നാടകം ജീവിതസത്യങ്ങൾ വിളിച്ചുപറയുന്ന കാലം തിരിച്ചുവരുമോ?
- ലേഖനം
ചാക്കോ ഡി അന്തിക്കാട്
ഒരു കാലഘട്ടത്തെ മൊത്തം വിലയിരുത്തുമ്പോൾ വല്ലാത്ത വേവലാതിയുണ്ട്. മനുഷ്യർ പൊതുവെ അവസരവാദികളായി മാറുന്ന കാലമാണ്. എന്നുവെച്ചാൽ അവസരവാദം കളിക്കാൻ പറ്റിയ കാലാവസ്ഥ നിലനിൽക്കുന്നതുകൊണ്ടാണല്ലോ അത് സ്വാർത്ഥ നേട്ടത്തിനായി കളിച്ചു നോക്കുന്നത്! അതായത് വിപ്ലവം നിലനിൽക്കുന്ന കാലത്ത് വിപ്ലവസ്വപ്‌നങ്ങൾ പ്രാക്ടീസ് ചെയ്യും. ഇനി പ്രതിവിപ്ലവം ഭരിക്കുമ്പോൾ പ്രതിവിപ്ലവ പദ്ധതികൾ നയിക്കും! അതിനു വേണ്ടി ചൂഷക വ്യവസ്ഥിതി നന്നായി പണിയെടുക്കും. അവർക്ക് 'വിപ്ലവം' എന്ന വാക്ക് കേട്ടാൽ അലർജിയാണ്!
ലോകചരിത്രനിയമത്തിന്റെ എല്ലാ വ്യാകരണങ്ങളും ഇന്നേവരെ പ്രതിവിപ്ലവത്തെ ന്യായീകരിച്ചിട്ടില്ല. യഥാർത്ഥ ചരിത്രം (ഫാസ്സിസ്റ്റ് ഭരണകൂടം കൂലി കൊടുത്ത് ഭീഷണിപ്പെടുത്തി /കെണിയിൽപ്പെടുത്തി എഴുതിപ്പിടിപ്പിക്കുന്ന ചരിത്രമല്ല!?!) മനുഷ്യനന്മയ്ക്കുവേണ്ടി അധ്വാനിച്ചവരെമാത്രമേ ഹൃദയത്തിൽ ഉൾക്കൊണ്ടിട്ടുള്ളൂ. അല്ലാത്തവരെ കുപ്രസിദ്ധി'യെന്ന അളവുകോലിൽ തൂക്കിനോക്കി കാലത്തിന്റെ 'തമോഗർത്ത'ത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ മണ്ടൻ ഫാസ്സിസ്റ്റുകൾക്ക് അത് തിരിച്ചറിയാനുള്ള ബോധമില്ല! അവരുടേത് മാർക്സിസ്റ്റ് വീക്ഷണത്തിൽ നോക്കിയാൽ 'തലതിരിഞ്ഞ' ചരിത്രബോധമാണ്!
അസ്തിത്വവാദപരമായി ഈ തിയറിതന്നെയാണ് എല്ലാ കലകൾക്കും ബാധകം! (അതിന്റെ ദാർശനിക വശങ്ങൾ മറ്റൊരു ലക്കത്തിൽ സൂക്ഷ്മമായി വിശദീകരിക്കാം). അത് അവസാന വിലയിരുത്തലിൽ മനുഷ്യപക്ഷം ചേർത്തുപിടിക്കുന്നുണ്ടോ? മനുഷ്യന്റെ വിശാല ഭാവനയിൽ, സമഗ്രമായ ചിന്താശേഷിയിൽ ഇടപെടുന്നുണ്ടോ? ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി സ്വയം സമർപ്പിക്കുന്നുണ്ടോ?
