കൂത്തമ്പലങ്ങളിലെ ജാതി വിലക്ക് കലാമണ്ഡലം രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
- ഫെയിസ്ബുക്ക് പോസ്റ്റ്
കലാമണ്ഡലം രാജീവ്
അടുത്തകാലത്തായി കൂടിയാട്ട രംഗത്ത് പ്രത്യേകിച്ച് ഇരിഞ്ഞാലക്കുട കേന്ദ്രീകരിച്ചു സംഭവിച്ചു കൊണ്ടിരിക്കുന്ന ചില വേദനാജനകവും നിരാശാ ജനകവും ആയ സംഭവങ്ങളാണ് ഈ കുറിപ്പിനാധാരം..
കൃത്യമായി പറഞ്ഞാൽ വിജാതീയരായ കൂടിയാട്ട കലാകാരന്മാർ കേരളത്തിലെ ക്ഷേത്ര കൂത്തമ്പലങ്ങളിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു സംവാദം ഉയർന്നു വന്ന സമയത്ത് ശ്രീ വേണുവേട്ടനും മകളായ കപിലയും ഞാനടക്കമുള്ള വിജാതീയരായ മറ്റു ചില കലാകാരന്മാരും തങ്ങളുടേതായ അഭിപ്രായം ഈ കാര്യത്തിൽ രേഖപ്പെടുത്തുന്ന ആ ഘട്ടം മുതൽ വളരെ വൈരാഗ്യ ബുദ്ധിയോടെ ഞങ്ങളുടെ കൂടെയുള്ള ചില കലാകാരമാർ തന്നെ ആശയപരമായ സംവാദത്തിന് തയ്യാറാവാതെ വളരെ മോശമായ പദപ്രയോഗങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിൽ വരികയും വിഷയവുമായി ബന്ധമില്ലാത്ത ആരോപണങ്ങൾ ഉയർത്തുകയും ചെയ്തു. ആ ഘട്ടത്തിലും വളരെ സംയമനം പാലിച്ച ശ്രീ വേണുവേട്ടനെയും കപിലയെയും വ്യക്തമായി ടാർഗറ്റ് ചെയ്തു കൊണ്ട് എന്തും പറയാനും എഴുതാനും തയാറായ ഒരു ക്വട്ടേഷൻ കൂലി എഴുത്തുകാരനെ കൊണ്ട് വളരെ മ്ലേച്ഛമായ ഹീനമായ വാക്കുകൾ ഉപയോഗിച്ച് നിരന്തരം വ്യക്തിഹത്യ നടത്തുകയും അതിന്റെ ഫലമായി നിർഭാഗ്യകരമെന്നു പറയട്ടെ ശ്രീ വേണുവേട്ടനും കപിലയും ഗുരുകുലത്തിൽ നിന്ന് മാറി മാറിനിൽക്കാൻ നിർബന്ധിതരായിരിക്കുന്ന ഒരു സാഹചര്യം വന്നിരിക്കുന്നു .
ഒരു കാരണവശാലും ഞങ്ങൾക്കും ഗുരുകുലത്തിലെ ഭൂരിപക്ഷം അംഗങ്ങൾക്കും ഇത് അംഗീകരിക്കാൻ സാധിക്കില്ല.
ശ്രീ വേണുവേട്ടൻ സ്ഥാപിച്ചതാണ് ഇന്ന് കൂടിയാട്ട രംഗത്ത് അറിയപ്പെടുന്ന അമ്മന്നൂർ ഗുരുകുലം എന്ന് അഭിമാനപൂർവം പറയാം.
സ്ഥാപക ആജീവനാന്ത സെക്രട്ടറി ആയ അദ്ദേഹം 29കൊല്ലത്തെ തന്റെ വിജയകരമായ സേവനത്തിനു ശേഷം പുതിയ ഒരു തലമുറയ്ക്ക് ഗുരുകുലത്തിന്റെ അധികാരം പൂർണ്ണമായും കൈമാറുന്നതിനു വേണ്ടി
സ്വമേധയാ ഒഴിയുകയായിരുന്നു.
വേണുവേട്ടനെ പോലെ ഒരാൾ ഗുരുകുലത്തിന്റെ ഒരു ഉന്നത പദവിയിൽ ഉണ്ടാവണം എന്ന ഗുരുകുലത്തിലെ മുഴുവൻ അംഗങ്ങളുടെയും നിർബന്ധപ്രകാരമാണ് കുലപതി എന്ന ടൈറ്റിൽ അദ്ദേഹം ഏറ്റെടുക്കാൻ തയ്യാറായത്. ബഹുമാന്യനായ അമ്മന്നൂർ കുട്ടൻ ചാക്യാർ പ്രസിഡന്റും ഞാൻ സെക്രട്ടറിയും ആയ അമ്മന്നൂർ ഗുരുകുലം ജനറൽ കൌൺസിലാണ് അദ്ദേഹത്തിന് ഈ പദവി നൽകുന്നത് (അല്ലാതെ അദ്ദേഹം ഓടിളക്കി വന്ന് സ്വയം കുലപതി ആയതല്ല)
അതിനു ശേഷം ഒരിക്കൽ പോലും ഭരണകാര്യങ്ങളിൽ ഒരിടപെടലും നടത്തിയിട്ടില്ല അദ്ദേഹം എന്നെനിക്ക് സംശയ ലേശമന്യേ പറയാൻ സാധിക്കും . കാരണം ശ്രീ വേണുവേട്ടനിൽ നിന്നും സെക്രട്ടറി സ്ഥാനത്തു പിന്നീട് വന്നത് ഞാൻ ആയതു കൊണ്ട്.
അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും ഉറച്ച തീരുമാനങ്ങളുമാണ് പിൽക്കാലത്ത് ഒരു മികച്ച തലമുറ ഗുരുകുലത്തിലൂടെ കടന്നു വന്നത്.
ഇങ്ങിനെ കടന്നുവന്ന കലാകാരൻമാരുടെ വളർച്ചയ്ക്ക് നിദാനമായതിൽ വലിയ പങ്കു ശ്രീ വേണുവേട്ടനാണ്..
ഇവരുടെയൊക്കെ വ്യക്തി വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ നേട്ടങ്ങളിൽ ശ്രീ വേണുവേട്ടനെ എവിടെയെങ്കിലും പറയാതെ ഇവർക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല. മനസാക്ഷിയുണ്ടെങ്കിൽ
ലോകമെമ്പാടും ഒരു സംഘത്തിനെയും കൊണ്ട് സഞ്ചരിച്ച് ഇത്രയും വേദികൾ ഒരുക്കി തരാൻ ആരെ കൊണ്ടാണ് സാധിക്കുക.
കൂടെ ഉള്ളവരെ ഒക്കെ ഒറ്റപ്പെടുത്തി അദ്ദേഹം മാത്രം എല്ലാ സൗഭാഗ്യങ്ങളും സ്വന്തമാക്കി സുരക്ഷിതനായി മാറിയിട്ടൊന്നും ഇല്ല . ഒപ്പം പ്രവർത്തിച്ച ഭൂരിപക്ഷം കലാകാരൻമാർക്കും സാമാന്യം നല്ല രീതിലുള്ള സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുകയും തുടർന്നും അവർക്ക് ഈ രംഗത്ത് മുന്നോട്ടു പോകാനുള്ള സാഹചര്യം ഒരുക്കുകയും ആണ് ചെയ്തത്.
ശ്രീ വേണുജി ഒപ്പം യാത്ര ചെയ്തും ഭക്ഷണം കഴിച്ചും തനിക്ക് വലിയ രീതിയിൽ ബന്ധങ്ങളുള്ള ഉന്നതങ്ങളിലും സാംസ്‌കാരിക ഇടങ്ങളിലും ഒക്കെ പരിചയപ്പെടുത്തിയും വലിയ അവതരണങ്ങൾക്കുള്ള വേദികൾ ഒരുക്കിക്കൊടുത്തുമൊക്കെ തന്നെയാണ് ബഹുമാന്യനായ ഗുരുനാഥൻ ശ്രീ ഇരിങ്ങാലക്കുട അമ്മന്നൂർ മാധവ ചാക്യാരാശാനെ ആ പേരിൽ നിന്നും ഇന്നു ലോകം മുഴുവൻ ആരാധിക്കുന്ന കൊണ്ടാടുന്ന പദ്മഭൂഷൻ ഗുരു DR അമ്മന്നൂർ മാധവ ചാക്യാർ എന്നാക്കിയത് എന്നത് ഇന്ന് ആർക്കാണ് അറിയാത്തത്
ആയുസ്സിന്റെ മുക്കാൽ ഭാഗവും ഒരു കലയ്ക്കുവേണ്ടിയും അവിടുത്തെ കലാകാരന്മാർക്ക് വേണ്ടിയും സമർപ്പിച്ച ഒരാൾക്ക് ഈ ജീവിത സായാഹ്നത്തിൽ അവർക്കിടയിൽ നിന്നു തന്നെ ഉള്ള നന്ദികേടിന്റെ പര്യായമായ ഒരു വ്യക്തിയിൽ നിന്നും കനത്ത തിരിച്ചടി നേരിട്ടാൽ എങ്ങിനെ സഹിക്കാൻ കഴിയും.
ഏറ്റവും അവസാനം ഈ വ്യക്തി തന്റെ കൂലി എഴുത്തു തൊഴിലാളിയെ കൊണ്ട് എഴുതിച്ചത് നമ്മുടെ സമൂഹത്തിൽ പരസ്പരം പോരാടിക്കുന്ന രാഷ്ട്രീയക്കാരോ അധോലോക സംഘങ്ങളോ മറ്റുള്ളവരോ ഒന്നും ഉപയോഗിക്കാത്ത നിന്ദ്യവും നീചവും ആയ ഭാഷയിലൂടെയാണ് കഷ്ടം..
എഴുതാൻ ഒരുപാട് ഉണ്ട് തത്കാലം ഇത്രയെങ്കിലും എഴുതിയില്ലെങ്കിൽ ചില കൂലി എഴുത്തുകാർ എഴുതുന്നത് സത്യമാണെന്നു ചിലർ തെറ്റിദ്ധരിക്കാൻ ഇട വന്നേക്കും.
NB: മാന്യമായ പ്രതികരണങ്ങൾ മാത്രം