"എന്റെ ഗ്രാമത്തിനിത് എന്ത് പറ്റി"!!!!!? ഗ്രാമീണ സാംസ്കാരിക ഇടങ്ങൾ നഷ്ടമാവുമ്പോൾ സാമൂഹ്യ വിരുദ്ധർ ഗ്രാമങ്ങളെ കീഴടക്കുന്നു.
- ലേഖനം
ശ്രീജിത്ത് പൊയിൽക്കാവ്
വളരെ വിഷമത്തോടെ, ഉറങ്ങാൻ കഴിയാതെയാണ് ഈ കുറിപ്പ് എഴുതുന്നത്. അല്പം നീണ്ട കുറിപ്പാണ്. സമയമുള്ളവർ മാത്രം വായിച്ചാൽ മതി.
പണ്ടെപ്പോഴോ ആരോ ചാർത്തിത്തന്ന പേരാണ് പൊയിൽക്കാവുള്ള ശ്രീജിത്ത് എന്ന പേര്. പിന്നീട് ശ്രീജിത്ത് പൊയിൽക്കാവ് ആയി. ഈ വാല് വെച്ചു ജീവിക്കുക എന്നത് പലപ്പോഴും വലിയ ഉത്തരവാദിത്വംതന്നെയാണ്.ഞാൻ ഒരാളോടോ ഏതെങ്കിലും ഇടത്തിലോ മോശമായി പെരുമാറുമ്പോൾ എന്റെ ഗ്രാമത്തിനെയും മോശമാക്കി മാറ്റുന്നുണ്ട്. അതുകൊണ്ടുതന്നെ തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെയാണ് ജീവിക്കുന്നത്. ഏകദേശം 15 ദിവസമേ ആയുള്ളൂ ഞാൻ പൊയിൽക്കാവിലെ എന്റെ ഗ്രാൻമ എന്ന വീട്ടിലേക്ക് താമസം മാറിയിട്ട്. ഗ്രാൻമ എന്ന പേരിടുന്നതു പോലും ഒരു മാർക്സിസ്റ്റ് ജീവനരീതിയുടെ തുടർച്ചയാണ്. ക്യൂബൻ വിപ്ലവകാരികൾ യാത്രയാരംഭിച്ച കപ്പലിന്റെ പേരാണ് ഗ്രാൻമ.അല്ലാതെ പലരും കരുതിയതുപോലെ അത് മുത്തശ്ശി എന്നല്ല.വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള വിയോജിപ്പുകൾ പാർട്ടിക്കകത്തും പുറത്തും തുറന്നു പറയുന്ന ഞാൻ ഇക്കാലമത്രയും ഒരു ക്ലാസിക്കൽ മാർക്സിസ്റ്റ് പുലർത്തേണ്ട എല്ലാ ജീവിതമൂല്യങ്ങളും പുലർത്തി ജീവിക്കാൻ ശ്രമിക്കുന്ന ആളാണ്. കുടുംബവും സ്വകാര്യസ്വത്തും ലൈംഗികതയും കലാപ്രവർത്തനവുമെല്ലാം കാൾ മാക്സും- ഏംഗൽസും പറഞ്ഞുവച്ചതുപോലെ പിൻതുടരാൻ കഴിയുംപോലെ ശ്രമിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ എന്തും തുറന്നെഴുതാനുള്ള ആർജ്ജവം എനിക്കുണ്ട്. കാരണം നഷ്ടപ്പെടാനുള്ളത് ചങ്ങലകൾ മാത്രമാണ്. നേടാനുള്ളത് വിശാലമായ ഒരു ലോകവും.
ഇനി ഞാൻ കാര്യത്തിലേക്കു വരാം.
വീട്ടിൽ താമസമാരംഭിച്ചിട്ട് പെട്ടെന്ന് ഒരത്യാവശ്യ മീറ്റിങ്ങിനുവേണ്ടി തൃശൂർ പോകുമ്പോൾ പൊയിൽക്കാവ് അങ്ങാടിയിൽ ആയിരുന്നു എന്റെ പുതിയ ആക്സസ് സ്കൂട്ടർ നിർത്തിയിരുന്നത്. അന്നു വൈകീട്ടുതന്നെ തിരിച്ചുവരും എന്നുകരുതിയാണ് അങ്ങനെ ചെയ്തത്. പക്ഷേ തിരിച്ചുവരാൻ രണ്ടുദിവസം എടുത്തു. തിരിച്ചെത്തിയപ്പോൾ എന്റെ സ്കൂട്ടർ ആരോ മറിച്ചിട്ട് അതിൽ നിറയെ സ്ക്രാച്ച് വരുത്തിയിരിക്കുന്നു.
അതുകഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞ് നാടക സുഹൃത്ത് രാജീവൻ മമ്മിളിയെ കൊയിലാണ്ടിയിൽ നിന്ന് രാത്രി പത്തുമണിക്ക് ബസ് കയറ്റിവിട്ട് തിരിച്ചുവരുമ്പോൾ സമയം 11 മണിയായിക്കാണും. പൊയിൽക്കാവ് അങ്ങാടിയിൽ ഞാൻ വണ്ടി നിർത്തി ചില പഴയ സുഹൃത്തുക്കളോട് സംസാരിച്ചു പിരിയുമ്പോൾ ഒരുകൂട്ടം ചെറുപ്പക്കാർ വെറുതെ എന്നെ ബുള്ളിയിങ്ങ് ചെയ്യുന്നു. അവരെ എനിക്ക് പരിചയമില്ലാത്തതിനാൽ ഒന്നും പറയാനോ പ്രതികരിക്കാനോ നിൽക്കാതെ ഞാൻ വീട്ടിലേക്കു വന്നു.
പിറ്റേ ദിവസം ചില സുഹൃത്തുക്കൾ വഴി, കഴിഞ്ഞ അഞ്ചുവർഷത്തെ പൊയിൽക്കാവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ക്രൈം റിപ്പോർട്ടുകൾ പരിശോധിച്ചു . ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടത്, ക്രൈം റേറ്റിൽ 150% വർധനയാണ് ഉണ്ടായിട്ടുള്ളത്.
പിറ്റേ ദിവസം ഞാൻ സ്ഥിരം നാടകങ്ങൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും വേണ്ടി യാത്ര ചെയ്യുന്ന ഗ്രാമങ്ങളിലെ ക്രൈം റേറ്റ് പരിശോധിച്ചു. ഓരോ വർഷവും ആ ഗ്രാമങ്ങളിൽ ക്രൈം റേറ്റ് കുറയുന്നതായും മനസ്സിലായി.
സത്യത്തിൽ എന്റെ ഗ്രാമത്തിനു സംഭവിച്ചത് എന്താണ്? ഒരു പത്തുവർഷം മുൻപേവരെ സാംസ്കാരിക സാമൂഹിക നാടക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പൊയിൽക്കാവ് പെട്ടെന്ന് വേരു നഷ്ടപ്പെട്ടതുപോലെ പേരിനു മാത്രമുള്ള സാംസ്കാരിക നാടക പ്രവർത്തനമുള്ള ഗ്രാമമായി മാറി. എന്റെ അറിവിൽ പത്തുവർഷത്തിനുള്ളിൽ കരുത്തുറ്റ ഒരു നാടകമോ സാംസ്കാരിക പ്രവർത്തനമോ ഒരു മുന്നേറ്റമുണ്ടാക്കുന്ന തരത്തിലുള്ള സാമൂഹിക കൂടിച്ചേരലോ പൊയിൽക്കാവിൽ കൂട്ടായി ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
ചെറുപ്പക്കാർക്ക് ഒത്തുകൂടാനുള്ള സാംസ്കാരിക ഇടങ്ങൾ ഇല്ലാതാവുന്നതോടെയാണ് അവർ ക്രിമിനൽ പ്രവർത്തനത്തിലേക്കും അപകടകരമായ മയക്കുമരുന്നുകളിലേക്കും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേക്കും നീങ്ങുന്നത് എന്നു മനസ്സിലാക്കാൻ എന്റെ കൊച്ചുഗ്രാമത്തിലെ ക്രൈം റേറ്റ് മാത്രം പരിശോധിച്ചാൽ മതി.
രണ്ടുവർഷം കോവിഡ് നിശ്ചലമാക്കിയ സാംസ്കാരിക മേഖലയെ നമ്മളോരോരുത്തരും ചേർന്ന് പുനർജ്ജീവിപ്പിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കിക്കാനാണ് ഇത്രയും എഴുതിയത്. എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നതും. ഇതെന്റെ ഗ്രാമത്തിന്റെ അവസ്ഥ മാത്രമല്ല കേരളത്തിൽ ഒരുകാലത്ത് സാംസ്കാരികമായും സാമൂഹികമായും ഉയർന്നുനിന്നിരുന്ന പല ഗ്രാമങ്ങളും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കാൻ നമ്മുടെ ക്ലബ്ബുകളും വായനശാലകളും യുവജന സംഘടനകളും കൂട്ടായി പ്രവർത്തിക്കണം എന്ന് എളിമയോടെ അഭ്യർത്ഥിക്കുന്നു.
ഒപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രതിനിധികളും ഗ്രാമങ്ങളുടെ സാംസ്കാരിക ഉന്നമനം ഗൗരവത്തോടെ പരിഗണിക്കണം എന്നും വിനയത്തോടെ അഭ്യർത്ഥിക്കുന്നു.