പല്ലിയിലെ മണ്ണും വെള്ളവും വായുവും മലിനപ്പെട്ടിരിക്കുന്നു. ഇനി ഈ കിളികള്‍ക്ക് അങ്ങോട്ട് പോകാനാവില്ല. പക്ഷെ മാലമ്പല്ലിക്കരയിലെ ഗ്രാമീണര്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. അവിടെ വ്യവസായ ശാലകള്‍ക്ക് നേരെ ജനകീയ പടയൊരുക്കങ്ങള്‍ക്ക് യുവാക്കള്‍ തിരി കൊളുത്തിയിരിക്കുന്നു. വിഷം കലരാത്ത പ്രകൃതി തിരിച്ച് പിടിക്കാന്‍ ഉയിര്‍ കൊടുത്തും അവര്‍ സമരം ചെയ്യുന്നു. വിഷലിപ്തമല്ലാത്ത മാലമ്പല്ലിയിലേക്ക് ഒരിക്കല്‍ ഈ പക്ഷികള്‍ കൂട്ടത്തോടെ പറന്നിറങ്ങും.
കുഞ്ഞാട്: സമരം പരാജയപ്പെട്ടാലോ.. ?
അബ്ദുള്ള: ജീവിക്കാനുള്ള സമരങ്ങള്‍ പരാജയപ്പെടുകയില്ല. എല്ലാവരും ജീവിക്കാനായല്ലേ പൊരുതുന്നത്..
കുഞ്ഞാട്: (കരച്ചില്‍ മാത്രം.)
അബ്ദുള്ള: നീ വല്ലതും കേള്‍ക്കുന്നുണ്ടോ? ഈ പക്ഷിയുമായി എനിക്കെന്റെ ഗ്രാമത്തിലേക്ക് പോകണം. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഞങ്ങളെ പിരിഞ്ഞ് പോയ മാലമ്പല്ലി പക്ഷികളെ എനിക്കെന്റെ പുതു തലമുറയെ പരിചയപ്പെടുത്തണം. അവരോട് എനിക്കുറക്കെ പറയണം. ഇതാണ്‍ മാലമ്പല്ലിക്കരയിലെ ദേശീയ പക്ഷിയെന്ന്.
(കറവക്കാരന്‍ പ്രവേശിക്കുന്നു. കുഞ്ഞാടിനെ തലോടുന്നു. ആടുകളെ കറക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നു.)
കറവക്കാരന്‍: മൊതലാളീന്റെ സ്വഭാവൊന്ന്വല്ല.. അ ഖള്ളന്‍.. പുയ്യാപ്ലേന്റെ ഹുങ്ക്.. ഇപ്പം തന്നെ ഭരണം തുടങ്ങി.. അയാളാടുകളെ കറക്കാന്‍ പുതിയ യന്ത്രം കൊണ്ട് വരുന്നൂന്ന്.. (ആടുകളെ നോക്കി ഉറക്കെ..) ഇന്നും കൂട്യേ നിങ്ങളെയൊക്കെ കറക്കാന്‍ ഞാനുണ്ടാവൂ.. നാളെ മുതല്‍ യന്ത്രങ്ങളാ നിങ്ങളെയൊക്കെ കറക്ക്വ..
അബ്ദുള്ള: ദാമുവേട്ടാ.. നിങ്ങളോട് ജോലി നിര്‍ത്താന്‍ അവന്‍ പറഞ്ഞോ.. ?
കറവക്കാരന്: പറഞ്ഞു. കിടക്കുന്ന മുറി നാളെ തന്നെ ഒഴിയാന്‍ പറഞ്ഞു. പിന്നെ കുറച്ച് പൈസയും ഈ വിമാനട്ടിക്കറ്റും.(ആടുകളെ നോക്കി) ഇവരെയൊക്കെ വിട്ട് പോകുന്നതാലോചിക്കുമ്പോ.. (അയാള്‍ വിതുമ്പുന്നു.)
അബ്ദുള്ള: വിഷമിക്കല്ലേ ദാമുവേട്ടാ.. നമ്മളും ദേശാടനപ്പക്ഷികളല്ലേ.. ദാരിദ്ര്യം എന്ന കൊടും ശൈത്യം നമ്മളെ ഇവിടെ എത്തിച്ചു. ശൈത്യം മാറിയില്ലെങ്കിലും നമ്മള്‍ക്ക് തിരിച്ച് പോകേണ്ടി വരും. നാട്ടില്‍ പോയി എന്തെങ്കിലും ഒരു ബിസിനസ്സ് തൊടങ്ങ്..
