'നാടകത്തിൽ മുസ്ലീം തൊപ്പിവെച്ച് ഹിന്ദുകുട്ടികൾ'; ഗുജറാത്തിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ
- വാർത്ത - ലേഖനം
സൂറത്ത്: ബക്രീദ് ആഘോഷം വിദ്യർഥികൾക്ക് പരിചയപ്പെടുത്താനായി സ്കൂളിൽ ലഘുനാടകം അവതരിപ്പിച്ചതിനെ തുടർന്ന് ഗുജറാത്തിൽ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. മുന്ദ്രയിൽ മാംഗരയിലുള്ള പേൾ സ്കൂൾ ഓഫ് എക്സലൻസിലെ പ്രിൻസിപ്പൽ പ്രീതി വസ്വാനിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
നാടകം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് നടപടി. വിദ്യാർഥികൾ അവതരിപ്പിച്ച നാടകത്തിൽ മുസ്ലിം തൊപ്പിയിട്ട് വിദ്യാർഥികൾ നിസ്കരിക്കുന്ന രംഗമുണ്ടായിരുന്നു. ഹിന്ദുകുട്ടികളും മുസ്ലീമായി വേഷമിട്ടിരുന്നു. നാടകത്തിന്റെ വിഡിയോ സ്കൂൾ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ വിദ്യാർഥികളുടെ മതാപിതാക്കളും ഹിന്ദു സംഘടനകളും പ്രതിഷേധിച്ച് രംഗത്തെത്തി.
തരം താണ പ്രവൃത്തിയാണ് പ്രിൻസിപ്പലിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് ജില്ലാ പ്രൈമറി വിദ്യാഭ്യാസ വകുപ്പ് ഓഫീസർ സഞ്ജയ് പർമാർ പറഞ്ഞു. വിഎച്ച്പി പ്രവർത്തകർ സ്കൂളിന് മുന്നിൽ സകസ്വതീ പൂജ നടത്തി. സംഭവത്തിൽ പിന്നീട് സ്കൂൾ പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു. ബക്രീദ് ആഘോഷത്തിന്റെ ഭാഗമായിട്ടാണ് അത്തരത്തിൽ ഒരു നാടകം അവതരിപ്പിച്ചത്. അത് ആരുടെയെങ്കിലും വികാരത്തെ വൃണപ്പെടുത്തിയെങ്കിൽ മാപ്പു പറയുന്നു. ഇനി ഇത്തരം സംഭവം ഉണ്ടാകില്ലെന്നും പ്രിൻസിപ്പൽ ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.