ഈ ചോദ്യങ്ങളിൽനിന്ന് ആര് ഒഴിഞ്ഞുമാറിയാലും അവരെ ചരിത്രം വേട്ടയാടുന്നുണ്ട്! പക്ഷേ ഈ വേവലാതി എത്ര ശതമാനം നാടകക്കാർക്ക് തലവേദനയുണ്ടാക്കുന്നുണ്ട്? ആ തലവേദന ചരിത്രപരമാണ്!... അത് ഏറ്റെടുക്കാനുള്ള 'കെൽപ്പ്' നാടകക്കാർ ഏറ്റെടുക്കണം. കാരണം രണ്ടാംലോകമഹായുദ്ധത്തിന്റെ കാലത്തുള്ള അതേ ഫാസ്സിസ്റ്റ് പ്രവണതകൾ വീണ്ടും തലപൊക്കുന്നതിന്റെ ലക്ഷണങ്ങൾ ചുറ്റും സുലഭം! സൂക്ഷ്മമായി പരിശോധിച്ചാൽ ചോദ്യം ചെയ്യേണ്ട നാടകങ്ങളിൽ ഒരു തരം 'എസ്‌ക്കേപിസ്റ്റ്' പ്രവണത ഭരിക്കാൻ തുടങ്ങുമ്പോൾ ഫാസ്സിസത്തെ ഹൃദയത്തിൽ ചേർത്തുപിടിച്ച് മനുഷ്യരെ അടിമകളാക്കാം എന്നു കരുതുന്ന ഭരണാധികാരികൾക്ക് അവരുടെ ഗൂഢപദ്ധതികൾ നടപ്പാക്കാനുള്ള ആവേശം കൂടും! നാടകം അതിന്റെ വിപ്ലവ സ്വപ്‌നങ്ങൾ താലോലിച്ച കാലത്തൊക്കെ ആ 'റിബൽ' മാധ്യമം ഭരണകൂടത്തിന് തലവേദനയുണ്ടാക്കിയിട്ടുണ്ട്!...
അതേസമയം നാടകം വെറും കെട്ടിക്കാഴ്ചകളായ കാലത്ത് ഭരണകൂടം ഉള്ളാലെ സുഖിച്ചിട്ടുണ്ട്! നാടകക്കാരും ഷണ്ഡന്മാരായി മാറുന്ന കാലമാണ് ഏതൊരു ഏകാധിപത്യ ഭരണകൂടവും സ്വപ്നം കാണുന്നത്. മറ്റ് ക്ലാസിക്കൽ കലകളിലോ രംഗഭാഷയിലോ ഭരണകൂടത്തെ പ്രകോപിപ്പിക്കുക എന്ന വിപ്ലവ പദ്ധതിയില്ലല്ലോ! ക്ലാസ്സിക്കൽ ഡാൻസ്, മ്യൂസിക്, കാവാലം സ്റ്റൈൽ 'തനത്' നാടകങ്ങൾ, മതപരമായ-അനുഷ്ഠാന ഉള്ളടക്കമുള്ള 'യാഥാസ്‌ഥിതിക' നാടകവേദി etc, ഇതിനൊക്കെ 'കാക്കത്തൊള്ളായിരം 'അവാർഡുകൾ കൊടുത്താലും അവസാന വിശകലനത്തിൽ, ഇന്ന് വീണ്ടും തലപൊക്കിയ വംശീയത, വർഗ്ഗീയത, ഫാസ്സിസം, യുദ്ധവെറി, ഇതിന്റെയൊക്കെ തിരിച്ചുവരവിന് വഴിയൊരുക്കിയെന്ന് വ്യക്തമായി പറയാൻ കഴിയും! ഈ എതിർപ്പില്ലായ്മ കാരണം ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളെ എതിർക്കാത്തിടത്തോളം കാലം അവർക്ക് അവരുടെ ചൂഷക നയങ്ങൾ തുടരാനുള്ള വളക്കൂറുള്ള മണ്ണ് പാകപ്പെടുത്തിക്കൊടുക്കുന്നു എന്ന് സാരം!