(കറവക്കാരന്‍ തലയാട്ടുന്നു. അയാള്‍ പെട്ടിയും സാധനങ്ങളും എടുത്ത് വെക്കുന്നു. അവിടേക്ക് വരുന്ന മായമ്മ അയാള്‍ക്ക് എന്തൊക്കെയോ പലഹാരസഞ്ചികള്‍ നല്‍കുന്നു. അയാള്‍ ഒരാടിനെ കറന്ന് ആ പാല്‍ കുടിച്ച് കൊണ്ട് പെട്ടിയും ബാഗുമായി യാത്രയാവുന്നു. സംഗീതം)
അബ്ദുള്ള: ഒരു നല്ല മനുഷ്യന്‍.. ഇത്രയും പെട്ടന്ന് ഇയാളെ പിരിച്ച് വിട്ടത് ശരിയായില്ല.
മായമ്മ: യാര്‍ക്കിട്ടെ ഇതെല്ലാം സൊല്ലിടും. പുതുമാപ്പിള താ എല്ലാമേ പണ്രത്..
അബ്ദുള്ള: അവന്‍ പണ്ടേ വസന്തത്തിന്റെ ശത്രുവാണ്‍.. പൂക്കളുടെ ഘാതകന്‍. അവനെല്ലാം നശിപ്പിക്കും. ഒരുപക്ഷെ നമ്മളെ വരെ.
(മായമ്മ കുഞ്ഞാടിനെ എടുത്ത് മടിയിലിരുത്തുന്നു.)
മായമ്മ: ഇതിനുടെ പേരെന്നാ…?
അബ്ദുള്ള: കുഞ്ഞാട്..
മായമ്മ: കുഞ്ചാട്.. അരുമയാന പേര്‍..
(അവിടേക്ക് പ്രവേശിക്കുന്ന രഘുവും രണ്ട് മൂന്ന് ശിങ്കിടികളും.)
രഘു: അപ്പന്‍ ചത്തതറിഞ്ഞു. ചെലരൊക്കത്രേ ജീവിക്കൂ.. (അബ്ദുള്ളയെ നോക്കിക്കൊണ്ട്..) ഡാ.. നീ പോയി രണ്ട് ഗ്ലാസും വെള്ളൊക്ക്യായിട്ട് വാ.. നമുക്കൊന്ന് കൂടാം..
(അബ്ദുള്ള താത്പര്യമില്ലാതെ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നു. രഘുവും ശിങ്കിടികളും മദ്യപാനം തുടങ്ങുന്നു. എല്ലാവരുടെയും നോട്ടം മായമ്മയിലേക്ക്..മായമ്മ കുഞ്ഞാടിനെയും എടുത്ത് ഒരു തൂണിന്‍ മറവില്‍ ഒളിക്കുന്നു.)
ശിങ്കിടി 1: കൊള്ളാല്ലോ..
ശിങ്കിടി 2: കുഞ്ഞാട് കര്‍ത്താവിന്റേതാവ്വോ?
ശിങ്കിടി 3: ആ കുഞ്ഞാടിനിങ്ങ് പിടിച്ചാലോ? രഘുവണ്ണാ.. ശൊ.. അങ്ങനെ വിളിക്കാന്‍ പറ്റില്ലല്ലോ.. ഞാന്‍ പറയുന്ന വല്ലോം കേള്‍ക്കുന്നുണ്ടോ ?
രഘു: ഹ്മ്.. കേള്‍ക്കുന്നു.. ഇപ്പം ഒരു ഇളം ആടിന്റെ ഇറച്ചി തന്ന്യാ വേണ്ടത്. നിങ്ങളടുപ്പ് കൂട്ട്..ആടുകളിവിടെ ഒരുപാട്ണ്ടല്ലോ..
(ശിങ്കിടികള്‍ ഒരു ഗ്യാസ് അടുപ്പുമായി വന്ന് സിലിണ്ടര്‍ പിടിപ്പിക്കുന്നു)
അബ്ദുള്ള: ഇവിടെ തീ പറ്റില്ലാന്നറിയില്ലേ.. ? ഫാം മൊത്തത്തില്‍ കത്തും സൂക്ഷിച്ച് ചെയ്യണം.
