ഏപ്രിൽ 12 സഫ്ദർ ഹാഷ്മി ഓർമ്മ ദിനം
"ലോകത്തെ മധുരം നുണയിക്കുന്ന നിങ്ങളെന്തുകൊണ്ടാണ് പഞ്ചസാരയിടാത്ത കാപ്പി കുടിക്കേണ്ടി വരുന്നത്?"
"പട്ടുവസ്ത്രങ്ങളുണ്ടാ ക്കുന്ന, ലോകത്തെ പട്ടുടുപ്പിക്കുന്ന ദരിദ്രരേ, നിങ്ങളെന്തു കൊണ്ടാണ് പഴഞ്ചന്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരുന്നത്?"
തൻ്റെ നാടകങ്ങളിലൂടെ സഖാവ് സഫ്ദർ ഹാശ്മി ചോദിച്ചു. ഈ ചോദ്യങ്ങൾ ധനികരെ അസ്വസ്ഥരാക്കി, ഭരണാധികാരികളെ വിറളി പിടിപ്പിച്ചു. സഫ്ദറിൻ്റെ ഓരോ നാടകവും രാഷ്ട്രീയ പാഠങ്ങളായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഹാഷ്മി അവതരിപ്പിച്ച കുർസി, കുർസി, കുർസി നാടകം സർക്കാരിനെതിരെയുള്ള നിരവധി ചോദ്യങ്ങളായിരുന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് അധികാരത്തിനോടുണ്ടായിരുന്ന ഭ്രമത്തിനെതിരെയും ഫാക്ടറി തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്നതിനെതിരെയും കുർസി കുർസി കുർസി ചോദ്യങ്ങളുയർത്തി. അലിഗഢിൽ അക്കാലത്ത് മന:പൂർവം സൃഷ്ടിക്കപ്പെട്ട വർഗീയ കലാപവും ഈ നാടകത്തിൽ വിഷയമായിരുന്നു.
തൊഴിലാളികളുടെ ആവശ്യങ്ങളെക്കുറിച്ച് നാടകം കാണുന്നവരെയെല്ലാം ബോധവാന്മാരാക്കാൻ ഹാശ്മിക്ക് കഴിഞ്ഞു. "ഗോതമ്പു പാടങ്ങളിലെ തൊഴിലാളിയെന്തിനു പട്ടിണി കിടക്കേണ്ടി വരുന്നു; പാര്‍പ്പിടം നിര്‍മിക്കുന്നവനെന്തിന് ആകാശമേലാപ്പിനടിയില്‍ കിടക്കുന്നു" എന്ന് ചോദിച്ച ജർമൻ നാടകകൃത്തും ചിന്തകനുമായ ബ്രഹത്തിൻ്റെ പാതയിലൂടെ ഹാശ്മി സഞ്ചരിച്ചു. സ്വന്തം നാടകങ്ങൾ കേവലം വിനോദോപാധികളെന്നതിനേക്കാൾ ചോദ്യങ്ങളുയർത്താനും ചിന്തിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നതായിരിക്കണമെന്ന് ഹാശ്മി ചിന്തിച്ചു. യഥാര്‍ഥ പ്രശ്നങ്ങള്‍ നാടകത്തിലല്ലെന്നും ദരിദ്രപ്രേക്ഷകന്റെ ജീവിതത്തില്‍ത്തന്നെയാണെന്നും ഹാശ്മിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ജീവല്‍പ്രശ്നങ്ങളുടെ സങ്കീര്‍ണമായ രാഷ്ട്രീയം അദ്ദേഹത്തിന്റെ നാടകത്തിലും പ്രതിഫലിച്ചു. സ്വന്തം നാട്യസംഘത്തിന് "ജനനാട്യമഞ്ച്" എന്ന പേരു സഫ്ദർ സ്വീകരിച്ചതുപോലും രാഷ്ട്രീയം തന്നെയായിരുന്നു.
"ജനനാട്യമഞ്ച്" ജനങ്ങൾക്കിടയിൽ ജനം എന്നറിയപ്പെട്ടു. ജനങ്ങളോട് ജനം ചോദ്യങ്ങൾ ചോദിച്ചു. ജനങ്ങളോട് ജനം കാര്യങ്ങൾ പറഞ്ഞു, ജനങ്ങളോട് ജനം ചിന്തിക്കാനാവശ്യപ്പെട്ടു. സർവകലാശാല അധ്യാപകൻ്റെ ജോലിയുപേക്ഷിച്ച് മുഴുവൻ സമയ നാടകക്കാരനായും സിപിഐഎമ്മിൻ്റെ അടിയുറച്ച പ്രവർത്തകനായും തെരുവിൽ ആയിരം ചോദ്യങ്ങളുന്നയിച്ച സഫ്ദർ 34ആം വയസിൽ ഹല്ലാബോൽ നാടകം അവതരിപ്പിക്കുന്ന സമയത്ത് കോൺഗ്രസ് ഗുണ്ടകളാൽ കൊലചെയ്യപ്പെട്ടു. ജനുവരി 1 ചോരയിൽ കുതിർന്നു. അന്നേ ദിവസം ദില്ലിയില്‍ നടക്കുകയായിരുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ് ദാനച്ചടങ്ങിൻ്റെ വേദിയില്‍വെച്ച് ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകയും നടിയുമായ ശബാന ആസ്മി, സഫ്ദറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ഒരു പ്രസ്താവന വായിച്ചു. ഉപരിവർഗം പ്രസ്താവനയിൽ മുഖം ചുളിച്ചപ്പോഴും ശബാന തൻ്റെ വാക്കുകൾ മുഴുമിപ്പിച്ചു. 'ഒരു കിളിയെ കൊല്ലാം, പക്ഷേ ആ കിളി പാടിയ പാട്ടിനെ കൊല്ലാൻ സാധിക്കുമോ' എന്ന മൊഴി അന്വർഥമാക്കിക്കൊണ്ട് സഫ്ദറിൻ്റെ കൊലപാതകം നടന്ന് മൂന്നാം ദിനം രക്തസാക്ഷിയുടെ പങ്കാളിയായിരുന്ന മൊലോയശ്രീ ഹാശ്മി കൈക്കുഞ്ഞിനെയുമെടുത്ത് സഫ്ദർ രക്തസാക്ഷിത്വം വരിച്ച അതേ സ്ഥലത്ത് ഹല്ലോബോൽ എന്ന നാടകം മുഴുമിപ്പിച്ചു.
ഇന്ന് ആ ധീരസഖാവിൻ്റെ ജന്മദിനമാണ്. ജനിച്ചുവീണ് 34ആം വയസിൽ രക്തസാക്ഷിയായ, അരിവാളും ചുറ്റികയും ആലേഖനം ചെയ്യപ്പെട്ട രക്തപതാക പുതച്ച് ആയിരക്കണക്കിനാളുകളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങിയ, കൊല്ലപ്പെട്ടതിൻ്റെ പിറ്റേന്ന് ന്യൂയോർക്ക് ടൈംസ് അടക്കം വാർത്തയെഴുതിയ, ആയിരം പാട്ടുകൾ വായുവിലവശേഷിപ്പിച്ച് കടന്നുപോയ സഖാവ് സഫ്ദറിൻ്റെ 68 ആമത് ജന്മവാർഷിക ദിനം.
ലാൽ സലാം .
✊✊✊