അരങ്ങിന്റെ വ്യത്യസ്തത തേടി 'എന്റെ മകൾ' അരങ്ങിലെത്തി.
- വാർത്ത - ലേഖനം
അഞ്ജിത ടി.എ
"എന്റെ മകൾ" പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവം പകർന്ന രംഗാവതരണമായിരുന്നു. തികച്ചും ഘടന സ്വഭാവമുള്ള അവതരണരീതിയിൽ നിന്നുകൊണ്ട് ആരംഭിക്കുന്ന നാടകം. എല്ലായ്പോഴും ദാമ്പത്യം വിരഹം മരണത്തിന്റെ പിടച്ചിൽ ഇവ അവതരണത്തിൽ ഒരു കാല്പനികത നിലനിർത്തും. ഇവിടെയും യഥാർത്ഥത്തിൽ അനുഭവിക്കുന്നതിൽ നിന്നു മാറി, കഥാപാത്രത്തോട് തോന്നുന്ന ദയനീയത, ആർദ്രത, കരുണ ഇതെല്ലാം ആ കഥാപാത്രത്തിനോടായിരുന്നെങ്കിലും പിന്നീട് ചെന്നെത്തുന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും ഏതൊരു മനുഷ്യനും എത്തിപ്പെടേണ്ട ഒരു മുറിയിലേക്കാണ്. ദൃശ്യപരമായി അതിമനോഹരമായി ഒരു ലേബർ റൂം മരണക്കിടക്ക സെറ്റ് ചെയ്തെടുക്കാമല്ലോ എന്ന് ചിന്തിച്ചുപോയതിന് ഒട്ടുംതന്നെ പ്രസക്തി ഇല്ലാത്ത അവതരണം ആയിരുന്നു. പ്രസവം എന്നത് വേദനാജനകമായ ഒന്നാണെന്ന് ലോകം അംഗീകരിച്ച സത്യം ആണ്. അത് പറയാൻ ഒരു നാടകത്തിന്റെ ആവശ്യമില്ല. എന്നാൽ സൂക്ഷ്മമായ അവതരണത്തിലൂടെ ആ വേദനയെ അനുഭവപ്പെടുത്താൻ കഴിഞ്ഞിടത്താണ് നാടകത്തിന്റെ പ്രസക്തി. മരണപ്പെട്ടു പോകാവുന്ന വേദനയിലും സ്ത്രീയും പുരുഷനും ഒരു കുഞ്ഞിന് ജന്മം നൽകാൻ തയാറാവുന്നുണ്ട്. അത് മനുഷ്യന്റെ സഹജമായ ജീവിതശൈലിയോടൊത്തുനിൽക്കുന്ന വികാരങ്ങൾ ആണ്.
ഓരോ മനുഷ്യനും കടന്നുപോകുന്ന ആ നിമിഷത്തിന്റേത് മാത്രമായ യാഥാർഥ്യ ബോധ്യങ്ങളും വൈകാരികതയുമുണ്ട്. ആ യാഥാർഥ്യത്തിലേക്ക് വീണ്ടും എത്തിച്ചു ഇവിടെ ശക്തമായ പെർഫോമൻസിലൂടെ. എന്തുകൊണ്ട് സ്ത്രീ കഥാപാത്രം ആയില്ല എന്നതിന് ഉത്തരം അത് അവതരിപ്പിക്കാൻ ഒരു പുരുഷന് കഴിയും എന്നതും കൂടെയാണ്. ഒരിക്കൽ ഈ അനുഭവത്തിലൂടെ കടന്നുപോയ സ്ത്രീകൾക്ക് പുരുഷന്റെ അവതരണത്തിലൂടെ ആ വേദനയെ അനുഭവിക്കാൻ കഴിഞ്ഞു എന്നതാണ് യാഥാർഥ്യം. ലേബർ റൂം, അതിന്റ അന്തരീക്ഷം വരച്ചു വെയ്ക്കാതെ കഥാപാത്രങ്ങളിലൂടെ അനുഭവപ്പെടുത്തി ഒരേ സമയം ഡോക്ടർ നഴ്‌സ് എന്നതോടൊപ്പം ഇസിജി മോണിറ്റർ ആണോ എന്ന് സംശയം തോന്നും പോലെ ഹോസ്പിറ്റൽ മാനേജ്മെന്റ് എന്ന ചിട്ടയായ പ്രോസസിനെയും അനുഭവപ്പെടുത്തി. മരണപ്പെട്ടുപോയില്ലായിരുന്നെങ്കിൽ ആ സ്ത്രീയും ഇനിയും പ്രസവിക്കുമായിരുന്നു. അതിഭീകരവും അതിഭയാനകവുമായ ഒരു അനുഭവം ആണ് അതെങ്കിൽ ലോകത്ത് രണ്ടാമത് പ്രസവിക്കാൻ തയാറാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവ് വന്നേനെ. ശക്തമായ ഒരു ആത്മാവിഷ്കാരം സൂക്ഷ്മമായ് ആ വികാരത്തെ സംവേദനം ചെയ്യാനായി. മരണത്തിന്റെ പിടച്ചിലോടെ ആരംഭിച്ച നാടകം അതേ ഘടനയിലേക്ക് തിരിച്ചെത്തി അവസാനിക്കുന്നു.പ്രശോഭ്, നാരായണൻ, സലിം കൂനംമൂച്ചി, ഉസ്മാൻ, നന്ദഗോപൻ തുടങ്ങിയവരാണ് അരങ്ങിൽ. ദീപസംവിധാനം സനോജ് മാമോയും, സംഗീത നിയന്ത്രണം ഫർസിനും നിർവ്വഹിച്ചു. ജിജു സുലു ഹരി സ്റ്റേജ് മാനേജരായ നാടകത്തിന്റെ രൂപകല്പനയും സംവിധാനവും നിർവ്വഹിച്ചത് ഉസ്മാൻ വി.കെ ആണ്. അട്ടപ്പാടിയിലെ കലാ കൂട്ടായ്മയായ ബാനി തായ് ആണ് നാടകത്തിന്റെ സംഘാടകർ.