രഘു: ഉപദേശം വേണ്ട. (ശിങ്കിടികളെ നോക്കി.. മായമ്മയുടെ കയ്യിലെ കുഞ്ഞാടിനെ നോട്ടമിട്ട്) ന്നാ പ്പിന്നെ അതിനെ തന്നെ ഇങ്ങോട്ട് പിടിച്ചോ…
(ശിങ്കിടികള്‍ മായമ്മക്ക് പിന്നാലെ ഓടുന്നു. മായമ്മ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഒരു വേട്ടയുടെ വേഗത്തിലുള്ള ചലനങ്ങള്‍ .. ഒടുവില്‍ മായമ്മ പിടിക്കപ്പെടുന്നു,കുഞ്ഞാട്. മായമ്മയെയും അബ്ദുള്ളയെയും അവര്‍ പിടിച്ച് കെട്ടുന്നു. ആട്ടിങ്കുട്ടിയുടെ തൊലി ഉരിഞ്ഞ് അതിനെ ഇറച്ചി വെട്ടുന്ന കല്ലിലേക്ക് വെക്കുന്ന രഘു. അബ്ദുള്ളയും മായമ്മയും പൊട്ടിക്കരയുന്നു. ആടിന്റെ ഇറച്ചി രഘുവും കൂട്ടുകാരും ചുട്ട് തിന്നുന്നു. കുഞ്ഞാടിന്റെ ഹൃദയഭേദകമായ കരച്ചില്‍ എല്ലായിടത്തും നിറയുന്നു. രഘുവും കൂട്ടുകാരും മദ്യലഹരിയില്‍ ഉന്മത്തരാവുന്നു. ആട്ടിങ്കൂട്ടില്‍ നിന്ന് മുട്ടനാടുകള്‍ കൂട്ടത്തോടെ ഇളകി വരുന്നു. അവര്‍ രഘുവിനെയും കൂട്ടൂകാരെയും ആക്രമിച്ച് കൊല്ലുന്നു. ചോരയില്‍ കുളിച്ച ആടുകള്‍ അബ്ദുള്ളയുടെയും മായമ്മയുടെയും കെട്ടഴിക്കുന്നു. അരങ്ങില്‍ രഘുവിന്റെ രക്തത്തില്‍ കുളിച്ച ശവശരീരം.
അബ്ദുള്ള: വസന്തത്തിന്റെ ഘാതകന്‍ മണലാരണ്യത്തിന്റെ പ്രതികാരം. ഇവന്റെ ഈ മരണം പുതുവസന്തങ്ങള്‍ സൃഷ്ടിക്കും.
മായമ്മ: നായ്.. പിച്ചക്കാരന്‍..
(അവിടേക്ക് പറന്നിറങ്ങുന്ന മാലമ്പല്ലി പക്ഷി.. അത് അയാളെ നോക്കി കരയുന്നു.)
അബ്ദുള്ള: ഇനി മാലമ്പല്ലിക്കരയിലേക്ക് പോണം. ഞങ്ങളുടെ പ്രിയപ്പെട്ട മാലമ്പല്ലി പക്ഷിയുമായി.
(പക്ഷി അയാള്‍ക്കരികിലേക്ക് പറന്ന് വരുന്നു. അത് സന്തോഷത്തില്‍ കരയുന്നു. അയാളുടെ ഫോണ്‍ ശബ്ദിക്കുന്നു. നാട്ടിലെ സുഹൃത്ത് ഗണേശിന്റെ ഫോണ്‍ കോളാണ്‍.. വെളിച്ചം അബ്ദുള്ളയിലേക്..ഗണേശിന്റെ ശബ്ദം പ്രേക്ഷകര്‍ക്ക് കേള്‍ക്കാം..)
ഗണേശ്: ഡാ.. നമ്മടെ കോളക്കമ്പനിക്കെതിരെയുള്ള സമരം ജയിച്ചു. കോളക്കമ്പനി പൂട്ടാന്‍ സുപ്രീം കോടതി വിധി വന്നു. ടീവീലും ചനലിലും ഒക്കേണ്ടടാ.. നീയൊന്ന് ടീവി ഓണ്‍ ചെയ്ത് നോക്ക്..
(ഫോണ്‍ കട്ടാവുന്നു. മാലമ്പല്ലി പക്ഷിയുടെ കരച്ചില്‍ സംഗീതമാവുന്നു.)