ഏതൊരു ഏകാധിപത്യ ഭരണകൂടവും ഭയക്കുന്നത് കലാരംഗം കൂടുതൽ സമകാലികമാകുന്നുണ്ടോ എന്നതാണ്. ഹൊറർ സിനിമകൾ, സ്റ്റാർവാർസ് സിനിമകൾ, യാഥാർഥ്യബോധത്തിലേക്ക് മൂന്നാംകണ്ണ് തിരിക്കുന്ന മനുഷ്യരെ വഴിതെറ്റിക്കാനുള്ള, നിഗൂഢവത്ക രിക്കാനുള്ള (Mystification) പുത്തൻസാമ്രാജ്യത്തിന്റെ 'കമ്മ്യൂണിസ്റ്റ് വിരുദ്ധ' നയങ്ങളുടെ ഭാഗമാണെന്ന് സോളാനോസ്-ഗെറ്റിനോ ടീം അതിസാഹസികമായെടുത്ത "തീച്ചൂളകളുടെ മുഹൂർത്തം" ("Hour of the Furnaces") എന്ന ഡോക്യൂമെന്ററിയിൽ ധീരമായി വെളിപ്പെടുത്തുന്നുണ്ട്. അതായത് അമേരിക്കൻ ചാരസംഘടനയാണ് ലോകത്തിന്റെ സർഗ്ഗാത്മക വിഭവശേഷിയെ നിയന്ത്രിക്കുന്നതെന്ന് ആ ഫിലിം വ്യക്തമാക്കുന്നു. അന്നൊക്കെ അമേരിക്കയ്ക്ക് മുഖ്യശത്രുവായി സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്നു. മുഖ്യ ശത്രുവായിരിക്കുക എന്ന ദുര്യോഗം ആരുടെയെങ്കിലും തലയിൽ പുത്തൻ സാമ്രാജ്യത്വം മാറിമാറി ചാർത്തിക്കൊടുക്കും!
1989-90 ന് ശേഷം സോവിയറ്റ് യൂണിയൻ എന്ന വിപ്ലവ സ്വപ്നം പൊലിഞ്ഞു! അപ്പോൾ CIA, മുസ്ലിം സമുദായത്തെ മുഖ്യശത്രുവായി പ്രഖ്യാപിച്ചു!...കമ്മ്യൂണിസത്തെ-സെക്യുലർ ബോധത്തെ ഉന്മൂലനം ചെയ്യാൻ മുസ്ലിം വിരുദ്ധത ഊട്ടി വളർത്തിയാൽ മതിയെന്ന് 'പെൻന്റഗ'ന് (അമേരിക്കൻ ചാരസംഘടനകളുടെ ആസ്ഥാനം) നന്നായറിയാം. പിന്നെ ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം വിഭജനം നടക്കുമല്ലോ! വർഗ്ഗബോധം വർഗ്ഗീയ ബോധത്തിന് കീഴ്പ്പെടും! അപ്പോൾ 'Divide & Rule' എളുപ്പമായിരിക്കും. അവർ ചുഴിഞ്ഞുനോക്കുന്നത് അവരുടെ ക്രിമിനലിസം തുറന്നുകാണിക്കുന്ന ലാറ്റിനമേരിക്കൻ ഫിലിമുകൾ പോലെ മൂന്നാംലോക രാജ്യത്ത് പച്ചയായ ചൂഷണവും, വർഗ്ഗീയ-വംശീയ വെറികളും തുറന്നു കാണിക്കുന്ന കലാരൂപങ്ങൾ ഉണ്ടാവുന്നുണ്ടോ എന്നതാണ്? അതിൽത്തന്നെ നാടകങ്ങൾ ആ ലക്ഷ്യത്തോടെ (Direct Impact) സംഭവിക്കുന്നുണ്ടോ എന്നതാണ്? അതും, നിരന്തര സംവാദത്തിലൂടെ ഒരു 'കളക്റ്റീവ് പ്രോസസി'ലൂടെ നാടകം സംഭവിക്കുന്നുണ്ടോ എന്നതാണ്? അതും, കൂടുതൽ ഗ്രാമീണ തലത്തിൽ ഗ്രാസ്റൂട്ട് തലത്തിൽ സംഭവിക്കുന്നുണ്ടോ എന്നതാണ്? അതിനെ അവർ എല്ലാ അർത്ഥത്തിലും എതിർക്കും. ഗ്രാമങ്ങളിൽ വീട്ടുമുറ്റ നാടകങ്ങൾ പടർന്നു പന്തലിച്ചാൽ അതിന്റെ 'ഈസ്ത്തറ്റിക്സ്' എന്തായാലും സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിൽ ഡിസൈൻ ചെയ്യേണ്ടിവരുമല്ലോ. അതിന് അതിന്റേതായ ലാളിത്യവും സമകാലികതയും വേണ്ടിവരുമല്ലോ? സാധാരണക്കാരുടെ ദുരിതങ്ങളെ തുറന്നുകാണിക്കുന്നതിനൊപ്പം ആരാണ് ഈ ദുരിതങ്ങൾക്കു കാരണക്കാർ എന്നതും ചർച്ചയിലൂടെ വെളിപ്പെടുത്തേണ്ടി വരുമല്ലോ? അതാണ് ബ്രസീലിൽ നാടക പ്രതിഭ അഗസ്റ്റോ ബോൾ ('മർദ്ദിതരുടെ നാടകവേദി'-'Theatre of the Oppressed') പരിശീലിപ്പിച്ചത്.
കേരളത്തിൽ 90കൾമുതൽ അതിന്റെ സാധ്യതകൾ മങ്ങിയതിന്റെ കാരണം ഗ്ലോബലൈസേഷന്റെ മാർക്കറ്റിങ്ങ് മന:ശാസ്ത്രത്തിനൊപ്പം നമ്മുടെ പാർലമെന്ററി ബോധം നൽകിയ കപടമായ അമിത 'സെക്യൂരിറ്റി ബോധം' തന്നെയാണ്. എല്ലാം തിരഞ്ഞെടുക്കപ്പെട്ടവർ ചെയ്തുകൊള്ളും എന്ന (ഒരാളെ പോപ്പുലറാക്കാനും അവർക്ക് കഴിയുമല്ലോ?) അലസ ചിന്തയാണ്! ഇതേ ചിന്ത നാടകവേദിയുടെ സംഘാടനത്തെ പൊതുസമീപനത്തെ ബാധിച്ചിട്ടുണ്ട്! വലിയ സെറ്റും വെളിച്ചവും ശബ്ദവും കളർ ടോണുകളും ഒരിക്കലും ചിന്താശേഷിയുള്ള കാണികളെ സൃഷ്ടിക്കില്ല എന്ന് അഗസ്റ്റോ ബോൾ സൂചിപ്പിച്ചിട്ടുണ്ട്. നിങ്ങൾ പ്രൊസീനിയം വിടാൻ എന്ന് തീരുമാനിക്കുന്നുവോ അന്ന് പകുതിയോളം സെറ്റുകൾ വച്ചുള്ള 'ഗിമ്മിക്സ്' ഉപേക്ഷിക്കേണ്ടി വരും! കാണികളുടെ നടുക്ക് നാടകം കളിക്കുമ്പോൾ സെറ്റ് & ഡിസൈൻ അത്ഭുതങ്ങൾ താനേ കൊഴിഞ്ഞു പോകും! പിന്നെ അഭിനേതാക്കളും കാണികളും പറയുന്ന വിഷയത്തിന്റെ അനിവാര്യതയും മുഴങ്ങിനിൽക്കും! (ഒന്നും അനാവശ്യമായി മുഴച്ചുനിൽക്കില്ലെന്ന് സാരം!). അപ്പോൾ ഇതൊക്കെ ശക്തമായി പ്രയോഗിച്ചിരുന്ന നമ്മുടെ നാടകവേദിയെ ആരാണ് പുറകോട്ട് വലിക്കുന്നതെന്ന് വ്യക്തമാകും!
