ഇറ്റ്ഫോക്കിൽ നാടകങ്ങൾ അവതരിപ്പിക്കാൻ ഇപ്പോൾ അപേക്ഷിക്കാം
- വാർത്ത - ലേഖനം
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ നാടകോത്സവം -2023ല്‍ (ഇറ്റ്‌ഫോക്ക്) നാടകം അവതരിപ്പിക്കുന്നതിന് അപേക്ഷകളും നോമിനേഷനുകളും ക്ഷണിച്ചു. അപേക്ഷകളും നോമിനേഷനുകളും 2022 നവംബര്‍ 12 നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം.
അന്തര്‍ദ്ദേശീയ വിഭാഗത്തിലേക്കും ദേശീയ വിഭാഗത്തിലേക്കുമുള്ള നാടകങ്ങളാണ് ക്ഷണിച്ചത്. മലയാള നാടകങ്ങളെ ദേശീയ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 'ഒന്നിക്കണം മാനവികത' എന്നതാണ് ഇത്തവണത്തെ പ്രമേയം. വിവിധ ഭാരതീയ ഭാഷകളില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നുമുള്ള നാടകാവതരണങ്ങളാണ് ദേശീയ വിഭാഗത്തില്‍പ്പെടുന്നത്.
നോമിനേഷനുകള്‍ ക്ഷണിക്കുന്നത് അന്തര്‍ദ്ദേശീയ നാടകോത്സവ ക്യുറേറ്റര്‍മാരില്‍ നിന്നും തിയേറ്ററിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നവരില്‍ നിന്നും പ്രോഗ്രാമുകള്‍ ചെയ്യുന്നവരില്‍ നിന്നുമാണ്. നോമിനേഷനുകള്‍ അന്താരാഷ്ട്രതലത്തില്‍ നിന്നുളള അവതരണങ്ങള്‍ക്ക് മാത്രമായിരിക്കും ബാധകം. അതിന്റെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള അന്തിമകാര്യങ്ങള്‍ ഫെസ്റ്റിവല്‍ ഡയറക്ടറേറ്റില്‍ നിക്ഷിപ്തമായിരിക്കും.
നാടകാവതരണങ്ങള്‍ വാചികമോ, അല്ലാത്തതോ ആവാം. കായിക നാടകങ്ങള്‍, പാവക്കൂത്തുകള്‍, മള്‍ട്ടിമീഡിയ അവതരണങ്ങള്‍, നൃത്ത-സംഗീത നാടകങ്ങള്‍ ഇവയിലേതുമാകാം. www.theatrefestivalkerala.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന, പൂര്‍ണ്ണമായ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളു. അയക്കുന്ന വീഡിയോയുടെ നിലവാരം അപേക്ഷകര്‍ തന്നെ ഉറപ്പുവരുത്തേണ്ടതാണ്.