അബ്ദുള്ള: ഇനിയൊരു തിരിച്ച് പോക്ക്.. എന്റെ പ്രിയപ്പെട്ട ഗ്രാമത്തിലേക്ക്.. അവര്‍ക്ക് നഷ്ടമായ അവരുടെ പ്രകൃതിയുടെ വിരുന്നുകാരനെ തിരിച്ചുനല്‍കണം. ഇവനെ അവിടെ പറത്തിവിടണം.
(പെട്ടന്ന് ഒരു വിമാനം പറന്നുയരുന്ന ശബ്ദം. വിമാനത്താവളത്തിന്റെ അനൌണ്‍സ്മെന്റുകള്‍)
---------ബ്ലാക്ക് ഔട്ട്----
(വെളിച്ചം വരുമ്പോള്‍ അരങ്ങില്‍ കേരളത്തിലെ ഒരു കായലോരഗ്രാമമായ മാലമ്പല്ലിക്കരയാണ്‍.. അവിടുത്തെ സാധാരണക്കാരായ ഗ്രാമീണര്‍ കയ്യില്‍ പഴങ്ങളും നിലവിളക്കും താലപ്പൊലിയുമായി പുഴക്കരയില്‍ ആരെയോ കാത്തിരിക്കുന്നു. അവിടേക്കൊരു വഞ്ചിയില്‍ അബ്ദുള്ളയും മായമ്മയും പ്രവേശിക്കുന്നു. അബ്ദുള്ളയുടെ ഉമ്മ മായമ്മയെ വള്ളത്തില്‍ നിന്നിറക്കി തന്റെ കൂടെ നിര്‍ത്തുന്നു. മറ്റുള്ളവര്‍ വഞ്ചിയില്‍ നിന്ന് ബാഗും പെട്ടിയുമെല്ലാം ഇറക്കി വെക്കുന്നു. ഒരു പൂജാരി മാലമ്പല്ലി കിളിയെ പൂജിക്കുന്നു. ഗ്രാമവാസികള്‍ കുരവയിടുമ്പോള്‍ അബ്ദുള്ള ആ പക്ഷിയെ ഗ്രാമത്തിലേക്ക് പറത്തിവിടുന്നു. ഗ്രാമത്തിലേക്ക് ഒരുപാട് മാലമ്പല്ലിപ്പക്ഷികള്‍ പറന്നിറങ്ങുന്നു. ആ ആഘോഷത്തിലേക്ക് നാല്‍ ആഡംബര സൈക്കിളില്‍ വന്ന് നില്‍ക്കുന്ന പുതു തലമുറയിലെ കുട്ടികള്‍.. അവര്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് മാലമ്പല്ലി പക്ഷികളെ ഉന്നം വെക്കുന്നു. ഒരു ഭീതിയുടെ സംഗീതത്തില്‍ അവരില്‍ നിന്ന് തോക്ക് പിടിച്ച് വാങ്ങുന്ന മുതിര്‍ന്ന ആളുകള്‍.. എല്ലാവരും കുട്ടികളുടെ ചെവിയില്‍ പിടിച്ച് പിച്ചി ശിക്ഷിക്കുന്നു. അബ്ദുള്ളയും മായമ്മയും മറ്റ് ഗ്രാമവാസികളും ഇത് കണ്ട് ചിരിക്കുന്നു)
അനൌണ്‍സ്മെന്റ്:
മാലമ്പല്ലികളെ വേട്ടയാടാന്‍ വേട്ടക്കാര്‍ ഒരുപാട് വന്നു. പക്ഷെ ആ ഗ്രാമം അതിനെ ചെറുത്ത് തോല്‍പ്പിച്ചു. ഇപ്പോള്‍ തെളിനീരുള്ള മാലമ്പല്ലിയുടെ പാടങ്ങളില്‍ എവിടെ നോക്കിയാലും മാലമ്പല്ലിപ്പക്ഷികളെ നമുക്ക് കാണാം. ശൈത്യം കഴിഞ്ഞിട്ടും മാലമ്പല്ലിപ്പക്ഷികള്‍ പിന്നീട് മാലമ്പല്ലിക്കര വിട്ട് പോയതെയില്ല.
(പക്ഷികളുടെ കൂട്ടക്കുറുകലുകള്‍.. ചിറകടിക്കുന്ന ശബ്ദങ്ങള്‍ .. മനോഹരമായ ഒരു സംഗീത്തില്‍ ലയിക്കുന്നു. സാവധാനം യവനിക താഴുന്നു.)
-----------------------------------------------കറ്ട്ടന്‍.------------------------------------------------------