ചിരിപ്പിച്ചും ചിന്തിപ്പിച്ചും 'അവാർഡ്' നാടകം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ആസാദി കാ അമൃത് മഹോത്സവിന്റെ ജില്ലാ തല ആഘോഷവേദിയിൽ അരങ്ങേറിയ നാടകം കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കയ്യിലെടുത്തു. തുപ്പേട്ടന്റെ രചനയിൽ ഛന്ദസ് സംവിധാനവും രൂപകല്പനയും നിർവഹിച്ച് എടക്കാട് നാടക കൂട്ടായ്മ അവതരിപ്പിച്ച അവാർഡ് എന്ന നാടകമാണ് പ്രേക്ഷകരുടെ കയ്യടി ഏറ്റുവാങ്ങിയത്.
അന്തരിച്ച നാടക കുലപതി മധു മാഷിന് ഓർമ്മ പൂക്കൾ അർപ്പിച്ചായിരുന്നു നാടകം അരങ്ങേറിയത്. മൂന്ന് കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന ഏകാങ്ക നാടകം പേരിനും പ്രശസ്തിക്കും വേണ്ടി ഓടുന്ന ഒരു വിഭാഗം ആളുകളെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിക്കുന്നു. ടി.സുരേഷ് ബാബു, കെ പുരോഷത്തമൻ, രാഹുൽ ശ്രീനിവാസൻ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മധു മാഷുമായുള്ള കൂടിക്കാഴ്ചയാണ് ടി. സുരേഷ് ബാബുവിനേയും മകനായ ഛന്ദസിനേയും നാടക രംഗത്ത് അടിയുറപ്പിച്ചത്. സിനിമാ രംഗത്ത് സജീവമായ ടി. സുരേഷ് ബാബു 20 വർഷത്തിന് ശേഷം മുഴുനീള കഥാപാത്രം അവതരിപ്പിച്ച് നാടക രംഗത്ത് സജീവമാകാൻ പോകുന്നു എന്ന പ്രത്യേകതയും നാടകത്തിനുണ്ട്. നിരവധി വേദികളിൽ മികച്ച സംവിധായകനും, മികച്ച നടനും പുരസ്കാരങ്ങൾ നേടിക്കൊടുത്ത നാടകമാണ് അവാർഡ്. കൂടുതൽ ഗ്രാമീണ അരങ്ങുകളിലേക്ക് സഞ്ചരിക്കാനാണ് നാടകസംഘത്തിന്റെ ആഗ്രഹം.