ഇതുതന്നെ നാടകത്തിന്റെ പേരിലുള്ള സംഘടനകൾക്കും ബാധകമാണ്. അതിനകത്തുള്ളവർ ജീവിതത്തിന്റെയും നാടകത്തിന്റെയും 'കനൽ' സൂക്ഷിക്കുന്നുണ്ടോ? അതോ അവരുടെ കണ്ണുകൾ നന്നായി തിളങ്ങുമ്പോഴും മനസ്സിൽ വെറും 'ചാരം' മാത്രമാണോ ബാക്കി? അവർ സ്വയം ചോദിക്കേണ്ട ചോദ്യമാണ്! അവർ അത് ചോദിക്കാതിരിക്കുന്നിടത്തോളം ഫാസ്സിസ്സത്തിന് അവരോട് വലിയ മമതയായിരിക്കും!
നമ്മൾ നാടകവേദിയെ തരംതിരിക്കുന്നതിൽ രണ്ടു വിഭാഗമേയുള്ളൂ എന്നാണ് എന്റെ അഭിപ്രായം. 'പുരോഗമന നാടക വേദി' / 'പിന്തിരിപ്പൻ നാടകവേദി'. അല്ലെങ്കിൽ 'പരിവർത്തനത്തിന്റെ നാടക വേദി' / 'യാഥാസ്ഥിതിക നാടകവേദി'. നാടകത്തിന് നഷ്ടപ്പെട്ട ജീവിതം നാടകഗാത്രത്തിലേക്കു തിരിച്ചുപിടിക്കാൻ എന്തുചെയ്യണം എന്ന ചിന്തയിൽനിന്നാണ് പത്തു ചോദ്യങ്ങൾ ഞാൻ നിങ്ങൾക്കു മുൻപിൽ നിരത്തുന്നത്. ഇത് ഒരു സമീപനം മാത്രം. മറ്റു രീതിയിലും ഈ വിഷയത്തെ സമീപിക്കാവുന്നതാണ്. എന്തായാലും എത്ര മഹത്തായ കലയാണെങ്കിലും തെരുവിൽ തെണ്ടുന്നവരുടെ എണ്ണം കൂടുമ്പോൾ , അഭയാർത്ഥി ക്യാമ്പുകൾ പെരുകുമ്പോൾ, ആ മഹത്തായ കലയുടെ 'മഹത്ത്വം' അവിടെ ചോർന്നുപോകുന്നുണ്ട്! ദാരിദ്ര്യവാസി ജീവിതത്തെ മാറ്റിമറിക്കുകയും പുതിയൊരു ലോകം സ്വപ്നം കാണാൻ പഠിപ്പിക്കുകയും ചെയ്യണമെങ്കിൽ ഗ്രാമഗ്രാമാന്തരങ്ങളിൽ പുരോഗമനപരമായി ചിന്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കൊപ്പം ചേർന്നുള്ള നാടകങ്ങൾ (പുതിയ രചനകൾ നിർബന്ധം) ഉത്സവ ലഹരിയായി പതഞ്ഞുപൊങ്ങണം! അതിലേക്ക് വഴിവെട്ടുന്ന രീതിയിലുള്ള ഒരു ചരിത്രാന്വേഷണം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞവർക്ക് എന്റെ ചോദ്യങ്ങളോട് പ്രതികരിക്കാം. അല്ലാത്തവർക്ക് വരുംനാളുകളിലെ ഫാസ്സിസ്റ്റ് തേർവാഴ്ച്ചയിൽ കോൾമയിർ കൊള്ളാം!
