ഇല്ലം കഥ കഥകൾ
സുധാകരൻ ചൂലൂർ
വെളുത്ത മൂത്തോറനും കറുത്ത മൂത്തോറനും വലിയ സു ഹൃത്തുക്കളായിരുന്നു. രണ്ടുപേരും മരിച്ചുപോയെങ്കിലും ഒരുപാട് കഥകളുണ്ട് അവരുടെ പേരിൽ . ഒരിക്കൽ വെളുത്ത മൂത്തോറൻ ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരിയിൽ നിന്ന് നൂറു രൂപ കടം വാങ്ങി. മാസം നാലു കഴിഞ്ഞിട്ടും കടംവാങ്ങിയ പണം തിരിച്ചു കൊടുത്തില്ല. പലവട്ടം നമ്പൂതിരി മൂത്തോറന്റെ അടുത്തേക്ക് ആളെ വിട്ടു. അപ്പോഴൊക്കെ പല ഒഴിവുകഴിവും പറഞ്ഞ് മൂത്തോറൻ തടിതപ്പി. നാലു മാസം കഴിഞ്ഞപ്പോൾ മൂത്തോറൻ പണവുമായി ഇല്ലത്തെത്തി, പണം നമ്പൂതിരിക്ക് നല്കി. പണം എണ്ണി നോക്കിയ കൃഷ്ണൻ നമ്പൂതിരിക്ക് ദേഷ്യം വന്നു. എൺപതു രൂപ ... " ഇതെന്താ മൂത്തോറാ ... നൂറുറുപ്പ്യ ല്ലേ തനിക്ക് ഞാൻ തന്നത്. ഇത് എൺപതുറുപ്പ്യ ല്ലേ ള്ളൂ ... "നമ്പൂതിരിയുടെ ചോദ്യം കേട്ട് മൂത്തോറൻ മുറുക്കിച്ചുവപ്പിച്ച പല്ലുകാട്ടി ചിരിച്ചു ..." ന്റെ നമ്പൂരിസാ ങ്ങള് നാട്ടിലൊന്ന്വല്ലേ... ഇപ്പം പലിശ പലിശാന്ന് പറയണ ഒരേർപ്പാട്ണ്ട് നാട്ടില് ... "നമ്പൂതിരി സംശയത്തോടെ മൂത്തോറനെ നോക്കിപ്പറഞ്ഞു " അതൊക്കെ ഇനിക്കറിയാം ... താനെന്നെ പഠിപ്പിക്കണ്ട. ഞാൻ നിനക്കു തന്ന നൂറുറുപ്യ എനിക്ക് കിട്ടണം...'' മൂത്തോറൻ പറഞ്ഞു " അത് ണ്ടാവൂല തമ്പ്രാനേ... നൂറ് ന് അഞ്ചുറുപ്പ്യ വെച്ച് നാലു മാസത്തെ പലിശ ഞാനെടുത്തീന്. ..കയ്ച്ച് ബാക്കി എൺപതുറുപ്പ്യ ഇതാ ഇപ്പം ങ്ങളെ കയ്യില് ഞാൻ തന്ന് ... എന്തേയ് അങ്ങനല്ലേ..." നമ്പൂതിരി അന്തംവിട്ട് നിൽക്കെ പലിശ കണ്ടുപിടിച്ചവന് മനസാ നന്ദി പറഞ്ഞ് മൂത്തോറൻ ഇല്ലത്തെ പടിയിറങ്ങി ...