അവളെ പ്രണയിക്കുമ്പോൾ
- കവിത
സ്മിത സൈലേഷ്
അത്രമേൽ ഉന്മാദിനിയായ
ഒരുവളുടെ പ്രണയത്തിലേക്ക്
പടച്ചട്ടകളില്ലാതെ കടന്നുവരരുത്.
അത്രമേൽ ഏകാന്തമായിരിക്കുന്ന
ഒരുവളുടെ ധ്യാനലീനമായ കണ്ണുകളെ
വസന്തംകൊണ്ടല്ലാതെ
ചുംബിക്കുകയേ ചെയ്യരുത്
ആയിരം കവിതകളുടെ
ശരഭാരം പേറുന്ന ഹൃദയത്തെ
ആശ്ലേഷംകൊണ്ടല്ലാതെ
വരവേൽക്കരുത്
അനേക വർണ്ണങ്ങളുടെ മഷിക്കൂട്ടൊഴിച്ച്
ഇരുണ്ടുപോയ ആത്മാവിൽ നിന്ന്
നിറങ്ങളുടെ അടരുകൾ
അടർത്തി നോക്കരുത്.
ഉള്ളറകളിലെ നിഗൂഢതകളിലേക്ക്
തണുപ്പിലേക്ക്, സുഗന്ധത്തിലേക്ക്
ആവാഹനം ചെയ്യപ്പെടാൻ ആഗ്രഹിക്കരുത്..
പ്രണയം മാത്രം അരഞ്ഞാണമായി
ധരിച്ച ഒരുവളുടെ അരക്കെട്ടിലെ
നദികളെ സ്വപ്നം കാണരുത്
അനാദിയിലെ വസന്തംതൊട്ടിന്നോളം
വിരിഞ്ഞ പൂക്കളെയെല്ലാം ഉടയാടകളായി
അണിഞ്ഞ ഒരുവളുടെ നഗ്നതയെ
കണ്ണുകളടച്ചുവച്ച് സ്വപ്നം കാണരുത്
കവിത മാത്രം കണ്മഷിയായി
എഴുതുന്ന ഒരുവളെ,
ഋതുക്കളെ കങ്കണമായി
അണിയുന്ന ഒരുവളെ,
സ്വന്തം ഹൃദയം പിഴിഞ്ഞെടുത്ത്
കവിതയുടെ മധുപാത്രം
നിറയ്ക്കുന്ന ഒരുവളെ
പ്രണയിക്കുകയേ ചെയ്യരുത്
കടലിലേക്കു കണ്ണുനട്ട്
മേഘങ്ങളെ ബാഷ്പീകരിക്കുന്നവളെ
മഴകളെ നിർമ്മിക്കാനറിയുന്നവളെ
സമുദ്രങ്ങളുടെ ആഴങ്ങളിൽ
പവിഴപ്പുറ്റുകളിൽ ഉറങ്ങാൻ
കിടക്കുന്നവളെ, അവളെ പ്രണയിക്കാതിരിക്കുക
അവളെ പ്രണയിക്കുകയെന്നാൽ
വിമുക്തമാകാനാവാത്ത
തടവിലേക്കു സ്വയം
ബന്ധിതമാവുക എന്നാണ്
പ്രണയത്തിനു വേണ്ടി
രക്തസാക്ഷിത്വം വരിക്കുക
എന്നതുതന്നെയാണ്
അതിനാൽ പേരിനെ ഉന്മാദമെന്ന്
അടയാളപ്പെടുത്തുന്നവളുമായി
പ്രണയത്തിലാവാതിരിക്കുക.
ചുംബിക്കാനൊരുങ്ങും മുൻപ്
അവളെ മൃതിയെന്നു തിരുത്തി വായിക്കുക
(തൃശൂർ ജില്ലയിൽ പുന്നയൂർക്കുളം സ്വദേശിയാണ്. മാധ്യമ ,സിനിമാ പ്രവർത്തക കൂടിയാണ്. "വസന്തം പ്രണയത്തിനയച്ച കത്തുകൾ" എന്ന കവിതാ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്)