"ലോക നാടകവേദിയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ"
1. ലോക നാടക വേദിയിൽ ചരിത്രപരമായി വിപ്ലവം/പരിവർത്തനം സൃഷ്ടിച്ച 100 Avant-Garde (മുന്നണിപ്പോരാളി) നാടകകൃത്തുക്കളുടെ സംഭാവനകൾ ഏതൊക്കെയാണ്? അത് ജനങ്ങളിൽ എങ്ങനെ പ്രചരിപ്പിക്കാം?
2. കേരളത്തിൽ മൺമറഞ്ഞുപോയ പണ്ഡിറ്റ് കറുപ്പൻ, പൊൻകുന്നം വർക്കി, വി.ടി, കെ. ദാമോദരൻ, ഇടശ്ശേരി, ചെറുകാട് , അയ്മു, പി.ജെ.ആന്റണി, തോപ്പിൽ ഭാസി, എസ്.എൽ.പുരം സദാനന്ദൻ, എൻ.എൻ.പിള്ള, കെ.ടി.മുഹമ്മദ്, ജി.ശങ്കരപ്പിള്ള, വയലാ വാസുദേവൻപിള്ള, കാവാലം നാരായണപ്പണിക്കർ, പി.എം.താജ്, രാജ് തോമസ്, ജോസ് ചിറമ്മൽ, പി.എം. ആന്റണി & എ.ശാന്തകുമാർ എന്നീ 20 നാടകകൃത്തുക്കളുടെ സമകാലിക പ്രസക്തി എന്താണ്? അതിൽ ഏറ്റവും വിപ്ലവപരമായി ഇടപെട്ടവരെ എങ്ങനെ ഏറ്റെടുക്കാം?
3. ലോക നാടക വേദിയിലെ പ്രധാന സ്ത്രീനാടക മുന്നേറ്റങ്ങൾ /സൃഷ്‌ടികൾ / സംരംഭങ്ങൾ എന്തൊക്കെയാണ്? അത് കുടുംബശ്രീ-സ്ത്രീ ശക്തി യൂണിറ്റുകളെ സ്ത്രീ നാടകപണിപ്പുരയിലൂടെ എങ്ങനെ പ്രയോഗിച്ചു പഠിപ്പിക്കാം?
4. കേരളത്തിൽ കുട്ടികളുടെ നാടകവേദിയുടെയും ക്യാമ്പസ് തിയറ്റർ പ്രസ്ഥാനത്തിന്റെയും ഗ്രാമീണ നാടകവേദിയുടെയും തെരുവു നാടകങ്ങളുടെയും സമകാലിക പ്രസക്തി എന്താണ്?
5. നാടകവും സിനിമയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം / വൈരുദ്ധ്യം എന്താണ്?
6. നാടകവേദിയിൽ മനോധർമ്മ അഭിനയ സ്വാതന്ത്ര്യം അനുഭവിക്കാത്തവർ (സംവിധായകനെ ചോദ്യംചെയ്യാതെ യാന്ത്രികമായി അനുസരിക്കുന്നവർ) എങ്ങനെ ആവിഷ്‌കാര സ്വാതന്ത്ര്യം / രാഷ്ട്രീയ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന നാടക അഭിനേതാക്കളാകും?
7. ചരിത്രത്തിനൊപ്പം സഞ്ചരിക്കാത്ത, ചരിത്രത്തെ മാറ്റിമറിക്കാത്ത, ലോക ഫാസ്സിസത്തിനും സാമാജ്യത്വത്തിനും വർഗ്ഗീയതയ്ക്കും അന്ധവിശ്വാസത്തിനും ആഗോള ചൂഷണത്തിനുമെതിരേ കലാപം ചെയ്യാത്ത, സമകാലികമല്ലാത്ത, രചനകൾ ചെയ്യുമ്പോൾ സംവിധായകരും അഭിനേതാക്കളും ചരിത്രപരമായ, സാമൂഹികമായ 'അന്യവത്കരണം'(Historical & Social Detachment) അനുഭവിക്കുന്നുണ്ടോ?
8. കാണികളുടെ നടുക്ക്- അറീന / സാൻഡ്‌വിച്ചിൽ- നാടകം പൂർണ്ണമായും മനസ്സ് & ശരീരം തുറന്നുവച്ച് /വെളിപ്പെടുത്തി' അവതരിപ്പിക്കുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം, സംവാദ സാധ്യത, ആത്മനിയന്ത്രണം, 'ക്ലോസ് അപ്പ്' ഭാവാഭിനയ-പെരുമാറ്റ സാധ്യത, പ്രൊസീനിയത്തിന്റെ 'മൂന്നു വശം അടഞ്ഞ' സ്റ്റേജിൽ അഭിനയിക്കുമ്പോൾ ലഭിക്കുമോ? താരതമ്യം ചെയ്യുക?
9. നാടകവേദിയിലെ 'അമിത സാങ്കേതിക' ജഡതയിൽ ഊന്നിയ 'ദുർമ്മേദസ്സു'കൾ (അർത്ഥവത്തല്ലാത്ത, ഓവർ സെറ്റ്, ഓവർ ലൈറ്റിങ്, ഓവർ ഫോഗ് മെഷീൻ പ്രയോഗം & ഓവർ മ്യൂസിക് ഇടപെടൽ) എങ്ങനെ ഒഴിവാക്കി, ജീവിതത്തെ, അഭിനേതാക്കളെ, നിശ്ശബ്‌ദതയെ, 'മൾട്ടി ഡൈമെൻഷനൽ' സ്റ്റേജ് ഡിസൈനിൽ പൂർണ്ണമായും പ്രകാശിപ്പിക്കുന്ന (നവരത്ന മോതിരത്തിൽ സ്വർണ്ണത്തെക്കാൾ നവരത്നങ്ങൾ തള്ളി നിൽക്കുംപോലെ- പ്രൊജക്റ്റ് ചെയ്യേണ്ടവരാണ് അഭിനേതാക്കൾ!) രംഗഭാഷ എങ്ങനെ നമുക്ക് സാധ്യമാക്കാം?
10. ആൺമേൽക്കോയ്‌മയുടെ കോർപ്പറേറ്റ് ഫണ്ടിംഗ് മൂലധന സ്വാധീനത്തിന്റെ നീരാളിപ്പിടിത്തത്തിൽനിന്നും ജനാധിപത്യ സംവാദ വേദിയാക്കി നിലവിലെ നാടകവേദിയെ അതിന്റെ ജനാധിപത്യപരമായ 'ജൻഡർ സമത്വ'ത്തോടുകൂടി എങ്ങനെ സംരക്ഷിക്കണം?
ഈ നവംബർ (കേരളപ്പിറവിദിനം) മുതൽ ഇത്രയും കാര്യങ്ങൾ തുറന്നുപറയാൻ ശേഷിയുള്ള, തിരിച്ചറിവുള്ള ഒരു നാടക തലമുറ സ്വയം രൂപംകൊണ്ടാൽ, രൂപപ്പെടുത്തിയെടുത്താൽ സ്വാഭാവികമായും നാടകത്തെ ജീവിതവുമായി ഇഴചേർക്കുന്ന കണ്ണികളുടെ അകലം കുറയും! നാടകം ചരിത്രമാറ്റത്തിന്റെ സമരപാതയിൽ നട്ടെല്ലു വളയാതെ, വളയ്ക്കാതെ ധീരമായി സഞ്ചരിക്കും!
സഹകരിക്കുക...
മറ്റുള്ളവരുമായി പങ്കുവയ്ക്കുക
Our Motto :
"നാടിന്നകം... വീടിന്നകം നാടകം!
നാടാകെ നാടകം!!!"